80ജി: പ്രളയ ദുരിതാശ്വാസ ഫണ്ടും ആദായ നികുതിയും
Thursday, February 7, 2019 5:05 PM IST
മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് സർക്കാർ ജീവനക്കാർ ശന്പളത്തിന്റെ ഒരു ഭാഗം സംഭാവനയായി നൽകി. ഈ സംഭാവനകൾക്ക് നികുതിയിളവും ലഭിക്കുന്നതാണ്. വിവിധ തരത്തിലാണ് സർക്കാർ ജീവനക്കാർ സംഭാവന നൽകിയിരിക്കുന്നത്.
1. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് അടച്ച തുക (സിഎംഡി ആർഎഫ്) ടാക്സബിൾ ഇൻകത്തിൽ നിന്നാണ് കുറവ് ചെയ്യുന്നത്. 80 ജി വകുപ്പിലാണ് ഉൾപ്പെടുത്തേണ്ടത്.
2. പിഎഫിൽനിന്നും എൻആർഎയിലൂടെ സിഎംഡി ആർ എഫിലേക്ക് സംഭാവന നൽകിയവർ ഈ തുക വരുമാനത്തിൽ കാണിക്കേണ്ട. 80 ജി പ്രകാരം കുറച്ചാൽ മാത്രം മതി.
3. ഒരു മാസത്തെ ശന്പളം പൂർണമായി സംഭാവന നൽകിയവർ ആകെ 12 മാസത്തെ ശന്പളം വരുമാനമായി കാണിക്കണം. അതിനുശേഷം 80 ജി പ്രകാരം അടച്ച തുക മാത്രം ടാക്സബിൾ ഇൻകത്തിൽനിന്നും കുറവ് ചെയ്യണം.
4. 2018 സെപ്റ്റംബർ മാസത്തിലെ ശന്പളം മുതൽ പരമാവധി 10 തവണകളായിട്ടാണ് സംഭാവന നൽകുന്നത്. 2019 ഫെബ്രുവരി മാസത്തെ ശന്പളം വരെ എത്ര രൂപ സിഎംഡിആർഎഫിലേക്ക് അടച്ചുവോ അത്രമാത്രം കുറവ് ചെയ്യാം.
5. 2018 സെപ്റ്റംബർ മുതൽ 2019 ഫെബ്രുവരി വരെ ആറു തവണകൾ മാത്രമായിരിക്കും സംഭാവന അടച്ചിരിക്കുന്നത്. ഇത്ര മാത്രമേ ഈ സാന്പത്തിക വർഷം ടാക്സബിൾ ഇൻകത്തിൽനിന്നും കുറവ് സാധിക്കൂ. ബാക്കി തുക അടുത്ത സാന്പത്തിക വർഷം പരിഗണിക്കും.
6. 2019 ഫെബ്രുവരി വരെ എത്ര രൂപ സിഎംഡിആർ എഫിലേക്ക് അടച്ചുവോ അതു കുറവു ചെയ്യാവുന്നതാണ്.
7. ലീവ് സറണ്ടർ, പേ റിവിഷൻ കുടിശിക സിഎംഡി ആർഎഫിലേക്ക് നൽകിയവർ അതു വരുമാനമായി കാണിച്ചിട്ടാവണം ടാക്സബിൾ ഇൻകത്തിൽ കുറവു ചെയ്യേണ്ടത്.
8. പിഎഫിൽനിന്നും എൻആർഎ വഴി സംഭാവന നൽകിയവരും ലീവ് സറണ്ടർ വഴി സംഭാവന നൽകിയവരും ഈ സാന്പത്തിക വർഷത്തിൽ തന്നെ സംഭാവന നൽകിയാലേ ടാക്സബിൾ ഇൻകത്തിൽനിന്നും കുറവു ചെയ്യൂ. ഇങ്ങനെയുള്ളവർക്ക് മുഴുവൻ തുകയും കുറവ് ചെയ്യാം.
9. ഏതു വിധത്തിലാണെങ്കിലും 2019 ഫെബ്രുവരി വരെ വരുന്ന തുകകൾ മാത്രമേ ടാക്സബിൾ ഇൻകത്തിൽ കുറവ് ചെയ്യാവൂ.
10. പ്രത്യേക സാഹചര്യത്തിൽ ഈ പ്രാവശ്യം ഫെസ്റ്റിവൽ അലവൻസ് ലഭിക്കാത്തതിനാൽ ഉൾപ്പെടുത്തേണ്ടതില്ല.
80 ജി ദുരിതാശ്വാസഫണ്ട് ചാരിറ്റബിൾ സൊസൈറ്റിയുടെ
പേരിലാണ് നൽകിയതെങ്കിൽ
ദുരിതാശ്വാസ ഫണ്ട് ചാരിറ്റബിൾ സൊസൈറ്റിക്കാണ് നൽകിയതെങ്കിൽ സംഭാവന നൽകിയ തുകയുടെ 50 ശതമാനം കുറവ് ചെയ്യാം. ഇത് ആകെ വരുമാനത്തിന്റെ 10 ശതമാനത്തിൽ അധികരിക്കുവാൻ പാടില്ല.
സിഎംഡിആർഎഫ് അല്ലാതെ മറ്റു സംഭാവനകൾ ടിഡിഎസ് കണക്കാക്കുന്നതിന് പരിഗണിക്കില്ല. ഇൻകം ടാക്സ് റിട്ടേണ് സമർപ്പിക്കുന്ന അവസരത്തിൽ അതിൽ കാണിച്ച് ഇളവ് നേടാം.