ഇലക്ട്രിക് വാഹനം ബാങ്ക് വായ്പ വഴി വാങ്ങിയാൽ പലിശയ്ക്ക് കിഴിവ്
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തിന് വൻ പ്രോത്സാഹനം ആണ് കേന്ദ്രസർക്കാർ നൽകുന്നത്. ആദായനികുതി നിയമത്തിൽ 80 ഇഇബി എന്ന വകുപ്പനുസരിച്ച് ഇലക്ട്രിക് വാഹനങ്ങൾ ബാങ്ക്വായ്പ ഉപയോഗിച്ച് വാങ്ങിയാൽ പലിശയിനത്തിൽ 1,50,000 രൂപയുടെ വരെ കിഴിവ് നികുതിദായകന് മൊത്ത വരുമാനത്തിൽ നിന്നു ലഭിക്കും.
വ്യക്തികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ഹിന്ദു കൂട്ടുകുടുംബം, പാർട്ണർഷിപ്പ് ഫേമുകൾ, കന്പനികൾ മുതലായവർക്ക് ഈ ആനുകൂല്യം ലഭിക്കുകയില്ല. വ്യക്തികൾ ശന്പളക്കാരോ ബിസിനസുകാരോ ആരുമായിക്കോട്ടെ, ആനുകൂല്യം ലഭിക്കുന്നതാണ്.
ബിസിനസിന് ഉപയോഗിക്കുന്നവർ വാഹനം സ്വന്തം പേരിൽ അല്ലെങ്കിൽ ബിസിനസിന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കണം. ശന്പളക്കാരായ നികുതിദായകർക്കാണ് ഇതുകൊണ്ടു യഥാർത്ഥ ഗുണം ലഭിക്കുന്നത്. ബാങ്ക് വായ്പ എടുത്ത് വാഹനം വാങ്ങിയാൽ പലിശയ്ക്ക് യാതൊരുവിധ കിഴിവിനും അർഹത ഇല്ലാതിരുന്നസ്ഥാനത്ത് 80ഇഇബി അനുസരിച്ച് 1,50,000 രൂപയുടെ വരെ കിഴിവ് പലിശയ്ക്ക് ലഭിക്കും.
1,50,000 രൂപയ്ക്ക് മുകളിൽ പലിശ ആയാലും ശന്പളക്കാർക്ക് 1,50,000 രൂപയുടെ മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ. എന്നാൽ വാഹനം ബിസിനസിൽ ഉപയോഗിക്കുന്നവർക്ക് അതിനു മുകളിലുള്ള പലിശയടവും ചെലവായി കിഴിക്കാം.
നിബന്ധനകൾ
1. വാഹനം വാങ്ങുന്നതിനുള്ള വായ്പ ബാങ്കിൽനിന്നോ ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷനുകളിൽനിന്നോ മാത്രം വാങ്ങിയിരിക്കണം.
2. വായ്പ 1-4-2019 നും 31-3-2023 നും ഇടയിലുള്ള കാലഘട്ടത്തിൽ പാസാക്കിയതായിരിക്കണം.
3. ഒരു വാഹനത്തിന് മാത്രമേ കിഴിവ് ലഭിക്കുകയുള്ളൂ.
4. ഇലക്ട്രിക് വെഹിക്കിൾ എന്നുകൊണ്ടുദ്ദേശിക്കുന്നത് പൂർണമായും വാഹനത്തിലുറപ്പിച്ച ബാറ്ററിയിൽനിന്ന് കറന്റ് എടുത്തു പ്രവർത്തിക്കുന്നതും ബ്രേക്ക് അപ്ലൈ ചെയ്യുന്പോൾ കൈനറ്റിക് എനർജിയെ ഇലക്ട്രിക്കൽ എനർജി ആയി കണ്വെർട്ടു ചെയ്യുന്നതും ആയിരിക്കണം.
മറ്റ് ആനുകൂല്യങ്ങൾ
ഇലക്ട്രിക് വാഹനങ്ങളുടെ പ്രമോഷനുവേണ്ടി കേന്ദ്ര ഗവണ്മെന്റ് വ്യാപകമായ ആനുകൂല്യങ്ങൾ നല്കുന്നുണ്ട്. 2,3,4 ചക്രങ്ങളുള്ള വാഹനങ്ങൾക്ക് സബ്സിഡി ഇനത്തിൽ ആനുകൂല്യങ്ങൾ നല്കുന്നുണ്ട്. എഫ്എഎം ഇ പേസ് 2 സ്കീം അനുസരിച്ചുള്ള ഇലക്ട്രിക് വെഹിക്കിൾസിന്റെ പ്രമോഷനുവേണ്ടിയുള്ള ചെലവുകൾ യൂണിയൻ കാബിനറ്റ് അംഗീകരിച്ചതാണ്.
വാഹനങ്ങൾ വാങ്ങുന്പോൾ സബ്സിഡി നൽകിയും ജിഎസ്ടി അഞ്ചു ശതമാനം മാത്രം ചാർജ് ചെയ്തും ഈ സെക്ടറിനെ ഗവണ്മെന്റ് വളരെയധികം പ്രോത്സാഹിപ്പിക്കുന്നുണ്ട്. കൂടാതെ രജിസ്ട്രേഷൻ ചാർജുകളിലും റോഡ് ടാക്സിലും സംസ്ഥാന ഗവണ്മെന്റ് ഇളവ് നൽകുന്നുണ്ട്.