വില കൂടിയ ഈന്തപ്പഴങ്ങളും വിമാന ടിക്കറ്റുകളും
Sunday, July 5, 2020 12:21 AM IST
അനന്തപുരി / ദ്വിജൻ
കേരളത്തിലെ മനുഷ്യാവകാശ പ്രവർത്തകർ എന്തേ പലപ്പോഴും വളരെ തെരഞ്ഞെടുക്കപ്പെട്ട സംഭവങ്ങളിൽ മാത്രം പ്രതികരിക്കുന്നവരാകുന്നു? ഇവരിൽ പലരും പ്രശസ്തരായ പത്രപ്രവർത്തകരും എഴുത്തുകാരും സാമൂഹിക പ്രവർത്തകരും ഒക്കെയാണ്. ഇത്രമാത്രം ഗൗരവമുള്ളതോ എന്നു മറ്റുള്ളവർ സംശയിച്ചു പോകുന്ന പ്രവൃത്തികളിൽപോലും ഏറെ ആരവം ഉണ്ടാക്കുന്നവർ സമുഹത്തിലെ ചില പൈശാചിക നടപടികൾ കണ്ടിട്ടും എന്തേ വായും പൂട്ടി ഇരിക്കുന്നു? എന്തേ ചിലരുടെ കാര്യത്തിൽ മാത്രം സംസാരിക്കുന്നു? വലിയ ബുദ്ധിജീവികൾ അല്ലെങ്കിലും സമൂഹത്തിലെ സംഭവവികാസങ്ങൾ ശ്രദ്ധിക്കുന്ന സാധാരണക്കാരായ പലർക്കുമുള്ള സന്ദേഹമാണിത്.
പുരോഗമന സെക്കുലർ എന്നു പൊതുവേ കണക്കാക്കപ്പെടുന്ന പലരുടെയും ഇരട്ടത്താപ്പ് നിലപാടിന് ജീവിതത്തിൽനിന്ന് ഉത്തരം കണ്ടെത്തിക്കൊണ്ട്, ഫേസ്ബുക്കിൽ വന്ന ഒരു പോസ്റ്റ് വലിയ വെളിപ്പെടുത്തലാണ് നടത്തുന്നത്. നമ്മുടെ സാംസ്കാരിക ശബ്ദങ്ങൾ പലതും ഇങ്ങനെയാകുന്നതിന്റെ നേർചിത്രമായി അത്!
‘വാരിയൻകുന്നൻ’ സിനിമയ്ക്കു നേരേയുള്ള സംഘപരിവാർ ഭീഷണിയെ നേരിടാൻ എന്ന മട്ടിൽ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയത്തെ വെള്ളപൂശാൻ നടക്കുന്ന ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ആ കുറിപ്പ്. അറിയപ്പെടുന്ന ഇടതുപക്ഷക്കാരനായ ആഷിക് അബുവിന്റെ സിനിമയ്ക്കു വേണ്ടി നടക്കുന്ന ആരവങ്ങളെയാണ് ഫേസ്ബുക്ക് പോസ്റ്റിട്ട് എറണാകുളത്തെ ഇടതുപക്ഷ സ്ഥാനാർഥിയായിരുന്ന ആൾ വിമർശിക്കുന്നതെന്നും ഓർക്കണം. ‘വാരിയൻകുന്നന് ’ നേരേ സംഘപരിവാറുകാർ നടത്തിയ നീക്കങ്ങളിൽ ആശങ്കയുള്ളവർക്കുപോലും ഇതാണോ സത്യം എന്ന ചിന്ത ഉണ്ടാക്കുന്നു ഈ പോസ്റ്റ്.
വിവാദം ഉണ്ടായതിനെ തുടർന്ന് വാരിയൻകുന്നന്റെ അറിയപ്പെടുന്ന തിരക്കഥാകൃത്ത് റമീസ് മുഹമ്മദ് പിന്മാറിയത് ശ്രദ്ധിക്കണം. താൻ ഉറച്ച ഇസ്ലാം വിശ്വാസിയാണ് എന്ന് ഏറ്റുപറഞ്ഞുകൊണ്ടാണ് അദ്ദേഹം പിന്മാറ്റം പ്രഖ്യാപിച്ചത്. കുറെ കഴിയുന്പോൾ തിരിച്ചെത്താം എന്ന പ്രത്യാശയിലാണ് വിട പറഞ്ഞതും. റമീസിനു സ്വന്തം വിശ്വാസം നിലനിർത്താനും പറയാനും ഉള്ള സ്വാതന്ത്ര്യം മറ്റു വിശ്വാസികൾക്കും ഉണ്ട് എന്നത് പല സാംസ്കാരികനായകരും മറന്നുപോകുന്നു. ഒരു കൂട്ടർ മാത്രം അവരുടെ വിശ്വാസം പറയുന്നത് വർഗീയതയാകും! വാരിയൻകുന്നന്റെ പിന്നിൽ എസ്ഡിപിഐ ആണെന്ന സംഘികളുടെ വാദം വിശ്വസിച്ചുപോവുകയാണ്. ആഷിക്കും പൃഥ്വിരാജും ഒക്കെ അങ്ങനെ വീഴുമോ എന്ന് സംശയിച്ചവർക്കും ഉദാഹരണങ്ങൾ ഭീതിപ്പെടുത്തുന്നതാകുന്നു.
വല്ലാത്ത നിശബദ്ത
വാരിയൻകുന്നനു വേണ്ടി കളത്തിലിറങ്ങിയിരിക്കുന്ന പലരും തൊടുപുഴയിൽ കോളജ് അധ്യാപകനായിരുന്ന ജോസഫിന്റെ കൈ വെട്ടിമാറ്റിയപ്പോഴും എറണാകുളം മഹാരാജാസ് കോളജിൽ അഭിമന്യു എന്ന വിദ്യാർഥി കൊലചെയ്യപ്പെട്ടപ്പോഴും എന്തേ ശബ്ദിക്കാതിരുന്നു എന്ന ചോദ്യം ചോദിച്ചുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് ഈ വക്താക്കൾ ഇങ്ങനെയാകുന്നതിന്റെ പിന്നിലെ ഒരു രഹസ്യം വെളിപ്പെടുത്തുന്നത്. കേരളത്തിലെ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളെക്കുറിച്ച് ഇവരാരും പറയാറില്ല എന്ന സത്യം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് തന്റെ സാക്ഷ്യം പറയുന്നത്. അദ്ദേഹം ഉദ്ധരിക്കുന്ന രണ്ടു കേസിന്റെയും അന്വേഷണത്തിൽ കേരള പോലീസ് കാണിച്ച ‘ശുഷ്കാന്തി’യും ശ്രദ്ധിക്കണം.
ഇടതുപക്ഷം ഭരിക്കുന്ന കാലത്തുപോലും കേരള പോലീസിന് അഭിമന്യുവിന്റെ കൊലപാതകിയെ പിടിക്കാനായില്ല എന്നതു ചെറിയ കാര്യമല്ല. അവസാനം അയാൾ തീരുമാനിച്ചപ്പോൾ കീഴടങ്ങി. കേരള പോലീസിന്റെ ആസ്ഥാനത്തുനിന്നും രഹസ്യാന്വേഷണ വിഭാഗത്തിൽനിന്നും രഹസ്യങ്ങൾ ചോർത്തിക്കൊടുത്ത ചാരപ്പണി നടത്തിയ പോലീസുകാരനെക്കുറിച്ചും ഒക്കെ ഉണ്ടായ വെളിപ്പെടുത്തലുകൾ ഇവിടെ കൂട്ടിവായിക്കണം. ഏറെ പറഞ്ഞാൽ പ്രഫ. ജോസഫിനും അഭിമന്യുവിനും ഉണ്ടായ അനുഭവം ഉണ്ടാവില്ലേ എന്ന ഭയം സമൂഹത്തിൽ പടരുന്നു!
സാംസ്കാരിക രഹസ്യം!
ഇസ്ലാമിസ്റ്റുകളെക്കുറിച്ച് നിശബ്ദത പാലിക്കുകയും മറ്റു വിഷയങ്ങളിൽ ശക്തമായി പ്രതികരിക്കുകയും ചെയ്യുന്ന തന്റെ ഉറ്റബന്ധുവിനെയാണ് അദ്ദേഹം ഉദാഹരണമാക്കുന്നത്. മൗദൂദികളെ ന്യായീകരിക്കുന്ന അദ്ദേഹവുമായി നടത്തിയ സംവാദങ്ങളിൽ മൗദൂദികൾ തീവ്രവാദികളല്ലെന്നും പരിസ്ഥിതി-ദളിത് -മനുഷ്യാവകാശ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവരാണെന്നും ഒഴുക്കൻ മട്ടിൽ പറഞ്ഞുകൊണ്ട് അദ്ദേഹം തന്റെ പണി തുടരുകയാണ് എന്ന് പോസ്റ്റിൽ സങ്കടപ്പെടുന്നു. ഈ പാവങ്ങൾ അദ്ദേഹത്തിനു കൊടുത്തുവിടുന്ന ‘വിലകൂടിയ ഈന്തപ്പഴങ്ങളും വിദേശയാത്രയ്ക്കുള്ള വിമാനടിക്കറ്റുകളും’ കണ്ടതോടെ അദ്ദേഹം എന്തുകൊണ്ടാണ് ഈ പണിക്കു നടക്കുന്നതെന്ന് തനിക്കു മനസിലായി എന്നും അതോടെ സംവാദം നിർത്തി എന്നും ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു.
ജനകീയ വിഷയങ്ങൾക്കു പിന്നിൽ!
സാധാരണക്കാരുടെ കണ്ണുകളിൽ അവർ ഇടപെടുന്നത് സജീവ സാമൂഹിക വിഷയങ്ങളിലാണ്. പ്ലാച്ചിമടിയിലും റിലയൻസ് വിരുദ്ധ സമരത്തിലും എല്ലാം അവരുണ്ട്. ദളിത്-പരിസ്ഥിതി പ്രശ്നങ്ങളാണ് മിക്കവാറും കൈകാര്യം ചെയ്യുക. കൈയടി കിട്ടുന്ന വിഷയങ്ങൾ. കന്യാസ്ത്രീകൾ സഭയ്ക്കെതിരെ നടത്തുന്ന സമരത്തിലും അവരുണ്ട്. കൊച്ചു കുട്ടികളെ തൊപ്പിയും ഇടുവിച്ച് പൊരിവെയിലത്ത് കൊണ്ടുവന്നിരുത്തി സമരം ചെയ്യിക്കും. മറ്റ് ഏതു സമുദായത്തിൽ നടക്കുന്ന പീഡനങ്ങളും അവർ വിഷയമാക്കും. തങ്ങളുടെ ഇമാമുകളെക്കുറിച്ചുള്ള കഥകൾ വിഴുങ്ങും.
അവർ ഉണ്ടാക്കിക്കൊടുക്കുന്ന വേദികളിൽ മാത്രം സംസാരിക്കുന്ന സാംസ്കാരിക നായകർ പിന്നെ എങ്ങനെ സംസാരിക്കും? ചിലപ്പോൾ മുഖംമൂടി അഴിഞ്ഞു വീഴാറുണ്ട്. പണ്ട് ബിനോയ് കോടിയേരിക്കെതിരായ കേസ് സജീവമായിരുന്ന കാലത്ത് ഒരു പത്രവുമായി ബന്ധപ്പെട്ട ഒരു ബുദ്ധിജീവി വളരെ ഒഴുക്കൻ മട്ടിലാണെങ്കിലും ഇനി രണ്ടു ഭാര്യമാരുമായി ജീവിക്കണമെങ്കിൽ ഞങ്ങളുടെ കൂടെ പോരൂ എന്നു നടത്തിയ ആഹ്വാനം ആ ബുദ്ധിജീവിയുടെ മനസ് കാണിച്ചുതരുന്നതായിരുന്നു!
ബാബറി മസ്ജിദും ഹാഗിയ സോഫിയയും
ആർഎസ്എസിനെതിരെ പറയാൻ കിട്ടുന്ന ഒരവസരവും അവർ ഉപയോഗിക്കാതിരിക്കില്ല. അതേസമയം ഇസ്ലാമിക് തീവ്രവാദികൾ നടത്തുന്ന ആക്രമണങ്ങളിൽ നിശബ്ദരാകും. ബാബറി മസ്ജിദ് അവർക്ക് വലിയ വിഷയമാണ്. യുനെസ്കോയുടെയും ലോക രാജ്യങ്ങളുടെയും ആഹ്വാനം ഉണ്ടായിട്ടും തുർക്കിയിലെ ചരിത്ര പ്രസിദ്ധ ക്രൈസ്തവ ദേവാലമായ ഹാഗിയ സോഫിയ മോസ്ക്കാക്കുന്നതിൽ അവർക്ക് വിഷമമില്ല. 532 ൽ ജസ്റ്റീനിയൻ ചക്രവർത്തി നിർമിച്ചതാണ് കോണ്സ്റ്റാന്റിനോപ്പിളിലെ ഈ ദേവാലയം. അതു മോസ്ക്കാക്കുന്നതിനെതിരെ പറയുന്നവനെ നിശബ്ദനാക്കുക പോലും ചെയ്യും. അപ്പോൾ സാംസ്കാരിക നായകർ മിണ്ടില്ല.
2006 സെപ്റ്റംബർ ഒന്നിന് ജർമനിയിലെ റേഗൻസ്ബർഗ് സർവകലാശാലയിൽ പ്രസംഗിച്ച ബനഡിക്ട് പതിനാറാമൻ മാർപാപ്പ ബൈസന്റൈൻ ചക്രവർത്തി മാനുവൽ രണ്ടാമനെ ഉദ്ധരിച്ചതിനെ വിമർശിച്ചവർ ലോകത്തിന്റെ വിവിധ നഗരങ്ങളിൽ ക്രൈസ്തവർ ആക്രമിക്കപ്പെട്ടപ്പോൾ മിണ്ടിയില്ല. ലിബിയയിൽ 21 ക്രൈസ്തവരെ മുസ്ലിം തീവ്രവാദികൾ വെട്ടിക്കൊന്നപ്പോഴും ഇവരാരും ശബ്ദിച്ചില്ല.
തങ്ങളുടെ നിലപാടിനോടു യോജിപ്പില്ലാത്തവരെ എത്ര മോശമായും ചാനൽ ചർച്ചകളിൽ ചിത്രീകരിക്കും എന്നതിന്റെ ഉദാഹരണങ്ങൾ പലതുണ്ട്. ഭാരതത്തിൽ ഏകീകൃത സിവിൽ നിയമം ഏർപ്പെടുത്താൻ പോകുന്നു എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ അംഗീകരിക്കുന്നു എന്നു പറഞ്ഞ സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ ചാനൽ ചർച്ചയിൽ എം.ഇ.എസിന്റെ വക്താവായി വന്ന ഡോ. ഫസൽ ഗഫൂർ ഉപയോഗിച്ച വാക്കുകൾ കേട്ടവർക്ക് ഗഫൂറിന്റെ തനിനിറം മനസിലായിക്കാണണം. മാർ ആലഞ്ചേരിക്കെതിരെ സംഘടിപ്പിക്കപ്പെട്ട സമരങ്ങളിൽ ഇത്തരം സാംസ്കാരിക നായകരെല്ലാം സജീവ സാന്നിധ്യമായിരുന്നത് കൂട്ടിവായിക്കുക. പിന്നിൽ വലിയ തിരക്കഥകളുണ്ട് എന്നു കരുതാനാണു ന്യായം.
കേരളത്തിൽ നടക്കുന്ന ലൗ ജിഹാദിനെക്കുറിച്ചു പറയുന്പോൾ ലൗ ജിഹാദില്ല എന്നു പറയാൻ ഇത്തരം സാംസ്കാരികനായകർ രംഗത്തിറങ്ങും. വീട്ടിൽ കയറി പെണ്കുട്ടികളെ പിടിച്ചുകൊണ്ടു പോയാൽ മനുഷ്യാവകാശക്കാർ മിണ്ടില്ല. നന്നായി വളർത്താത്തതു കൊണ്ടല്ലേ എന്നുവരെ ചോദിച്ചേക്കും. അന്വേഷണം നടത്തി ലൗജിഹാദ് ഉണ്ടെന്ന് കണ്ടെത്തിയ പോലീസ് റിപ്പോർട്ട് പോലീസ് ആസ്ഥാനത്ത് പൂഴ്ത്തിവയ്പിക്കാൻ അവർക്കാകുന്നു. ആ റിപ്പോർട്ട് ഇപ്പോൾ അവിടെ ഉണ്ടാകുമോ ആവോ? അവിടെനിന്നു പിടികൂടിയ ചില ചാരന്മാരുടെ പ്രവൃത്തികളുമായി ചേർത്തു വായിക്കുന്പോൾ സ്വാഭാവികമായി തോന്നുന്ന സംശയമാണിത്.
സമർഥമായ കളികൾ
ജമാഅത്തെ ഇസ്ലാമിയും അവരുടെ മുഖപത്രവും രാഷ്ട്രീയ പാർട്ടിയായ വെൽഫയർ പാർട്ടിയും എല്ലാം സമൂഹത്തിൽ നടത്തുന്ന കളികൾ പലതും മുൻപറഞ്ഞ ഫേസ്ബുക്ക് പോസ്റ്റിൽ വിവരിക്കുന്നു. ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനായ മൗദൂദിയുടെ കാലം മുതലുള്ള കഥ പറഞ്ഞു കൊണ്ട് തീവ്രവാദത്തിന്റെ കേരളത്തിലെ മുഖമായിട്ടുണ്ട് പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തനം എന്ന് അതിൽ സമർഥിക്കുകയാണ്.
പൊതു സ്വീകാര്യത ഉള്ള ആളുകളെ കൈയിലെടുത്ത് തങ്ങളുടെ വേദികളിൽ എത്തിച്ച് ഇല്ലാത്ത മാന്യത അവർ നേടിയെടുക്കുന്നതിന്റെ ആപത്ത് സമൂഹം മനസിലാക്കണം എന്ന് ആഗ്രഹിച്ചാണ് താൻ ഈ കുറിപ്പ് ഇടുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റ് വ്യക്തമാക്കുന്നു. മൗദൂദികളുടെ സംരക്ഷണത്തിനു വലിച്ചടുപ്പിക്കപ്പെട്ടിരിക്കുന്ന അന്യസമുദായങ്ങളിൽ പെട്ട ഉന്നത ഉദ്യോഗസ്ഥർ മുതൽ പുരോഹിതർ വരെയുള്ളവർ ഈ സൂചന മനസിലാക്കിയിരുന്നെങ്കിൽ! പ്രസംഗിക്കാൻ ചെന്നു മടങ്ങുന്പോൾ കിട്ടുന്ന കനമുള്ള പേഴ്സും ഈ പ്രസ്ഥാനക്കാർക്കു കൊടുക്കുന്ന പ്രശംസയ്ക്കു സോഷ്യൽ മിഡിയയിൽ കിട്ടുന്ന ലൈക്കുകളും പോലെ പലതും മനസിൽ കണ്ടുചാടിപ്പുറപ്പെടുന്നവർ എങ്ങനെ ദുരുപയോഗിക്കപ്പെടുന്നു എന്ന് മനസിലാക്കിത്തരുന്നുണ്ട് ഈ കുറിപ്പ്.
ലീഗും ധാരണയും
വല്ലാത്ത പ്രതിസന്ധിയിലായ ജനാധിപത്യമുന്നണിയിൽ മുസ്ലിം ലീഗ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ വെൽഫയർ പാർട്ടിയുമായി ധാരണ ഉണ്ടാക്കും എന്നു പറയുന്നത് ഇതുമായി കൂട്ടിവായിക്കണം. പണ്ട് ഇ.എം.എസ് പറഞ്ഞ ഒരു രാഷ്ട്രീയ നിലപാടുണ്ട്. ഞങ്ങൾക്കു തൊടാൻ പാടില്ലാത്തവർ ഉണ്ട്. എന്നാൽ തൊട്ടവനെ തൊടില്ല എന്ന നിലപാട് ഇല്ലതാനും.തലയിൽ മുണ്ടിട്ടു കൊണ്ടുള്ള ഒരു ബാന്ധവം. അതായത് ലീഗ് വഴി ജനാധിപത്യമുന്നണിയിലേക്ക് കടക്കുകയാണ് വെൽഫയർ പാർട്ടി. മുസ്ലിം സമുദായത്തിൽ തങ്ങളുടെ ശക്തിക്കു ചോർച്ച ഉണ്ടായി എന്ന് ലീഗ് സമ്മതിക്കുന്നതിന്റെ കൂടി ഫലമാണ് ഈ കൂട്ടുകെട്ട്.
അതായത് ജനാധിപത്യമുന്നണിയുടെ നിയന്ത്രണം ഈ രണ്ടു പാർട്ടികളുടെ കൈയിലാവുകയാണ്. പൊതുസമ്മതരായ വ്യക്തികളെ മുൻനിർത്തി നിയന്ത്രണം ഏറ്റെടുക്കാനുള്ള അണിയറക്കളികൾ. രമേശ് ചെന്നിത്തലയ്ക്കു വല്ല തട്ടുകേടും ഉണ്ടായാൽ കേരളത്തിലെ കോണ്ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയാകാം എന്നു കരുതപ്പെടുന്ന കെ. മുരളീധരൻ തന്നെ വെൽഫെയർ പാർട്ടിയുടെ സമ്മേളനം ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. കേരള കോൺഗ്രസ് -എം ജോസ് കെ. മാണി വിഭാഗത്തെ പുറത്താക്കിയതിലൂടെ ഉണ്ടായ ക്ഷീണം അങ്ങനെ മാറ്റാം എന്ന മൂടുപടമാവും അവർ ഇടുന്നത്. ജോസ് വിഭാഗത്തിന് സ്വാധീനമുള്ള മേഖലകളിലെ തിരിച്ചടികൾ കൂടിയാകുന്പോൾ കോണ്ഗ്രസിന് എന്താവും സംഭവിക്കുക എന്ന ഭയമുള്ളവരുണ്ട്. ഇപ്പോൾത്തന്നെ രണ്ട് അംഗങ്ങൾ കൂടുതലുള്ളതുകൊണ്ടാണ് പ്രതിപക്ഷ നേതൃസ്ഥാനം കോണ്ഗ്രസിനുള്ളത്.
കൃത്യമായി രാഷ്ട്രീയം കളിക്കുന്നവരാണ് മുസ്ലിംലീഗുകാർ. സർവ സമുദായ ഉന്നതിക്കായി അധികാരത്തിലെത്തുന്നവർക്കു വേണ്ടത് വില കൂടിയ ഈന്തപ്പഴങ്ങളും വിദേശ യാത്രകളും മാത്രം.