മുന്നിൽ നിന്നാൽ മതി, മുകളിൽ കയറേണ്ട!
Friday, July 30, 2021 12:17 AM IST
ഔട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
മുണ്ടും മാടിക്കുത്തി ഡെസ്കിനു മുകളിൽ കയറി നിൽക്കാൻ ധൈര്യം കാണിച്ചാൽ ബെഞ്ചിനു മുന്നിലും നിൽക്കേണ്ടി വരും... നിയമസഭ അതിക്രമക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു കോടതിയിലെത്തിയ സർക്കാരിനോടു സുപ്രീംകോടതി പറഞ്ഞതിന്റെ പൊരുൾ ഇതാണ്. തരിപ്പണമാക്കാൻ നിയമസഭയിലെ ഡെസ്കിനു മുകളിൽ കയറാമെങ്കിൽ വിചാരണയ്ക്കു കോടതിയിലെ ബെഞ്ചിനു മുന്നിലും നിൽക്കാം... എങ്കിലും കോടതിയിലെ ബെഞ്ചിന്റെ മുന്നിൽ നിന്നാൽ മതി, മുകളിൽ കയറേണ്ട!
നിയമസഭയിലെ കൈയാങ്കളിക്കു കൊടിപിടിക്കാൻ ഒരു പട തന്നെ ഉണ്ടായിരുന്നെങ്കിലും എല്ലാംകൂടി ഇപ്പോൾ ശിവൻകുട്ടിസാറിന്റെ പുറത്തേക്ക് ഉരുണ്ടുകയറുന്ന സ്ഥിതിയിലാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. ഡെസ്കിനു മുകളിലെ ഡിസ്കോയും മേശപ്പുറത്തെ യോഗാസനവും ഹിറ്റ് ആയി മാറിയതോടെയാണ് ശിവൻകുട്ടിസാർ സ്റ്റാർ ആയി മാറിയത്. ഇപ്പോൾ കേസിൽ വിധി വന്നപ്പോഴും പ്രതിപക്ഷം അടക്കം വട്ടംപിടിച്ചിരിക്കുന്നതു ശിവൻകുട്ടിയെത്തന്നെ. നിയമസഭയുടെ മേശപ്പുറത്തു ശവാസനം നടത്തിയ മന്ത്രിയെ തങ്ങൾക്കു വേണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ പക്ഷം.
എന്നാൽ, ആധുനിക സമൂഹത്തിലെ ജനാധിപത്യ പ്രക്രിയയുടെ പുരോഗമനാത്മകമായ ഇടപെടലിന്റെ ഉത്തമദൃഷ്ടാന്തമാണ് നിയമസഭയിൽ ദൃശ്യമായതെന്നാണ് പോളിറ്റ് ബ്യൂറോയുടെ വട്ടമേശ സമ്മേളനത്തിൽ കണ്ടെത്തിയത്. എന്തുകൊണ്ടു നമ്മൾ മേശപ്പുറത്തു കയറി എന്നതു ലളിതമായ ഭാഷയിൽ പറഞ്ഞുകൊടുത്തുകൂടേയെന്ന് അണികൾക്കു ചോദിക്കാം, പക്ഷേ, നേതാക്കൾക്കു പാർട്ടിഭാഷയിലല്ലേ സംസാരിക്കാനാകൂ.
എങ്കിലും, നിങ്ങൾ ഒരു കാര്യം മനസിലാക്കണം, നിങ്ങളൊക്കെ വിചാരിക്കുന്നതുപോലെ നിയമസഭയിൽ അതിക്രമം കാണിക്കാനല്ല ശിവൻകുട്ടിസാർ അന്നു ഡെസ്കിനു മുകളിൽ കയറിയത്. താൻ എന്നെങ്കിലും വിദ്യാഭ്യാസ മന്ത്രിയാകുമെന്നു പുള്ളിക്കാരന് അന്നേ അറിയാമായിരുന്നു. ക്ലാസിലെ പിള്ളേർ ബെഞ്ചിൽ കയറുന്നവരാകുന്പോൾ അവർക്കുള്ള മന്ത്രി മിനിമം ഡെസ്കിലെങ്കിലും കയറിയ ചരിത്രം ഉണ്ടാവേണ്ടേ എന്നു കരുതിയാണ് അന്ന് അദ്ദേഹം അങ്ങനെ ചെയ്തതത്രേ.
അതുകൊണ്ടാണല്ലോ സുപ്രീംകോടതിവിധി വന്നതിനു പിന്നാലെ താൻ തെറ്റുകാരനല്ല എന്നു നിഷ്കളങ്കമായി മാഷ് പറഞ്ഞതും. നിയമസഭയിലെ കംപ്യൂട്ടർ എന്തിനാണ് എടുത്തെറിഞ്ഞു തല്ലിപ്പൊട്ടിച്ചതെന്നു ചിലർ ചോദിക്കുന്നുണ്ട്. ശിവൻകുട്ടി സാറിനു ഗുരുകുല വിദ്യാഭ്യാസത്തോടുള്ള ഇഷ്ടംകൊണ്ടാണ് കംപ്യൂട്ടർ തല്ലിപ്പൊട്ടിച്ചതെന്നു പറഞ്ഞാൽ അതിൽ തെറ്റുണ്ടോ? മേശയ്ക്കു മുകളിൽ കയറി മുണ്ട് മടക്കിക്കുത്തി നിന്നതു സഭയോടുള്ള അനാദരവാണെന്നു കുറ്റപ്പെടുത്തുന്നവരുണ്ട്. എന്നാൽ, മുണ്ട് പറിച്ചു തലയിൽ കെട്ടാൻ അവസരമുണ്ടായിട്ടും അദ്ദേഹം അതിനു തുനിഞ്ഞില്ല എന്നുള്ളതല്ലേ മര്യാദയെന്നു നമ്മൾ ചിന്തിക്കണം.
എന്തായാലും നിയമസഭാ കൈയാങ്കളിയിൽ ഒൗട്ട്സ്റ്റാൻഡിംഗ് പെർഫോമൻസിലൂടെ ശിവൻകുട്ടി എ ഗ്രേഡ് നേടിയതു മറ്റുള്ളവർക്കു രക്ഷയായിരിക്കുകയാണ്. കാരണം, മറ്റുള്ള കലാകാരന്മാരുടെ പ്രകടനമൊക്കെ നാട്ടുകാർ മറന്ന ലക്ഷണമാണ്. സ്പീക്കറുടെ പോഡിയത്തിൽനിന്നു കസേര കുത്തിമറിച്ചിടുന്നതിൽ ഒന്നാം സ്ഥാനം നേടിയ ഇ.പി. ജയരാജന്റെ റിക്കാർഡ് പ്രകടനം പോലും ഇതിൽ മുങ്ങിപ്പോയി.
കൊറിക്കാൻ ഒന്നുമില്ലാതെ ബോറടിച്ചിരുന്ന യുഡിഎഫുകാർക്കു ഫ്രീയായി കിട്ടിയ ലഡുവായി മാറിയിരിക്കുകയാണ് സുപ്രീംകോടതി വിധി. സംസ്ഥാന സർക്കാർ ചെന്നു ചോദിച്ചു വാങ്ങിക്കൊണ്ടുവന്ന ലഡു വാരി വിതരണം ചെയ്യാൻ തന്നെയാണ് അവരുടെ തീരുമാനം. ഇതിനിടയിൽ അന്നു കഴിച്ച ലഡു ഇന്നും തൊണ്ടയിൽ കുടുങ്ങിയിരിക്കുന്നതിന്റെ ചെറിയൊരു അസ്വസ്ഥതയിലാണ് കേരള കോൺഗ്രസുകാർ. ഒരു പൈങ്കിളിക്കഥ പോലെ കുറച്ചുകാലം ഇനി കൈയാങ്കളിക്കഥയുടെ നാളുകൾ.
മിസ്ഡ് കോൾ
=ബാങ്കിന്റെ മുന്നിൽ ക്യൂ നിന്നവർക്കു
പോലീസിന്റെ പെറ്റി.
- വാർത്ത
=ബിവറേജിനു മുന്നിൽ ക്യൂ,
മറ്റുള്ളിടത്തൊക്കെ കൂ!