കുടക്കച്ചിറ അന്തോനി കത്തനാർ നസ്രാണികളുടെ വീരപുത്രൻ
Tuesday, July 21, 2020 10:27 PM IST
കേരളത്തിലെ ക്രൈസ്തവ സമൂഹം ജന്മംനൽകിയിട്ടുള്ള പ്രതിഭാശാലികളിലും ധിഷണാശാലികളിലും ഉല്പതിഷ്ണുക്കളിലും അഗ്രഗണ്യനാണു കുടക്കച്ചിറ അന്തോനി കത്തനാർ. പാശ്ചാത്യ മേധാവിത്വത്തിൽനിന്നു കേരളസഭയെ മോചിപ്പിച്ചു മാർത്തോമ്മാസഭയുടെ വ്യക്തിത്വവും അസ്തിത്വവും നിലനിർത്താൻ അക്ഷീണം യത്നിച്ച ധീര സഭാസ്നേഹിയാണ് ഇദ്ദഹം.
പാലായിൽ ജനിച്ചുവളർന്ന അന്തോനിച്ചൻ അക്കാലത്ത് പ്രസിദ്ധരായിരുന്ന കുന്നേലച്ചൻ, പൂണ്ടിക്കുളത്ത് മല്പാനച്ചൻ, മുപ്രയിൽ മല്പാനച്ചൻ എന്നിവരിൽനിന്നു സുറിയാനിഭാഷയും മട്ടാഞ്ചേരി പള്ളിവികാരി നെറിഞ്ഞുപാതിരിയിൽനിന്നു പോർച്ചുഗീസ്, ലത്തീൻ ഭാഷകളും പഠിച്ചശേഷമാണു കൊവേന്തയിൽ ചേരുകയെന്ന ആഗ്രഹപൂർത്തീകരണത്തിനായി 1838-ൽ മാന്നാനം സെമിനാരിയിൽ ചേർന്നത്. മാന്നാനം സെമിനാരി നിയന്ത്രിച്ചിരുന്നതു യൂറോപ്യൻ അച്ചന്മാരായിരുന്നു. അവിടെ സന്യാസ വൈദികവിദ്യാർഥികളെയും ദേശത്തു പട്ടത്തിനുള്ള വൈദിക വിദ്യാർഥികളെയും രണ്ടായി കണ്ടാണു പഠിച്ചിച്ചിരുന്നത്. ഈ രീതിയെ ശക്തമായി എതിർത്ത അന്തോണി ശെമ്മാശന് അവിടം വിട്ടുപോരേണ്ടിവന്നു. തുടർന്ന്, പാലാ കട്ടക്കയത്ത് മല്പാനിൽനിന്നും പൂഞ്ഞാർ പൂണ്ടിക്കുളത്ത് ഇട്ടി ഐപ് മല്പാനിൽനിന്നും വൈദികപരിശീലനം പൂർത്തിയാക്കുകയും വരാപ്പുഴ മെത്രാൻ ലുദൂവിക്കൂസിൽനിന്ന് 1846-ൽ വൈദികപട്ടം സ്വീകരിക്കുകയും ചെയ്തു.
വൈദിക വിദ്യാർഥിയായിരുന്ന കാലംമുതൽക്കേ മലങ്കരസഭയ്ക്കു സ്വജാതീയ മെത്രാന്മാരെ ലഭിക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഇദ്ദേഹം വ്യാപൃതനായിരുന്നു. അതിനായി പള്ളികൾ ചുറ്റിനടന്നു പ്രസംഗിച്ചു. സ്വന്തം റീത്തിൽപ്പെട്ട മെത്രാന്മാരെ കിട്ടുന്നതിനായി റോമിലേക്കും പോർച്ചുഗലിലേക്കും മലങ്കരക്കാർ ഹർജികൾ അയച്ചുകൊണ്ടിരുന്നു. ഒരു കൽദായ സുറിയാനി മെത്രാനെ ബാബിലോണിൽനിന്നു തങ്ങൾക്കു കിട്ടണമെന്നുകാണിച്ചു ഹർജി തയാറാക്കി സുറിയാനി പട്ടക്കാരുടെയും പള്ളിക്കാരുടെയും ഒപ്പു ശേഖരിക്കേണ്ട ചുമതല അന്തോനിച്ചനും മറ്റു ചില വൈദികർക്കുമായിരുന്നു.
1846 മുതൽ 1850 വരെ അന്തോനിച്ചൻ അരുവിത്തുറ പള്ളി വികാരിയായിരുന്ന കാലത്ത് പ്ലാശനാലിൽ പണികഴിപ്പിച്ചതാണ് സെന്റ് മേരീസ് ദേവാലയവും വിശുദ്ധ അന്തോനീസിന്റെ നാമത്തിലുള്ള സന്യാസാശ്രമവും സെമിനാരിയും. വരാപ്പുഴ മെത്രാൻ മാർ ബർണദിനോസ്, വിശുദ്ധ ചാവറ ഏലിയാസ് കുര്യാക്കോസ് അച്ചൻ തുടങ്ങിയവർ ഈ ആശ്രമത്തിൽവന്നു താമസിച്ചതിനു രേഖകളുണ്ട്. ആശ്രമത്തോടനുബന്ധിച്ചു നടത്തിപ്പോന്ന സെമിനാരിയിലെ വൈദിക വിദ്യാർഥികൾക്കു പഠനം പൂർത്തിയാക്കുന്ന മുറയ്ക്കു പട്ടം കൊടുക്കാൻ മാർ ബർണദിനോസിനോട് അന്തോനിച്ചൻ അപേക്ഷിച്ചു. മാർ ബർണദിനോസ് ആ ആവശ്യം നിരസിച്ചു. ഇതിനെതിരെ പാത്രിയാർക്കീസിനെ കണ്ടു ഹർജി സമർപ്പിക്കാൻ അന്തോനിച്ചൻ തീരുമാനിച്ചു.
ബാബിലോണിൽ പാത്രിയാർക്കീസിനെ നേരിൽക്കണ്ടു ഹർജി സമർപ്പിക്കാൻ കടനാട് ഇല്ലിക്കൽ ദേവസ്യ, പ്ലാശനാൽ കുന്പടിയാമ്മാക്കൽ തോമ്മാ എന്നീ വൈദികരോടും ഏതാനും വൈദിക വിദ്യാർഥികളോടുമൊപ്പം അന്തോനിച്ചൻ ബാഗ്ദാദിലേക്കു യാത്ര പുറപ്പെട്ടു. ആദ്യം മദ്രാസിലും പിന്നെ ബോംബെയിലുമെത്തി. പനി പിടിപെട്ട് യാത്രയ്ക്കിടയിൽ ചില യുവാക്കൾ മരിച്ചു. ബോംബെയിൽനിന്നു ദേവസ്യാച്ചനും തോമ്മാച്ചനും നാട്ടിലേക്കു മടങ്ങി. അന്തോനിച്ചനും സഹയാത്രികരും 1854-ൽ ബാഗ്ദാദിൽ എത്തിച്ചേർന്നു. ഒരു മെത്രാനെ ലഭിക്കുന്നതിനു ജനങ്ങളുടെ ഭാഗത്തുനിന്നു ദേശക്കുറിയും അയയ്ക്കപ്പെടുന്ന മെത്രാന്റെ യാത്രച്ചെലവും സംഘടിപ്പിക്കുന്നതിനായി അന്തോനിച്ചൻ രണ്ടുവർഷത്തിനുശേഷം മലയാളത്തിലേക്കു മടങ്ങി.
മലയാളത്തിൽ മടങ്ങിയെത്തിയ കുടക്കച്ചിറ അന്തോനി കത്തനാരെ വരാപ്പുഴ മെത്രാപ്പോലീത്ത ബർണദിനോസ് മഹറോൻ ചൊല്ലി. 15 മാസത്തിനുശേഷം അന്തോനിച്ചനും കുറെ ശെമ്മാശന്മാരും 1857-ൽ ബസ്റയിലെത്തി. മിക്കവർക്കും പനി പിടിപെട്ടു.
1857 ജൂലൈ 22-ന് അന്തോനിച്ചനും ഇല്ലിക്കലച്ചനും കൂടെയുള്ളവരിൽ ചിലരും മരണമടഞ്ഞു. മരിക്കുന്നതിനുമുന്പ് പ്രീഫക്ട് അപ്പസ്തോലിക്ക അന്തോനിച്ചനു മഹറോനിൽനിന്നു വിടുതൽ നൽകി.
മാത്യു മണ്ണാറകം