ആദായനികുതി റിട്ടേണുകൾ: ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
Tuesday, December 28, 2021 10:52 AM IST
നിർബന്ധിത ഓഡിറ്റ് ആവശ്യമുള്ള സ്ഥാപനങ്ങളും അവ പങ്കുവ്യാപാരസ്ഥാപനങ്ങളാണെങ്കിൽ അവയുടെ പങ്കുകാരും കന്പനികളും ഒഴികെയുള്ള നികുതിദായകർ 202021 സാന്പത്തികവർഷത്തിലെ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2021 ഡിസംബർ 31 ആണ്. മുൻനിയമം അനുസരിച്ച് ഇവ ജൂലൈ 31 നു മുന്‍പ് ഫയൽ ചെയ്യണമായിരുന്നു. എന്നാൽ സർക്കാർ റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള സമയം ഡിസംബർ 31വരെ ദീർഘിപ്പിച്ചു നൽകിയിട്ടുണ്ട്.
ശന്പളം ലഭിക്കുന്നവരും വാടകവരുമാനം ഉള്ളവരും നിർബന്ധിത ഓഡിറ്റ് ആവശ്യമില്ലാത്ത ബിസിനസുകാരും പ്രഫഷണലുകളും പങ്കുവ്യാപാരസ്ഥാപനങ്ങളും അവയുടെ പങ്കുകാരും പലിശ, ഡിവിഡന്റ് മുതലായവ ലഭിക്കുന്നവരും ആദായനികുതി റീഫണ്ടിനു വേണ്ടി റിട്ടേണ്‍ സമർപ്പിക്കുന്നവരും 2021 ഡിസംബർ 31 നുമുന്പ് റിട്ടേണുകൾ ഫയൽ ചെയ്യണം.
ടാക്സ് ഓഡിറ്റിംഗിന് വിധേയരായിട്ടുള്ള നികുതിദായകർ ഓഡിറ്റ് റിപ്പോർട്ട് 2022 ജനുവരി 15നകം സമർപ്പിക്കണം. ഇവരുടെ റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് 2022 ഫെബ്രുവരി 15വരെ സമയം ലഭിക്കും. പങ്കുവ്യാപാരസ്ഥാപനങ്ങൾ ഓഡിറ്റിന് വിധേയമായിട്ടുണ്ടെങ്കിൽ അവയുടെ പങ്കുകാർക്കും റിട്ടേണ്‍ ഫയൽ ചെയ്യുന്നതിന് 2022 ഫെബ്രുവരി 15വരെ സമയം ലഭിക്കുന്നതാണ്.
കന്പനികൾക്കും ഈ തീയതിതന്നെ ബാധകമാണ്. അതുപോലെ തന്നെ 92 ഇ വകുപ്പ് പ്രകാരം റിപ്പോർട്ട് സമർപ്പിക്കേണ്ടവർക്കു 2022 ജനുവരി 31വരെ അതിനു സമയം ലഭിക്കും. അവയുടെ ഇൻകംടാക്സ് റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് 2022 ഫെബ്രുവരി 28വരെ സമയം നല്‍കിയിട്ടുണ്ട്.
എന്നാൽ ബിലേറ്റഡ് ആയി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് മാർച്ച് 31വരെ സമയം ലഭിക്കും. ആദായനികുതിനിയമം 234 എഫ് അനുസരിച്ച്, താമസിച്ച് ഫയൽ ചെയ്യപ്പെടുന്നതും അഞ്ചു ലക്ഷത്തിനുമുകളിൽ വരുമാനം ഉള്ളതുമായ റിട്ടേണുകളുടെ മേൽ 10,000 രൂപയുടെ പിഴ ചുമത്തപ്പെടുന്നതാണ്.
റിട്ടേണുകൾ ഫയൽ ചെയ്യുന്പോൾ...
1. ശരിയായിട്ടുള്ള റിട്ടേണ്‍ ഫോം
ആദായനികുതിനിയമത്തിൽ ഏഴു തരം റിട്ടേണുകൾ (ഐ.ടി.ആർ.1 മുതൽ ഐ.ടി.ആർ 7 വരെ) ഉണ്ട്. ഓരോ നികുതിദായകനും യോജിച്ച റിട്ടേണുകളാണ് തെരഞ്ഞെടുക്കേണ്ടത്. ഉദാഹരണത്തിന് ഫോം ഐ.ടി.ആർ. 1 റെസിഡന്റായിട്ടുള്ള 50 ലക്ഷം രൂപയിൽ താഴെ മാത്രം വരുമാനമുള്ള ശന്പളക്കാർക്ക് വേണ്ടിയുള്ളതാണ്. അവക്ക് ശന്പളം കൂടാതെ ഒരു ഹൗസ് പ്രോപ്പർട്ടിയിൽ നിന്നുള്ള വരുമാനവും മറ്റു വരുമാനങ്ങളും ആദായത്തിൽ ഉൾപ്പെടുത്താം.
പക്ഷെ, വരുമാനം 50 ലക്ഷം രൂപയിൽ കവിയാൻ പാടില്ല. മാത്രമല്ല അവർ കന്പനിയിലെ ഡയറക്ടർ ആകാൻ പാടില്ല. ലിസ്റ്റ് ചെയ്യപ്പെടാത്ത കന്പനികളിലെ ഓഹരികൾ വാങ്ങുവാൻ പാടില്ല. ഇന്ത്യക്കു വെളിയിൽ സ്വത്തുക്കൾ സന്പാദിക്കുവാൻ പാടില്ല. ഇന്ത്യക്ക് വെളിയിലുള്ള ഏതെങ്കിലും സ്ഥാപനത്തിലെ സൈനിംഗ് അഥോറിട്ടി ആയിരിക്കരുത്.ആദായനികുതിനിയമം 194 എൻ അനുസരിച്ച് സ്രോതസിൽ നികുതി പിടിക്കപ്പെട്ടവരായിരിക്കരുത്. തുടങ്ങിയ നിബന്ധനകൾ പാലിച്ചിരിക്കണം.
2. ആന്വൽ ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റും (എഐഎസ്) ടാക്സ് പെയർ ഇൻഫർമേഷൻ സമ്മറി (ടിഐഎസ്)യും 26 എഎസും റിട്ടേണ്‍ ഫയൽ ചെയ്യുന്നതിന് മുന്‍പ് പരിശോധിക്കണം
മുൻവർഷങ്ങളിൽ ഫോം നന്പർ 26 എഎസ് ആയിരുന്നു റിട്ടേണ്‍ ഫയൽ ചെയ്യുന്നതിന് മുന്‍പ് പരിശോധിക്കേണ്ടിയിരിക്കുന്നത് എങ്കിൽ ഇപ്പോൾ അവ കൂടാതെ ആന്വൽ ഇൻഫർമേഷൻ സ്റ്റേറ്റുമെന്റും ടാക്സ്പെയർ ഇൻഫർമേഷൻ സമ്മറിയുംകൂടി പരിശോധിച്ചിട്ട് വേണം റിട്ടേണുകൾ ഫയൽ ചെയ്യുവാൻ. ആന്വൽ ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റിൽ 26 എ.എസിൽ ലഭിക്കാത്ത പല വരുമാനങ്ങളുടെയും നിക്ഷേപങ്ങളുടെയും കണക്കുകൾ ലഭ്യമാണ്. എന്നാൽ ഇവയിൽ പല തെറ്റുകളും കടന്നുകൂടുന്നതായി കാണപ്പെടുന്നു.
ഒരേ വരുമാനം തന്നെ പല സ്രോതസുകളിൽനിന്നു റിപ്പോർട്ട് ചെയ്യുന്പോൾ അവ രണ്ടു പ്രാവശ്യം വരുമാനമായി ആവർത്തിക്കുന്നതായി കാണപ്പെടുന്നുണ്ട്. ആദായനികുതി വകുപ്പ് ഇറക്കിയ പത്രക്കുറിപ്പ് അനുസരിച്ച് അവ കറക്ട് ചെയ്യേണ്ട ചുമതലയും ഇപ്പോൾ നികുതിദായകനിൽ വന്നിരിക്കുകയാണ്. അവ കറക്ട് ചെയ്തില്ലെങ്കിൽ റിട്ടേണ്‍ ഫയൽ ചെയ്തു കഴിയുന്പോൾ മിസ്മാച്ചിനുള്ള നോട്ടീസ് ലഭിക്കുവാൻ കാരണമാകും.
3. നികുതി നിരക്കിനുള്ള സ്കീം തെരഞ്ഞെടുക്കുക
ആദായനികുതി നിയമത്തിൽ ഇപ്പോൾ രണ്ടു തരം നികുതിനിരക്കുകൾ പ്രാബല്യത്തിലുണ്ട്. ഒന്ന് ഈ വർഷം മുതൽ നിലവിൽ വരുന്ന പുതിയ നിരക്കും മറ്റേത് നേരത്തേ മുതൽ നിലവിലുണ്ടായിരുന്ന പഴയ നിരക്കും. നികുതിദായകൻ റിട്ടേണ്‍ ഫയൽ ചെയ്യുന്നതിന് മുന്‍പ് മൊത്തം വരുന്ന നികുതി കണക്കുകൂട്ടി ഏതു സ്കീം ആണു ലാഭകരം എന്നു നോക്കിയിട്ട് വേണം സ്കീം നിശ്ചയിച്ച് റിട്ടേണുകൾ ഫയൽ ചെയ്യാൻ.
4. മറ്റു വെളിപ്പെടുത്തലുകൾ
എ) നിലവിൽ ഓപ്പറേറ്റ് ചെയ്യുന്ന ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ
ബി) കൈവശമുള്ള ലിസ്റ്റ് ചെയ്യാത്ത ഓഹരികൾ
സി) ഇന്ത്യൻ കന്പനികളിലെയും ഫോറിൻ കന്പനികളിലെയും ഡയറക്ടർ പദവി
ഡി) വരുമാനം 50 ലക്ഷം രൂപയ്ക്ക് മുകളിലുണ്ടെങ്കിൽ സ്വത്തുക്കളുടെയും കടങ്ങളുടെയും വിവരങ്ങൾ
ഇ) റെസിഡന്റ് ആയിട്ടുള്ളവർ വിദേശത്ത് സ്വത്തുക്കൾ സ്വന്തമാക്കിയിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങളും വരുമാനവും.
എഫ്) നികുതിയിൽനിന്ന് ഒഴിവുള്ള വരുമാനങ്ങൾ
ജി) ഇടയ്ക്കുവച്ച് തൊഴിൽ സ്ഥാപനം മാറിയിട്ടുണ്ടെങ്കിൽ മുൻ തൊഴിലുടമയുടെ പക്കൽനിന്നുള്ള വരുമാനം.
മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ബാധകമായിരിക്കുന്ന സാഹചര്യങ്ങളിൽ റിട്ടേണുകളിൽ വ്യക്തമാക്കുക.
നിർബന്ധമായും റിട്ടേണുകൾ ഫയൽ ചെയ്യേണ്ട അവസരങ്ങൾ
താഴെപ്പറയുന്ന സാഹചര്യങ്ങളിൽ നികുതി ബാധ്യത ഇല്ലെങ്കിൽ പോലും വ്യക്തികൾ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കേണ്ടതാണ്.
1) ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വൈദ്യുത ബില്ല് അടയ്ക്കുന്നവർ
2) ഒന്നോ അതിലധികമോ കറന്റ് അക്കൗണ്ടുകളിലായി ഒരു കോടി രൂപയോ അതിൽ കൂടുതലോ നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്തിട്ടുള്ള സാഹചര്യങ്ങൾ ഉണ്ടായിട്ടുള്ള വ്യക്തികൾ.
3) വിദേശയാത്രയ്ക്കായി രണ്ടു ലക്ഷം രൂപയോ അതിൽ കൂടുതലോ ചെലവാക്കിയിട്ടുണ്ടെങ്കിൽ