മത/ധർമ സ്ഥാപനങ്ങൾ ജിഎസ്ടിയുടെ പരിധിയിൽ വരുമോ?
Monday, December 23, 2019 3:01 PM IST
ചരക്കുസേവനനികുതി പ്രാബല്യത്തിലാകുന്നതിനുമുന്പ് സേവനനികുതിയാണു നിലനിന്നിരുന്നത്. സേവനനികുതിയിൽ മത/ധർമ സ്ഥാപനങ്ങൾക്കു നിലനിന്നിരുന്ന ഒഴിവുകൾ തന്നെയാണ് ചരക്കുസേവന നികുതിയിലും പ്രസ്തുത സ്ഥാപനങ്ങൾക്കു നൽകുന്നത്. മത/ധർമ സ്ഥാപനങ്ങൾ നടത്തുന്ന എല്ലാ ഇടപാടുകൾക്കും ജിഎസ്ടിയിൽനിന്നും പൂർണമായ ഒഴിവുകൾ നൽകുന്നില്ല. 2017ൽ ഇറക്കിയ വിജ്ഞാപനം 12/2017 പ്രകാരം ആണ് മത/ധർമ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഒഴിവ് നൽകുന്നത്.
ആദായനികുതി നിയമം 12 എഎ വകുപ്പനുസരിച്ച് ആദായനികുതി കമ്മീഷണർ മുന്പാകെ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾക്കാണ് ജിഎസ്ടിയിലും ഒഴിവു നൽകുന്നത്. പ്രസ്തുത നിയമത്തിൽ പറഞ്ഞിരിക്കുന്ന ചാരിറ്റബിൾ ആയിട്ടുള്ള സേവനങ്ങൾ ചുവടെ ചേർക്കുന്നു.
=പൊതുജനാരോഗ്യം : 1) മാനസികമോ ശാരീരികമോ ആയ അവശത അനുഭവിക്കുന്നവരെ സംരക്ഷിക്കുകയോ അവർക്കു വേണ്ട കരുതൽ നടപടികൾ നല്കുകയോ ചെയ്യുന്ന സേവനങ്ങൾ, 2) എച്ച്ഐവി എയ്ഡ്സ് പോലുള്ള രോഗങ്ങൾ പിടിപെട്ട് അവശത അനുഭവിക്കുന്നവർക്കു നല്കുന്ന സേവനങ്ങൾ 3) മയക്കുമരുന്നിനോ മദ്യത്തിനോ അടിമ ആയിട്ടുള്ളവരെ മുഖ്യധാരയിലേക്കു തിരിച്ചുകൊണ്ടുവരുന്നതിനുള്ള സേവനങ്ങൾ 4) കുടുംബാസൂത്രണം, എച്ച്ഐവി മുതലായവയെപ്പറ്റിയുള്ള ബോധവത്ക്കരണ ക്ലാസുകൾ ) =മതപരമായ കാര്യങ്ങൾ, ആത്മീയത, യോഗ മുതലായവ =1) സമൂഹത്തിൽ അനാഥരായവരെയും ഉപേക്ഷിക്കപ്പെട്ടവരെയും മുഖ്യധാരാജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ 2) മാനസികമായും ശാരീരികമായും കഷ്ടത അനുഭവിക്കുന്നവർ 3) ജയിൽപ്പുള്ളികൾ, ഗ്രാമീണമേഖലയിലെ വയോജനങ്ങൾ മുതലായവർക്കുള്ള ബോധവത്കരണങ്ങൾ =പരിസ്ഥിതി സംരക്ഷണം തുടങ്ങിയ സേവനങ്ങൾ ആണ് ആദായനികുതി നിയമം അനുസരിച്ച് ചാരിറ്റബിൾ സേവനങ്ങൾ ആയി കണക്കാക്കുന്നത്.
ചരക്കുസേവനനികുതിയിൽനിന്നുപൂർണമായ ഒഴിവു ലഭിക്കുന്നതിന് പ്രസ്തുത സ്ഥാപനങ്ങൾ ആദായനികുതിനിയമത്തിലെ 12 എഎ വകുപ്പനുസരിച്ച് രജിസ്റ്റർ ചെയ്തിരിക്കുകയും വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന സേവനങ്ങൾ മാത്രം നൽകുകയും ചെയ്യണം.
എന്നാൽ പല ചാരിറ്റബിൾ സ്ഥാപനങ്ങളും ചരക്കുസേവനനികുതിയുടെ പരിധിയിൽ വരുന്ന സേവനങ്ങൾ നൽകുന്നുണ്ട്. ഉദാഹരണം പറഞ്ഞാൽ ഉത്സവദിവസങ്ങളിൽ മൈക്കുപയോഗിച്ച് അനൗണ്സ്മെന്റുകൾ, താത്കാലികമായി വ്യാപാരം നടത്തുന്നതിന് സ്റ്റാളുകൾ തുടങ്ങാൻ അനുവദിക്കുക, മാജിക് ഷോകളും മറ്റും നടത്തുന്നതിന് അനുവദിക്കുക മുതലായവ ഒക്കെ പ്രതിഫലം വാങ്ങി നൽകുന്ന സേവനങ്ങളാണ്. അവയൊക്കെ നികുതിയുടെ പരിധിയിൽ വരുന്നതും ആണ്.
വിജ്ഞാപനം 12/2017 തീയതി 28/06/2017 അനുസരിച്ച് മതപരമായ ചടങ്ങുകൾക്കു ലഭിക്കുന്ന തുകകൾക്ക് പൂർണമായും നികുതി ഇളവുണ്ട്. അതുപോലെതന്നെ മതസ്ഥാപനങ്ങളുടെ സമീപത്ത് അവയുമായി ചേർന്നു കിടക്കുന്ന പ്രോപ്പർട്ടികളിൽനിന്നു ലഭിക്കുന്ന വാടക ചില നിബന്ധനകൾക്ക് വിധേയമായി നികുതി ഒഴിവുണ്ട്. നിബന്ധനകൾ ഇവയാണ്. 1) തീർഥാടകർക്കും മറ്റും താമസത്തിനായി വാടകയ്ക്കുകൊടുക്കുന്ന കെട്ടിടങ്ങളുടെ പ്രതിദിന മുറി വാടക 1000 രൂപയിൽ താഴെ ആയിരിക്കണം. 2) കമ്യൂണിറ്റി ഹാൾ, കല്യാണമണ്ഡപം മുതലായവ വാടകയ്ക്ക് നൽകുന്നുണ്ടെങ്കിൽ അവയ്ക്ക് പ്രതിദിനം 10000 രൂപയിൽ താഴെ ആയിരിക്കണം വാടക. 3) കടമുറികൾ വാടകയ്ക്ക് നൽകിയിട്ടുണ്ടെങ്കിൽ പ്രതിമാസം 10,000 രൂപയിൽ താഴെ ആയിരിക്കണം വാടക. നിബന്ധനകൾ പാലിച്ചാൽ മതസ്ഥാപനങ്ങളുടെ മുകളിൽ സൂചിപ്പിച്ച വാടകകൾക്കു ചരക്കുസേവനനികുതിയിൽനിന്നും ഒഴിവ് ലഭിക്കുന്നതാണ്. ഈ കിഴിവ് എല്ലാ മതത്തിൽപ്പെട്ടവർക്കും ബാധകമാണ്.
ധർമസ്ഥാപനങ്ങൾ യോഗ/ മെഡിറ്റേഷൻ ക്യാന്പുകൾ നടത്തുന്നതിന് നികുതിയുണ്ടോ?
ധർമസ്ഥാപനങ്ങൾ യോഗ, മെഡിറ്റേഷൻ ക്യാന്പുകൾ നടത്തുകയും അവക്ക് എൻട്രി ഫീസായി എന്തെങ്കിലും തുക ഈടാക്കുകയും ചെയ്താലും അവയ്ക്ക് നികുതി ഒഴിവ് ലഭിക്കും. അതുപോലെതന്നെ താമസത്തിനും ഭക്ഷണത്തിനും പണം വാങ്ങി നടത്തുന്ന റസിഡൻഷ്യൽ ക്യാന്പുകളും നികുതി വിമുക്തമാണ്. എന്നാൽ പ്രസ്തുത സ്ഥാപനങ്ങൾ താമസവും ഭക്ഷണവും മാത്രം നൽകുകയും ക്യാന്പ് വേറെ സംഘടനകളോ ആളുകളോ നടത്തുകയും ചെയ്താൽ ജിഎസ്ടി ബാധകമാകും.
ഹജ്ജ് കമ്മിറ്റികളും മറ്റും സംഘടിപ്പിക്കുന്ന ഹജ്ജ് തീർഥാടനം വിജ്ഞാപനം അനുസരിച്ച് നികുതി ഒഴിവുള്ളതാണ്.
മത/ധർമ സ്ഥാപനങ്ങൾ ചരക്കുസേവന നികുതിയുടെ രജിസ്ട്രേഷൻ എടുക്കണമോ?
ചാരിറ്റബിൾ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾ പൂർണമായും നികുതി ഒഴിവുള്ളതാണെങ്കിൽ പ്രസ്തുത സ്ഥാപനങ്ങൾ രജിസ്ട്രേഷൻ എടുക്കേണ്ടതില്ല. ഇവിടെ ടേണോവർ പരിധി ബാധകമല്ല. എന്നാൽ ഭാഗികമായി ഒഴിവുള്ള സേവനങ്ങളും ഭാഗികമായി നികുതിക്കു വിധേയമായ സേവനങ്ങളും പ്രസ്തുത ചാരിറ്റബിൾ സ്ഥാപനം ചെയ്യുന്നുണ്ടെങ്കിൽ 20 ലക്ഷം രൂപ എന്ന പരിധിക്കുവിധേയമായി രജിസ്ട്രേഷൻ എടുക്കേണ്ടതാണ്. ഉദാഹരണത്തിന് ഒരു മതസ്ഥാപനത്തിന് 19 ലക്ഷം രൂപയുടെ ഒഴിവുള്ള സേവനങ്ങളും രണ്ടു ലക്ഷം രൂപ നികുതി ബാധകമാകുന്ന സേവനങ്ങളും ആണ് ഉള്ളതെങ്കിൽ രജിസ്ട്രേഷൻ എടുക്കണം.
ഇനി 15 ലക്ഷം രൂപയാണ് ഒഴിവുള്ള സേവനമൂല്യം എന്നും രണ്ടു ലക്ഷം രൂപ നികുതി ബാധകമാകുന്ന സേവനമൂല്യം എന്നും കരുതുക. അങ്ങനെ വരുന്ന സാഹചര്യത്തിൽ 20 ലക്ഷം രൂപയിൽ താഴെയാണ് ആകെ സേവന മൂല്യം വരുന്നത്.
അതുകൊണ്ട് രജിസ്ട്രേഷൻ ബാധകമല്ല. എന്നാൽ റിവേഴ്സ് ചാർജ് മെക്കാനിസം മൂലം രജിസ്ട്രേഷൻ എടുക്കേണ്ടി വരികയാണെങ്കിൽ മുകളിൽ പറഞ്ഞതൊന്നും ബാധകമാവില്ല.