വസ്തു ഇടപാടിന് പണം ബാങ്കിൽകൂടി
Monday, December 24, 2018 11:47 AM IST
ഇന്ത്യയുടെ ജിഡിപിയിലേക്ക് ഏകദേശം 10 മുതൽ 12 ശതമാനം വരെയുള്ള സംഭാവന വരുന്നത് റിയൽ എസ്റ്റേറ്റ് മേഖലയിൽനിന്നാണ്. ഇതിൽനിന്നുള്ള സ്റ്റാന്പ് ഡ്യൂട്ടിയും മൂലധനനേട്ടത്തിന്റെ നികുതിയും ഇതിനെ കള്ളപ്പണത്തിന്റെ മേഖലയായി മുദ്രകുത്തപ്പെടുത്തിയിട്ടുണ്ട്. തന്മൂലം വിലകൾ കുറച്ചു കാണിച്ച് നികുതിവെട്ടിപ്പ് നടത്തുന്നതിനുള്ള സാധ്യതകൾ ഗവണ്മെന്റ് തള്ളിക്കളയുന്നില്ല. ഇടപാടുകൾ കാഷ് ആയി നടത്തിയാൽ വസ്തു വാങ്ങുന്ന വ്യക്തികൾക്ക് കളളപ്പണം വൻതോതിൽ ഉപയോഗിക്കാൻ കഴിയുമെന്ന് ഗവണ്മെന്റ് വിശ്വസിക്കുന്നു. കെട്ടിടനിർമാണമേഖല വൻതോതിൽ കള്ളപ്പണ ഇടപാടുകൾ നടക്കുന്ന മേഖലയായാണ് ഗവണ്മെന്റ് കരുതുന്നത്. ഇവിടെ നികുതിയില്ലാതെ ഇടപാടുകൾ നടക്കാറുണ്ടത്രേ!
20,000 രൂപയിൽ കൂടുതലുളള ലോണിടപാടുകൾ ചെക്ക് അല്ലെങ്കിൽ ബാങ്ക് ഡ്രാഫ്റ്റോ ഇലക്ട്രോണിക് മാർഗത്തിലൂടെയുള്ള ട്രാൻസ്ഫറോ ആയി മാത്രമേ നടത്താൻ പാടുള്ളൂ എന്ന് ആദായനികുതി നിയമം 269 എസ്എസിലും 269 ടിയിലും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെതിരായി പണമിടപാട് നടത്തിയാൽ തത്തുല്യമായ തുക പിഴയായി ഈടാക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. കൃഷിക്കാർക്കും ആദായനികുതി നിയമത്തിന്റെ കീഴിൽ വരില്ലാത്തവർക്കും ഇതിൽനിന്ന് ഒഴിവുള്ളതാണ്.
2015 ജൂൺ ഒന്നു മുതൽ വസ്തു ഇടപാടുകൾക്കും ഈ വ്യവസ്ഥ ബാധകമാക്കി. അതനുസരിച്ച് 2015 ജൂൺ ഒന്നു മുതൽ 20,000 രൂപയ്ക്കു മുകളിലുള്ള എല്ലാ വസ്തു ഇടപാടുകളും ബാങ്ക് മുഖാന്തിരം മാത്രമേ നടത്താൻ പാടുള്ളൂ. പണം സ്വീകരിച്ച് വസ്തു വിറ്റാൽ വിൽക്കുന്ന വ്യക്തി ആദായനികുതിനിയമം 271 ബി അനുസരിച്ച് ശിക്ഷാ നടപടിക്കു വിധേയനാവുകയും തത്തുല്യമായ തുക പിഴയായി അടയ്ക്കേണ്ടിവരികയും ചെയ്യും.
വസ്തു വാങ്ങുന്നതിന് നല്കുന്ന അഡ്വാൻസ് തുക ഏതെങ്കിലും കാരണവശാൽ വില്പന നടക്കാതെ വരുന്ന പക്ഷം പണമായിത്തന്നെ തിരിച്ചു വാങ്ങിയാലും ആദായനികുതി നിയമം 269 ടിക്ക് എതിരായി വരുന്നതിനാൽ 271 ഇ അനുസരിച്ചുള്ള ശിക്ഷാ നടപടികൾക്ക് വിധേയമാകും. 20,000 രൂപയിൽ കൂടുതലാണ് തുകയെങ്കിൽ മാത്രമേ ഇതു ബാധകമാകുകയുള്ളൂ. വസ്തു ഇടപാടുകളിൽ വൻതോതിൽ കള്ളപ്പണത്തിന്റെ സ്വാധീനം ഉള്ളതായി ഗവണ്മെന്റിന് തോന്നിയതിനാലാണ് ഇങ്ങനെയൊരു ഭേദഗതി വരുത്തിയത്. ഇതിന് മുന്പുതന്നെ വസ്തു ഇടപാടുകൾ 50 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ ഒരു ശതമാനം സ്രോതസിൽ നികുതി പിടിക്കണം എന്ന നിയമം പ്രാബല്യത്തിൽ ഉണ്ടായിരുന്നു. എന്നാൽ, കൃഷിഭൂമികൾക്ക് ഇതു ബാധകമല്ല.
സ്വർണവ്യാപാരത്തിൽ ലോകത്തിൽ മുൻനിരയിലാണ് ഇന്ത്യ. ഇന്ത്യയിൽ 18,000 ടണ് സ്വർണം സ്റ്റോക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ. സ്വർണത്തിന്റെ വിലകളിൽ കാര്യമായ കുറവുകളുണ്ടാകുകയില്ല എന്ന ധാരണയിൽ സ്വർണം വൻതോതിൽ നിക്ഷേപകർ വാങ്ങി സൂക്ഷിക്കും എന്നാണ് ഗവണ്മെന്റ് കരുതുന്നത്. ഗവണ്മെന്റിന്റെ കണക്കനുസരിച്ച് സ്വർണവ്യാപാരത്തിൽ ഏറിയപങ്കും പണമായിട്ടാണ് നടക്കുന്നത്. റിയൽ എസ്റ്റേറ്റ് മേഖല കഴിഞ്ഞാൽ കള്ളപ്പണ നിക്ഷേപങ്ങൾ ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് സ്വർണത്തിലാണെന്ന് ഗവണ്മെന്റ് വിശ്വസിക്കുന്നു. അതിനാലാണ് സ്വർണം വാങ്ങുന്ന സമയത്ത് പാൻ ആവശ്യപ്പെടുന്നത്.
കള്ളപ്പണം പുറത്തുകൊണ്ടുവരുന്നതിനുവേണ്ടി ഗവണ്മെന്റ് കുരിശുയുദ്ധം തന്നെ നടത്തുകയാണ്. അത് വിദേശത്ത് സൂക്ഷിച്ചതായാലും സ്വദേശത്ത് സൂക്ഷിച്ചതായാലും അവയുടെ വെളിപ്പെടുത്തലിനു വേണ്ടി അക്ഷീണം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. വിദേശത്ത് വെളിപ്പെടുത്താതെ സൂക്ഷിച്ചിരിക്കുന്ന സ്വത്തുക്കളും വരുമാനവും നികുതിയായി പിടിച്ചെടുക്കുന്നതിനും അവർക്ക് കർശനമായ ശിക്ഷ കൊടുക്കുന്നതിനും നികുതി നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇപ്പോൾ രണ്ടു ലക്ഷം രൂപയ്ക്കു മുകളിൽ പണം ഉപയോഗിച്ച് സ്വർണം വാങ്ങാൻ സാധിക്കില്ല. സ്വർണം മാത്രമല്ല രണ്ടു ലക്ഷം രൂപയ്ക്കു മുകളിലുള്ള എല്ലാ പണമിടപാടുകളും നിയമം മൂലം നിരോധിച്ചിട്ടുണ്ട്.