മഴ
ഡോ. മുഞ്ഞിനാട് പത്മകുമാർ
Tuesday, May 13, 2025 5:26 PM IST
കടലിൽ മഴ പെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. മുത്തുമാല നൂൽപൊട്ടി ഉതിർന്ന് വീഴുംപോലെ. അപ്പോൾ കടലിനൊരു കുളിരും തോന്നിക്കാണില്ല. ഇറ്റിറ്റുവീഴും നീർത്തുള്ളിതൻ സംഗീതം സാഗരത്തിന്റെ പാതാളശ്രുതിയിൽ ഒന്നും അനുഭവപ്പെടുത്തിയിട്ടുണ്ടാവില്ല. എങ്കിലും പീലിവിടർത്തിയെത്തുന്ന വർഷമയൂരം നഭസിൽ ആടാനൊരുങ്ങുമ്പോൾ പഴഞ്ചൻ സൈക്കിൾ ചവിട്ടി ഞാൻ കടൽത്തീരത്തേക്കു പായും. വീട്ടിൽനിന്ന് രണ്ടുമൂന്ന് വളവുകൾ തിരിയുകയേ വേണ്ടൂ അതു കാണാൻ.
അതു കുട്ടിക്കാലത്തെ ഓർമ. മുതിർന്നപ്പോൾ, മീശ മുളച്ചപ്പോൾ എന്നെ കോരിത്തരിപ്പിച്ച മഴ ‘തൂവാനത്തുമ്പികളി’ലേതാണ്. മഴ നനഞ്ഞു തുവർന്ന ഒരു പെണ്ണായി അവളെത്തുന്നു; ക്ലാര. അവളെ കണ്ട മാത്രയിൽ ഞാൻ രാവണനായി മാറി. അവളെ മോഹിക്കാത്തവൻ പുരുഷജാതിയിൽപ്പെടുന്നില്ല എന്ന് വിളിച്ചുപറയണമെന്ന് എനിക്കു തോന്നി. കൊടുംവേനലിന്റെ പകലറുതികളിൽ പുതുമഴ പോലെന്നെ പരിരംഭണം ചെയ്യാനെത്തിയത് അവളാണ്. എന്റെ യൗവനം അവളുടെ കുതിർന്ന വടിവുകളിലായിരുന്നു. ഭയാക്രാന്തമായ സന്ദേഹങ്ങളെ ഒരു പരിധിവരെ അകറ്റിയത് അവളുടെ നനവുകളായിരുന്നു. മേഘഭരിതമായ ആകാശം കാണുമ്പോൾ, നിലാവിൽ കുതിർന്ന് മഴ തോർന്നുതോർന്നു വരുമ്പോൾ പുതുമണ്ണിന്റെ സുരതഗന്ധം മദശീകരം ചുരത്തി ഉണർത്തുമ്പോൾ ഞാനവളെ ഓർക്കും. എന്റെ യൗവനം, ഉള്ളിൽ പെയ്ത മഴകളുടെ മേളപ്പെരുക്കങ്ങളായിരുന്നു. തൃത്താല കേശവൻ കൊട്ടുമ്പോൾ, എം.ഡി. രാമനാഥൻ പാടുമ്പോൾ, കൃഷ്ണൻനായരാശാൻ ആടുമ്പോൾ അവളെ വിട്ടൊഴിഞ്ഞ മനസുമായി മഴയുടെ മറ്റൊരു വഴിയേ നനഞ്ഞു നടന്നിട്ടുണ്ട്.
എന്നെ ഭയപ്പെടുത്തിയ മഴക്കാറുകളിലൊന്ന് കുമാരനാശാന്റെ ‘പ്രരോദന’ത്തിലാണ്. കായിക്കരയിലെ കടലിൽ മഴ പെയ്യുന്നതു കണ്ടിരുന്ന ഒരു കുട്ടി എല്ലായ്പോഴും ആശാന്റെ ഉള്ളിലുണ്ടായിരുന്നിരിക്കണം. അതു മഴയുടെ വന്യമായ ഒരു ഉടുത്തുകെട്ടായിരുന്നു. തുള്ളിക്കൊരു കുടം പേമാരി എന്ന ശീലിൽ. കാർകൂന്തലിനുള്ളിലേക്ക് തിരുകിവച്ച പിച്ചിപ്പൂവിൽനിന്നൊരു കുമ്പിൾ മണം ഉതിരുംപോലെ കാർമേഘക്കെട്ടഴിഞ്ഞു ചിതറുന്ന തൂവാനം. ‘പ്രരോദന’ത്തിലെ അഭ്രകാളിമ വിഷാദഭരിതമാണ്. അത് കഠിനദുഃഖത്തിന്റെ ലയാത്മകതയാണ്.
പെയ്യാനൊരുങ്ങിനിൽക്കുന്ന പയോദമാണ് ‘പ്രരോദന’ത്തിന്റെ ഛന്ദസ്. ഓരോ തവണ വായിക്കുമ്പോഴും ഉള്ളിലെ തരംഗദൈർഘ്യങ്ങൾ കൂടുന്നതുപോലെ തോന്നും. അതിനാൽ കുറേ കാലത്തേക്ക് ഞാനതിന്റെ വായന ഉപേക്ഷിച്ചു. കഴിഞ്ഞ വർഷമാദ്യം പയ്യന്നൂരുള്ള ഒരു വായനശാലക്കാർ ‘പ്രരോദന’ത്തെക്കുറിച്ച് സംസാരിക്കാൻ ക്ഷണിച്ചു. ഒഴിഞ്ഞുമാറിയെങ്കിലും ഒടുവിൽ പോകേണ്ടിവന്നു. കൊല്ലത്തുനിന്ന് അവിടെയെത്തുംവരെ ആകാശം കാലതിമിരം ബാധിച്ചു നിൽക്കുകയായിരുന്നു. പ്രഭാഷണം തുടങ്ങിയതും മഴയും തുടങ്ങി. ചോർച്ചകൾ ഇളക്കിമാറ്റിക്കൊണ്ട് ഓടുകൾക്കിടയിലൂടെ മഴ എന്റെ നെറുകയിൽ തൊട്ടു. ഒന്നല്ല, തുരുതുരാ തുള്ളികൾ. പ്രഭാഷണം നിർത്താമെന്ന് സംഘാടകർ. വേണ്ടെന്ന് ഞാൻ. പുരപ്പുറത്തെ തിമിർപ്പിനൊപ്പം ഞാനും കൊട്ടിക്കയറി.
ഓരോ മഴപ്പെയ്ത്തിലും ഞാനോർക്കുന്ന ഒരാളുണ്ട്. വിക്ടർ ജോർജ്. ഞാനദ്ദേഹത്തെ കണ്ടിട്ടില്ല. പക്ഷേ, അദ്ദേഹമെടുത്ത ചിത്രങ്ങൾ കണ്ടിട്ടുണ്ട്. അതിലൂടെ ഞാൻ ശ്വസിച്ചിട്ടുണ്ട്. മണത്തിട്ടുണ്ട്. തൊട്ടിട്ടുണ്ട്. ഉരുൾപൊട്ടലിന്റെ അലർച്ചയിൽ വിക്ടറിന്റെ ശബ്ദം മാത്രം എനിക്കു കേൾക്കാനായില്ല. വിക്ടർ നടന്നുപോയ വെള്ളിയാനി മല ഞാൻ കണ്ടിട്ടില്ല. ഒരിക്കൽ ഒരു കൂട്ടുകാരൻ അതു കണ്ടു വരാൻ വിളിച്ചിരുന്നു. ഞാൻ പോയില്ല. മദപ്പാടുള്ള ആ മലയിലേക്കു നോക്കാൻ എനിക്കു ഭയമായിരുന്നു. വിക്ടറിനെ ഓർക്കുന്നതുപോലെ ഞാൻ രവിയെ ഓർക്കുന്നു. രവി ഒരു കഥാപാത്രമായിരുന്നു. പെരുമഴയിൽ മനുഷ്യനെയും കഥാപാത്രത്തെയും എനിക്കു വേർതിരിച്ചറിയാൻ കഴിയാത്തതുകൊണ്ടാണ് ഇങ്ങനെ ഓർത്തുപോകുന്നത്. കൂമൻകാവിൽനിന്ന് ഖസാക്കിലേക്ക് രവി നടന്നത് ഒരു നട്ടുച്ചയ്ക്കാണ്. എല്ലാം മയങ്ങിക്കിടക്കുന്ന ഒരു നട്ടുച്ച. പുതുമഴയുടെ ചുവയുള്ള സർവത്ത് കുടിച്ചുകൊണ്ടാണ് രവി നടന്നത്. എന്നാൽ ഖസാക്കിൽനിന്ന് കൂമൻകാവിലേക്കു മടങ്ങുമ്പോൾ മഴ തുളിച്ചിരുന്നു. പിന്നീടതു കനത്തു. കനക്കുന്ന മഴയിലൂടെയാണ് രവി കൂമൻകാവിലേക്കു നടന്നത്. ഒടുവിൽ കാലവർഷത്തിന്റെ വെളുത്ത മഴ നനഞ്ഞ് രവി കിടന്നു. കടപുഴങ്ങി വീണ പനകളും പൊട്ടിപ്പോയ പുളിങ്കൊമ്പുകളുമെടുത്തുമാറ്റി ഞാൻ രവിയെ തിരഞ്ഞു. കണ്ടില്ല. പക്ഷേ, നീലനിറമുള്ള മുഖമുയർത്തി ഇണർപ്പുപൊട്ടിയ കറുത്ത നാക്ക് വെട്ടിച്ച് ആകാശത്തേക്ക് ഇഴഞ്ഞുകയറുന്ന ഒരു സർപ്പത്തെ ഞാൻ കണ്ടു. പെരുവിരലിൽനിന്നുണർന്ന് ഉറയുരിഞ്ഞു വളർന്നു വലുതാകുന്ന മറ്റൊരു കാലവർഷം.
സുഗതകുമാരി ടീച്ചറിനെപ്പോലെ എനിക്കും ഏറെയിഷ്ടം ‘രാത്രിമഴ’യോടാണ്. അപ്പോൾ മഴയ്ക്ക് ഒരു രഹസ്യകാമുകിയുടെ ഭാവമാണ്. കൈനിറയെ കുപ്പിവളകളണിഞ്ഞ് കിലുക്കിവരുന്ന, നിലാവിനെപ്പോലെ ചന്തമുള്ള ഒരു കാമുകി. മഴയെത്തും മുമ്പേ ഞാൻ ജനലുകൾ തുറന്നിടും. അവൾ വരും. ആഴിപോൽ അഴിച്ചിട്ട മുടിയുമായി. നീരദപാളികൾ കൊരുത്തുകെട്ടിയ നീലപ്പീലിക്കാവടിയുമായി. ഞങ്ങൾ വെളുക്കുവോളം മിണ്ടിപ്പറഞ്ഞിരിക്കും. മിണ്ടാട്ടം നിലയ്ക്കുമ്പോൾ അവളെന്റെ രഹസ്യകാമനകളെ ഉണർത്തും. അവളുമൊത്തുള്ള സഹശയനം മീനച്ചൂടിനേക്കാൾ മൂർച്ചയുള്ളതായി തോന്നിയിട്ടുണ്ട്. മഴ നനഞ്ഞ് പനിച്ചു കിടക്കുമ്പോഴെല്ലാം ഞാനത് അനുഭവിച്ചിട്ടുണ്ട്. അങ്ങനെയൊരിക്കൽ പനിച്ചുകിടന്നപ്പോഴാണ് ഒരു കൂട്ടുകാരൻ മഴ നിറഞ്ഞുകിടന്ന തോട്ടിൽ വീണു മരണപ്പെട്ടതായി അറിഞ്ഞത്. അവൻ കവിയായിരുന്നു; ആർ. മനോജ്. കാല്പനികനായ അവൻ ഒരു മഴയത്ത് തോട്ടുവക്കിലൂടെ വീട്ടിലേക്കു നടന്നുപോയപ്പോഴാണ് വഴുതിവീണത്. കഴുത്തോളം താഴ്ന്ന കൈതത്തണ്ടിന്മേൽ മുഖം താഴ്ത്തിക്കിടക്കുമ്പോൾ അവനെന്താകും ഓർത്തിട്ടുണ്ടാകുക? അറിയില്ല. തുലാവർഷക്കാറിനുള്ളിൽ മിന്നിയ പൊൻനൂലുപോലെ ഇപ്പോഴും എന്നെ ചുറ്റി അവന്റെ ഓർമകൾ. ഘനശ്യാമപക്ഷം വിരിച്ചാടിവന്ന പെയ്ത്തിനുള്ളിൽ ഇപ്പോഴുമവന്റെ വാക്കുകൾ. ഒരിക്കൽ അവനെഴുതി; “ഞാൻ മരിച്ചിട്ടും എന്റെ പ്രായം നിലനിൽക്കുന്നു”എന്ന്. കരയാതിരിക്കാനാകുന്നതെങ്ങനെ. കടലു മുഴുവൻ വറ്റിപ്പോകുംവരെ, പാറകൾ മുഴുവൻ സൂര്യതാപത്താൽ പൊടിഞ്ഞു വെണ്ണീറാകുംവരെ എനിക്കു കരയണം.
കാട്ടിലെ മഴയെക്കുറിച്ചു പറഞ്ഞത് കവി ഡി. വിനയചന്ദ്രൻ മാഷാണ്. കന്യാകുമാരിയിൽ സാഗരസ്നാനം ചെയ്യുമ്പോഴും ഗയയിൽ ബലി തർപ്പിച്ചു നിൽക്കുമ്പോഴും അനുഭവിച്ച മഴയല്ല കാട്ടിലെ മഴയെന്ന് മാഷ് പറയും. “ഓരോ നീർത്തുള്ളിയും ഓരോ ഇലകളെ മാറിമാറി ചുംബിച്ചിട്ടാണ് ഭൂമിയിലേക്കെത്തുക. അതു മലർന്നുകിടന്ന് രുചിക്കണം. അപ്പോൾ നിഗൂഢതയുടെ ഒരു മഴക്കാട് നമ്മുടെ തിമിരസിരകളിൽ രൂപപ്പെടും.” -മാഷ് പറയും. മാഷിന്റെ ഉത്സാഹം കേട്ട് ഒരിക്കൽ തെൻമലക്കാട്ടിൽ മഴ നനയാൻ പോയിട്ടുണ്ട്. മലർന്നുകിടന്ന് ഇലകളിൽനിന്നൂർന്നിറങ്ങിയ മദജലം കുടിച്ചിട്ടുണ്ട്. ആദിമ ജലത്തിന്റെ രുചി ഒരു വ്യഥയായി അനുഭവിച്ചിട്ടുണ്ട്. കാട്ടിലെ മഴയ്ക്ക് കടലിൽനിന്നു കയറിവരുന്ന ഒരു പെരുംകുതിരയുടെ ഭാവമാണ്. മണ്ണിലെന്നോ ആഴ്ന്നുപോയ വിത്തുകളെ കിളിപ്പിക്കാനുള്ള വരവ്. കുളിരില്ലാത്ത ഒരുതരം തളിർത്ത തണുപ്പാണത്. മണ്ണിന്നടിയിൽ ഒളിഞ്ഞുകിടന്ന വേരുകൾ ചിലപ്പോൾ തലപൊക്കി നോക്കും. നീ പോയില്ലേ എന്ന മട്ടിൽ. ഓർക്കാപ്പുറത്തൊരു മിന്നൽ വന്ന് നമ്മെ ഞെട്ടിച്ചെന്നിരിക്കും. അപ്പോൾ അഭിശപ്തമായ നമ്മുടെ ഭ്രാന്തിന് ഒരിത്തിരി വെളിച്ചം കിട്ടും.
മഴ നനഞ്ഞ കാട്ടിൽനിന്ന് മഴ നനഞ്ഞിറങ്ങുമ്പോൾ ഒന്നു ചുമച്ചു. നീർവീഴ്ച. ഒരു മാസത്തോളം പനിച്ചുകിടന്നു. കൊടുങ്കാറ്റുകളും തിമിംഗലങ്ങളും കയറിയിറങ്ങിയപോലായിരുന്നു അപ്പോൾ മനസ്. പല നിറത്തിലുള്ള ഗുളികകൾ ചവച്ചിറക്കി. “ഇനിയും മഴ നനയാൻ കാട്ടിലേക്കു പോണോ” എന്ന് അമ്മ ചോദിച്ചു. കയ്പു കുടിച്ചു വ്രണംകെട്ടിയ തൊണ്ടയിൽനിന്ന് ഒന്നും വന്നില്ല. മിണ്ടാതെ കിടന്നു. കുളിരിന്റെ ഒരു കലമാൻ മാത്രം ഇടയ്ക്കിടെ നെഞ്ചിനുമേലെ ചാടിമറഞ്ഞു. രാത്രി വെളുക്കുവോളം അമ്മ കൂട്ടിരുന്നു. കൂട്ടുകാർ കൂട്ടിരുന്നു. കൂട്ടിരിപ്പിനിടയിൽ ഞാനൊരു പുസ്തകം വായിച്ചുതീർത്തു. എമിലി സോളയുടെ ‘നാന’. അതു പനിക്കാലത്തും മഴക്കാലത്തും വായിക്കേണ്ട പുസ്തകമാണോ എന്നെനിക്കറിയില്ല. നോവലിലൊരിടത്ത് അഭിസാരികയായ നാന, യൂഫാറ്റിനോടു ചോദിക്കുന്നു, “മരിച്ചുകഴിഞ്ഞാൽ ഞാൻ സ്വർഗത്തു പോകുമോ?” എന്ന്. ഈ ചോദ്യം എന്നെ വല്ലാതെ നോവിച്ചു. അവളെ ഓർത്തു കരഞ്ഞു. കരഞ്ഞതുകൊണ്ടാണോ എന്നറിയില്ല, നെറ്റിത്തടത്തിൽനിന്ന് ചൂടിറങ്ങി. സുഖജ്വരം വിട്ടൊഴിഞ്ഞ് ഞാൻ പുറത്തേക്കിഴഞ്ഞു.