കൊറോണാക്കാറ്റിൽ ഉലയുന്ന സാന്പ്രദായിക വിദ്യാഭ്യാസം
Monday, June 22, 2020 12:10 AM IST
കൊറോണ വൈറസ് ഉയർത്തിവിട്ട കൊടുങ്കാറ്റ് പ്രാദേശികമല്ല. വിശ്വമാകെ വീശിയടിക്കുന്ന സർവതല സ്പർശിയായ സമഗ്രമാറ്റത്തിന്റെ കാറ്റാണ്. ഏതെണ്ടെല്ലാ സന്പ്രദായങ്ങളും മൂല്യങ്ങളും താൽപര്യങ്ങളും അടിമുടി ഉലയ്ക്കുകയാണത്. ലോകത്തിന്റെ ആർജിത വിജ്ഞാനം അനുക്ഷണം വികസ്വരമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽതന്നെയാണിതു സംഭവിക്കുന്നതും.
ക്ലാസ് മുറികളുടെ നാലതിരുകൾക്കുള്ളിൽ ഗുരുമുഖത്തുനിന്നു വേണം വിദ്യാഭ്യാസമെന്ന സന്പ്രദായം വെല്ലുവിളി നേരിടുന്നു. ഗുരുക്കൾ അകലത്താവുകയും ഇന്റർനെറ്റിലൂടെ വിജ്ഞാനം കടന്നെത്തുകയും ചെയ്യുന്നു. ആ പ്രക്രിയ കൂടുതൽ സാർവജനീനമാവുകയും മത്സരക്ഷമതയുള്ളതാവുകയും ചെയ്യുന്നു. ഒരു ഇലയിട്ടൂണിന്റെ ചുറ്റുവട്ടങ്ങളിൽനിന്ന് എന്തും ഇഷ്ടാനുസരണം തെരഞ്ഞെടുത്ത് ആവശ്യാനുസരണം സമയനിബന്ധനയോ സ്ഥലപരിമിതിയോ കൂടാതെ കഴിക്കാൻ കഴിയുന്ന ഒരു ബുഫേ പാർട്ടിയെന്ന മട്ടിലേക്കതു മാറിക്കഴിഞ്ഞു. അറിവിന്റെ ഉള്ളടക്കവും ആഴവും അളവും സ്വഭാവവും ഗുണമേന്മയും വ്യക്തിനിഷ്ഠമായി തീരുമാനിച്ചു തെരഞ്ഞെടുക്കാമെന്നുള്ളതു പഠിതാവിനു ചെറിയ സ്വാതന്ത്ര്യമല്ല കൊടുക്കുന്നത്.
ആഗോള മത്സരക്ഷമതയിലൂന്നിയ അതിവേഗ മാറ്റങ്ങൾക്കു രാജ്യാതിർത്തികളോ ഭൂഖണ്ഡ പരിമിതികളോ ബാധകമല്ലാതാകുന്നു. വിജ്ഞാനത്തിന്റെ പ്രയാണം ഒറ്റയടിപ്പാതയിൽനിന്ന് സൂപ്പർ ഹൈവേയിലേക്കെത്തുകയാണ്. ആദിവാസിയുടെ ഊരിലും വിജ്ഞാനം വിരൽത്തുന്പിലെത്തുന്നുവെന്ന സാധ്യതയും തുറക്കപ്പെടുന്നു. സാങ്കേതികത്വം വഴിമുടക്കിയില്ലെങ്കിൽ ഉന്നത വിദ്യാഭ്യാസ ഗവേഷണ മേഖലകളുടെ അതിർത്തികൾ അകലുകയോ അപ്രത്യക്ഷമാവുകയോ ചെയ്യുന്നു.
അറിവ് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു
അറിവ് താളിയോലകളിൽനിന്നും ഗ്രന്ഥപ്പുരകളിൽനിന്നും അധ്യാപകനിൽനിന്നും സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണ്. അതു വിദ്യാർഥികേന്ദ്രീകൃതവും അവിടെനിന്നു വ്യക്തിനിഷ്ഠവുമാകുന്നു. സെമിനാറുകൾ വെബിനാറുകൾക്കു വഴിമാറുന്നു. പുതിയ അധ്യയന ഉപകരണങ്ങൾ ആഗോളതലത്തിൽ ആവശ്യമായി വരുന്പോൾ കൊറോണ വൈറസിന് പ്രതിരോധ വാക്സിൻ കണ്ടെത്താനുള്ള മത്സരംപോലെ അധ്യയനരംഗത്ത് ഗവേഷണങ്ങൾ മുന്നേറും. അതിനാൽ തന്നെ പഠനോപകരണങ്ങളുടെ ശേഷി വർധിക്കുകയും കൂടുതൽ പരിഷ്കരിക്കപ്പെടുകയും കന്പോളം മത്സരപ്രധാനമാകുകയും ചെയ്യും.
പഠന കൈകാര്യ സംവിധാനങ്ങൾ പോലെതന്നെ വിജ്ഞാന വിനിമയ സംവിധാനങ്ങളും ആഗോളതലത്തിൽ മാറ്റപ്പെടുകയും പുരോഗമിക്കുകയും ചെയ്യുന്നു. വിവിധ വിജ്ഞാനവിനിമയ പ്രതലങ്ങളായ യുഡെമി, എഡ്യൂക്കേഡിയം, കോഴ്സ് ക്രാഫ്റ്റ്, കോഴ്സ് ഈറസ്കിൽ ഷെയർ എന്നിവ ഇപ്പോൾതന്നെ കോവിഡ് ക്വാറന്റൈന്റെ മറയൊക്കെ ഭേദിച്ച് ഉപഭോക്താക്കളായ പഠിതാക്കളുടെ അടുത്തെത്തുകയാണ്. യുജിസി, എഐസിസിടിഇ എന്നീ ഏജൻസികൾ വെബ് വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത്തരം വിദ്യാഭ്യാസം സാങ്കേതിക വിദഗ്ധർക്കു മാത്രമുള്ളതാണെന്ന മിഥ്യാധാരണയും അസ്ഥാനത്താണ്. ചെറുപ്പക്കാർക്കും ഇടപ്രായക്കാർക്കും പ്രായമായവർക്കും അവർ ഉത്പതിഷ്ണുക്കളാണെങ്കിൽ ഓൺലൈൻ ഉപഭോക്താക്കളാകാൻ കഴിയുന്നു.
ഭരണകൂടങ്ങൾക്കോ കച്ചവടവ്യവസായങ്ങൾക്കോ ടൂറിസത്തിനോ കൃഷിക്കോ ശാസ്ത്ര ഗവേഷണ മേഖലകൾക്കോ ഇനി ഇതിൽനിന്ന് അകന്നു നില്ക്കാൻ കഴിയില്ല. അകന്നുനിൽക്കുന്നവർ വർത്തമാന കാലഘട്ടത്തിൽനിന്ന് ഭൂതകാലത്തേക്ക് എറിയപ്പെടുകയായിരിക്കും. ഏതുകാലത്തും മാറ്റങ്ങൾ ശ്രദ്ധിക്കുന്നവരുടേതും മാറാൻ കഴിയുന്നവരുടേതുമാണു വിജയം. ജീവിവർഗങ്ങളുടെ ജൈവ പരിണാമംതന്നെ അതിനുദാഹരണമാണ്. ഇതു താത്കാലിക പ്രതിഭാസവുമായിരിക്കില്ല. പ്രതിഭാധനന്മാരായ അധ്യാപകർക്കു വലിയ മാർക്കറ്റുണ്ടാകുന്പോൾ രണ്ടാംകിടക്കാരും മൂന്നാംകിടക്കാരും സാവധാനം കളംവിടേണ്ടിവരും.
ഓൺലൈൻ വിദ്യാഭ്യാസം കുറെയാളുകളെയെങ്കിലും തിരസ്കരിക്കില്ലേയെന്നു ചോദിച്ചേക്കാം. പക്ഷേ, അതു താത്കാലികമാണ്. വള്ളത്തിനു മീതേ വെള്ളം വന്നാൽ ആ വെള്ളത്തിനു മീതേ വള്ളം വയ്ക്കുകയേ മാർഗമുള്ളു. വിവിധ ഇന്റർനെറ്റ് സേവന പ്രതലങ്ങളിലൂടെ കയറിയിറങ്ങുന്നവർക്ക് അവയുടെ മത്സരക്ഷമത മനസിലാക്കാനാകും. കുട്ടികൾ ഇവയുടെ സേവനരീതി വളരെപ്പെട്ടെന്നു ഗ്രഹിക്കും. സാങ്കേതിക സങ്കീർണതകൾക്കപ്പുറം ഇതൊരു ഭാഷതന്നെയാണ്. ചെറുപ്പക്കാർക്ക് എളുപ്പം വഴങ്ങുന്ന ഭാഷ.
പാഠ്യപദ്ധതി വിദ്യാർഥി കേന്ദ്രീകൃതമാകുന്പോൾ മിടുക്കുള്ള അധ്യാപകർ ഒഴിവാക്കപ്പെടുകയില്ല. പക്ഷേ, അവരുടെ ഭാഗധേയം പുനർനിർവചിക്കപ്പെടും. അവർ നിരന്തരം വിദ്യാർഥിയാകേണ്ടിവരും. ക്ലാസുകളിൽ തെറ്റു പഠിപ്പിച്ചാൽ അപ്പോഴേ ഇടപെടാൻ, ചോദ്യം ഉന്നയിക്കാൻ കണക്ടിവിറ്റിയുള്ള കുട്ടികൾക്കു കഴിയും.
സ്വഭാവ രൂപവത്കരണം
മാനവിക മൂല്യങ്ങൾ സ്വായത്തമാക്കുന്നതിനും സ്വഭാവം രൂപപ്പെടുത്തുന്നതിനും സാമൂഹ്യബോധം ആർജിക്കുന്നതിനും ഗുരുസാന്നിധ്യവും സഹപാഠികളുമായുള്ള ഇടപഴകലും വഴി മാത്രമേ സാധിക്കൂ. വിജ്ഞാന സന്പാദനത്തിനുമപ്പുറമുള്ള വിദ്യാഭ്യാസ ലക്ഷണമാണല്ലോ സ്വഭാവരൂപീകരണം. അതിനു മനുഷ്യമാതൃകകളെയേ വിദ്യാർഥികൾക്ക് ആശ്രയിക്കാനും അനുകരിക്കാനും കഴിയൂ. യന്ത്ര സാങ്കേതികത്വങ്ങൾക്കു കഴിയാത്ത ജൈവമേഖലകളിൽ ഗുരുവിനു പ്രസക്തിയേറും.
ഇ-വിദ്യാഭ്യാസത്തിന്റെ വലിയ പോരായ്മയായി കാണുന്നത് അതിന്റെ സമൂഹപരമായ ജൈവപാരന്പര്യത്തിന്റെ അഭാവമാണ്. ഒരു തലമുറയുടെ സമ്മേളനവും ഇടപഴകലും നടക്കുന്ന സ്കൂൾ-കോളജ് അന്തരീക്ഷം കുട്ടികൾക്കു നഷ്ടപ്പെടുന്നു. കുരുന്നു വ്യക്തിത്വങ്ങളെ ദ്വീപുകളിൽ പെടുത്തിയാലെന്നപോലെ നാം എന്ന വികാരത്തിനു പകരം ഞാൻ എന്ന വ്യക്തിസങ്കല്പമേ വളരാനിടയുള്ളു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സെമസ്റ്റർവത്കരണവും പരീക്ഷകളുടെ പ്രളയവും ഇത്തരമൊരു അന്തരീക്ഷം ഇപ്പോൾതന്നെ സൃഷ്ടിച്ചിട്ടുണ്ട്. ഒരു സഹകരണാത്മക സമൂഹമെന്ന കാഴ്ചപ്പാടിന് ഉടവുതട്ടിയാൽ നമ്മുടെ ജനാധിപത്യ ജീവിതക്രമവും അവതാളത്തിലാകാനിടയുണ്ട്.
ഡോ. ജോർജ് ജെ. പരുവനാടി
(തേവര എസ്എച്ച് കോളജ് മുൻ അധ്യാപകനാണു ലേഖകൻ)