അനാഥമാകരുത് ഒരു കുഞ്ഞും
Tuesday, November 30, 2021 11:56 PM IST
കുട്ടികൾ ഉണ്ടാവുക എന്നത് എല്ലാ മാതാപിതാക്കളുടെയും വലിയ ആഗ്രഹമാണ്. എന്നാൽ കുഞ്ഞുങ്ങൾ ഉണ്ടാകാത്ത ദമ്പതികളുടെ ആശ്വാസമാണ് ഒരു കുഞ്ഞിനെ ദത്തെടുക്കൽ. പിറന്ന ഒരു കുഞ്ഞു പോലും അനാഥമല്ലെന്ന് ഉറപ്പുവരുത്തേണ്ടതു സമൂഹമാണ്. ജന്മം നൽകിയ അമ്മയ്ക്കോ അച്ഛനോ തന്റെ കുഞ്ഞിനെ വളർത്താൻ പറ്റാത്ത സാഹചര്യം ഉണ്ടാകുമ്പോൾ, അവർ ആ കുഞ്ഞിനെ സമൂഹത്തിനു നൽകുന്നു. സമൂഹം ആ കുഞ്ഞിനെ വളർത്താൻ ആഗ്രഹിക്കുന്ന വ്യക്തികളെ ഏൽപ്പിക്കുന്നു. അങ്ങനെ ഏറ്റെടുക്കുന്ന രീതിയാണ് ദത്തെടുക്കൽ. കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതു സംബന്ധിച്ച് നമ്മുടെ സമൂഹത്തിൽ പല മിഥ്യാധാരണകളും നിലനിൽക്കുന്നുണ്ട്.
ബന്ധപ്പെടേണ്ട സംഘടനകൾ
ദത്തെടുക്കൽ സംബന്ധിച്ച നടപടിക്രമങ്ങൾക്കായി സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് ഏജൻസി (CARA), സ്റ്റേറ്റ് അഡോപ്ഷൻ റിസോഴ്സ് ഏജൻസി (SARA), ജില്ലാ ശിശു സംരക്ഷണ കാര്യാലയം, അംഗീകൃത ദത്തെടുക്കൽ കേന്ദ്രം എന്നീ നാലു സംഘടനകളാണുള്ളത്. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വനിതാ ശിശുക്ഷേമ വികസനവകുപ്പിന്റെയും മേൽനോട്ടത്തിലാണ് ഇവ പ്രവർത്തിക്കുന്നത്. നിലവിലെ ദത്തെടുക്കൽ നിയമം 2017ലാണ് അവസാനമായി പുതുക്കിയത്. ഈ നിയമപ്രകാരം ദത്തെടുത്ത കുഞ്ഞിന് സ്വന്തം കുഞ്ഞിനെപ്പോലെ തന്നെ എല്ലാ അവകാശങ്ങളും ഉണ്ടായിരിക്കും.
രാജ്യത്തിനകത്തും രാജ്യാന്തരവുമായ ദത്തെടുക്കലിനെ ഏകോപിപ്പിക്കുന്നത് സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് ഏജൻസിയാണ്. അനാഥരും ഉപേക്ഷിക്കപ്പെട്ടവരും ദത്തെടുക്കലിനായി നൽകുന്നവരുമായ കുട്ടികളെ അംഗീകൃത ദത്തെടുക്കൽ ഏജൻസി വഴിയാണ് ദത്ത് നൽകുക.
ഈ ഏജൻസിയുടെ കീഴിൽ ഓരോ സംസ്ഥാനത്തും ദത്തെടുക്കൽ ഏകീകരണ ഏജൻസിളുണ്ട്.
കേരളത്തിലെ സ്ഥാപനങ്ങൾ
കേരളത്തിലെ അത്തരം സ്ഥാപനങ്ങൾ ഇവയെല്ലാമാണ്. ക്വീൻ മേരി ഫൗണ്ട്ലിംഗ് ഹോം തൃശൂർ, ചൈൽഡ് കെയർ ഇൻസ്റ്റിറ്റ്യൂട്ട് കൊല്ലം, സെന്റ് ജോസഫ് ഫൗണ്ട്ലിംഗ്് ഹോം കോഴിക്കോട്, ശിശുക്ഷേമ ഭവൻ കോട്ടയം, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ തിരുവന്തപുരം, സായ് നികേതൻ തൃശൂർ, ഹോളി ഇൻഫന്റ് മേരീസ് ഗേൾ ഹോം വയനാട്, ഹോളി ഏയ്ഞ്ചൽസ് ഫൗണ്ട്ലിംഗ്് ഹോം തൃശൂർ, ആനന്ദഭവൻ (ഫണ്ട്ലിംഗ്് ഹോം) പാലക്കാട്, ശിശുപരിപാലന കേന്ദ്രം മലപ്പുറം, ഇൻഫന്റ് ജീസസ് ശിശുഭവൻ കോട്ടയം, ദിനസേവന സഭ, സ്നേഹനികേതൻ ഫൗണ്ട്ലിംഗ് ഹോം കണ്ണൂർ, സേവിയേഴ്സ് ഫൗണ്ട്ലിംഗ്് ഹോം ഇടുക്കി, സ്നേഹജ്യോതി ശിശുഭവൻ എറണാകുളം, ശ്രേയ ഫൗണ്ട്ലിംഗ്് ഹോം, മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷൻ ഇടുക്കി, വാത്സല്യം ശിശുഭവൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിസ്റ്റേഴ്സ് ഓഫ് നസറത്ത് എറണാകുളം, ശിശുഭവൻ, എറണാകുളം.
ശ്രദ്ധിക്കേണ്ടവ
കുഞ്ഞിന്റെ ഉത്തമ താത്പര്യം സംരക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കഴിയുന്നതും ഇന്ത്യക്കകത്ത് കുഞ്ഞിന്റെ സാമൂഹിക, സാംസ്കാരിക അന്തരീക്ഷവുമായി ചേർച്ചയുള്ള സ്ഥലത്തേക്കു ദത്തു നൽകാനായിരിക്കണം മുൻഗണന കൊടുക്കേണ്ടത്. ദത്തെടുക്കൽ രഹസ്യാത്മകമായിരിക്കണം. കുഞ്ഞിന്റെ യഥാർഥ മാതാപിതാക്കളും ദത്തെടുക്കുന്ന മാതാപിതാക്കളും തമ്മിൽ പരസ്പരം അറിയാൻ പാടില്ല. ദത്തെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഓൺലൈൻ വഴി cara.nic.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.
ആർക്കൊക്കെ ദത്തെടുക്കാം
ദത്തെടുക്കാൻ ആഗ്രഹിക്കുന്ന അച്ഛനമ്മമാർ ശാരീരികം, മാനസികം, വൈകാരികം എന്നീ തലങ്ങളിൽ ആരോഗ്യമുള്ളവരും സാമ്പത്തികമായി സുസ്ഥിരത ഉള്ളവരുമായിരിക്കണം. ഏകയായ അമ്മയ്ക്ക് ആൺകുഞ്ഞിനെയോ പെൺകുഞ്ഞിനെയോ ദത്തെടുക്കുവാൻ സാധിക്കും. ഏകനായ പിതാവിന് ആൺകുട്ടികളെ മാത്രമെ ദത്തെടുക്കുവാൻ സാധിക്കൂ. വിവാഹം കഴിഞ്ഞവർ ആണെങ്കിൽ രണ്ടു പേരുടെയും സമ്മതത്തോടുകൂടി മാത്രമേ ദത്തെടുക്കുവാൻ സാധിക്കുകയുള്ളൂ. വിവാഹിതർ ഏറ്റവും കുറഞ്ഞത് രണ്ടു വർഷമെങ്കിലും ഒരുമിച്ചു ജീവിക്കുന്നവരും പരസ്പരം ഒത്തൊരുമയിൽ കഴിയുന്നവരും ആയിരിക്കണം. മൂന്നോ അതിൽ കൂടുതലോ കുഞ്ഞുങ്ങൾ ഉള്ളവർക്ക് ദത്തെടുക്കുവാൻ സാധിക്കുകയില്ല. ദത്തെടുക്കുന്ന കുഞ്ഞും മാതാപിതാക്കളും തമ്മിൽ 25 വയസിന്റെ എങ്കിലും വ്യത്യാസം ഉണ്ടായിരിക്കണം.
ആവശ്യമായ നിയമ നടപടികൾ
കേരളത്തിൽ 17സ്പെഷലിസ്റ്റ് അഡോപ്ഷൻ ഏജൻസീസ്(എസ്എഎ)നിലവിലുണ്ട്. ഓൺലൈൻ ആയി അപേക്ഷ നൽകുകയും നിഷ്കർഷിച്ചിട്ടുള്ള രേഖകൾ അപ്ലോഡ് ചെയ്യുകയും വേണം. ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ചാൽ ഉടൻതന്നെ എസ്എഎ അപേക്ഷിച്ച മാതാപിതാക്കളുടെ വീടിനെപ്പറ്റിയും ജീവിതസാഹചര്യങ്ങളെപ്പറ്റിയും പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നു.
നിയപരമായി ദത്തെടുക്കപ്പെടേണ്ട കുഞ്ഞിന് വേറെ ബന്ധങ്ങൾ ഒന്നുമില്ലെന്ന് ബാലക്ഷേമ സമിതി തീരുമാനിക്കുമ്പോൾ ആ കുഞ്ഞിനെ ദത്തെടുക്കലിന് വിധേയനാക്കാം. അഞ്ച് വയസിനു താഴെയുള്ള കുഞ്ഞുങ്ങൾ കുറഞ്ഞത് 60 ദിവസം കഴിഞ്ഞിരിക്കണം. അഞ്ച് വയസിനു മുകളിൽ ആണെങ്കിലോ സഹോദരങ്ങളാണെങ്കിലോ 30 ദിവസം കഴിഞ്ഞിരിക്കണം. മാനസികമോ ശാരീരികമോ ആയ അസുഖങ്ങൾ ഉള്ളവരാണെങ്കിൽ 15 ദിവസമെങ്കിലും കഴിഞ്ഞിരിക്കണം.
രാജ്യത്തിനകത്തുള്ള ദത്തെടുക്കൽ
അനാഥരായ ഓരോ കുഞ്ഞും ഏറ്റവും മികച്ച ഒരു കുടുംബത്തിന്റെ ഭാഗമാകണമെന്ന ആശയത്തിലാണ് ദത്തെടുക്കൽ നിയമം രാജ്യത്തു നിലവിൽ വന്നത്. ശരിയായ രീതിയിൽ അപേക്ഷ നൽകിയവരുടെ മുൻഗണനാക്രമത്തിലാണ് അപേക്ഷകരുടെ പട്ടിക തയാറാക്കുന്നത്. ദത്തെടുക്കുന്ന കുഞ്ഞുമായി മാതാപിതാക്കൾ ചേർച്ചയുണ്ടെന്നു തീരുമാനമെടുത്താൽ 10 ദിവസത്തിനകം ദത്തെടുക്കുന്ന കുഞ്ഞിനെ താത്കാലികമായ പരിപാലനത്തിനു വിട്ടുനൽകുന്നു. ഇങ്ങനെ ചെയ്യുമ്പോൾ മാതാപിതാക്കളുടെ എല്ലാ രേഖകളും ഒറിജിനൽ അല്ലെങ്കിൽ നോട്ടറി അറ്റസ്റ്റ് ചെയ്തത് സമർപ്പിക്കണം. കുഞ്ഞും മാതാപിതാക്കളുമായി യോജിക്കുന്നുവെന്ന് ഉറപ്പു വന്നാൽ 10 ദിവസത്തിനകം എല്ലാ രേഖകളും കോടതിയിൽ ഹാജരാക്കണം.
ദത്തെടുക്കുന്ന മാതാപിതാക്കൾ ഒരു രീതിയിലും കോടതിയിൽ ബോണ്ട് നൽകേണ്ട ആവശ്യമില്ല. അപേക്ഷ നൽകി രണ്ടു മാസത്തിനുള്ളിൽ കോടതി ദത്തെടുക്കൽ നടപടിക്ക് തീർപ്പ് കൽപ്പിക്കും. തീരുമാനമെടുത്തു മൂന്നു ദിവസത്തിനകം ജനന സർട്ടിഫിക്കറ്റിന് അപേക്ഷ നൽകേണ്ടതാണ്. ജനന സർട്ടിഫിക്കറ്റിൽ ദത്തെടുക്കുന്ന മാതാപിതാക്കളുടെ പേരും പതിച്ചിരിക്കണം. എസ്എഎ ആറ് മാസം ഇടവിട്ട് ആദ്യത്തെ രണ്ട് വർഷം കുഞ്ഞിന്റെയും മാതാപിതാക്കളുടെയും വീട്ടിലെ സാഹചര്യങ്ങളെപ്പറ്റി പഠനം നടത്തുകയും അതിന്റെ റിപ്പോർട്ട് കുഞ്ഞിന്റെ ഫോട്ടോയ്ക്കൊപ്പം Child Adoption Resource Information and Guidance ൽ സമർപ്പിക്കുകയും വേണം. മാതാപിതാക്കൾ താമസം മാറുകയാണെങ്കിൽ വിവരം അവരുടെ വീട്ടിൽ വന്ന് പഠനം നടത്തിയ സംഘടനയെ അറിയിക്കുകയും അവർ വഴി ഏതു ജില്ലയിലാണോ താമസം മാറുന്നത് അവിടത്തെ ജില്ലാ ശിശുസംരക്ഷണ സമിതിയെ അറിയിക്കുകയും വേണം.
ദത്തെടുത്ത കുഞ്ഞിന് പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ പറ്റാത്ത സാഹചര്യം ഉണ്ടാവുകയാണെങ്കിൽ എസ്എഎ അല്ലെങ്കിൽ ജില്ലാ ശിശുസംരക്ഷണസമിതി കൗൺസിലിംഗ് നൽകേണ്ടതാണ്. ഈ കാലയളവിൽ ദത്തെടുക്കലുമായി എന്തെങ്കിലും പ്രശ്നങ്ങൾ കുഞ്ഞിന് ഉണ്ടാവുകയാണെങ്കിൽ എസ്എഎ കുഞ്ഞിനെ തിരികെ എടുത്ത് ദത്തെടുക്കൽ റദ്ദാക്കും.
വെല്ലുവിളികള്‍
സാമ്പത്തിക ചെലവുകൾ ദത്തെടുക്കലിന് പ്രധാന വെല്ലുവിളിയാണ്. കൂടാതെ ദത്തെടുക്കപ്പെട്ട കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങള്‍ ശരിയായി മനസിലാക്കണം. ദത്തെടുക്കുന്ന കുട്ടികള്‍ക്ക് അവര്‍ ജീവിക്കുന്ന വീടിനോടും കുടുംബാംഗങ്ങളോടും ജന്മം നല്കിയ മാതാപിതാക്കന്മാരോടുമെല്ലാം വൈകാരികമായ അടുപ്പം ഉണ്ടാകും. കുട്ടിക്കുതന്നെ ദത്തെടുത്ത മാതാപിതാക്കന്മാരുടെ സാഹചര്യങ്ങളുമായി യോജിച്ച് പോകാന്‍ സാധിച്ചുവെന്നു വരില്ല. മറ്റു കുടുംബാംഗങ്ങളുടെ സമീപനവും ചിലപ്പോൾ മോശമായിരിക്കും.
പ്രായം കുറഞ്ഞ കുട്ടികളെ ദത്തെടുത്താൽ അറിവാകുന്നതിന് മുന്‍പ് കുട്ടികളെ കുടുംബത്തിന്റെ ഭാഗമാക്കാൻ എളുപ്പമായിരിക്കും. വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് ഇവരോട് ഇടപെടാന്‍ വലിയ ബുദ്ധിമുട്ട് ഉണ്ടാവുകയുമില്ല. വ്യത്യസ്ത സാംസ്കാരിക പശ്ചാത്തലത്തില്‍ നിന്നാണെങ്കില്‍ കുട്ടിക്കും ദത്തെടുത്ത കുടുംബത്തിനും വെല്ലുവിളികള്‍ ഉണ്ടാകും.
ദത്തെടുക്കുന്നതിന് മുന്‍പ് നിയമപരമായവ ഉൾപ്പെടെ എന്തെല്ലാം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുമെന്നതിനെക്കുറിച്ച് വ്യക്തമായി മനസിലാക്കണം. ഏറെ ആലോചിച്ചും പഠനം നടത്തിയുമായിരിക്കണം ദത്തെടുക്കൽ. അങ്ങനെ ഈ ലോകത്ത് ജനിക്കുന്ന ഒരു കുഞ്ഞിനെപോലും അനാഥമാക്കാതിരിക്കാം.
ജോബി ബേബി