Services & Questions
അഞ്ചു വർഷം സർവീസ് കഴിഞ്ഞാൽ സാധിക്കില്ല
Monday, August 12, 2019 3:33 PM IST
2019 ജനുവരിയിൽ ക്ലർക്കായി സർവീസിൽ പ്രവേശിച്ചു. എന്റെ ജനനത്തീയതി എസ്എസ്എൽസി സർട്ടിഫിക്കറ്റിലും ഡിഗ്രി സർട്ടിഫിക്കറ്റിലും തെറ്റായ രീതിയിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്റെ ജനനസർട്ടിഫിക്കറ്റിനേക്കാൾ ആറു മാസത്തെ വ്യത്യാസമാണ് മറ്റു രേഖകളിൽ ഉള്ളത്. ഇത് തിരുത്തിക്കിട്ടുവാൻ എന്താണ് ചെയ്യേണ്ടത്? അതുപോലെ സർവീസ് രേഖകളിലും ഇത് മാറ്റിക്കിട്ടുമോ?
ഗീത, കണ്ണൂർ
മുൻകാലങ്ങളിൽ ഒന്നാം ക്ലാസിൽ ചേർക്കുന്പോൾ ജനന സർട്ടിഫിക്കറ്റ് നിർബന്ധമില്ലായിരുന്നു. അതിനാൽ സ്കൂളിൽ ചേർക്കുന്പോൾ അഞ്ചു വയസ് അല്ലെങ്കിൽ ആറു വയസ് പൂർത്തിയാകുന്ന രീതിയിൽ ജനനത്തീയതി തെറ്റായി രേഖപ്പെടുത്തിയിരുന്നു. ഇത് എപ്പോൾ വേണമെങ്കിലും തിരുത്താം. എസ്എസ്എൽസി വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുശേഷം 15 വർഷത്തിനുള്ളിലാണെങ്കിൽ പരീക്ഷ കമ്മീഷണറുടെ ഓഫീസിൽ അപേക്ഷ സമർപ്പിച്ച് ജനനത്തീയതി, ജനന സർട്ടിഫിക്കറ്റിലേതുപോലെ തിരുത്താവുന്നതാണ്. അതിനുശേഷം തിരുത്തിയ സർട്ടിഫിക്കറ്റ് പ്രകാരം സർവീസ് ബുക്കിൽ തിരുത്തൽ വരുത്താം. സർവീസിൽ പ്രവേശിച്ച് അഞ്ചു വർഷത്തിനുള്ളിൽ ഇങ്ങനെയുള്ള തിരുത്തലുകൾ ഉണ്ടെങ്കിൽ അത് തിരുത്തേണ്ടതാണ്. അഞ്ചുവർഷത്തിനുശേഷം ലഭിക്കുന്ന തിരുത്തൽ അപേക്ഷകൾ പരിഗണിക്കുന്നതല്ല.