ബജറ്റ് 2019-20: കന്പനികൾക്കു നേട്ടം
Tuesday, July 9, 2019 2:25 PM IST
പുതിയ ബജറ്റ് പ്രകാരം 2017 18 സാന്പത്തിക വർഷത്തിൽ കന്പനികൾക്ക് വിറ്റുവരവ് 400 കോടി രൂപയിൽ താഴെയാണെങ്കിൽ 2019 20 വർഷത്തിലെ വരുമാനത്തിന് 25 ശതമാനം മാത്രം നികുതി നല്കിയാൽ മതി. 400 കോടി രൂപയിൽ കൂടിയാൽ 30 ശതമാനമാണ് നികുതി. കഴിഞ്ഞ സാന്പത്തികവർഷത്തിലെ നിയമം അനുസരിച്ച് 201617 വർഷത്തിൽ വാർഷിക വിറ്റുവരവ് 250 കോടി രൂപയിൽ താഴെ ആയിരുന്നെങ്കിൽ 201819 വർഷത്തിൽ കന്പനികൾ 25 ശതമാനം നികുതി നല്കിയാൽ മതിയായിരുന്നു.
വ്യക്തിഗത ആദായനികുതി നിരക്കിൽ യാതൊരു മാറ്റവും ഈ ബജറ്റിൽ വരുത്തിയിട്ടില്ല. ഫെബ്രുവരിയിൽ അവതരിപ്പിച്ച ഇടക്കാല ബജറ്റ് പ്രകാരം അഞ്ചു ലക്ഷം രൂപവരെ നികുതിക്കുമുന്പ് വരുമാനമുള്ളവർക്ക്12,500 രൂപയുടെ റിബേറ്റ് ലഭിക്കുമായിരുന്നു. ഇത് ആദായ നികുതിനിയമം 87 എ വകുപ്പനുസരിച്ചായിരുന്നു. ഇതനുസരിച്ച് അഞ്ചു ലക്ഷത്തിൽ കൂടുതലാണ് നികുതിക്കു മുന്പുള്ള വരുമാനമെങ്കിൽ അടിസ്ഥാന കിഴിവായ രണ്ടര ലക്ഷം രൂപയ്ക്കു മുകളിൽ വരുന്ന തുകയ്ക്ക് നിർദേശിച്ചിരിക്കുന്ന നിരക്കുകളിൽ നികുതി അടയ്ക്കണം. 80 വയസിൽ താഴെയുള്ള മുതിർന്ന പൗരന്മാർ ആണെങ്കിൽ അടിസ്ഥാന കിഴിവ് മൂന്നു ലക്ഷം രൂപയും 80 വയസിന് മുകളിലുള്ളവർക്ക് അടിസ്ഥാന കിഴിവ് അഞ്ചു ലക്ഷം രൂപയുമാണ്.
ആനുകൂല്യങ്ങൾ
* ഇലക്ട്രിക് വാഹനം വാങ്ങുന്നതിന് എടുക്കുന്ന വായ്പയുടെ പലിശയ്ക്ക് ഒന്നര ലക്ഷം രൂപയുടെ ആനുകൂല്യം. ഇത് ആദായനികുതിനിയമം 80 ഇഇബി വകുപ്പനുസരിച്ചാണ്. പ്രസ്തുത വായ്പ 2019 ഏപ്രിൽ ഒന്നിന് ശേഷവും 2023 മാർച്ച് 31നു മുന്പും എടുത്തിരിക്കണം. ബിസിനസിന് ഉപയോഗിക്കുന്ന വാഹനങ്ങൾക്കും പ്രസ്തുത കിഴിവ് ലഭിക്കും.
* 45 ലക്ഷം രൂപയിൽ താഴെ വിലയുള്ള വീട് വാങ്ങുന്നതിനോ നിർമിക്കുന്നതിനോ 2020 മാർച്ച് 31നു മുന്പായി ബാങ്ക് വായ്പ എടുക്കുകയാണെങ്കിൽ ഒന്നര ലക്ഷം രൂപയുടെ പലിശയിളവ് അധികം ലഭിക്കും. നിലവിലുള്ള പലിശയിളവായ രണ്ടു ലക്ഷം രൂപ കൂടാതെയാണിത്. ഇത് നികുതി നിയമത്തിലെ 80 ഇഇഎ വകുപ്പനുസരിച്ചാണ്.
* വസ്തുവില്പനയിലൂടെ ലഭിക്കുന്ന മൂലധനനേട്ടം സ്റ്റാർട്ടപ് സംരംഭങ്ങളിൽ മുടക്കുന്പോൾ ലഭിക്കുന്ന നികുതിയിളവ് 31/03/2021 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.
* ആദായനികുതി റിട്ടേണുകൾ ഇനിമുതൽ ആധാർ കാർഡ് ഉപയോഗിച്ചും ഫയൽ ചെയ്യാം.
* ഇൻഷ്വറൻസ് തുക കാലാവധി പൂർത്തിയാകുന്പോൾ ലഭിക്കുന്ന തുകയിൽ വരുമാനത്തിനു മാത്രം ഇനി അഞ്ചു ശതമാനം നികുതി. മുന്പ് ഇത് മൊത്തം തുകയ്ക്ക് ഒരു ശതമാനം എന്ന നിരക്കിൽ ചാർജ് ചെയ്തിരുന്നു.
* നികുതിദായകന് എൻപിഎസ് തുകയുടെ 60 ശതമാനം വരെ നികുതി രഹിതമായി പിൻവലിക്കാം. നേരത്തെ ഈ പരിധി 40 ശതമാനമായിരുന്നു.
* ഫ്ലാറ്റുകൾ വിൽക്കുന്പോൾ ക്ലബ്ഫീ ആയും കാർ പാർക്കിംഗ് ഫീ ആയും കറന്റിനും വെള്ളത്തിനും ആയും ഒക്കെ വാങ്ങുന്ന പണം ഉൾപ്പെടുത്തിവേണം 194ഐഎ അനുസരിച്ച് 50 ലക്ഷത്തിനു മുകളിലുള്ള വില്പനയ്ക്ക് ഒരു ശതമാനം നിരക്കിൽ സ്രോതസിൽ നികുതി പിടിക്കേണ്ടത്. അടിസ്ഥാനകിഴിവായ 50 ലക്ഷം കണക്കാക്കുന്പോൾ പ്രസ്തുത തുകകൾ കൂടി ഉൾപ്പെടുത്തണം.
* 80 സിസിഡി വകുപ്പനുസരിച്ച് കേന്ദ്രഗവണ്മെന്റിന് കീഴിൽ ജോലിചെയ്യുന്നവർക്ക് ഗവണ്മെന്റിൽനിന്നും ലഭിക്കുന്ന കോണ്ട്രിബ്യൂഷന് ലഭിക്കുന്ന കിഴിവ് പത്തുശതമാനത്തിൽനിന്ന് 14 ശതമാനമായി ഉയർത്തി.
വരുമാനമില്ലെങ്കിലും റിട്ടേണ് ഫയൽചെയ്യണം
ഫേമും കന്പനികളും ഒഴികെയുള്ള നികുതിദായകർ ഒന്നോ അതിൽ കൂടുതലോ കറന്റ് അക്കൗണ്ടുകളിലായി ഒരു കോടി രൂപയിൽ കൂടുതൽ വരുന്ന തുക ബാങ്കിൽ നിക്ഷേപിച്ചാൽ അല്ലെങ്കിൽ വിദേശയാത്രനടത്തി രണ്ടു ലക്ഷം രൂപയിൽ കൂടുതൽ ചെലവാക്കിയാൽ അല്ലെങ്കിൽ പ്രതിവർഷം ഒരു ലക്ഷം രൂപയിൽ കൂടുതൽ ഇലക്ട്രിസിറ്റി ചാർജ് ഇനത്തിൽ നല്കുന്നവർ. മുകളിൽ സൂചിപ്പിച്ച മൂന്നു കൂട്ടരും വരുമാനം നികുതിപരിധിയിൽ താഴെയാണെങ്കിലും ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കണം. ഇത് 2019 സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും.
ബാങ്കിൽനിന്നോ കോഓപ്പറേറ്റീവ് ബാങ്കിൽനിന്നോ, പോസ്റ്റ് ഓഫീസിൽനിന്നോ, രണ്ടു കോടി രൂപയിൽ കൂടുതൽ കാഷ് ആയി ഒരു വർഷത്തിൽ പിൻവലിച്ചിട്ടുണ്ടെങ്കിൽ രണ്ടു ശതമാനം നിരക്കിൽ സ്രോതസിൽനിന്നു നികുതി പിടിക്കും.
മറ്റുള്ളവ
* ഫിക്സഡ് അസറ്റ്സ് വാങ്ങുന്പോൾ 10,000 രൂപയിൽ കൂടുതൽ കാഷ് ആയി നല്കിയാൽ ആ തുകയ്ക്ക് തേയ്മാനച്ചെലവ് അനുവദിക്കില്ല.
* സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കുന്ന പണം ആദായനികുതിയുടെ സ്ക്രൂട്ടിനി പരിധിയിൽ ഉൾപ്പെടുത്തില്ല. ഇന്ത്യൻ പാസ്പോർട്ടുള്ള പ്രവാസികൾക്ക് ഇന്ത്യയിൽ വരുന്പോൾ ആധാർകാർഡ് എടുക്കാം. നോണ് റെസിഡന്റ് സ്റ്റാറ്റസിൽത്തന്നെ ആധാർ കാർഡ് ലഭിക്കും.
* വനിതാ സ്വയം സഹായ ഗ്രൂപ്പുകളിലെ അംഗങ്ങൾക്ക് 5,000 രൂപയുടെ ഓവർഡ്രാഫ്റ്റ് ബാങ്കിൽനിന്നും ലഭിക്കും പ്രസ്തുത ഗ്രൂപ്പിലെ ഏതെങ്കിലും ഒരംഗത്തിന് ഒരു ലക്ഷം രൂപ വരെ ബാങ്കിൽനിന്നു കടമെടുക്കാൻ സാധിക്കും.
* ജിഎസ്ടി രജിസ്ട്രേഷനുള്ള ചെറുകിട മീഡിയം വ്യവസായങ്ങൾക്ക് ഒരു കോടി രൂപയിൽ താഴെയുള്ള ലോണുകളുടെ പലിശയ്ക്ക് രണ്ടു ലക്ഷം സബ്വെൻഷൻ ലഭിക്കുന്നതാണ്.
* പെട്രോളിനും ഡീസലിനുമുള്ള വിലവർധന വിലക്കയറ്റത്തിനു കാരണമായേക്കാം. സ്വർണത്തിനും വെള്ളിക്കും മറ്റും വർധിപ്പിച്ച ഇറക്കുമതിച്ചുങ്കം കള്ളക്കടത്ത് വർധിക്കുന്നതിനും കാരണമായേക്കാം.