Services & Questions
തിരുത്തൽ വരുത്തേണ്ടത് അഞ്ചു വർഷത്തിനകം
Monday, May 13, 2019 3:09 PM IST
പ്രൈമറി സ്കൂൾ അധ്യാപികയാണ്. ഇപ്പോൾ മൂന്നു വർഷം സർവീസ് പൂർത്തിയാക്കി. പ്രൊബേഷൻ ഡിക്ലയർ ചെയ്തു. എനിക്ക് വളരെ താമസിച്ചാണ് ജോലി കിട്ടിയത്. ഇപ്പോഴത്തെ രേഖപ്രകാരം എന്റെ ജനനത്തീയതി നിലവിലുള്ള എസ്എസ്എൽസി സർട്ടിഫിക്കറ്റ് പ്രകാരമാണ്. എന്നാൽ ശരിയായ ജനന സർട്ടിഫിക്കറ്റ് പ്രകാരം ഏഴു മാസത്തെ വ്യത്യാസമുണ്ട്. ജനന സർട്ടിഫിക്കറ്റ് പ്രകാരം ജനനത്തീയതി കണക്കാക്കിയാൽ എനിക്ക് ഏഴു മാസത്തെ സർവീസ് കൂടി ലഭിക്കും. എല്ലാ രേഖയിലും ചേർത്തിട്ടുള്ള എസ്എസ്എൽസി സർട്ടിഫിക്കറ്റ് പ്രകാരമുള്ള ജനനത്തീ യതി തിരുത്തുവാൻ സാധിക്കുമോ? ഇതിനു പ്രത്യേകമായി എന്തെങ്കിലും ഉത്തരവ് സന്പാദിക്കണമോ?
സജിതാ ദേവി, കൂത്താട്ടുകുളം
ഒരാൾ സർക്കാർ സർവീസിൽ പ്രവേശിച്ച് അഞ്ചു വർഷത്തിനകം ജനനത്തീയതിയിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കിൽ തിരുത്തൽ വരുത്താം. ജനനസർട്ടിഫിക്കറ്റ് പ്രകാരം എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്താൻ സാധിക്കും. എസ് എസ്എൽസി ജയിച്ച് /സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി 15 വർഷത്തിനുള്ളിലാണെങ്കിൽ സർക്കാരിന്റെ പ്രത്യേക ഉത്തരവ് ഇല്ലാതെതന്നെ എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ ജനന സർട്ടിഫിക്കറ്റിലെ ജനനത്തീയതി പ്രകാരം തിരുത്തൽ വരുത്താവുന്നതാണ്. അതിനുവേണ്ടി നിർദിഷ്ട അപേക്ഷയോടൊപ്പം 500രൂപ ഫീസ് സഹിതം അവസാനം പഠിച്ച സ്കൂൾ മേധാവി/ എസ്എസ്എൽസിക്ക് പഠിച്ചിരുന്ന സ്കൂൾ മുഖേന പരീക്ഷാ ഭവനിലേക്ക് അപേക്ഷ സമർപ്പിക്കണം. എസ് എസ്എൽസി സർട്ടിഫിക്കറ്റ് തിരുത്തി ലഭിക്കുന്ന മുറയ്ക്ക് ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഓഫീസ് മേധാവിക്ക് ഇത് സമർപ്പിക്കുക. സർവീസ് രേഖയിൽ ഇതിൻ പ്രകാരം ആവശ്യമായ തിരുത്തലുകൾ വരുത്താവുന്നതാണ്.