തല്ലേണ്ടമ്മാവാ, ഞാൻ നന്നാവില്ല
Wednesday, September 29, 2021 10:08 PM IST
ശരിയാണ്. ചിലർ അങ്ങനെയാണ്. എത്ര തല്ലുകൊണ്ടാലും നന്നാവുകയില്ല. അനുഭവം പാഠപുസ്തകമാണെന്നൊക്കെ അവർ പ്രസംഗിക്കും. എന്നാൽ, സ്വന്തം കാര്യം വരുന്പോൾ അതു മറക്കും. നന്നാവണമെങ്കിൽ സ്വയം തീരുമാനിക്കണം. നിർഭാഗ്യവശാൽ കോൺഗ്രസ് പാർട്ടിക്ക് അതു സാധിക്കുന്നില്ല.
പാർട്ടിയുടെ ഇന്നത്തെ അവസ്ഥ സങ്കടകരമാണ്. രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു കോൺഗ്രസ്. വിദേശഭരണത്തിനെതിരേ ദേശസ്നേഹികളെ മുഴുവൻ അണിചേർത്ത പാർട്ടി. ആദ്യകാല നേതാക്കന്മാർ പാർട്ടിയെ വളർത്തി.
പിന്നീടു നേതാക്കന്മാരെ പാർട്ടി വളർത്തി. കോൺഗ്രസിന്റെ മഹത്തായ ആദർശത്തിൽനിന്നുമകന്ന നേതാക്കന്മാർ അധികാരത്തിനുവേണ്ടി തമ്മിലടിച്ച് പാർട്ടിയെ തളർത്തുകയും പിളർത്തുകയും ചെയ്തു. പാർട്ടിയുടെ ശക്തി അണികളാണ്. അവർ എന്നും കോൺഗ്രസ് എന്ന വികാരത്തിനൊപ്പമാണ്. പാർട്ടിയെ തളർത്തിയത് നേതാക്കന്മാരാണെന്ന ആക്ഷേപം ശക്തിപ്പെട്ടുവരുന്നു.
കൊഴിഞ്ഞുപോക്ക് കോൺഗ്രസിന്റെ ശാപമാണ്. വ്യക്തിപരമായ അതൃപ്തികളാണു പാർട്ടി വിടാൻ കാരണം. ആദർശത്തിന്റെ പേരിൽ പിരിയുന്നവർ ചുരുക്കം. കോൺഗ്രസിനെ അറിയുന്നവർക്ക് എങ്ങനെ പാർട്ടി വിടാനാവും? ചിലർക്കു മരിക്കുവോളം അധികാരത്തിന്റെ തൊപ്പി വേണം.
കൂറുമാറ്റം അധികാരത്തിലിരിക്കുന്ന പാർട്ടിയിലേക്കാണ്. കേന്ദ്രത്തിൽ ബിജെപിയിലേക്കും കേരളത്തിൽ സിപിമ്മിലേക്കും. കോൺഗ്രസ് വിടുന്നവരെ സ്വീകരിക്കാൻ വേണ്ടി പാർട്ടി ഓഫീസുകൾ തുറന്നിട്ടു നേതാക്കന്മാർ കാത്തിരിക്കുകയാണ്. അകാരണമായി പോകുന്നതും അവരെ സ്വീകരിക്കുന്നതും ലജ്ജാകരമാണ്.
യാതൊരു യോഗ്യതാ പരിശോധനയും കൂടാതെയാണ് ഇന്നലെവരെ ശത്രുപാളയത്തിലായിരുന്നവരെ സ്ഥാനമാനങ്ങൾ നൽകി സ്വീകരിക്കുന്നത്. പതിറ്റാണ്ടുകളായി പാർട്ടിക്കു കൊടിപിടിക്കുന്നവരുടെ എതിർപ്പിനെ അവഗണിച്ചാണ് കോൺഗ്രസ് വിടുന്ന അതൃപ്തർക്കു പരവതാനി വിരിക്കുന്നത് എന്ന വിമർശനമുണ്ട്.
കോൺഗ്രസിനെ അലട്ടുന്ന പ്രധാന പ്രശ്നം ദേശീയതലത്തിൽ ഒരു നേതാവില്ലെന്നതത്രേ. രണ്ടു വർഷമായി പാർട്ടിക്ക് തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷനില്ല.
പാർട്ടിയിലെ പ്രമുഖരായ 23 നേതാക്കന്മാർ വിമത ശബ്ദമുയർത്തി മാറിനിൽക്കുകയാണ്. മന്ത്രിസഭയുണ്ടാക്കാവുന്ന ഭൂരിപക്ഷത്തിൽ ജയിച്ച സംസ്ഥാനങ്ങളിൽപോലും ഭരണം കൈവിട്ടുപോയത് ദേശീയ നേതൃത്വത്തിന്റെ പിടിപ്പുകേടുകൊണ്ടാണ്. തുടർച്ചയായി അധികാരത്തിനു പുറത്തുനിൽക്കുന്ന പാർട്ടിക്ക് അണികളെ കൂടെ നിർത്തുക പ്രയാസമാണ്.
അണികൾക്കു കോൺഗ്രസിലുള്ള വിശ്വാസം കുറഞ്ഞിട്ടുണ്ടെങ്കിലും അസ്തമിച്ചിട്ടില്ല. കോൺഗ്രസ് രാജ്യത്തെ ഒന്നിപ്പിക്കുന്ന ഒരു വികാരമാണ്. ജാതിമത ഭേദമന്യേ എല്ലാവരുടെയും ആഗ്രഹാഭിലാഷങ്ങൾ ഉൾക്കൊള്ളുന്ന വികാരം. രാജ്യത്തെ ഒന്നായി കാണാനും ജനക്ഷേമം ഉറപ്പുവരുത്താനും കഴിയുന്ന ഒരു മഹാപ്രസ്ഥാനമായി കോൺഗ്രസ് തിരിച്ചുവരണമെന്നാഗ്രഹിക്കുന്നവരെ നേതാക്കന്മാർ നിരാശപ്പെടുത്തരുത്.
കേരളത്തിൽ പുതിയ നേതൃത്വമുണ്ടായിട്ടും പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ല. പാർട്ടി വിടുന്ന നേതാക്കളും അതൃപ്തി പ്രകടിപ്പിച്ചു പാർട്ടിക്കുള്ളിൽ നിൽക്കുന്ന നേതാക്കളും പാർട്ടിക്കു വിനയാണ്. സമുദായങ്ങളെ ഒന്നിപ്പിച്ചു നിർത്തുന്നതിൽ കേരള നേതൃത്വത്തിനു വീഴ്ചയുണ്ടാകരുത്. ആരെയെങ്കിലും പ്രീതിപ്പെടുത്താൻ ആലോചനയില്ലാതെ നടത്തുന്ന തിടുക്കത്തിലുള്ള പ്രതികരണങ്ങൾ സമുദായങ്ങളെ പാർട്ടിയിൽനിന്നകറ്റും.
പിന്നുര / അയലാളൻ