ആദായനികുതി റിട്ടേണ്‍ ഫോമുകളിൽ ചില മാറ്റങ്ങൾ
Tuesday, April 30, 2019 11:39 AM IST
ആദായനികുതി റിട്ടേണുകളിൽ എല്ലാ വർഷവും എന്തെങ്കിലും പരിഷ്കാരങ്ങൾ വരുത്തുക ഡിപ്പാർട്ട്മെന്റിന്റെ പതിവാണ്. പുതിയ ഐടിആർ ഫോമുകൾ ആദായനികുതി വകുപ്പ് ഏപ്രിൽ ഒന്നാം തീയതി തന്നെ പുറത്തിറക്കി. പരിഷ്കരിക്കപ്പെട്ട റിട്ടേണുകളിൽ വ്യക്തതകൾ നിഴലിക്കുന്പോഴും അവ ഡിപ്പാർട്ട്മെന്റിന് നല്കപ്പെട്ട വിവരങ്ങളുടെ ക്രോസ് ചെക്കിംഗിനുള്ള സംവിധാനവും ഒരുക്കുന്നു. അതുവഴി റിട്ടേണുകളിൽ നല്കുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പാക്കുന്നു.
ഫോം നന്പർ ഐടിആർ 1
കഴിഞ്ഞ വർഷം വരെ റെസിഡന്റ് ആയിട്ടുള്ള ശന്പള വരുമാനക്കാർക്ക് ശന്പളം കൂടാതെ ഒരു ഹൗസ് പ്രോപ്പർട്ടിയിൽനിന്നുള്ള വരുമാനവും മറ്റു വരുമാനങ്ങളും (പലിശ മുതലായവ) ഉണ്ടായിരുന്നെങ്കിലും നികുതിക്കു മുന്‍പുള്ള വരുമാനം 50 ലക്ഷം രൂപയിൽ താഴെ ആയിരുന്നുവെങ്കിൽ ഐടിആർ 1 എന്ന ഫോം റിട്ടേണ്‍ ഫയൽ ചെയ്യുന്നതിന് ഉപയാഗിക്കാമായിരുന്നു. അതായത് ബിസിനസിൽ നിന്നുള്ള വരുമാനവും മൂലധനനേട്ടവും ഉണ്ടെങ്കിൽ ഐടിആർ 1 എന്ന ഫോം ഉപയോഗിക്കാൻ പാടില്ലായിരുന്നു. ഇന്ത്യക്കു വെളിയിൽ എന്തെങ്കിലും സ്വത്തുക്കൾ ഉണ്ടാവുകയോ ഏതെങ്കിലും വിദേശ അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിനുള്ള അധികാരം ഉണ്ടെങ്കിലോ വിദേശത്തുനിന്നും എന്തെങ്കിലും വരുമാനം ഉണ്ടെങ്കിലോ പ്രസ്തുത റിട്ടേണ്‍ ഉപയോഗിക്കുവാൻ പാടില്ലായിരുന്നു. കൂടാതെ വിദേശത്ത് നികുതി അടച്ചതിന്റെ ക്രെഡിറ്റ് എടുക്കുന്നുണ്ടെങ്കിലും കൃഷിയിൽ നിന്നും 5000 രൂപയിൽ കൂടുതൽ വരുമാനം ഉണ്ടെങ്കിലും ഐടിആർ 1 എന്ന ഫോം ഉപയോഗിക്കാൻ പാടില്ലായിരുന്നു.
പ്രസ്തുത നിയന്ത്രണങ്ങൾ എല്ലാം നിലനിർത്തിക്കൊണ്ടുതന്നെ പുതിയ ചില നിയന്ത്രണങ്ങൾ കൂടി ഈ ഫോം ഉപയോഗിക്കുന്നതിനു കൊണ്ടുവന്നിട്ടുണ്ട്. നിങ്ങൾ ഏതെങ്കിലും കന്പനിയിലെ ഡയറക്ടർ ആണെങ്കിലും നിങ്ങൾക്ക് ലിസ്റ്റ് ചെയ്യപ്പെടാത്ത ഏതെങ്കിലും കന്പനിയിൽ നിക്ഷേപങ്ങൾ ഉണ്ടെങ്കിലും മാർച്ച് 31ന് അവസാനിച്ച വർഷത്തിലേക്ക് നിങ്ങൾക്ക് ഐടിആർ 1 എന്ന ഫോം ഉപയോഗിക്കാൻ സാധിക്കില്ല. ഡയറക്ടർ സ്ഥാനം ഉള്ള കന്പനി പ്രൈവറ്റ് കന്പനിയോ ലിസ്റ്റ് ചെയ്തതോ ചെയ്യാത്തതോ ആയ പബ്ലിക് കന്പനിയോ ആയിക്കൊള്ളട്ടെ, പ്രസ്തുത നിയമത്തിന് വ്യത്യാസമൊന്നും വരുന്നില്ല. കൂടാതെ നിങ്ങൾക്ക് മറ്റു വരുമാനം എന്തെങ്കിലും ഉണ്ടെങ്കിൽ അവയിൽനിന്നു ചെലവുകൾ കിഴിവായി എടുക്കുന്നുണ്ടെങ്കിൽ ഈ ഫോം ഉപയോഗിക്കാൻ പാടില്ല. എന്നാൽ, മറ്റു വരുമാനമായി ഫാമിലി പെൻഷൻ തുക കാണിക്കുകയും അവയിൽനിന്നു ലഭ്യമായ സ്റ്റാൻഡാർഡ് ഡിഡക്ഷനോ അല്ലെങ്കിൽ കിഴിവായി ലഭിക്കുന്ന 15,000 രൂപയ്ക്കോ ഈ നിരോധനം ബാധകമല്ല.
ഐടിആർ 4
കഴിഞ്ഞ വർഷം വരെ ബിസിനസിൽനിന്നു വരുമാനമുള്ളവർ അനുമാന നികുതി അടച്ച് റിട്ടേണുകൾ ഫയൽ ചെയ്യുകയായിരുന്നുവെങ്കിൽ ഐടിആർ 4 ഉപയോഗിക്കാമായിരുന്നു. എന്നാൽ, ഈ മാസം ഒന്നു മുതൽ 2018 19 സാന്പത്തികവർഷത്തിലേക്ക് ചില മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. നികുതിക്ക് മുന്‍പുള്ള വരുമാനം 50 ലക്ഷം രൂപയിൽ കൂടുതലാണെങ്കിലും ഇന്ത്യയിൽ റെസിഡന്റ് അല്ലെങ്കിലും ഈ ഫോം ഉപയോഗിച്ചുകൂടാ. കൂടാതെ, ഏതെങ്കിലും കന്പനിയിലെ ഡയറക്ടർ ആണെങ്കിലോ ഏതെങ്കിലും ലിസ്റ്റ് ചെയ്യപ്പെടാത്ത കന്പനിയിൽ നിക്ഷേപങ്ങൾ ഉണ്ടെങ്കിലോ വിദേശത്ത് എന്തെങ്കിലും സ്വത്തുക്കൾ ഉണ്ടെങ്കിലോ ഏതെങ്കിലും വിദേശ അക്കൗണ്ടുകളിൽ ഓപ്പറേറ്റിംഗ് അധികാരം ഉണ്ടെങ്കിലോ വിദേശത്ത് അടച്ച നികുതിയുടെ ക്രെഡിറ്റ് എടുക്കുന്നുണ്ടെങ്കിലോ എന്തെങ്കിലും വിദേശവരുമാനം ഉണ്ടെങ്കിലോ 5000 രൂപയിൽ കൂടുതൽ കൃഷിയിൽനിന്നു വരുമാനമുണ്ടെങ്കിലോ പ്രസ്തുത റിട്ടേണ്‍ ഉപയോഗിക്കുന്നതിൽ വിലക്കുണ്ട്.
ഐടിആർ 2
ഐടിആർ 1 ഉപയോഗിക്കാൻ പാടില്ലാത്ത വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും ബിസിനസിൽനിന്നും പ്രൊഫഷനിൽനിന്നും വരുമാനമൊന്നും ഇല്ലെങ്കിലും ഐടിആർ 2 എന്ന ഫോം ഉപയോഗിച്ച് ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധിക്കും.
ഐടിആർ 3
ഐടിആർ 1, 2, 4 എന്നീ റിട്ടേണ്‍ ഫോമുകൾ ഉപയോഗിക്കുവാൻ പാടില്ലാത്ത എല്ലാ വ്യക്തികൾക്കും ഇതുപയോഗിച്ച് റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധിക്കും.
ഐടിആർ 2ഉം ഐടിആർ 3ഉം ഫയൽ ചെയ്യുന്നവർ അവരുടെ ഇന്ത്യയിലെ താമസത്തിന്റെ വിവരങ്ങൾ റിട്ടേണിൽ നൽകേണ്ടതുണ്ട്.
കഴിഞ്ഞവർഷം വരെ 80 വയസ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് അവർ ആദായനികുതി റിട്ടേണുകൾ ഫോം നന്പർ 1 ലോ 4 ലോ ആണ് സമർപ്പിക്കുന്നതെങ്കിൽ അത് പേപ്പർ ഫോമിൽ നല്‍കാമായിരുന്നു. അതോടൊപ്പം അഞ്ചു ലക്ഷം രൂപയിൽ താഴെ നികുതിക്കു മുന്‍പ് വരുമാനമുള്ളവർക്ക് ഇൻകം ടാക്സ് റീഫണ്ട് ഇല്ലായിരുന്നുവെങ്കിൽ പേപ്പർ ഫോമിൽ റിട്ടേണുകൾ സമർപ്പിക്കാമായിരുന്നു. എന്നാൽ, പ്രസ്തുത ആനുകൂല്യം ഈ വർഷം മുതൽ 80 വയസ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് മാത്രമായിട്ട് ചുരുക്കിയിട്ടുണ്ട്. മറ്റുള്ള എല്ലാ നികുതിദായകർക്കും ഇലക്ട്രോണിക് ഫോമിൽ മാത്രമേ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധിക്കുകയുള്ളൂ.