ഗുജറാത്തിൽ ഭൂപേന്ദ്ര വിയർക്കും
Sunday, September 19, 2021 11:33 PM IST
പാർട്ടിയുടെ എക്കാലത്തെയും ശക്തിദുർഗമായ ഗുജറാത്ത് കാക്കാൻ അവസാന ആയുധവുമെടുത്ത് രംഗത്തിറങ്ങിയിരിക്കുകയാണ് ബിജെപി. നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഒരു വർഷം മാത്രം ബാക്കിനിൽക്കെയാണ് അപ്രതീക്ഷിതമായി മുഖ്യമന്ത്രി വിജയ് രൂപാണിയെ മാറ്റി പൂർണമായും പുതുമുഖങ്ങളെ ഉൾപ്പെടുത്തി സർക്കാരിൽ ഇളക്കിപ്രതിഷ്ഠ നടത്തിയത്. സ്വന്തം തട്ടകത്തിലെ തുടർഭരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അഭിമാനപ്രശ്നമായി കാണുന്നു.
എങ്കിലും ഭരണപരിചയം തീർത്തുമില്ലാത്ത, പുതുമുഖമായ ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കി നിലവിൽ നേരിടുന്ന ഭരണവിരുദ്ധ വികാരമടക്കമുള്ള വെല്ലുവിളികളെയെല്ലാം അതിജീവിക്കാമെന്ന ഇരുവരുടെയും ആത്മവിശ്വാസത്തെ രാഷ്ട്രീയപണ്ഡിതർ അത്രകണ്ട് ശരിവയ്ക്കുന്നില്ല. കാരണം, കോവിഡ് രണ്ടാംതരംഗകാലത്ത് സംസ്ഥാനത്തെ ജനത അത്രമേൽ ദുരിതമനുഭവിച്ചു. സർക്കാർ സംവിധാനങ്ങൾ യഥാസമയം ചലിക്കാതിരുന്നതിനാൽ ജനങ്ങൾക്ക് യഥാസമയം ചികിത്സയോ സഹായമോ ലഭിച്ചില്ല.
ഇതിനുപുറമേയാണ് പാർട്ടിയിലെ ഗ്രൂപ്പിസവും വിവിധ സമുദായങ്ങൾക്കിടയിലെ അപസ്വരവും. മോദി ഡൽഹിയിലേക്കു പോയതുമുതൽ പാർട്ടി സംസ്ഥാന ഘടകത്തിൽ ഗ്രൂപ്പിസം നാൾക്കുനാൾ വർധിച്ചു. മോദി-അമിത്ഷാമാരുടെ നിരന്തര ഇടപെടലുകളുണ്ടായിട്ടും സംസ്ഥാന നേതാക്കളെ ഒരു കുടക്കീഴിൽ കൊണ്ടുവരാനായിട്ടില്ല. ഇടഞ്ഞുനിൽക്കുന്ന നിതിൻ പട്ടേലിനെ ഒപ്പം നിർത്തുകയെന്നതും വെല്ലുവിളിയാണ്. പാർട്ടിയും സർക്കാരും തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുകയെന്നതും ഭൂപേന്ദ്രയ്ക്കു മുന്നിലുള്ള മറ്റൊരു വെല്ലുവിളിയാണ്. മുൻമുഖ്യമന്ത്രി വിജയ് രൂപാണിയും പാർട്ടി സംസ്ഥാന അധ്യക്ഷൻ ആർ.സി. പട്ടേലും തമ്മിലുള്ള ശീതസമരം പലപ്പോഴും വാർത്തയായതാണ്.
അടുത്ത വർഷം നവംബറിലാണ് സംസ്ഥാന നിയമസഭയുടെ കാലാവധി കഴിയുന്നത്. അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. ഭരണതലത്തിലെ ഇളക്കിപ്രതിഷ്ഠ തങ്ങൾക്ക് കൂടുതൽ അനുകൂലമാകുമെന്ന കണക്കുകൂട്ടലിൽ ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് നിയമസഭാതെരഞ്ഞെടുപ്പുകൾക്കൊപ്പം ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പും നേരത്തേ നടത്തുന്നതിനെക്കുറിച്ച് ബിജെപി നേതൃത്വം ആലോചന തുടങ്ങിയിട്ടുണ്ട്.
മാറ്റിപ്രതിഷ്ഠ
സ്വന്തം തട്ടകമായ ഗുജറാത്തിലെ ഓരോ നീക്കവും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കും പ്രധാനമാണ്. ഡൽഹിയിലിരുന്ന് കേന്ദ്രഭരണം കൈയാളുന്നതിനൊപ്പം ഗുജറാത്തിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നതും ഇരുവരുംതന്നെ. റിമോട്ട് കൺട്രോൾ ഭരണത്തിനിടയിലും ഗുജറാത്തിലെ പാർട്ടിക്കുള്ളിൽ ആഭ്യന്തര സംഘർഷങ്ങൾ വർധിച്ചു. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ ജയം മുൻകാലങ്ങളിലേപ്പോലെ അനായാസമല്ല.
തെരഞ്ഞെടുപ്പിലേക്ക് ഇനിയും ബാക്കിയുള്ള ഒരു വർഷംകൊണ്ട് പ്രതിച്ഛായ മെച്ചപ്പെടുത്താനും ജാതിസമവാക്യങ്ങളിലെ പിഴവുകൾ തിരുത്താനും സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. സി.ആർ. പട്ടേലിനെ സംസ്ഥാന ബിജെപി അധ്യക്ഷനാക്കിയതുമുതൽ അദ്ദേഹവും വിജയ് രൂപാണിയുമായി ശീതസമരം നടക്കുന്നുണ്ട്. ഇതൊഴിവാക്കാൻ ആനന്ദി ബെൻ പട്ടേലിന്റെ കാര്യത്തിലെന്നപോലെ ഗവർണർസ്ഥാനം നൽകി സംസ്ഥാനത്തിനു പുറത്തേക്ക് വിജയ് രൂപാണിയെയും അയയ്ക്കാനാണു സാധ്യത.
ലക്ഷ്യം പട്ടേൽ വോട്ട്
നിയമസഭാതെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സംസ്ഥാനത്തെ പ്രബല സമുദായമായ പട്ടേൽവിഭാഗക്കാരുടെ പിന്തുണ ഉറപ്പിക്കുകയെന്ന ലക്ഷ്യവും ഇതേ സമുദായത്തിൽപ്പെട്ട ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കിയതിലൂടെ ബിജെപി മുന്നിൽക്കാണുന്നു. വിജയ് രൂപാണി മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്തു നടന്ന പട്ടേൽ വിഭാഗക്കാരുടെ സംവരണസമരം പാർട്ടിക്ക് വലിയ ക്ഷീണമായിരുന്നു. ഒടുവിൽ കേന്ദ്രം ഇടപെട്ട് ആവശ്യം അംഗീകരിച്ചതോടെയാണ് സമരക്കാർ പിൻവാങ്ങിയത്.
14 ശതമാനം വരുന്ന പട്ടേൽവിഭാഗക്കാർക്ക് കുറഞ്ഞത് 90 മണ്ഡലങ്ങളിലെങ്കിലും ജയപരാജയം തീരുമാനിക്കാൻ വോട്ടുകളുണ്ട്. 2015ൽ ഹാർദിക് പട്ടേലിന്റെ നേതൃത്വത്തിലുള്ള സംവരണ സമരത്തോടെ ഈ സമുദായത്തിലെ ഉപവിഭാഗങ്ങളായ കഡ്വ, ല്യൂവ എന്നിവർക്കിടയിൽ ബിജെപിയോടുള്ള ചായ്വിൽ കാര്യമായ ഇടിവുണ്ടായി. ആംആദ്മി പാർട്ടിയുടെ വരവും കോവിഡ് കൈകാര്യം ചെയ്തതിലും മറ്റും വിജയ് രൂപാണി സർക്കാരിന് സംഭവിച്ച പാളിച്ചകളും ഭരണവിരുദ്ധ വികാരവും ചേർന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന തിരിച്ചറിവാണ് അപ്രതീക്ഷിത മാറ്റത്തിന് ബിജെപിയെ പ്രേരിപ്പിച്ചത്.
കലിയടങ്ങാതെ നിതിൻ പട്ടേൽ
തുടർച്ചയായി മൂന്നാം പ്രാവശ്യവും കപ്പിനും ചുണ്ടിനുമിടയിൽ മുഖ്യമന്ത്രിസ്ഥാനം കൈവിട്ടുപോയതിന്റെയും പുതിയ സർക്കാരിൽ പൂർണമായും തഴയപ്പെട്ടതിന്റെയും രോഷത്തിലാണ് വിജയ് രൂപാണി സർക്കാരിൽ ഉപമുഖ്യമന്ത്രിയായിരുന്ന നിതിൻ പട്ടേൽ. മുഖ്യമന്ത്രിസ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്ന നിതിൻ പട്ടേലിനെ അവസാനനിമിഷം തഴഞ്ഞാണ് പുതുമുഖമായ ഭൂപേന്ദ്രയ്ക്ക് നറുക്കു വീണത്.
2016ൽ ആനന്ദിബെൻ പട്ടേൽ രാജിവച്ചപ്പോഴും പകരക്കാരനായി അവസാനനിമിഷംവരെ പറഞ്ഞുകേട്ടിരുന്നത് നിതിൻ പട്ടേലിന്റെ പേരാണ്. എന്നാൽ, അവസാനനിമിഷം നറുക്കു വീണത് വിജയ് രൂപാണിക്കും. 2017ൽ പുതിയ സർക്കാർ വന്നപ്പോഴും നിതിനെ പരിഗണിച്ചില്ല. തന്നെ അവഗണിച്ചതിലുള്ള നീരസം നിതിൻ പട്ടേൽ പ്രത്യക്ഷത്തിൽ പ്രകടിപ്പിച്ചില്ലെങ്കിലും പരോക്ഷമായി സൂചിപ്പിച്ചുകഴിഞ്ഞു. വോട്ടർമാരുടെ ഹൃദയങ്ങളിൽ തനിക്കു സ്ഥാനമുണ്ടെന്നും തന്നെ ആർക്കും വലിച്ചെറിയാനാകില്ലെന്നും കഴിഞ്ഞദിവസം സ്വന്തം മണ്ഡലമായ മെഹ്സാനയിൽ ഒരു ചടങ്ങിൽ പ്രസംഗിക്കവേ നിതിൻ പട്ടേൽ പറഞ്ഞു.
2017ൽ വകുപ്പുവിഭജനത്തിൽ പരസ്യമായി അസംതൃപ്തി രേഖപ്പെടുത്തിയ നിതിൻ പട്ടേൽ മന്ത്രിസ്ഥാനം ഏറ്റെടുക്കാൻ തയാറായിരുന്നില്ല. ഒടുവിൽ ധനവകുപ്പ് വേണമെന്ന ആവശ്യം അമിത്ഷാ അംഗീകരിച്ചതോടെയാണ് അദ്ദേഹം വഴങ്ങിയത്. ഇക്കുറി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നിരിക്കെ അദ്ദേഹത്തിന്റെ തീരുമാനങ്ങൾ അംഗീകരിക്കാൻ നിതിൻ പട്ടേൽ നിർബന്ധിതനാകുമെന്നും വിലയിരുത്തലുണ്ട്.
കോവിഡ് കൈകാര്യം ചെയ്യുന്നതിൽ പരാജയം
കോവിഡിന്റെ രണ്ടാംതരംഗം ഈവർഷം ഏപ്രിൽ, മേയ് മാസങ്ങളിൽ ആഞ്ഞടിച്ചപ്പോൾ നോക്കുകുത്തിയായി നിൽക്കുന്ന സർക്കാരിനെയാണ് ഗുജറാത്തിൽ കാണാനായത്. ആശുപത്രികളിൽ ആവശ്യത്തിന് ഓക്സിജൻ ലഭിക്കാതെ നിരവധി പേരാണ് മരിച്ചുവീണത്. ആവശ്യത്തിന് ബെഡുകൾ സജ്ജമാക്കാനും സർക്കാരിനായില്ല. പരാജയം മറയ്ക്കാൻ സർക്കാർ ചെയ്തതാകട്ടെ മരണനിരക്ക് മൂടിവയ്ക്കുകയെന്ന തന്ത്രമായിരുന്നു. ഇതിനായി ഔദ്യോഗികസംവിധാനങ്ങളെ ദുരുപയോഗിച്ചു. സംസ്ഥാനം സമർപ്പിച്ച മരണനിരക്കിൽ കേന്ദ്ര ആരോഗ്യമന്ത്രാലയമാകട്ടെ സംശയം പ്രകടിപ്പിച്ചതുമില്ല.
ഈവർഷം ഏപ്രിലിൽ രാജ്യത്തെ ഔദ്യോഗിക കോവിഡ് മരണനിരക്ക് 4,36,000 ആണെന്നിരിക്കെ ഗുജറാത്തിൽ സർക്കാർ റിപ്പോർട്ട് പ്രകാരം നടന്നത് കേവലം 10,080 മരണങ്ങളാണ്. എന്നാൽ, ഇതിന്റെ പലമടങ്ങ് മരണങ്ങൾ ഗുജറാത്തിൽ സംഭവിച്ചതായാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. സംസ്ഥാനത്തെ 54 നഗരസഭകളിൽ കഴിഞ്ഞ മാർച്ചിനും ഏപ്രിലിനുമിടയിൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത 16,000 കോവിഡ് മരണങ്ങൾ നടന്നതായാണ് ഹാർവാഡ് ടിസി ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തും ഹാർവാഡ് മെഡിക്കൽ സ്കൂളും യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയും സംയുക്തമായി നടത്തിയ പഠനറിപ്പോർട്ടിൽ കണ്ടെത്തിയത്.
ഗ്രാമങ്ങളിലെ കോവിഡ് മരണനിരക്കും ഔദ്യോഗികസംവിധാനങ്ങൾ മൂടിവച്ചു. ഗ്രാമങ്ങളിലെ മരണസംഖ്യയിൽ 88 ശതമാനം മാത്രമേ തിട്ടപ്പെടുത്താനായുള്ളൂവെന്ന് സർക്കാർതന്നെ സമ്മതിച്ചിട്ടുണ്ട്. മരണകാരണം കോവിഡാണെന്നു രേഖപ്പെടുത്താതെ പല ആശുപത്രികളും മറച്ചുവച്ചതായി ഓൺലൈൻ മാധ്യമമായ "ദ വയർ' നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. കോവിഡ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടി ഹൈക്കോടതി സർക്കാരിനെ നിശിതമായി വിമർശിച്ചിരുന്നു.
കോൺഗ്രസിന്റെ തളർച്ചയും വളർച്ചയും
ഒരുകാലത്ത് കോൺഗ്രസിന്റെ കോട്ടയായിരുന്ന ഗുജറാത്തിൽ കഴിഞ്ഞ 25 വർഷമായി ബിജെപിയാണ് ഭരിക്കുന്നത്. 1995ലെ തെരഞ്ഞെടുപ്പിലാണ് ആദ്യമായി ബിജെപി അട്ടിമറി വിജയം നേടി അധികാരത്തിലെത്തിയത്. 121 സീറ്റാണ് അന്ന് പാർട്ടിക്കു ലഭിച്ചത്. തുടർന്നിങ്ങോട്ട് സംസ്ഥാനം ബിജെപിയെ കൈവിട്ടിട്ടില്ല.

തീവ്രഹിന്ദുത്വത്തിന്റെ പരീക്ഷണശാലയായി സംസ്ഥാനം മാറിയപ്പോൾ വിജയം കോൺഗ്രസിന് ബാലികേറാമലയായി. എങ്കിലും 1972ൽ അന്ന് ആകെയുണ്ടായിരുന്ന 168 സീറ്റിൽ 140 സീറ്റും നേടി കോൺഗ്രസ് നേടിയ ചരിത്രവിജയത്തിന്റെ തൊട്ടടുത്ത് എത്താൻ പോലും ബിജെപിക്ക് ഇനിയുമായിട്ടില്ല.
മോദി-അമിത് ഷാ കൂട്ടുകെട്ട് തീവ്ര ഹിന്ദുത്വയിലൂന്നിയ പ്രചാരണം നടത്തിയിട്ടും കഴിഞ്ഞ അഞ്ചു നിയമസഭാതെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാൽ കോൺഗ്രസ് നില മെച്ചപ്പെടുത്തുന്നതായി കാണാം. 182 അംഗ നിയമസഭയിൽ 2012ൽ 115 സീറ്റ് നേടിയ ബിജെപി 2017ൽ 99 സീറ്റുകളിലേക്ക് ഒതുങ്ങി. 77 സീറ്റ് നേടി കോൺഗ്രസ് തൊട്ടടുത്തെത്തി.
കഴിഞ്ഞ അഞ്ചു പ്രാവശ്യത്തെ തെരഞ്ഞെടുപ്പ് പരിശോധിച്ചാൽ 45, 53, 59, 61, 77 എന്നിങ്ങനെ സീറ്റുകളുടെ എണ്ണം കൂട്ടിയാണ് കോൺഗ്രസ് വളരുന്നത്. ബിജെപിയുടെ സ്വാധീനം നഗരപ്രദേശങ്ങളിലാണെങ്കിൽ കോൺഗ്രസിന്റെ സ്വാധീനം ഗ്രാമങ്ങളിലാണ്. 2017ലെ നിയമസഭാതെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് വിഹിതം 49.1 ശതമാനമാണെങ്കിൽ കോൺഗ്രസിന്റേത് 41.4 ആണ്. ചെറുകക്ഷികളും സ്വതന്ത്രരും ചേർന്ന് 4.3 ശതമാനം വോട്ടും നേടി.
ഹർദിക് പട്ടേലിന്റെ ചിറകിൽ കോൺഗ്രസ്
നേതൃരാഹിത്യം കോൺഗ്രസിനെ വലയ്ക്കുന്ന പ്രശ്നമാണ്. മുതിർന്ന നേതാവ് അഹമ്മദ് പട്ടേലിന്റെ വിയോഗവും പാർട്ടിയെ ബാധിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെത്തുടർന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ അമിത് ചാവ്ദയും പ്രതിപക്ഷനേതാവ് പരേഷ് ദനാനിയും രാജിവച്ചതോടെ നേതൃനിര ശുഷ്കമായി. ഈ സാഹചര്യത്തിലാണ് യുവനിരയെ രംഗത്തിറക്കുകയെന്ന ലക്ഷ്യത്തോടെ പട്ടേൽ സംവരണ സമരനായകൻ ഹർദിക് പട്ടേലിനെ സംസ്ഥാന വർക്കിംഗ് പ്രസിഡന്റാക്കിയത്.
ഹർദിക് പട്ടേൽ വർധിത വീര്യത്തോടെയാണ് പാർട്ടിയെ നയിക്കുന്നത്. ഭരണവിരുദ്ധ വികാരം ശക്തമാണെന്നും ഇതു മനസിലാക്കി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് സർക്കാരിൽ ഇളക്കിപ്രതിഷ്ഠ നടത്തിയതെന്നും ഇതുകൊണ്ടൊന്നും ഭരണം ലഭിക്കില്ലെന്നും 25 വർഷത്തെ ബിജെപി ഭരണം അവസാനിക്കാൻ പോകുകയാണെന്നും അദ്ദേഹം പറയുന്നു. ദളിത് വിഭാഗത്തിൽനിന്നുള്ള യുവനേതാവും സ്വതന്ത്ര എംഎൽഎയുമായ ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേരുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതിലൂടെ ആദിവാസി-ദളിത് വോട്ടുകൾ പാർട്ടി ലക്ഷ്യം വയ്ക്കുന്നു.
സമീപകാലത്തായി സംസ്ഥാനത്ത് ആം ആദ്മി പാർട്ടി നേടിയ വളർച്ചയും ഭീഷണിയാണ്. അടുത്തിടെ സൂറത്ത് മുനിസിപ്പൽ കോർപറേഷനിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ 120 സീറ്റിൽ 27 സീറ്റ് നേടി എഎപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
ടി.എ. ജോർജ്