സാക്ഷരതായത്നമോ അക്ഷര-"ക്ഷര'യത്നമോ?
Thursday, July 2, 2020 12:26 AM IST
"സാക്ഷരനഗരി' "സാക്ഷരകേരളം' എന്നൊക്കെ കൊട്ടിഘോഷിക്കുന്നതു കേട്ടുകേട്ടു സഹികെട്ടുനിൽക്കുന്പോൾ, 2011-ലെ ആസൂത്രണബോർഡിന്റെ റിപ്പോർട്ടു കണ്ടു, സന്പൂർണസാക്ഷരകേരളത്തിൽ 18 ലക്ഷം നിരക്ഷരർ ഉണ്ടെന്ന്! അതോടൊപ്പം, പ്രശ്നപരിഹാരത്തിന് "അക്ഷരശ്രീ പദ്ധതി', "അക്ഷരലക്ഷം പദ്ധതി', "അക്ഷരസാഗരപദ്ധതി', "തീരദേശസാക്ഷരതാ പദ്ധതി', "ചങ്ങാതി പദ്ധതി', "നവചേതനാ പദ്ധതി', "സാക്ഷരതാ തുടർച്ച വിദ്യാഭ്യാസ പദ്ധതി' എന്നിങ്ങനെ കേൾവിസുഖമുള്ള ഒട്ടേറെ പദ്ധതികൾ പ്രവർത്തനക്ഷമമാണെന്നും അവ വൻവിജയമാണെന്നുമൊക്കെയുള്ള വാർത്തകളും കണ്ടു! അതിനു തെളിവായി, തിരുവനന്തപുരം നഗരത്തിൽ 2,732 പേർ സാക്ഷരരായെന്നും 2,219 പേർ നാലാംതര തുല്യതാപരീക്ഷയും 1600 പേർ ഏഴാംതര തുല്യതാപരീക്ഷയും 522 പേർ പത്താംതര തുല്യതാപരീക്ഷയും 613 പേർ ഹയർസെക്കന്ററി തുല്യതാപരീക്ഷയും ജയിച്ചുവെന്നും അവകാശപ്പെടുന്നു. കൂടാതെ, മൂന്നു വർഷത്തിനിടെ (2017-20) സംസ്ഥാനത്ത് 1.05 ലക്ഷം പേർ സാക്ഷരത നേടിയെന്ന വാർത്തയും കണ്ടു.
സാക്ഷരതാസർട്ടിഫിക്കറ്റു നേടിയ, നാലാം തരത്തിലും ഏഴാം തരത്തിലും പത്താം തരത്തിലും പഠിക്കുന്ന കുട്ടികളുടെയിടയിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ ചോദിച്ചുകൊള്ളട്ടെ, തുല്യതാപരീക്ഷകളിൽ വിജയിച്ചവരിൽ എത്രപേർക്ക് ഭാഷയുടെ അക്ഷരങ്ങൾ മുഴുവനും ഇനം തിരിച്ച് എഴുതാനും വായിക്കാനുമറിയാം? സർക്കാർ, എയ്ഡഡ്, അണ്എയ്ഡഡ്, സിബിഎസ്ഇ എന്നിങ്ങനെയുള്ള എല്ലാ വിഭാഗത്തിലുംപെട്ട അഞ്ചു മുതൽ പത്തുവരെയുള്ള ക്ലാസുകളിലെ കുട്ടികളുടെയിടയിൽ നടത്തിയ പഠനത്തിൽ മലയാളഭാഷാക്ഷരങ്ങൾ ഇനം തിരിച്ചെഴുതാൻ ആവശ്യപ്പെട്ടിട്ടിട്ട്, 50%-ലേറെ കുട്ടികൾ പരാജയപ്പെടുകയാണുണ്ടായത്. ഈ കുട്ടികളുടെയൊക്കെ പ്രോഗ്രസ്കാർഡനുസരിച്ച് എല്ലാവരുംതന്നെ മലയാളത്തിന് "എ' ഗ്രേഡ് വാങ്ങി ജയിച്ചിട്ടുള്ളവരാണ്!
ഈ വ്യത്യാസത്തിന്റെ കാരണങ്ങൾ കണ്ടുപിടിക്കാൻ ശ്രമിച്ചപ്പോഴാണ് മനസിലായത്, ഒന്നു മുതൽ പത്തുവരെയുള്ള മലയാളപാഠാവലിയിൽ ഒരിടത്തുപോലും അക്ഷരമാല ചേർത്തിട്ടില്ല എന്ന്. അതിന്റെയും കാരണങ്ങൾ അന്വേഷിച്ചു. അപ്പോൾ കിട്ടിയമറുപടി: കുട്ടികളെ അക്ഷരമെഴുതാൻ പഠിപ്പിച്ചാൽ അവർക്കു മനഃക്ലേശമുണ്ടാകുമെന്നു മനഃശാസ്ത്രജ്ഞന്മാർ പറയുന്നു. ആശയം ഗ്രഹിച്ചാൽപോരേ, അക്ഷരം പഠിക്കണമെന്നുണ്ടോ എന്ന മറുചോദ്യവും കേൾക്കണ്ടവന്നു. ഭാഷാപണ്ഡിതന്മാരുടെ അഭിപ്രായമാരാഞ്ഞപ്പോഴാണു പാഠപ്പുസ്തകത്തിൽ അക്ഷരമാല ചേർക്കുന്നില്ല എന്ന വിവരം അവരറിയുന്നത്. അക്ഷരമില്ലാത്ത അക്ഷരാഭ്യാസം! ക്ഷരം (നാശം) സംഭവിക്കാത്തത് അക്ഷരം എന്നാണ് ആചാര്യന്മാർ പഠിപ്പിച്ചിട്ടുള്ളത്. അഭിനവ അക്ഷരാഭ്യാസികളുടെ അക്ഷര-"ക്ഷര'യത്നം അത്യന്തം അപലപനീയം എന്നല്ലാതെ എന്തു പറയേണ്ടൂ!
ആദരണീയനായ വിദ്യഭ്യാസമന്ത്രീ, പ്രൈമറിപള്ളിക്കൂടത്തിലെ മലയാളപാഠാവലിയിൽ അക്ഷരമാല ചേർക്കുന്നതിലെ ന്യായാന്യായങ്ങൾ പരിശോധിച്ചു യുക്തമായ നടപടി സ്വീകരിക്കണമെന്നു വിനയപുരസരം അഭ്യർഥിക്കുന്നു.
ഡോ. തോമസ് മൂലയിൽ