മുൻകൂർ നികുതിയുടെ മൂന്നാമത്തെ ഗഡു ഡിസംബർ 15 ന് മുന്പ്
Tuesday, December 14, 2021 11:08 AM IST
ആദായനികുതി നിയമം അനുസരിച്ച് എല്ലാ നികുതിദായകരും നാലു തവണകളായി മുൻകൂർ നികുതി അടയ്ക്കണം എന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്.
202122 വർഷത്തിലേക്ക് അവ അടയ്ക്കേണ്ട തീയതിയും അടയ്ക്കേണ്ട തുകയും താഴെ പറയുന്നു.

മുഴുവൻ മുൻകൂർ നികുതിയും ഒറ്റത്തവണയായി മാർച്ച് 15 നു മുന്പ്
ആദായനികുതി നിയമം 44 എ.ഡി. അനുസരിച്ച് ആകെ വിറ്റുവരവിന്റെ എട്ടു ശതമാനമോ (വിറ്റുവരവ് ചെക്ക് മുഖാന്തിരമോ ഡ്രാഫ്റ്റ് മുഖാന്തിരമോ ഇലക്ട്രോണിക് മാർഗത്തിലൂടെയോ ബാങ്കിലൂടെയോ ആണെങ്കിൽ ആറു ശതമാനം) അതിൽ കൂടുതലോ വരുന്ന തുക വരുമാനമായി കണക്കാക്കി അതിന്റെ നികുതി അടച്ച് കോന്പൗണ്ട് ചെയ്യുന്ന നികുതിദായകർക്ക് മുകളിൽ പറഞ്ഞിരിക്കുന്ന മുൻകൂർ നികുതി നിയമം ബാധകമല്ല.
അങ്ങനെയുള്ള നികുതിദായകർ മുഴുവൻ നികുതിയും ഒറ്റത്തവണയായി മാർച്ച് 15 നു മുന്പായി അടച്ചാൽ മതി. അതായതു 202122 സാന്പത്തികവർഷത്തിലേക്കുള്ള മുൻകൂർ നികുതി, അനുമാന നികുതി അടയ്ക്കുന്ന നികുതിദായകർ 2022 മാർച്ച് 15 നു മുന്പായി ഒറ്റത്തവണയായി അടയ്ക്കേണ്ടതാണ്. മാർച്ച് 15 ആണ് നിർദിഷ്ട തീയതിയെങ്കിലും മാർച്ച് 31വരെ നികുതി അടയ്ക്കാവുന്നതാണ്.
ബിസിനസിൽനിന്നോ പ്രഫഷനിൽനിന്നോ ഉള്ള വരുമാനത്തിന്റെ കൂടെ മറ്റു വരുമാനങ്ങൾ ഉണ്ടെങ്കിൽ അവയുംകൂടി കണക്കിലെടുത്തുവേണം മുൻകൂർനികുതി നിശ്ചയിക്കാൻ. മറ്റു വരുമാനങ്ങളായ പലിശ, വാടക എന്നിവയിൽനിന്നും 10 ശതമാനം നിരക്കിൽ മാത്രമാണു റെസിഡന്റ് സ്റ്റാറ്റസിലുള്ള നികുതിദായകരുടെ പക്കൽ നിന്നും സ്രോതസിലുള്ള നികുതിയായി പിടിക്കുന്നത്.
എന്നാൽ, ഉയർന്ന വരുമാനക്കാർക്ക് പരമാവധി നികുതിനിരക്കുകൾ 30 ശതമാനമായതിനാൽ സ്രോതസിൽ നികുതി പിടിക്കപ്പെട്ടിട്ടുള്ള വരുമാനങ്ങൾ കൂടി കണക്കിലെടുത്തുവേണം മുൻകൂർ നികുതിക്ക് വേണ്ടിയുള്ള മൊത്തവരുമാനം നിശ്ചയിക്കാൻ.
മുതിർന്ന പൗരന്മാർക്ക് ഇളവ്
ആദായനികുതിനിയമം 208ാം വകുപ്പനുസരിച്ച് 10,000 രൂപയിൽ കൂടുതൽ നികുതി ബാധ്യത വരുന്ന നികുതിദായകർ മുൻകൂറായി നികുതി അടയ്ക്കണം. എന്നാൽ, ഇന്ത്യയിൽ റെസിഡന്റായിട്ടുള്ള മുതിർന്ന പൗരന്മാർക്ക് ബിസിനസിൽനിന്നും പ്രഫഷനിൽനിന്നും വരുമാനം ഒന്നുമില്ലെങ്കിൽ മുൻകൂർ നികുതി അടയ്ക്കേണ്ടതില്ല. അതായത് മുൻകൂർ നികുതിയുടെ അടവിൽനിന്നു കിഴിവ് ലഭിക്കണമെങ്കിൽ താഴെ പറയുന്ന വ്യവസ്ഥകൾ പാലിച്ചിരിക്കണം.
1. നികുതിദായകൻ വ്യക്തിയായിരിക്കണം. 2. നികുതിദായകൻ ആദായനികുതി നിയമമനുസരിച്ച് ഇന്ത്യയിൽ റെസിഡന്റായിരിക്കണം 3.നികുതിദായകന് പ്രസ്തുത സാന്പത്തികവർഷത്തിൽ എന്നെങ്കിലും 60 വയസിൽ കൂടിയിരിക്കണം. 4. നികുതിദായകന് ബിസിനസസിൽനിന്നും പ്രഫഷനിൽനിന്നും വരുമാനം ഒന്നും ഉണ്ടായിരിക്കരുത്.
ഇതൊരു ഉദാഹരണ സഹിതം വ്യക്തമാക്കാം. ഒരു മുതിർന്ന പൗരന് വാടകയിനത്തിൽ പ്രതിമാസം 60,000 രൂപ വീതം ലഭിക്കുന്നു. അദ്ദേഹത്തിന് ബിസിനസിൽനിന്നും പ്രഫഷനിൽനിന്നും വരുമാനം ഒന്നുമില്ല.
അദ്ദേഹം ഇന്ത്യയിൽ റെസിഡന്റാകയാൽ മുകളിൽ സൂചിപ്പിക്കപ്പെട്ട നാലു വ്യവസ്ഥകളും പാലിക്കപ്പെടുന്നുണ്ട്. അതിനാൽ അദ്ദേഹത്തിന് മുൻകൂർ നികുതിബാധ്യത ഉണ്ടാകുന്നില്ല. ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്ന സമയത്ത് നികുതി കണക്കാക്കി സെൽഫ് അസസ്മെന്റ് ടാക്സായി അടച്ചാൽ മാത്രം മതി.