പഠിക്കണം; വയോജന പരിപാലനം
Friday, October 1, 2021 12:17 AM IST
ലോകരാഷ്ട്രങ്ങൾ മുഴുവൻ, പ്രത്യേകിച്ച് ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങൾ നേരിടുന്ന വെല്ലുവിളിയാണ് വയോജനപ്പെരുപ്പവും അവരുടെ സംരക്ഷണവും. ലോകജനസംഖ്യയിൽ 60 വയസിനു മുകളിൽ പ്രായമുള്ളവരുടെ എണ്ണം ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
വയോജന പരിപാലനത്തെക്കുറിച്ചുള്ള അറിവും പരിചയവുമുള്ളവരുടെ അഭാവം നമ്മുടെ രാജ്യത്തെ ബാധിച്ചുകഴിഞ്ഞു. വേണ്ടത്ര പരിചരണമോ ആശ്രയമോ ലഭിക്കാതെ ഏകരാകുന്ന വൃദ്ധമാതാപിതാക്കളുടെ എണ്ണം ദിവസം തോറും കൂടിവരുന്ന സ്ഥിതിവിശേഷമാണു കണ്ടുവരുന്നത്. ജീവിക്കാനുള്ള തത്രപ്പാടിൽ പുതുതലമുറയ്ക്കു മാതാപിതാക്കളുടെ സംരക്ഷണം ഭാരമായി വരുന്നു, അല്ലെങ്കിൽ അങ്ങനെ കാണുന്നവരുണ്ട്.
ആധുനിക സാങ്കേതികവിദ്യകൾ വർധിച്ചിട്ടും വയോജനങ്ങൾക്കു കാര്യമായ പ്രയോജനം ലഭിക്കുന്നില്ല. വയോജനങ്ങളുടെ മാനസികവും ശാരീരികവും സാമൂഹികവുമായ ആരോഗ്യവും സംരക്ഷണവും ഇവർക്കു ലഭിക്കുന്ന സാമൂഹ്യ സേവനങ്ങൾ, നൂതനമായ പരിചരണ ശൈലികൾ എന്നിവയുടെ ബോധവത്കരണവും ആരോഗ്യപരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്.
വാർധക്യത്തിന്റെ ദശകം
ആരോഗ്യകരമായ വാർധക്യത്തിന്റെ ദശകം എന്നാണ് ഐക്യരാഷ്ട്ര സംഘടന 2021-2030 ദശകത്തെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ പത്തുവർഷങ്ങൾക്കുള്ളിൽ ഇന്ത്യയിലെ 60 വയസിനു മുകളിൽ പ്രായമുള്ളവരുടെ വർധന38.8 ശതമാനമാണ്.
കേരളത്തിലെ വർധക്യത്തിന്റെ ട്രെൻഡ് കഴിഞ്ഞ ആറു പതിറ്റാണ്ടിനുള്ളിൽ, അതായത്, 1961 മുതൽ 2021 വരെ 5.83 ശതമാനം മുതൽ 20.09 ശതമാനം വരെയാണ്. അതുകൊണ്ടുതന്നെ, കേരളത്തിലെ വയോധികരുടെ ക്ഷേമം ഉറപ്പുവരുത്താനുള്ള നയങ്ങളും സേവനങ്ങളും എത്രയും വേഗം നടപ്പിലാക്കേണ്ടതുണ്ട്.
നയം നടപ്പിലാക്കുന്പോൾ പൊതുഗതാഗതം, വീടുകളിലെ ശ്രദ്ധ, ഭക്ഷണകാര്യം, സാമൂഹിക അന്തരീക്ഷം, തുല്യമായ തൊഴിലവസരങ്ങൾ, വിവേചന രഹിതമായി ഗുണമേന്മയുള്ള ആരോഗ്യപരിചരണം, വയോജന സൗഹൃദ അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹികസുരക്ഷ എന്നിവകൂടി പരിഗണിക്കാൻ നമുക്കു സാധിക്കണം.
ഈ വർഷത്തെ അന്താരാഷ്ട്ര വയോജന ദിനത്തിന്റെ ആശയം ഡിജിറ്റൽ ഇക്വിറ്റി (ഡിജിറ്റൽ തുല്യത) ആണ്. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ലഭ്യത, സാമൂഹികമായ പ്രത്യേകതകൾ, പ്രായം എന്നിവയ്ക്കിടയിലുള്ള ഡിജിറ്റൽ വേർതിരിവും ഇപ്പോഴും ഒരു പ്രതിസന്ധി തന്നെയാണ്. ഇത് ടെലിഹെൽത്ത്, ടെലിമെഡിസിൻ, പൊതു സേവനങ്ങളുടെ ലഭ്യത, സ്മാർട്ട് ഫോണ്, സ്മാർട്ട് ഹോം, വീടിനുള്ളിലെ നിരീക്ഷണം എന്നിവയെയൊക്കെ ബാധിക്കും.
ഹൃദയസംബന്ധമായ രോഗങ്ങൾ, വാതം, ആല്സ്ഹൈമേഴ്സ്, ഡിമെൻഷിയ തുടങ്ങിയ രോഗങ്ങൾ ബാധിച്ചവരെ പരിചരിക്കൽ നിലവിലെ സാമൂഹികവും സാന്പത്തികമായ ചുറ്റുപാടുകൾ നോക്കുന്പോൾ കുടുംബങ്ങൾക്കു ഭാരമാണ്. നമ്മുടെ ആരോഗ്യമേഖല ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതു വയോജനങ്ങളുടെ ബാക്കിയുള്ള ജീവിതകാലം നല്ല ശ്രദ്ധയോടെ പരിചരിക്കാനുള്ള ഇടങ്ങളെക്കുറിച്ചാണ്. അവിടെ പരിചരണം, ചികിത്സ, വാക്സിനേഷൻ എല്ലാം ഉൾപ്പെടുത്തണം.
വയോജന സംരക്ഷണം
കേരളത്തിൽ വയോജനസംരക്ഷണ സ്ഥാപനങ്ങളിലെ ജീവിതം അത്ര പ്രചാരം നേടിയിട്ടില്ല. പലവിധ കാരണങ്ങളാൽ ഇതു പ്രോത്സാഹിപ്പിക്കപ്പെടുന്നുമില്ല. സാമൂഹികവും കുടുംബപരവുമായ പിന്തുണ ലഭിക്കാത്തതും ഒരു കാരണമാണ്. പ്രായമായവർക്കുള്ള പരിചരണത്തിന്റെ ആവശ്യകതയും സംരക്ഷണത്തിന്റെ ആവശ്യകതയും സമൂഹം മനസിലാക്കേണ്ടതാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ വയോജനകേന്ദ്രങ്ങളെ ആശ്രയിക്കുന്നതിന്റെ നിരക്ക് 26 ശതമാനമാണ്.
മക്കൾ വിദേശത്തും മാതാപിതാക്കൾ നാട്ടിലുമാണെന്ന അവസ്ഥയിൽ വയോജനകേന്ദ്രങ്ങളെ ആശ്രയിക്കുന്ന സ്ഥിതിവിശേഷം സംജാതമാകുന്നുണ്ട്. വയോജനകേന്ദ്രങ്ങളെ ആശ്രയിക്കുന്പോൾ നമ്മുടെ മാതാപിതാക്കൾക്കു വീടുപോലെ അല്ലെങ്കിൽ അതിനേക്കാൾ മികച്ച സംരക്ഷണം ലഭിക്കുമോ എന്നു ചിന്തിക്കണം. അല്ലെങ്കിൽ നമ്മുടെ മാതാപിതാക്കളുടെ സ്ഥിതി ദയനീയമാകും.
സൗകര്യങ്ങൾ, സംരക്ഷണത്തിന്റെയും പരിചരണത്തിന്റെയും നിലവാരം എന്നിവ ഉറപ്പാക്കണം. മരുന്ന്, രോഗികൾക്കു ശുശ്രൂഷ, കിടപ്പു രോഗികൾക്കു പ്രത്യേക പരിചരണം, പുനരധിവാസം എന്നിങ്ങനെയുള്ള സേവനം ലഭ്യമാക്കണം. ദീർഘകാലത്തേക്കോ കുറഞ്ഞ നാളത്തേക്കോ എങ്ങനെയും സേവനം ലഭ്യമാണ്.
ഒരു ഓപ്പറേഷനോ മറ്റോ കഴിഞ്ഞ് ആരോഗ്യം വീണ്ടെടുക്കാനുള്ള കാലയളവിൽ താമസിക്കുന്നതാണ് കുറഞ്ഞ കാലയളവ്. വീട്ടിലേക്കൊരു മടക്കമില്ലാതെ എത്തുന്നവരാണ് ദീർഘകാലത്തേക്ക് എത്തുന്നത്. ഗുണമേന്മയുള്ള സേവനം, നല്ല പ്രവർത്തനം എന്നിവ ദീർഘനാളത്തെ ഗവേഷണത്തിലൂടെയും പഠനത്തിലൂടെയുമാണ് ഓരോ സ്ഥാപനവും കണ്ടെത്തുന്നത്. പലപ്പോഴും താമസിക്കാനെത്തുന്നയാളുടെ കുടുംബം സ്ഥാപനത്തിൽ സന്ദർശനം നടത്തി താമസിച്ചു സംരക്ഷണവും സുരക്ഷയും ഉറപ്പുവരുത്താൻ ശ്രദ്ധിക്കണം.
സേവനം
നല്ല സേവനവും മേന്മയുള്ള പരിചരണവുമാണ് വർധക്യ പരിചരണത്തിന്റെ കേന്ദ്രബിന്ദു. വയോജനങ്ങളുടെ ദിനചര്യകൾ, ആഹാരരീതികൾ, ആരോഗ്യ സംബന്ധമായ നിലവിലെ അവസ്ഥയും മുൻ വിവരങ്ങളും, പ്രവർത്തന ക്ഷമത, ശക്തിയും പോരായ്മകളും തുടങ്ങിയവയൊക്കെ പുനരധിവാസത്തിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് ആവശ്യമാണ്. പെട്ടെന്നുള്ള തളർച്ച ബാധിക്കാനുള്ള അപകടകരമായ സാഹചര്യം, ആന്തരികാവയവങ്ങളുടെ അനിയന്ത്രിതമായ പ്രവർത്തനങ്ങൾ, അൾസർ, ഭാരക്കുറവ്, തുടങ്ങിയ കാര്യങ്ങളൊക്കെ കൃത്യമായി അഡ്മിഷൻ സമയത്ത് കണ്ടെത്തേണ്ടതുണ്ട്. ഇതു ഭാവിയിലുണ്ടായേക്കാവുന്ന സങ്കീർണതകളെ കുറയ്ക്കും.
പരിചരണത്തെക്കുറിച്ചും കാര്യമായ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതേക്കുറിച്ചും കൃത്യമായ ഇടവേളകളിൽ കുടുംബത്തെ അറിയിക്കണം. റെസിഡന്റ് അസസ്മെന്റ് ഫോം വയോജന പരിചരണ കേന്ദ്രങ്ങളിലെ കാര്യങ്ങളെ വിലയിരുത്താനുള്ള കാര്യക്ഷമമായ ഒരു ടൂൾ ആണ്. സൗകര്യങ്ങളുടെ ഗുണമേന്മയെ സംബന്ധിച്ച പൊതുജനാഭിപ്രായവും നിലവാരം ഉറപ്പാക്കാൻ സഹായിക്കും.
പരിചരണ നിലവാരം ഉറപ്പാക്കൽ
വയോജന പരിചരണം നടത്തുന്ന ഇടങ്ങളിലൊക്കെയും സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാൻ കൃത്യമായ നിർദേശങ്ങളും നിയമങ്ങളുമുണ്ട്. ഇന്ത്യയിലും ഇത് ആരംഭിച്ചിട്ടുണ്ട്. നിലവിൽ നാഷണൽ പോളിസി ഓഫ് ഓൾഡർ പേഴ്സണ്സ്, നാഷണൽ പ്രോഗ്രാം ഫോർ ദി എൽഡർലി എന്നിവരാണ് നയങ്ങൾ രൂപീകരിക്കുന്നത്. പക്ഷേ, വയോജന പരിചരണം നൽകുന്നയിടങ്ങളിൽ ഉണ്ടാകേണ്ട സൗകര്യങ്ങളെക്കുറിച്ച് സ്ഥാപനങ്ങളുടെ നടത്തിപ്പുകാർക്ക് കൃത്യമായ നിയന്ത്രണങ്ങളോ നിർദേശങ്ങളോ നൽകിയിട്ടില്ല. ഇതിനു മാറ്റം വരുത്തണം.
എല്ലാ വയോജനങ്ങളെയും ഒരുപോലെ കാണാൻ സാധിക്കില്ല. എന്നിരുന്നാലും സ്റ്റാൻഡേർഡ് വൈസ് ഇന്റർനാഷണലിന്റെ അനുബന്ധ സംഘടനയായ സ്റ്റാൻഡേർഡ് വൈസ് ഇന്റർനാഷണൽ ഇന്ത്യ അസോസിയേഷൻ ഓഫ് സീനിയർ ലിവിംഗ് ഇന്ത്യയുമായി ചേർന്ന് ഇന്ത്യയിലെ പ്രായമായവർക്കുള്ള വയോജനകേന്ദ്രങ്ങളെ വിലയിരുത്താനും അംഗീകാരം നൽകാനുമായി പുതിയൊരു തുടക്കം കുറിച്ചിട്ടുണ്ട്. ഇത് രാജ്യത്തെ പ്രായമായവരുടെ താമസം സംബന്ധിച്ച് വിശാലമായ ഒരു കാഴ്ചപ്പാടുണ്ടാകാനും പുതിയ നയ രൂപീകരണങ്ങൾക്കും കാരണമാകും.
പ്രത്യേക പരിശീലനം
രാജ്യത്ത് ജറൊന്റോളജി (വാർധക്യ പരിചരണം) വിദ്യാഭ്യാസവും ദീർഘകാല പരിചരണത്തിനാവശ്യമായ ആളുകളുടെ എണ്ണവും വളരെ പരിമിതമാണ്. വിദ്യാഭ്യാസം ലഭിക്കാത്തതുകൊണ്ടു വയോജനങ്ങളെ പരിപാലിക്കുന്ന മേഖലകളിൽ പിഴവു സംഭവിക്കുന്നു.
നമ്മുടെ മാതാപിതാക്കളെ ശ്രദ്ധിക്കുന്നതു പോലെ ഓരോരുത്തരെയും പരിപാലിക്കണമെങ്കിൽ നമുക്കു പരിശീലനം ലഭിക്കണം. ഒരു വയോജന സംരക്ഷണശാലയിൽ നൂറു പേരുണ്ടെങ്കിൽ നൂറു പേരെയും ഒരു പോലെ നോക്കുന്നതിനു പകരം ഓരോരുത്തരുടെയും ആവശ്യമറിഞ്ഞു പരിചരണം നല്കണം. ഇതിനു വിദ്യാഭ്യാസം അത്യാവശ്യമാണ്. ഇതിനു കേരളം പിന്നിലാണ്. ഇതിനാവശ്യമായ കോഴ്സുകൾ യൂണിവേഴ്സിറ്റികൾ ആരംഭിക്കണം. നമ്മുടെ കുട്ടികൾക്കു നഴ്സിംഗ് കോഴ്സ് പോലെ പരിശീലനം ലഭിക്കണം. വിദേശത്തും സ്വദേശത്തും ഈ പരിശീലനത്തിലൂടെ ജോലി ഉറപ്പിക്കാനും സാധിക്കും.