സന്താൾ കലാപം
Friday, September 17, 2021 11:38 PM IST
ബംഗാൾ, ജാർഖണ്ഡ്, ബീഹാർ സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്ന രാജ്മഹൽകുന്നുകളുടെ താഴ്വരയിൽ ജീവിച്ചിരുന്ന ഗോത്രവിഭാഗമാണ് സന്താളികൾ. വനവിഭവശേഖരണം, കൃഷി എന്നിവയായിരുന്നു ഇവരുടെ പരന്പരാഗതമായ തൊഴിൽ. ബ്രിട്ടീഷ് ആധിപത്യം വന്നതോടെ ഇവരുടെ ജീവിത രീതിയാകെ മാറി.
സെമിന്ദാർമാരും നികുതി പിരിക്കുന്ന ഉദ്യേഗസ്ഥരുമൊക്കെ അവരുടെ ഭൂമി കയ്യടക്കാൻ തുടങ്ങി. ബ്രിട്ടീഷുകാർ റെയിൽവേ നിർമാണം ആരംഭിച്ചതോടെ സന്താൾജനതയെ അടിമകളെപ്പോലെ ജോലി ചെയ്യിപ്പിക്കാൻ തുടങ്ങി. ജീവിതം ഗതിമുട്ടിയ അവസ്ഥയിലെത്തിയ സന്താൾജനത നേതാക്കന്മാരായ സിദ്ദുവിന്റെയും കാനുവിന്റെയും നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരേ പോരാടാൻ തുടങ്ങി.
1855 ജൂണ്‍ 30നു തുടങ്ങിയ വിപ്ലവം 1856 ജനുവരി 3 വരെ നീണ്ടുനിന്നു. അന്പും വില്ലും വാളുകളുമായി പോരാടിയ സന്താൾ വിപ്ലവകാരികളെ തോക്കേന്തിയ ബ്രിട്ടീഷ് സൈന്യം മൃഗീയമായി അടിച്ചൊതുക്കുകയായിരുന്നു. ഈ വിപ്ലവത്തിൽ 15000ത്തിലധികം സന്താളികൾക്കാണു ജീവൻ നഷ്ടമായത്.
വഴിനീളെ ശത്രുക്കളെ കൊന്നൊടുക്കി സന്താൾ പട മുന്നേറി. കോൽക്കത്തയിലേക്കുള്ള വഴിയെ ബ്രിട്ടീഷ്സൈന്യം സന്താൾ പടയെ പ്രതിരോധിച്ചു. മേജർ ബറോസിനായിരുന്നു ബ്രിട്ടീഷ് സൈന്യത്തിന്റെ നേതൃത്വം. സന്താൾ കലാപകാരികൾ ബ്രിട്ടീഷ് സൈന്യത്തിന് തിരിച്ചടി നൽകിക്കൊണ്ടിരുന്നു. ഒടുവിൽ ബ്രിട്ടീഷ് സേന തോറ്റോടി.
സന്താളികൾ കോൽക്കത്ത ലക്ഷ്യമാക്കി മുന്നേറി. മൂർഷിദാബാദിൽവച്ച് വീണ്ടും ബ്രിട്ടീഷ് സൈന്യം പ്രതിരോധം തീർത്തു. ഇത്തവണ ബ്രിട്ടീഷുകാർക്കായിരുന്നു ജയം. പക്ഷേ, സന്താളികൾ കീഴടങ്ങാൻ തയ്യാറായില്ല. അവസാനത്തെ പടയാളിയും മരിച്ചു വീഴുന്നതുവരെ അവർ യുദ്ധം തുടർന്നു.