ഭവനവായ്പയുടെ നികുതി ഇളവുകൾ
Tuesday, September 14, 2021 2:38 PM IST
ആദായനികുതിനിയമത്തിലെ 24,80 സി, 80 ഇഇ, 80 ഇഇഎ എന്നീ വകുപ്പുകളിലായി ഭവനവായ്പയ്ക്കു വിവിധങ്ങളായ നികുതിയിളവുകൾ നല്കുന്നുണ്ട്. ഭവനവായ്പ എടുക്കുന്പോൾതന്നെ അതുമൂലം ഉണ്ടാകുന്ന നികുതിനേട്ടങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. ഭവനവായ്പ തിരിച്ചടക്കുന്പോഴാണ് കൂടുതൽ നേട്ടങ്ങൾ ലഭിക്കുന്നത്. തിരിച്ചടവിലെ മുതലിനും പലിശയ്ക്കും പ്രത്യേകം വകുപ്പുകളിലായി ആനകൂല്യങ്ങളുണ്ട്.
തിരിച്ചടവിലെ മുതലിനു ലഭിക്കുന്ന ആനുകൂല്യം
80 സി വകുപ്പ് അനുസരിച്ച് ഭവനവായ്പയുടെ തിരിച്ചടക്കുന്ന മുതലിന് നിലവിൽ 1.5 ലക്ഷം രൂപവരെ ആനുകൂല്യം ലഭിക്കും. 80 സി വകുപ്പിലാണ് നികുതിയിളവിനുള്ള വിവിധങ്ങളായ നിക്ഷേപങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ലൈഫ് ഇൻഷ്വറൻസ് പ്രീമിയം, പ്രോവിഡന്റ് ഫണ്ടിലേക്കുള്ള അടവ്, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് മുതലായവയിലേക്കുള്ള നിക്ഷേപങ്ങൾ എല്ലാം ഉൾപ്പെടെ 1.5 ലക്ഷം രൂപ മാത്രമാണ് പരമാവധി ഈ വകുപ്പ് അനുസരിച്ച് വരുമാനത്തിൽനിന്നു കിഴിവായി എടുക്കുവാൻ സാധിക്കുന്നത്.
80 സി വകുപ്പിൽ ആദായനികുതി നിയമം അനുസരിച്ച് വരുമാനത്തിൽനിന്ന് ഇളവ് ലഭിക്കുന്നതു വായ്പ തിരിച്ചടക്കുന്ന വർഷത്തിലാണ്.
കൂടാതെ വസ്തു വാങ്ങുന്പോൾ നല്കുന്ന സ്റ്റാന്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ചാർജും 80 സി വകുപ്പ് അനുസരിച്ച് കിഴിവിനർഹമാണ്. ഈ കിഴിവ് ലഭിക്കുന്നതിന് ഭവനവായ്പയുടെ ആവശ്യമില്ല. അംഗീകൃത ബാങ്കിൽനിന്നും ധനകാര്യസ്ഥാപനങ്ങളിൽനിന്നും ഹൗസിംഗ് സൊസൈറ്റികളിൽ നിന്നുംമറ്റും എടുത്തിട്ടുള്ള വായ്പയുടെ മുതലിന്റെ തിരിച്ചടവിനാണ് വരുമാനത്തിൽനിന്നു പ്രസ്തുത വകുപ്പ് അനുസരിച്ച് കിഴിവ് ലഭിക്കുന്നത്.
ഭവനനിർമാണം പൂർത്തിയായതിനു ശേഷം മാത്രമാണു തിരിച്ചടവിന് ആനുകൂല്യം ലഭിക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.
ഭവനവായ്പ എടുത്ത് വീട് നിർമിച്ച് നികുതി ആനുകൂല്യം നേടിയശേഷം ഇതു പെട്ടെന്ന് വിൽക്കുവാൻ പാടില്ല. നിർമാണം പൂർത്തിയാക്കിയതിനുശേഷം ചുരുങ്ങിയത് അഞ്ചു വർഷം ഈ ഭവനം സ്വന്തമായിത്തന്നെ സൂക്ഷിക്കണം. അഞ്ചു വർഷത്തിനു മുന്പ് വിൽക്കുകയാണെങ്കിൽ അതുവരെ ലഭിച്ച കിഴിവുകൾ തന്നാണ്ടിലെ വരുമാനം ആയി കണക്കാക്കുന്നതും നികുതിക്ക് വിധേയമാകുന്നതുമാകുന്നു.
ഭവനവായ്പയുടെ പലിശയ്ക്ക് ലഭിക്കുന്ന മറ്റ് കിഴിവുകൾ
ആദായനികുതി നിയമം 24ാം വകുപ്പിലും 80 ഇഇ, 80 ഇഇഎ എന്നീ വകുപ്പുകളിലും ആണ് ഭവനവായ്പയുടെ പലിശയ്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നത്. 24ാം വകുപ്പനുസരിച്ച് പലിശയ്ക്ക് രണ്ടു ലക്ഷംരൂപവരെ വരുമാനത്തിൽനിന്നുള്ള കിഴിവായി അനുവദിക്കും. ഭവനം സ്വന്തം പാർപ്പിടാവശ്യത്തിന് ഉപയോഗിക്കുന്പോഴാണ് ഈ കിഴിവ് ലഭിക്കുന്നത്. ഭവനം വാടകയ്ക്ക് നല്കുന്നതിനു വേണ്ടിയാണെങ്കിൽ രണ്ടു ലക്ഷം രൂപയുടെ ലിമിറ്റ് ബാധകമല്ല. പലിശയ്ക്ക് പരിധി സൂചിപ്പിച്ചിട്ടില്ല. പലിശ ബാങ്കിൽ അടച്ചില്ലെങ്കിലും കിഴിവിനർഹമാണ്.
അതായത്, ഇഎംഐ മുടങ്ങിയെന്നു കരുതി അതിലെ പലിശഭാഗത്തിനു കിഴിവു ലഭിക്കാതിരിക്കില്ല. അതിനാൽ ബാങ്കുകളിൽനിന്നും ധനകാര്യസ്ഥാപനങ്ങളിൽനിന്നും പലിശയ്ക്കുള്ള സർട്ടിഫിക്കറ്റ് വാങ്ങുന്ന സമയത്ത് ഇതു പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സാധാരണഗതിയിൽ അടച്ച തുകയെ മുതലും പലിശയുമായി വേർതിരിച്ചാണു ബാങ്കുകൾ സർട്ടിഫിക്കറ്റുകൾ നല്കുന്നതിനു സന്നദ്ധത കാണിക്കുന്നത് (തിരിച്ചടയ്ക്കാത്ത മുതൽ ഭാഗത്തിന് കിഴിവ് ഒരിക്കലും ലഭിക്കില്ല).
ജോലി സംബന്ധമായോ മറ്റോ വീട്ടുടമയ്ക്ക് സ്വന്തം വീട്ടിൽ താമസിക്കാൻ സാധിക്കാതെ വരികയും വീട് ഒഴിഞ്ഞുകിടക്കുകയാണെങ്കിലും കിഴിവ് രണ്ടു ലക്ഷം രൂപവരെ മാത്രമേ ലഭിക്കുകയുള്ളൂ.
അതുപോലെതന്നെ ഭവനവായ്പ എടുത്ത് വീടു നിർമിക്കുന്ന സാഹചര്യത്തിൽ നിർമാണം അഞ്ചു വർഷത്തിനകം പൂർത്തിയായിരിക്കണം. 142016 വരെ അഞ്ചു വർഷത്തെ കാലാവധിക്ക് പകരം മൂന്നു വർഷമായിരുന്നു കാലാവധി. 1416 മുതലാണ് ഭവനനിർമാണത്തിനുള്ള കാലാവധി അഞ്ചു വർഷമാക്കിയത്. ഏതെങ്കിലും കാരണവശാൽ പ്രസ്തുത കാലാവധിക്കുള്ളിൽ നിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ അനുവദിക്കുന്ന കിഴിവ് രണ്ടു ലക്ഷം രൂപയ്ക്ക് പകരം വെറും 30,000 രൂപ ആയിരിക്കും എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.
എന്നാൽ, വാടകയ്ക്ക് നല്കുന്നതിനുവേണ്ടി നിർമിക്കുന്ന ഭവനങ്ങൾക്ക് ഈ കാലാവധിയും പരിധിയും ബാധകമല്ല.
നിർമാണം പൂർത്തിയാക്കിയതിനു ശേഷം മാത്രമാണ് പലിശയ്ക്ക് കിഴിവ് ലഭിക്കുക എന്ന് സൂചിപ്പിക്കുന്നു. അപ്പോൾ നിർമാണ സമയത്ത് ചെലവാകുന്ന പലിശയ്ക്ക് തന്നാണ്ടിൽ കിഴിവ് ലഭിക്കില്ല. മറിച്ച് നിർമാണം പൂർത്തിയായിക്കഴിഞ്ഞ് ആകെ ചെലവായ പലിശ അഞ്ചു വർഷത്തേക്കായി ഭാഗിച്ച് അതിൽ ഒന്നു വീതം ഓരോ വർഷവും കിഴിവായി എടുക്കാവുന്നതാണ്.
1 4 2017 മുതൽ അതായത് സാന്പത്തികവർഷം 1718 മുതൽ ഹൗസ് പ്രോപ്പർട്ടി ഇനത്തിൽ രണ്ടു ലക്ഷം രൂപയിൽ കൂടുതൽ നഷ്ടം സംഭവിക്കുകയാണെങ്കിൽ തന്നാണ്ടിൽ രണ്ടു ലക്ഷം രൂപ മാത്രമേ മറ്റു വരുമാനങ്ങളുമായി സെറ്റ്ഓഫ് ചെയ്യാൻ സാധിക്കുകയുള്ളൂ. അതിൽ കൂടുതൽ വരുന്ന നഷ്ടം അടുത്ത എട്ടു വർഷത്തേക്ക് കാരി ഫോർവേർഡ് ചെയ്തുകൊണ്ടുപോകാൻ സാധിക്കും.
ഇതിനിടെ വാടക ഇനത്തിൽ നികുതിക്ക് വിധേയമായ വരുമാനം ലഭിക്കുകയാണെങ്കിൽ ലിമിറ്റനുസരിച്ച് സെറ്റ് ഓഫ് ചെയ്യാൻ സാധിക്കും. തുടർച്ചയായ വർഷങ്ങളിൽ നഷ്ടം സംഭവിച്ചാൽ തുക എട്ടു വർഷം കഴിഞ്ഞ് കാലഹരണപ്പെട്ടുപോവുകയും ചെയ്യും. ബാങ്കിൽനിന്നും ധനകാര്യസ്ഥാപനങ്ങളിൽനിന്നും പണം വായ്പ എടുത്ത് വീടുകൾ നിർമിച്ച് വാടകയ്ക്ക് നല്കുകയും നിക്ഷേപങ്ങളായി കരുതുകയും ചെയ്യുന്ന ആളുകൾക്ക് ഈ നിയമം തീർച്ചയായും ദോഷകരമാണ്.
80 ഇഇ അനുസരിച്ച് പലിശയ്ക്ക് ലഭിക്കുന്ന കിഴിവ്
ഈ വകുപ്പ് അനുസരിച്ച് 50,000 രൂപവരെയുള്ള കിഴിവാണ് ലഭിക്കുന്നത്. ആദായനികുതി നിയമം 24ാം വകുപ്പനുസരിച്ച് ലഭിക്കുന്ന രണ്ടു ലക്ഷം രൂപയുടെ കിഴിവിനും ഉപരിയാണ് ഇത്. ഈ കിഴിവ് ലഭിക്കണമെങ്കിൽ താഴെ പറയുന്ന നിബന്ധനകൾ പാലിക്കണം. 1.വാങ്ങുന്ന വീടിന് 50 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം വില. 2. വായ്പ തുക 35 ലക്ഷം രൂപയിൽ കവിയരുത്. 3.വായ്പ തുക 142016 നും 31032017 നും ഇടയിൽ ആയിരിക്കണം പാസാക്കിയിരിക്കേണ്ടത്. 4. ലോണ് തിരിച്ചടവിന്റെ കാലാവധി തീരുംവരെ ഈ ആനുകൂല്യം ലഭിക്കും. 5. 201617 സാന്പത്തികവർഷം മുതൽ ഇതു പ്രാബല്യത്തിൽ ഉണ്ട്.
80 ഇഇഎ അനുസരിച്ച് പലിശയ്ക്ക് ലഭിക്കുന്ന കിഴിവ്
എല്ലാവർക്കും വീട് എന്ന സർക്കാർപദ്ധതി നടപ്പിൽ വരുത്തുന്നതിനുവേണ്ടി ആദായ നികുതി വകുപ്പിൽ ഭവനവായ്പയുടെ പലിശയ്ക്കു നികുതിക്ക് മുന്പുള്ള വരുമാനത്തിൽനിന്നു നിലവിൽ ലഭിക്കുന്ന ഇളവ് കൂടാതെ ഒന്നരലക്ഷം രൂപയുടെ അധിക ഇളവ് ലഭിക്കുന്നതിന് 2019ലെ ബജറ്റിൽ 80 ഇഇഎ എന്ന വകുപ്പ് ഉൾപ്പെടുത്തി. ഏതെങ്കിലും സാന്പത്തിക സ്ഥാപനങ്ങളിൽനിന്ന് എടുക്കുന്ന ഭവനവായ്പയുടെ പലിശയ്ക്കാണ് അധികമായി ഇളവ് ലഭിക്കുന്നത്.ഇതിനു താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കേണ്ടതുണ്ട്.
1.വായ്പ എടുക്കുന്ന ഭവനത്തിന്റെ വില 45 ലക്ഷം രൂപയിൽ കവിയരുത്.
2.വായ്പ തുക 01042019നും 31032020നും ഇടയിൽ ധനകാര്യ സ്ഥാപനങ്ങൾ പാസാക്കിയിരിക്കണം. (2021ലെ ബജറ്റിൽ ഈ തീയതി 31032022 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.)
3. ലോണ് എടുക്കുന്ന സമയത്ത് നികുതിദായകനു സ്വന്തമായി ഭവനം ഉണ്ടായിരിക്കരുത്.
4. നികുതിദായകൻ നിലവിലുള്ള കിഴിവായ 80 ഇഇ അനുസരിച്ചുള്ള 50,000 രൂപയുടെ ആനുകൂല്യം സ്വീകരിക്കരുത്.
5. മെട്രോപൊളിറ്റൻ സിറ്റികളിൽ വാങ്ങുന്ന വീടുകളുടെ കാർപെറ്റ് ഏരിയ 645 സ്ക്വയർഫീറ്റിൽ കൂടുതൽ ആവരുത്. അല്ലാത്ത സ്ഥലങ്ങളിൽ ഇത് 968 സ്ക്വയർ ഫീറ്റ് വരെയാണ്. വീടിന്റെ കാർപെറ്റ് ഏരിയ അതിൽ കൂടുതൽ ആവാൻ പാടില്ല.
കൂടാതെ, ഈ വകുപ്പനുസരിച്ച് റെസിഡന്റിനും നോണ് റെസിഡന്റിനും ഇളവുകൾ എടുക്കാം. ഇളവുകൾ വ്യക്തികൾക്കു മാത്രമേ ലഭിക്കുകയുള്ളൂ. പ്രസ്തുത വീട്ടിൽ സ്വന്തമായി താമസിക്കണമെന്നില്ല. വാടകയ്ക്ക് കൊടുത്താലും ഇളവ് ലഭിക്കുന്നതാണ്.
ഭവനവായ്പയുടെ തിരിച്ചടവിനും പലിശയ്ക്കും കിഴിവ് ലഭിക്കണമെങ്കിൽ നിർമിക്കുന്ന വീടും വായ്പയും സ്വന്തം പേരിൽ ആയിരിക്കണം. ഭൂമിക്കും വീടിനും കൂട്ടായിട്ടാണ് ഉടമസ്ഥാവകാശമെങ്കിലും ആനുകൂല്യം ലഭിക്കുന്നതാണ്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ഓരോ വ്യക്തിക്കും പരമാവധി ആനുകൂല്യം അവകാശപ്പെടാവുന്നതാണ്. വസ്തുവിന്മേലല്ല ആനുകൂല്യം ലഭിക്കുന്നത്, പകരം വ്യക്തികൾക്കാണു കിഴിവ് ലഭ്യമാക്കുന്നത്.