കോവിഡ് ചികിത്സയ്ക്കുള്ള ധനസഹായത്തിനു നികുതിയിളവ്
Monday, June 28, 2021 2:24 PM IST
പല നികുതിദായകർക്കും കോവിഡ് ചികിത്സയ്ക്കായി തൊഴിലുടമയുടെ പക്കൽനിന്നുംമറ്റും ധനസഹായം ലഭിച്ചിട്ടുണ്ട്. 201920 ധനകാര്യവർഷവും അതിനുശേഷവും ഇങ്ങനെ ലഭിച്ച പണത്തിനു നികുതിയിളവ് നല്കുന്നതിനു സർക്കാർ തീരുമാനിച്ചിരുന്നു. അതോടൊപ്പം കോവിഡ് മൂലം മരിച്ചവർക്ക് തൊഴിലുടമയുടെ പക്കൽനിന്നുംമറ്റും ലഭിച്ച ധനസഹായത്തിനു നികുതിയിളവ് നല്‍കിയിട്ടുണ്ട്. തൊഴിലുടമ നല്കുന്ന പണത്തിനു മുഴുവനായും അല്ലാതെ ലഭിക്കുന്ന പണത്തിനു10 ലക്ഷം രൂപയുടെയും നികുതി ആനുകൂല്യം ആണ് ഗവണ്മെന്റ് നല്‍കുന്നത്.
റിട്ടേണുകളുടെയും രജിസ്ട്രേഷന്റെയും സമയപരിധി നീട്ടി
ആദായനികുതി നിയമത്തിലെ പല റിട്ടേണുകളും 2021 ജൂണ്‍ 30നകം ഫയൽ ചെയ്യേണ്ടതായിരുന്നു. എന്നാൽ, കോവിഡിന്റെ അതിപ്രസരം മൂലം പല നികുതിദായകർക്കും അവ യഥാസമയം ഫയൽ ചെയ്യുന്നതിന് സാധിക്കാതെ വരുന്നതുകൊണ്ട് അവയുടെ ഫയലിംഗിനുള്ള സമയം സർക്കാർ നീട്ടിനല്‍കിയിട്ടുണ്ട്. അവ 25062021ൽ ഇറങ്ങിയ 74/2021 & 75/2021 വിജ്ഞാപനങ്ങൾ പ്രകാരവും 12/2021 എന്ന സർക്കുലർ പ്രകാരവുമാണ്. അവയെപ്പറ്റി ചുരുക്കത്തിൽ.
1. ആദായനികുതി നിയമം
144 സി അനുസരിച്ച്
ഡിസ്പ്യൂട്ട് റെസൊല്യൂഷൻ പാനലിലേക്കും ആദായനികുതി ഉദ്യോഗസ്ഥനും സമർപ്പിക്കേണ്ടിയിരുന്ന തടസവാദങ്ങൾ 2021 ജൂണ്‍ 1നുമുന്പായിരുന്നു നല്‍കേണ്ടിയിരുന്നത്. അതിന് 2021 ഓഗസ്റ്റ് 31വരെയോ അല്ലെങ്കിൽ അനുവദിച്ചിരിക്കുന്ന സമയം വരെയോ ഏതാണോ താമസിച്ചുവരുന്നത്, അന്നുവരെ സമയം അനുവദിച്ചിട്ടുണ്ട്.
2. 202021ലെ അവസാന ക്വാർട്ടറിൽ സ്രോതസിൽ പിടിച്ച നികുതിയുടെ റിട്ടേണ്‍
2020 21ധനകാര്യവർഷത്തിലെ അവസാനത്തെ ത്രൈമാസത്തിലെ റിട്ടേണുകൾ സാധാരണഗതിയിൽ 2021 മേയ് മാസം 31നു മുന്‍പ് ഫയൽ ചെയ്യേണ്ടതായിരുന്നു. എന്നാൽ കോവിഡ് മൂലം പ്രസ്തുത സമയം ആദ്യം 2021 ജൂണ്‍ 30 വരെ ദീർഘിപ്പിച്ചു നല്‍കിയിരുന്നത് ഇപ്പോൾ 2021 ജൂലൈ 15വരെ ആക്കിയിട്ടുണ്ട്.
3. ഫോം 16 നല്‍കേണ്ട അവസാന തീയതി
ആദായനികുതി റൂൾസിലെ 31ാം റൂൾ അനുസരിച്ച് ഫോം നന്പർ 16 ജൂണ്‍ 15നു മുന്‍പു നല്കേണ്ടതുണ്ടായിരുന്നു. എന്നാൽ, ടിഡിഎസ് റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള സമയം ജൂണ്‍ 30വരെ ദീർഘിപ്പിച്ചപ്പോൾ ഫോം 16 നല്‍കുന്നതിനുള്ള സമയവും അത് അനുസരിച്ച് ജൂലൈ 15വരെ ആക്കിയത് ഇപ്പോൾ ജൂലൈ 31വരെ ആക്കിയിട്ടുണ്ട്. സ്രോതസിൽ പിടിച്ച നികുതിയുടെ റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള സമയം ജൂലൈ 15വരെ ആക്കിയതിനാലാണിത്.
4. ഇൻവെസ്റ്റ്മെന്റ് ഫണ്ടുകളിൽനിന്നു യൂണിറ്റ് ഹോൾഡേഴ്സിനു നല്കുന്ന വരുമാനത്തിന്റെ കണക്ക്
ഇൻവെസ്റ്റ്മെന്റ് ഫണ്ടുകളിൽനിന്നു യൂണിറ്റ് ഹോൾഡേഴ്സിന് നല്കുന്ന വരുമാനത്തിന് 202021 ധനകാര്യവർഷത്തിലെ കണക്ക് ഫോം നന്പർ 64 ഡിയിൽ 2021 ജൂണ്‍ 15 നകം നല്‍കേണ്ടിയിരുന്നത് സർക്കുലർ നന്പർ 9/2021 പ്രകാരം ജൂലൈ 15 വരെ ആക്കിയിരിക്കുന്നു. അതുപോലെ തന്നെ ഫോം 64 സിയിൽ ജൂണ്‍ 30നകം സമർപ്പിക്കേണ്ട കണക്കുകൾക്ക് ജൂലൈ 31 വരെ സമയം ദീർഘിപ്പിച്ചു നല്കിയിരിക്കുന്നു.
5. മതധർമ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ
ആദായനികുതി നിയമത്തിലെ 10 (23 സി), 12 എ.ബി, 80ജി, 35(1) എന്നിവ അനുസരിച്ചുള്ള രജിസ്ട്രേഷനുള്ള അപേക്ഷകൾ 2021 ജൂണ്‍ 30 നകം സമർപ്പിക്കേണ്ടിയിരുന്നതിനുള്ള സമയം 2021 ഓഗസ്റ്റ് 31 വരെ ആയി ദീർഘിപ്പിച്ചു നല്‍കിയിട്ടുണ്ട്.
6.കാപ്പിറ്റൽ ഗെയിൻ സ്കീമിലുള്ള നിക്ഷേപങ്ങൾ
202021 ധനകാര്യവർഷത്തിൽ കാപ്പിറ്റൽ ഗെയിൻ സ്കീമിൽ കിഴിവ് ലഭിക്കേണ്ടതിന് ആദായനികുതിനിയമം 54 മുതൽ 54 ജി.ബി. വരെ നിർദേശിച്ചിരിക്കുന്ന നിക്ഷേപങ്ങൾ 2021 സെപ്റ്റംബർ 30 നു മുന്‍പ് നടത്തിയിരിക്കണം.
7. ഫോറിൻ എക്സ്ചേഞ്ചിൽ ഉള്ള ഇടപാടുകൾ
202122 ലെ ആദ്യ ത്രൈമാസ പീരിയഡിലെ ഫോറിൻ എക്സ്ചേഞ്ച് റെമിറ്റൻസുകളുടെ കണക്കുകൾ ഓതറൈസ്ഡ് ഡീലേഴ്സ് ഫോം നന്പർ 15 സിസിയിൽ 15/7/2021 നു മുന്‍പ് സമർപ്പിക്കേണ്ടിയിരുന്നതിനുള്ള സമയം 31072021വരെ ദീർഘിപ്പിച്ചു നല്‍കിയിട്ടുണ്ട്.
8. പാൻആധാർ ബന്ധിപ്പിക്കുന്നതിനുള്ള സമയം 30092021
വരെ ദീർഘിപ്പിച്ചിരിക്കുന്നു
ആധാറും പാനും ആയി ബന്ധിപ്പിക്കുന്നതിന് നല്‍കിയിരുന്ന സമയം ജൂണ്‍ 30വരെ ആയിരുന്നത് 30092021 വരെ ദീർഘിപ്പിച്ചു നല്കിയിരിക്കുന്നു.
9. വിവാദ് സെ വിശ്വാസ് സ്കീമിൽ പണം അടയ്ക്കുന്നവർ
വിവാദ് സെ വിശ്വാസ് സ്കീമിൽ പണം അടച്ച് നികുതി തർക്കങ്ങൾ സെറ്റിൽ ചെയ്യുന്നതിനുള്ള അവസാന തീയതി (അധിക തുക അടയ്ക്കാതെ) 2021 ജൂണ്‍ 30 ആയിരുന്നു.
പ്രസ്തുത തീയതി ഓഗസ്റ്റ് 31 വരെ ദീർഘിപ്പിച്ചു നല്‍കിയിട്ടുണ്ട്. അധിക തുക അടച്ച് സെറ്റിൽ ചെയ്യുന്നതിനുള്ള സമയം 2021 ഒക്ടോബർ 31വരെ ദീർഘിപ്പിച്ചു നല്‍കിയിട്ടുണ്ട്.
10. അപ്ലോഡിംഗ് 15 ജി &
15 എച്ച് ഫോമുകൾ
202122 ധനകാര്യവർഷത്തിലെ ആദ്യത്തെ ത്രൈമാസ പീരിയഡ് അവസാനിച്ച 30062021നു മുന്‍പ് ഫോം 15 ജി യിലും 15 എച്ചിലും ലഭിച്ച ഡിക്ലറേഷൻ ഫോമുകൾ 15072021 നു മുന്‍പ് അപ്ലോഡ് ചെയ്യേണ്ടിയിരുന്നത് ഇപ്പോൾ 31 ഓഗസ്റ്റിന് മുന്‍പ് ചെയ്താൽ മതി.