ഫാംഗ് ബിനും ചെൻ ക്വിഷിയും റെൻ സിക്വിയാംഗും എവിടെ
Monday, November 16, 2020 10:48 PM IST
എതിര്സ്വരങ്ങളെ എന്നും അടിച്ചമര്ത്തിയ ചരിത്രമാണ് ചൈനീസ് സർക്കാരിനുള്ളത്. വുഹാനിൽനിന്ന് പടര്ന്നുപിടിച്ചത് ന്യൂമോണിയയല്ല അപകടകാരിയായ കൊറോണ വൈറസ് പരത്തുന്ന പകര്ച്ചവ്യാധിയാണെന്ന് വിളിച്ചുപറഞ്ഞതിന്റെ പേരിൽ ഡോ. ലി വെന്ലിയാംഗിനെതിരേ കേസെടുത്ത് പീഡിപ്പിച്ചതിനു പിന്നാലെ സത്യം വിളിച്ചുപറഞ്ഞതിന്റെ പേരിൽ തുടർന്നും പീഡനങ്ങളുണ്ടായി. ആശുപത്രികളിലെ കെടുകാര്യസ്ഥതയും ദയനീയാവസ്ഥയും അന്താരാഷ്ട്രസമൂഹത്തിനു മുന്നില് വീഡിയോയിലൂടെ എത്തിച്ച രണ്ടു മാധ്യമപ്രവർത്തകരെ അധികൃതർ നിശബ്ദരാക്കി. സ്വതന്ത്ര മാധ്യമപ്രവർത്തകരും യൂട്യൂബർമാരുമായ ചെൻ ക്വിഷി, ഫാംഗ് ബിൻ എന്നിവരാണ് സത്യം വിളിച്ചുപറഞ്ഞതിന് അധികൃതരുടെ നോട്ടപ്പുള്ളികളാകുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തത്. കൊറോണ വൈറസ് പടരുന്നത് നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട ചൈനീസ് പ്രസിഡന്റ് ഷി ജിന്പിംഗിനെ ’കോമാളി’ എന്നുവിളിച്ചതിന്റെ പേരിലും ലേഖനം എഴുതിയതിന്റെ പേരിലും വിമര്ശനങ്ങള്ക്ക് വിധേയനായിരുന്ന പ്രസിദ്ധനായ റിയല് എസ്റ്റേറ്റ് കമ്പനി മേധാവി റെന് സിക്വിയാംഗിനെ അഴിമതിക്കുറ്റം ചുമത്തി 18 വർഷം തടവുശിക്ഷയ്ക്ക് വിധിച്ചതും ലോകം കണ്ടു. ചൈനീസ് കമ്യൂണിസ്റ്റ് പാര്ട്ടിയുടെ മുന് അംഗമായ അദ്ദേഹത്തെക്കുറിച്ച് മാര്ച്ച് 12 മുതൽ വിവരമൊന്നുമില്ല. സര്ക്കാര് നിയന്ത്രണത്തിലുള്ള ഹ്വായുവാന് റിയല് എസ്റ്റേറ്റ് ഏജന്സിയുടെ തലവനായിരുന്നു അദ്ദേഹം. ഷീ ജിൻപിംഗിന്റെ കടുത്ത വിമർശകൻകൂടിയായിരുന്നു സിക്വിയാംഗ്.