ന്യൂസ്റൂം വാർ
ഡോ. ബിൻസ് എം. മാത്യു
Tuesday, May 13, 2025 5:25 PM IST
1897ലെ സ്പാനിഷ്-അമേരിക്കൻ യുദ്ധചിത്രങ്ങൾ വരയ്ക്കാൻ ഫെഡറിക് റെമിങ്ടൻ എന്ന ചിത്രകാരനെ ന്യൂയോർക്ക് ജേർണലിന്റെ എഡിറ്റർ വില്യം റാഡോൾഫ് ഹെറസ്റ്റ് ക്യൂബയിലേക്ക് അയച്ചു. ഫോട്ടോ ജേണലിസമൊന്നും അന്ന് അത്ര വളർന്നിട്ടില്ലായിരുന്നു. റെമിങ്ടൻ ചെന്നപ്പോൾ യുദ്ധത്തിന്റെ യാതൊരു ലക്ഷണവും ക്യൂബയിലില്ല. കുറേ ദിവസം ക്യൂബയിൽ ചെലവഴിച്ച ചിത്രകാരൻ യുദ്ധമില്ലാത്തതുകൊണ്ട് അമേരിക്കയിലേക്കു തിരിച്ചുവരാൻ പത്രാധിപരോട് അനുവാദം ചോദിച്ച് ഒരു ടെലിഗ്രാം അയച്ചു. ഉടനെ പത്രാധിപരുടെ മറുപടി കിട്ടി - “നീ പടം വരയ്ക്കാനുള്ള കാര്യങ്ങൾ തയാറാക്കൂ ഞാൻ യുദ്ധമുണ്ടാക്കാനുള്ള കാര്യങ്ങൾ ചെയ്യാം. അവിടെ തുടരുക.”
യുദ്ധത്തെയും മാധ്യമങ്ങളെയും സംബന്ധിച്ച് പ്രശസ്തമായ ഒരു ഉദ്ധരണിയാണ് ഇത്. ഈ ടെലിഗ്രാം സന്ദേശം കണ്ടുകിട്ടിയിട്ടില്ലെങ്കിലും നിരവധി ഗ്രന്ഥങ്ങളിൽ ഈ ഉദ്ധരണി കാണാം. ഇതിന്റെ ആധികാരികത സംശയിക്കുന്ന ആളുകളുമുണ്ട്. യുദ്ധം ഉണ്ടാകുകയും അത് ആഘോഷിക്കുകയും ചെയ്യുന്നതിൽ മാധ്യമങ്ങൾക്ക് പ്രത്യേകിച്ച് ഒരു താത്പര്യമുണ്ട്. ടെലിവിഷൻ യുഗത്തിൽ ആ താത്പര്യം പതിന്മടങ്ങു വർധിച്ചിട്ടുണ്ട്.
ഫിയർ വാർ
ലോകത്തെല്ലായിടത്തും യുദ്ധകാലങ്ങളിലാണ് ടെലിവിഷന്റെ പ്രചാരം വർധിക്കുന്നത്. 1950കളിൽ അമേരിക്കയിൽ 3.8 മില്യൻ ടെലിവിഷൻ സെറ്റുകളായിരുന്നു ഉണ്ടായിരുന്നതെങ്കിൽ 1960ൽ വിയറ്റ്നാം യുദ്ധം കൊടുമ്പിരിക്കൊണ്ട കാലത്ത് 52 മില്യനായി കുതിച്ചുയർന്നു. 1970 ആകുമ്പോൾ യുദ്ധം അതിന്റെ നിർണായക ഘട്ടത്തിലെത്തുമ്പോൾ 82.9 മില്യൻ ടെലിവിഷനുകൾ അമേരിക്കയിലെത്തി. ഗൾഫ് യുദ്ധങ്ങൾ ടെലിവിഷനെ എല്ലാ അമേരിക്കൻ വീടുകളിലുമെത്തിച്ചു. 1991 ജനുവരി 16ന് രാത്രി ടെലിവിഷന്റെ പ്രൈം ടൈം നോക്കിയാണ് അമേരിക്ക ഒന്നാം ഗൾഫ് യുദ്ധം പ്രഖ്യാപിക്കുന്നത്. വാർത്താചാനലായ സിഎൻഎന്നിന്റെ മുമ്പിൽ ആ ദിവസം വാർത്ത കാണാനിരുന്നത് 85 ദശലക്ഷം ആളുകളായിരുന്നു. എബിസി, എൻബിസി ചാനലുകളിലും വ്യൂവർഷിപ്പിൽ ഇരട്ടയിലധികം വർധനയുണ്ടായി. ഇറാക്ക് യുദ്ധം ഫോക്സ് ന്യൂസ്, സിഎൻഎൻ ചാനലുകളുടെ വ്യൂവർഷിപ്പിൽ മൂന്നിരട്ടിയിലധികം വർധനയുണ്ടാക്കി. യുദ്ധത്തെ സ്വീകരണമുറിയിലെ നാടകമാക്കുകയായിരുന്നു ചാനലുകൾ. ബാഗ്ദാദിലെ ബോംബിംഗ് ലോകം ലൈവായി കണ്ടു. ‘ലിവിംഗ് റൂം വാർ’ എന്നൊരു ഓമനപ്പേരുതന്നെ ഉണ്ടായി. വേൾഡ് ട്രേഡ് സെന്ററിന്റെ രണ്ടാമത്തെ ടവറിൽ വിമാനം ഇടിച്ചുകയറിയ രംഗങ്ങൾ ഫോക്സ്, സിഎൻഎൻ ടെലിവിഷൻ ചാനലുകൾ ലൈവായി സംപ്രേഷണം ചെയ്തു. തുടർന്ന് ഭീതി പടർത്തുന്ന നിരവധി വാർത്തകളും ടെലിവിഷൻ ചാനലുകളിൽ വന്നു. ‘അമേരിക്ക അണ്ടർ അറ്റാക്ക്’ എന്നായിരുന്നു സിഎൻഎന്നിന്റെ ടാഗ്ലൈൻ. വേൾഡ് ട്രേഡ് സെന്റർ, പെന്റഗൺ എന്നിവയ്ക്കുശേഷം അടുത്ത ആക്രമണം എവിടെയാകും എന്ന സാധ്യത മുൻനിർത്തിയുള്ള ചർച്ചകൾ അമേരിക്കയിൽ വലിയ തോതിലുള്ള ഭീതി വളർത്തി.
“തീവ്രവാദികളുടെ സ്ലീപ്പിംഗ് സെല്ലുകൾ നിങ്ങൾക്കു ചുറ്റുമുണ്ടാകാം” എന്ന ഫോക്സ് ന്യൂസിന്റെ മുന്നറിയിപ്പ് അമേരിക്കയുടെ രാത്രികളെ നിദ്രാവിഹീനമാക്കി. പത്രങ്ങളുടെ തലക്കെട്ടുകളും ഭീതി ജനിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. 9/11 ആക്രമണത്തിനുശേഷം അമേരിക്കയിൽ ഉത്കണ്ഠ, ഭയം തുടങ്ങിയ മാനസിക പ്രശ്നങ്ങൾ വലിയ തോതിൽ വർധിച്ചു. മാൻഹട്ടനിൽ 7.5 ശതമാനം ആളുകൾക്കും ഉത്കണ്ഠയ്ക്കും സമ്മർദത്തിനും ഗുളികകളെ ആശ്രയിക്കേണ്ടിവന്നു എന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് നടത്തിയ പഠനം പറയുന്നു. 71 ശതമാനം അമേരിക്കക്കാർക്കും തങ്ങൾ ഏത് നിമിഷവും ആക്രമിക്കപ്പെടാം എന്ന ഭീതിയിലായി.
ഇന്ത്യയിലെ ആദ്യത്തെ ‘ടെലിവിഷൻ യുദ്ധം’ എന്ന് അറിയപ്പെടുന്നത് കാർഗിൽ യുദ്ധമാണ്. സീ ന്യൂസ്, സ്റ്റാർ ന്യൂസ് എന്നീ ചാനലുകളുടെ പ്രേക്ഷകരുടെ എണ്ണത്തിൽ വലിയ വളർച്ച ഇക്കാലത്തുണ്ടായി. ഇന്ത്യ-പാക് സംഘർഷ സാധ്യത വർധിച്ച് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതോടെ എന്റർടെയ്ൻമെന്റ് ചാനലുകളെ പിൻതള്ളി ന്യൂസ് ചാനലുകളുടെ റേറ്റിംഗ് വർധിച്ചു. ഇന്തോ-പാക് സംഘർഷം യുദ്ധസമാനമായി മുന്നോട്ടുപോയ ദിവസങ്ങളിൽ മലയാളം ന്യൂസ് ചാനലുകളുടെ യുട്യൂബ് സ്ട്രീമിംഗ് കാണാൻ പകൽനേരങ്ങളിൽപോലും സാധാരണ ദിവസങ്ങളിൽ പ്രൈം ടൈമിലുള്ളതിനേക്കാൾ പ്രേക്ഷകരുണ്ടായിരുന്നു.
ഭയമാണ് യുദ്ധത്തിന്റെ പ്രധാന വികാരം. ഭയവും സംഭ്രമവും ഉണർത്തുന്നവിധം ആധുനിക ഗ്രാഫ്രിക് സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി യുദ്ധം ന്യൂസ് റൂമുകളിൽ പുനരാവിഷ്കരിക്കും. സൗണ്ട് ഇഫക്ടുകളും ഓഗ്മെന്റഡ് റിയാലിറ്റിയും ചേർന്ന് രംഗം കൊഴുപ്പിക്കും. അച്ചടിമാധ്യമങ്ങൾക്ക് യുദ്ധത്തെ ദൃശ്യവത്കരിക്കുന്നതിൽ പരിമിതിയുണ്ട്.
ബ്രേക്കിംഗ് വാർ
ആദ്യം ആര് വാർത്ത ബ്രേക്ക് ചെയ്യും എന്നതാണ് ടെലിവിഷൻ റിപ്പോർട്ടിംഗിന്റെ അടിസ്ഥാന ചോദ്യം. ബ്രേക്ക് ചെയ്യാനുള്ള ഓട്ടത്തിനിടയിൽ നിജസ്ഥിതി പരിശോധന - ക്രോസ് ചെക്കിംഗ് - നടത്താനൊന്നും പലപ്പോഴും സമയം കിട്ടാറില്ല. ദേശീയതാത്പര്യങ്ങളോ, വാർത്തകളും വിവരങ്ങളും പ്രേക്ഷകരിൽ കൃത്യമായി എത്തിക്കലോ അല്ല ലക്ഷ്യം. വ്യൂവർഷിപ്പ് വർധിപ്പിക്കുക എന്നതാണ്. യുദ്ധകാലം വ്യാജവാർത്തകളുടെ പ്രളയകാലംകൂടിയാണ്. ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള യുദ്ധ വീഡിയോകൾ ഇന്ത്യ-പാക് സംഘർഷത്തിന്റേത് എന്ന നിലയിൽ പ്രചരിപ്പിക്കപ്പെട്ടു. മലയാളത്തിലെ ഒരു ചാനൽ ഇന്ത്യയിലെ മുഴുവൻ വിമാനത്താവളങ്ങളും അടച്ചു എന്ന് ബ്രേക്ക് ചെയ്തു. ആകെ ഇന്ത്യയിൽ അടച്ചത് 32 വിമാനത്താവളങ്ങൾ മാത്രമായിരുന്നു. റാവൽപിണ്ടി ഇന്ത്യൻ സൈന്യം കീഴടക്കി എന്ന് ചില ഹിന്ദി ചാനലുകൾ ബ്രേക്ക് ചെയ്തു.
ലൈവ് വാർ
റിപ്പോർട്ടർ ഹീറോയിസമാണ് വാർ റിപ്പോർട്ടിംഗിന്റെ ഹൈലൈറ്റ്. 24 മണിക്കൂറും തുടർച്ചയായി പുതിയ വാർത്തകൾ എത്തിക്കേണ്ടിവരുന്പോൾ സേനകളുടെ ബ്രീഫിംഗ് കൊണ്ട് ഒന്നുമാകില്ല. അതുകൊണ്ടുതന്നെ റിപ്പോർട്ടർമാരെ യുദ്ധമുന്നണിയിലെത്തിക്കുക എന്ന തന്ത്രം ആദ്യം പയറ്റിയത് അമേരിക്കൻ ചാനലുകളായിരുന്നു. കാബൂളിലെ അൽക്വയ്ദയുടെ മടകളിൽ ചെന്ന് അഫ്ഗാൻ യുദ്ധം റിപ്പോർട്ട് ചെയ്ത് നിക് റോബോർട്സൺ സാഹസികതയ്ക്ക് പുതിയൊരു മാധ്യമഭാഷ്യം നൽകുകയായിരുന്നു. ഇറാക്കിലെ ഫല്ലൂജയിലെ ബോംബിംഗ്, ഹെൽമറ്റ് കാമറയിലൂടെ ലോകത്തെ കാണിച്ച സിഎൻഎന്നിന്റെ കെവിൻ സൈറ്റ്, എൻബിസിയുടെ ഡേവിഡ് ബ്ലും ഇങ്ങനെ നീളുന്ന അവതാരപരമ്പര തന്നെയുണ്ട് വാർ റിപ്പോർട്ടിംഗിന്. അഫ്ഗാൻ യുദ്ധം റിപ്പോർട്ട് ചെയ്യുന്നതിനിടെ അൽ ജസീറയുടെ കാബൂളിലെ ഓഫീസ് അമേരിക്കൻ ബോംബിംഗിൽ തകർന്നു.
ഇന്ന് എല്ലാ യുദ്ധമുഖത്തും ലൈവ് റിപ്പോർട്ടർമാരുടെ വലിയൊരു നിരതന്നെയുണ്ടാകും. കൃത്യമായ സൈനിക പരിശീലനം നൽകിയാണ് വിദേശ ചാനലുകൾ റിപ്പോർട്ടർമാരെ വാർ ഫീൽഡിൽ ഇറക്കുന്നത്. ഓപ്പറേഷൻ സിന്ദൂർ റിപ്പോർട്ട് ചെയ്യാൻ പോയ മലയാളത്തിലെ മാധ്യമസംഘത്തിന്റെ തൊട്ടടുത്ത് മൈൻ പൊട്ടിത്തെറിക്കുന്നത് ലൈവായി നാം കണ്ടു. ഹെൽമറ്റോ ലൈഫ് ജാക്കറ്റോ ഒന്നും പ്രസ്തുത റിപ്പോർട്ടർ ആ സമയം ധരിച്ചിട്ടുണ്ടായിരുന്നില്ല. പരിശീലനം ലഭിച്ച മാധ്യമപ്രവർത്തകരെയാണോ ചാനലുകൾ മരണം പതിയിരിക്കുന്ന യുദ്ധഭൂമികളിലേക്ക് പറഞ്ഞയയ്ക്കുന്നത്? ജീവൻവച്ചുള്ള ഈ കളിയിലും ചാനലുകൾക്ക് റേറ്റിംഗ് തന്നെയാണോ മുഖ്യം? എങ്കിലും യുദ്ധമുഖത്തുനിന്ന് അതിർത്തി ഗ്രാമങ്ങളിലെ സാധാരണ മനുഷ്യർക്കുനേരേ പാക്കിസ്ഥാൻ നടത്തിയ തീമഴയുടെ ദുരന്തചിത്രങ്ങൾ മലയാളത്തിലെത്തിച്ച റിപ്പോർട്ടർമാരുടെ ധൈര്യത്തെ കണ്ടില്ലെന്നു നടിക്കാനാവില്ല. അതേസമയം, യുദ്ധഭൂമിയിൽനിന്ന് റിപ്പോർട്ട് ചെയ്യുമ്പോൾ രാജ്യസുരക്ഷയും സേനകളുടെ താത്പര്യവും കൺമുമ്പിലുണ്ടാകണം.
വാർ എന്റർടൈൻമെന്റ്
വള്ളംകളി, ഐപിഎൽ, തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം, യുദ്ധം എല്ലാം ഒരേ ശൈലിയിൽ അവതരിപ്പിക്കുന്നതാണ് മലയാളം ന്യൂസ് റൂമുകളിൽ കാണുന്നത്. ടെലിവിഷൻ പെർഫോമൻസിന്റെ മാധ്യമമാണ്. ടെലിവിഷൻ വാർത്തയും അങ്ങനെതന്നെ. വാചികവും ഭാവാഭിനയവുമെല്ലാം ചേരുംപടി ചേരും. പക്ഷേ, യുദ്ധംപോലെയുള്ള ഗൗരവമായ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോഴെങ്കിലും ചാനലുകൾ ശൈലി മാറ്റിപ്പിടിക്കണം. പലപ്പോഴും അഭ്യൂഹങ്ങളും തങ്ങളുടേതായ നിഗമനങ്ങളുമൊക്കെ യുദ്ധസമാനമായ സാഹചര്യങ്ങളിൽ കൂട്ടിക്കുഴയ്ക്കുന്നത് അഭികാമ്യമായിരിക്കില്ല.