ശന്പള കുടിശികയ്ക്ക് ആദായനികുതിയിൽ റിബേറ്റ്
Monday, December 30, 2019 3:27 PM IST
താഴെപ്പറയുന്ന വരുമാനങ്ങൾ ആദായനികുതി നിയമത്തിൽ ശന്പളം ആയാണ് കണക്കാക്കുന്നത്.
1) തന്നാണ്ടിൽ പുതിയതോ പഴയതോ ആയ തൊഴിലുടമയിൽ നിന്നും ശന്പളമായി ലഭിച്ചതോ ലഭിക്കേണ്ടതോ ആയ തുക.
2) തന്നാണ്ടിൽ പുതിയതോ പഴയതോ ആയ തൊഴിലുടമയുടെ പക്കൽ നിന്നും ശന്പളം ലഭിക്കേണ്ടിയിരുന്നതിന് മുന്പ് ലഭിച്ച പണം.
3) തന്നാണ്ടിൽ പുതിയതോ പഴയതോ ആയ തൊഴിലുടമയുടെ പക്കൽ നിന്നും ശന്പള കുടിശിക ഇനത്തിൽ ലഭിച്ച തുക, പക്ഷേ മേൽ ലഭിച്ച ശന്പള കുടിശിക ഏതെങ്കിലും വർഷത്തിൽ നികുതിക്ക് വിധേയമായതാണെങ്കിൽ തന്നാണ്ടിലെ ആദായത്തിൽ ഈ പണം ശന്പളമായി ഉൾപ്പെടുത്തി നികുതി കൊടുക്കേണ്ടതില്ല. അതുപോലെ തന്നെ ശന്പളം മുൻകൂർ ലഭിക്കുകയും അത് തന്നാണ്ടിൽ നികുതിക്ക് വിധേയമാക്കുകയും ചെയ്താൽ അടുത്ത വർഷത്തിൽ അതിനു നികുതിയിൽ നിന്നും ഒഴിവുള്ളതാണ്.
സർക്കാർ സർവീസുകൾ ബാങ്കുകൾ, കോളജുകൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് മുൻകാല പ്രാബല്യത്തോടെ ശന്പള വർധനവ് ഉണ്ടാവുന്നത് പതിവാണ്. ചില കേസുകളിൽ കോടതിയുടെ ഉത്തരവ് പ്രകാരം ശന്പളം മുൻകാല പ്രാബല്യത്തോടെ വർധിപ്പിച്ച് നല്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാവാറുണ്ട്. ചില അവസരങ്ങളിൽ 15 ഓ 20 ഓ വർഷമോ അതിൽ കൂടുതലോ ഉള്ള വർഷങ്ങളിലെ ശന്പള കുടിശിക തന്നാണ്ടിൽ ഒരുമിച്ച് ലഭിക്കാറുണ്ട്. ഈ സാഹചര്യത്തിൽ നിയമപ്രകാരം അനുവദിച്ചിരിക്കുന്ന റിബേറ്റ് എടുത്തില്ലെങ്കിൽ ശന്പളം ലഭിക്കുന്ന വ്യക്തിക്ക് വലിയ നികുതി ബാധ്യത ഉണ്ടാവുന്നതായി കാണാം.
ആദായനികുതി നിയമം അനുസരിച്ച് കുടിശിക ഏതു വർഷമാണോ ലഭിക്കുന്നത്, ആ വർഷത്തെ വരുമാനം ആയാണ് കണക്കാക്കുന്നത്. അങ്ങനെ വരുന്ന പക്ഷം തന്നാണ്ടിൽ ഉയർന്ന നിരക്കിൽ നികുതി നല്കേണ്ടി വരും. എന്നാൽ യഥാർഥത്തിൽ അദ്ദേഹത്തിന് ലഭിക്കേണ്ടിയിരുന്ന വർഷങ്ങളിൽ തന്നെ ശന്പളം ലഭിച്ചിരുന്നു എങ്കിൽ താഴ്ന്ന നിരക്കിലുള്ള നികുതി ആയിരിക്കാം ബാധകമാകുന്നത്. അതുകൊണ്ട് ടി വ്യക്തിക്ക് ലഭിച്ച കുടിശിഖ തുക, യഥാർഥത്തിൽ ലഭിക്കേണ്ടിയിരുന്ന വർഷങ്ങളിലെ വരുമാനത്തിന്റെ കൂടെ കൂട്ടി, അനുവദിക്കപ്പെട്ടിരിക്കുന്ന കിഴിവുകൾ എടുത്ത് ബാക്കി നികുതി തുക നിശ്ചയിക്കുന്നു. 15 വർഷത്തെ കുടിശിക ആണ് ലഭിച്ചിരിക്കുന്നത് എങ്കിൽ 15 വർഷത്തെ യഥാർഥ വരുമാനത്തിന്റെ കണക്ക് എടുത്ത് അതാത് വർഷത്തെ കിഴിവുകളും എടുത്ത് മേൽ വർഷത്തിലെ നികുതി നിരക്കിൽ തന്നെ നികുതി നിശ്ചയിക്കുന്നു. അതിനുശേഷം കുടിശിക വന്നതുകൊണ്ടുണ്ടായ നികുതി വർധനവ് മാത്രം എടുത്ത്, എത്ര വർഷത്തെ കുടിശിക ആണോ ഉണ്ടായത് അത്രയും വർഷത്തെ കുടിശിക മൂലം ഉണ്ടായ നികുതി വർധനവ് എല്ലാം കൂട്ടി എടുത്ത് നിശ്ചയിക്കുന്നു. അതിനുശേഷം കുടിശിക മൂലം തന്നാണ്ടിലുണ്ടായ നികുതി വർധനവ് കണ്ടിട്ട് ടി തുകയിൽ നിന്നും മുകളിൽ കൂട്ടി എടുത്ത തുക കുറച്ചാൽ ലഭിക്കുന്ന തുക തന്നാണ്ടിലേക്ക് നിശ്ചയിക്കപ്പെട്ട നികുതിയിൽ നിന്നും റിബേറ്റായി ലഭിക്കുന്നതാണ്.
മുകളിൽ പ്രസ്താവിച്ച റിബേറ്റ് എടുക്കുന്പോൾ പ്രായോഗികമായി ഉണ്ടാവുന്ന ചില ബുദ്ധിമുട്ടുകൾ സൂചിപ്പിക്കുന്നു.
1) പഴയ വർഷങ്ങളിലെ കണക്കുകൾ വ്യക്തമായും സൂക്ഷിച്ചിരിക്കണം. ആദായ നികുതി ഇല്ല എന്ന കാരണം കൊണ്ട് റിക്കാർഡുകൾ സൂക്ഷിക്കാതിരിക്കരുത്.
2) ഓരോ വർഷവും നികുതി നിരക്കുകളിലുണ്ടാവുന്ന മാറ്റങ്ങളും വിവിധങ്ങളായ കിഴിവുകളിൽ വന്നിരുന്ന മാറ്റങ്ങളും കണക്കിലെടുക്കണം. ഉദാഹരണം പറഞ്ഞാൽ 2004 05 സാന്പത്തിക വർഷം വരെ ശന്പളക്കാർക്ക് സ്റ്റാൻഡേർഡ് ഡിഡക്ഷൻ എന്ന പേരിൽ ഒരു കിഴിവ് ലഭിച്ചിരുന്നു. 2005 06 വർഷം മുതൽ അതു നിർത്തലാക്കി. 2004 05 ൽ അത് പരമാവധി 30000 രൂപ ആയിരുന്നു അനുവദിച്ചിരുന്നത്. ആ വർഷം തന്നെ മേൽകിഴിവ് അഞ്ചു ലക്ഷത്തിൽ കൂടുതൽ ശന്പളം ലഭിച്ചിരുന്നവർക്ക് 20,000/ രൂപ മാത്രമായിരുന്നു.
സ്റ്റാൻഡാർഡ് ഡിഡക്ഷന് ഇതിനുമുന്പുള്ള മിക്ക വർഷങ്ങളിലും വിവിധങ്ങളായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.
അതുപോലെ തന്നെ 80 സിയിലുള്ള കിഴിവുകൾക്ക് പകരം 2004 05 വർഷം വരെ വകുപ്പ് 88 അനുസരിച്ച് നിക്ഷേപിച്ച തുകയുടെ 20% / 15% തുക നികുതി തുകയിൽ നിന്നും റിബേറ്റ് ആയി കുറക്കുക എന്നൊരു വ്യവസ്ഥ ആയിരുന്നു നിലവിലുണ്ടായിരുന്നത്. റിബേറ്റ് നിലവിൽ വരുന്നതിനു മുന്പ് 80 സിയിലുള്ള കിഴിവുകൾ നില നിന്നിരുന്നു. ഇതു നിർത്തലാക്കിയത് 1990 91 സാന്പത്തിക വർഷം മുതലാണ്.
ഗവണ്മെന്റിൽ നിന്നും മറ്റും ലഭിക്കുന്ന എക്സ്ഗ്രേഷ്യ തുകകൾക്ക് നികുതിയില്ല
ഗവണ്മെന്റിൽ നിന്നോ, ലോക്കൽ അഥോറിറ്റിയുടെ പക്കൽ നിന്നോ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നോ ഏതെങ്കിലും ജോലിക്കാരനോ അയാളുടെ ആശ്രിതനോ, ജോലിക്കാരന്റെ അപകടം മൂലമോ മരണം മൂലമോ ലഭിക്കുന്ന തുകകൾ നികുതിയിൽ നിന്നു വിമുക്തമാണ്.
പെൻഷൻ തുകയ്ക്കും സ്രോതസിൽ നികുതി
ശന്പളത്തിന്റെ നിർവചനത്തിൽ പെൻഷൻ തുകയും ഉൾപ്പെട്ടിട്ടുണ്ട്. അതിനാൽ പെൻഷൻ തുകക്കും സ്രോതസിൽ നിന്നും നികുതി പിടിക്കേണ്ടതുണ്ട്. എന്നാൽ പെൻഷൻ കമ്യൂട്ട് ചെയ്യുകയാണെങ്കിൽ ആദായ നികുതി നിയമം വകുപ്പ് 10 (10 എ) പ്രകാരം നികുതിയിൽ നിന്നും ഒഴിവുള്ളതിനാൽ സ്രോതസിൽ നികുതി ആവശ്യമില്ല.
പാർട്ണർക്ക് ഫേമിൽ നിന്നു ലഭിക്കുന്ന ശന്പളം
പാർട്ണർക്ക് പാർട്ണർഷിപ് ഫേമിൽ നിന്നും ലഭിക്കുന്ന ശന്പളത്തിന് സ്ത്രോതസ്സിൽ നികുതി ആവശ്യമില്ല. ആദായനികുതി നിയമം അനുസരിച്ച് ഇതിനെ ശന്പളം ആയി കണക്കാക്കില്ല. മറിച്ച് ബിസിനസിൽ നിന്നോ പ്രഫഷണിൽ നിന്നോ ഉള്ള വരുമാനം ആയിട്ടാണ് കണക്കാക്കുന്നത്. ഇതിന് മുൻകൂർ നികുതി നിയമങ്ങൾ ആണ് ബാധകം.