നമ്മുടെ വല്ലാത്ത വികൃതമുഖങ്ങൾ
Sunday, January 16, 2022 1:36 AM IST
നമ്മുടെ സമൂഹത്തിന് എന്താണ് സംഭവിക്കുന്നത്? ജീവിക്കാൻ അനുവദിക്കുന്നില്ല എന്ന സങ്കടവുമായി ആത്മഹത്യ ചെയ്യാൻ കോടതിയുടെ അനുവാദം ചോദിക്കുന്ന ട്രാൻസ്ജൻഡർ, ഒറ്റ രാത്രിയിൽ പിടികൂടപ്പെടുന്ന നൂറോളം ഗുണ്ടകൾ.
അഴിമതിയും മയക്കുമരുന്നു കച്ചവടവും രാഷ്ട്രീയ കൊലപാതകങ്ങളും പോലെ പൊതുജീവിതത്തിൽ വ്യാപകമാകുന്ന അപചയങ്ങളെക്കുറിച്ച് അറിയുന്നതും കേൾക്കുന്നതുമായ വൈകൃതങ്ങളെ കവച്ചുവയ്ക്കുന്ന സംഭവങ്ങൾ കുടുംബങ്ങളിൽ നടക്കുന്നതായി പോലീസ് കേസുകൾ വരുന്നു. മകളെ ദുരുപയോഗിക്കുന്ന അച്ഛൻ, രണ്ടാനച്ഛൻ തുടങ്ങിയവരും മകളെ കാഴ്ച വച്ച് പണം ഉണ്ടാക്കുന്ന അമ്മ, അച്ഛൻമാരും വിദ്യാർഥികളെ ദുരുപയോഗിക്കുന്ന അധ്യാപകരും ഒക്കെ ഒറ്റപ്പെട്ട വില്ലൻ കഥാപാത്രങ്ങളായി ഇവിടെ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബത്തെ തകർക്കുന്ന സോഷ്യൽമീഡിയ കൂട്ടായ്മകൾ തന്നെ പ്രവർത്തിക്കുന്നതായി വാർത്തകൾ വരുന്നു.
ഭദ്രമായ കുടുംബബന്ധങ്ങളുടെ സന്തോഷം അനുഭവിക്കുന്ന നമ്മുടെ നാട്ടിൽ ജീവിത പങ്കാളികളെ ലൈംഗിക വേഴ്ചയ്ക്കായി പങ്കുവയ്ക്കുന്നവരുടെ ഇത്തരം പൈശാചിക കൂട്ടായ്മകൾ പ്രവർത്തിക്കുന്നു. ഇന്നലെ ചെയ്തോരബദ്ധം ഇന്നത്തെ ആചാരമാകാം, നാളത്തെ നിയമവുമാകാം എന്ന മട്ടിലാണോ എല്ലാം നീങ്ങുന്നത് എന്നു ഭയപ്പെടേണ്ട നിലയിലായിട്ടില്ലേ കാര്യങ്ങൾ? തെറ്റു ചെയ്യുന്ന ലോകത്തിൽ തെറ്റു ചെയ്യാതിരിക്കുന്നതാണ് തെറ്റ് എന്നു വിശ്വസിക്കുന്ന തലമുറയല്ലേ വളർന്നു വരുന്നത് എന്നു ഭയപ്പെട്ടു പോകുന്ന അടയാളങ്ങൾ പ്രത്യക്ഷപ്പെടുന്നു.
ഒരു കറുകച്ചാൽക്കഥ
കോട്ടയം ജില്ലയിലെ കറുകച്ചാൽ പോലീസിന് 26 കാരിയും രണ്ടു മക്കളുടെ അമ്മയുമായ ഒരു യുവതിയിൽ നിന്നു കിട്ടിയ പരാതിയാണ്, സോഷ്യൽമീഡിയ വിപണനപ്രതലമാക്കിക്കൊണ്ട് കേരളത്തിൽ നടക്കുന്ന പങ്കാളികളുടെ കൈമാറ്റ വാണിഭത്തിന്റെ മറ നീക്കിയത്. സൈബർ സെൽ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് പോലീസ് ആരംഭിച്ച അന്വേഷണത്തിൽ ഈ ഗ്രൂപ്പുകളിൽ സജീവമായുള്ള ആയിരം ദന്പതികളുടെ വിവരം കിട്ടിയതായാണു വാർത്ത.14 നവമാധ്യമക്കൂട്ടായ്മകളെ കണ്ടെത്തി പങ്കാളികളെ കൈമാറാൻ വൻ റാക്കറ്റുകൾ പ്രവർത്തിക്കുന്നതായും ഭീഷണിപ്പെടുത്തിയാണ് പലരെയും ലൈംഗിക ബന്ധത്തിന് ഇരയാക്കിയതെന്നുമെല്ലാം സൈബർ കണ്ടെത്തലുണ്ട് എന്നാണ് വാർത്ത.
എല്ലാ കള്ളക്കച്ചവടക്കാരെയും പോലെ ഇക്കൂട്ടരും സ്വന്തമായ വിപണന സാമ്രാജ്യം സൃഷ്ടിച്ച് തങ്ങൾക്കു മാത്രം മനസിലാകുന്ന കച്ചവടപദങ്ങൾ വരെ ഉണ്ടാക്കി വ്യാപകമായിരിക്കുന്നു. അവരുടെ കോഡ് ഭാഷയിലെ സ്വാപ്പിംഗ്, സ്റ്റഡ് തുടങ്ങിയ ഏതാനും പദങ്ങൾ പോലീസ് മനസിലാക്കിയിട്ടുണ്ട്. പോലീസിൽ ലഭിച്ച പരാതിയുമായി ബന്ധപ്പെട്ട് ഏതാനും പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സമുദ്രത്തിൽ താഴ്ന്നു കിടക്കുന്ന മഞ്ഞുമലയുടെ അഗ്രം മാത്രമാണത് എന്ന് പോലീസ് മനസിലാക്കിയിട്ടുമുണ്ട്.
പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയ യുവതിയുടെ സഹോദരൻ പറയുന്നത് സമൂഹത്തിലെ ഉന്നതരായ പലരും ഈ കൂട്ടായ്മയിൽ അംഗങ്ങളാണ് എന്നാണ്. അതുകൊണ്ടു തന്നെ പോലീസ് അന്വേഷണം ഏറെ ഒന്നും മുന്നോട്ടു പോകില്ല എന്ന ആശങ്ക ഇപ്പോൾത്തന്നെ ഉയർന്നു കഴിഞ്ഞു. തോന്ന്യാസം ജീവിക്കാൻ ആഗ്രഹിക്കുന്നവരും അവരുടെ സംരക്ഷകരായി വരുന്ന പുരോഗമനക്കാരും മാത്രമല്ല, കോടതികൾ പോലും വ്യക്തി സ്വാതന്ത്ര്യത്തിനു നല്കുന്ന നിയമപരമായ വല്ലാത്ത പരിരക്ഷ ഇന്ന് സാമൂഹികമൂല്യങ്ങളുടെ ലംഘനത്തിനു വലിയ പ്രേരണയായിട്ടുണ്ട്. ഉഭയ സമ്മതത്തോടെയാണ് എല്ലാം എന്നു വരുത്തിത്തീർത്താൽ പ്രായപൂർത്തി എന്ന സംരക്ഷണകവചം ഉപയോഗിച്ച് ആർക്കും രക്ഷപ്പെടാവുന്ന സ്ഥിതിയുണ്ട്. സമൂഹത്തിന്റെ അടിസ്ഥാനഘടകമായ കുടുംബത്തിന്റെ ഭദ്രതയും ഉറപ്പും വല്ലാതെ ഉലയ്ക്കുന്ന ഈ പൈശാചിക പ്രവണത നിയന്ത്രിക്കപ്പെട്ടില്ലെങ്കിൽ സമുഹം വലിയ വില കൊടുക്കേണ്ടി വരും എന്നതാണ് സത്യം.
ധീരജ് വധം
പൈനാവിലെ എൻജിനിയറിംഗ് കോളജ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അവിടുത്തെ അവസാനവർഷ വിദ്യാർഥിയായ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ ദാരുണസംഭവം കേരള രാഷ്ട്രീയത്തിൽ സംഭവിക്കാനിരിക്കുന്ന സമീപന മാറ്റത്തിന്റെ ഭീതിപ്പെടുത്തുന്ന അടയാളമാവുകയാണ്. കാന്പസ് രാഷ്ട്രീയത്തെ ന്യായീകരിക്കുന്നവർ ഒറ്റപ്പെട്ട സംഭവമെന്നോ എതിരാളികളുടെ രാക്ഷസീയപ്രവൃത്തി എന്നോ ന്യായീകരിച്ച് ഇത്തരം സംഭവങ്ങൾ തുടരാനുള്ള ന്യായം കണ്ടെത്തുമെങ്കിലും ജീവിതത്തിന്റെ എല്ലാ സ്വപ്നങ്ങളും മകനിൽ അർപ്പിച്ച് പഠിക്കാൻ എൻജിനിയറിംഗിനു ചേർത്ത അച്ഛന്റെയും അമ്മയുടെയും കണ്ണീർ ആർക്കാണ് തുടയ്ക്കാനാവുക? രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകങ്ങളായി മാറിയിരിക്കുന്ന വിദ്യാർഥി പ്രവർത്തകർ തമ്മിലുള്ള സംഘർഷങ്ങൾ വർധിക്കുമെന്നും അത് ഏതു രൂപവും പ്രാപിക്കാമെന്നും കൂടുതൽ തീർച്ചയാവുകയാണ്. പൈനാവിലെ സംഭവത്തെ തുടർന്ന് എറണാകുളം മഹാരാജാസിൽ പരീക്ഷ എഴുതിക്കൊണ്ടിരുന്ന അന്പതോളം കെഎസ്യുക്കാരെ എസ്എഫ്ഐക്കാർ ആക്രമിച്ചതു മാത്രം പോരേ സാക്ഷ്യത്തിന്.
കേസിൽ പ്രതികളാക്കപ്പെട്ട കോണ്ഗ്രസ് പ്രവർത്തകരെ ഒരു വിധത്തിലും തള്ളിപ്പറയാൻ കെപിസി സി അധ്യക്ഷൻ കെ. സുധാകരൻ തയാറായില്ലെന്ന് മാത്രമല്ല, ഇരന്നുവാങ്ങിയ വധമായിരുന്നു അത് എന്നുവരെ അദ്ദേഹം പറഞ്ഞു. സംഭവത്തെ അപലപിച്ച അദ്ദേഹം സിപിഎം പറയുന്ന കോണ്ഗ്രസുകാരെ പോലീസ് പ്രതികളാക്കിയതുകൊണ്ട് പാർട്ടിക്ക് എങ്ങനെ നടപടി എടുക്കാനാവും എന്ന നിലപാടിലാണ്. സുധാകരന്റെ വാക്കുകളും നിലപാടുകളും കോണ്ഗ്രസിലെ തീവ്രവാദികളെ വല്ലാതെ ഹരം പിടിപ്പിക്കുമെങ്കിലും സമാധാനപരമായ കാന്പസ് പ്രവർത്തനത്തിന് ഇനിയങ്ങോട്ട് വലിയ തടസം ഉണ്ടാക്കാനാണ് സാധ്യത.
ഇതാണ് വഴി
എതിർ ശബ്ദങ്ങൾ ഉണ്ടെങ്കിലും അടിയും തിരിച്ചടിയും നടത്തിപ്പോയാൽ കാന്പസുകളിൽ ശക്തമാകാം എന്ന ധാരണ കോണ്ഗ്രസിൽ പലർക്കും ഉണ്ട്. കാന്പസുകളിൽ എസ്എഫ്ഐക്കാർ കായികമായി ആധിപത്യം നേടുന്നു എന്ന നിലയും ഉണ്ട്. കണ്ണൂരിലെ കോണ്ഗ്രസ് കുടുംബത്തിൽ നിന്നു വന്ന ഒരു യുവാവാണ് എസ്എഫ്ഐക്കു വേണ്ടി പൈനാവിൽ ജീവൻ ഹോമിച്ചത് എന്നാണ് വാർത്ത. കോണ്ഗ്രസ് അനുഭാവികളാണത്രെ ധീരജിന്റെ മാതാപിതാക്കൾ. നാട്ടിൽ അവനു പ്രത്യേകമായ രാഷ്ട്രീയ ചായ്വുകൾ ഒന്നും ഇല്ലായിരുന്നു. ഇത്തരം കുടുംബത്തിൽ നിന്നു വന്ന ഒരു യുവാവ് പൈനാവിൽ എസ്എഫ്ഐക്കാരനായത് സഖാക്കളെ ഭയന്നാണെന്നു കോണ്ഗ്രസുകാർ കരുതുന്നു. രണ്ടായിരത്തിൽ ആരംഭിച്ച പൈനാവ് സർക്കാർ എൻജിനിയറിംഗ് കോളജിൽ 2007 വരെ വിദ്യാർഥികളുടെ ആധിപത്യം കെഎസ്യുവിനായിരുന്നു എന്നാണ് വാർത്ത. പക്ഷേ ഇന്നതല്ല. ഇത്തരം കൂറുമാറ്റങ്ങൾ പല കോളജിലും നടക്കുന്നുണ്ട്. അങ്ങനെ ജീവിക്കാനും പഠിക്കാനും വേണ്ടി എസ്എഫ്ഐക്കാരായ പലരും കോളജ് പഠനത്തിനു ശേഷം തിരിച്ചു നടക്കുന്നും ഉണ്ട്.
സിപിഎം നിലപാട്
ധീരജ് വധത്തോട് സിപിഎം കാണിച്ച പ്രതികരണവും വളരെ വ്യത്യസ്തമായി. കുത്തേറ്റ ധീരജിനെ ആശുപത്രിയിലെത്തിക്കാൻ ആരും വേണ്ട ജാഗ്രത കാണിച്ചില്ല എന്ന ആക്ഷേപം ഉയരുന്നുണ്ട്. കരുതിക്കൂട്ടി നടത്തിയ കൊലപാതകമായിരുന്നു ധീരജിന്റേത് എന്നു പറയുന്പോഴും തെരഞ്ഞെടുപ്പ് സംഘർഷത്തിന്റെ ഭാഗമായിരുന്നു അത്. എന്നാൽ, 2018 ൽ എറണാകുളം മഹാരാജാസ് കോളജ് ഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന അഭിമന്യു എന്ന എസ്എഫ് ഐക്കാരനെ മുസ്ലിം തീവ്രവാദികളായ പോപ്പുലർഫ്രണ്ടുകാർ വിളിച്ചുണർത്തി കുത്തിക്കൊല്ലുകയായിരുന്നു.
തികച്ചും ആസൂത്രിതമായ കൊലപാതകം. ധീരജിന്റെ വധത്തെ തുടർന്ന് നാട്ടിലാകെ കോണ്ഗ്രസ് ഓഫീസുകളും കൊടിമരങ്ങളും തകർത്ത എസ്എഫ്ഐക്കാരോ പാർട്ടി സഖാക്കളോ അഭിമന്യു വധത്തെ തുടർന്ന് അനങ്ങിയില്ല. എസ്ഡിപിഐക്കാർക്കു നേരെ എവിടെയും ഒരു ആക്രമണവും ഉണ്ടായില്ല. വളരെ അച്ചടക്കം വന്നവരെപ്പോലെയാണ് അവർ പെരുമാറിയത്. പോലീസിന് കേസിലെ പ്രതികളെ മുഴുവൻ പിടിക്കാനും ആയില്ല. 2021 ലാണ് അഭിമന്യുവിനെ വധിച്ച കേസിലെ പ്രധാനപ്രതികൾ പോലീസിനു കീഴടങ്ങിയത്. പക്ഷേ, ധീരജ് സംഭവത്തിൽ നടന്നത് വ്യത്യസ്തമായിരുന്നു. അതായത് സുധാകരനെ ഇങ്ങനെ വിട്ടാൽ ശരിയാകില്ലെന്ന കൃത്യമായ ബോധ്യത്തോടെ സിപിഎം എല്ലാം ക്രമീകരിച്ചു.
പോലീസ് അന്നു തന്നെ പ്രധാനപ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും പ്രത്യേക സുരക്ഷയും ഏർപ്പെടുത്തി. ധീരജിന്റെ മൃതദേഹം സംസ്കരിച്ചത് അവരുടെ വീടിനടുത്തു പാർട്ടി വില കൊടുത്തു വാങ്ങിയ സ്ഥലത്താക്കിയതിനു പിന്നിലും ഗൂഢലക്ഷ്യം കാണുന്ന കോണ്ഗ്രസുകാരുണ്ട്.
ധീരജിന്റെ വധത്തിൽ വല്ലാത്ത സങ്കടം പ്രകടിപ്പിച്ച സിപിഎം അന്ന് പാറശാലയിൽ 550 പേർ പങ്കെടുക്കുന്ന മഹാതിരുവാതിര നടത്തുകയും അതു കാണാൻ പോളിറ്റ് ബ്യൂറോ അംഗമായ എം.എ. ബേബി വരെ എത്തുകയും ചെയ്തു. സിപിഎമ്മിന് ധീരജിന്റെ മരണത്തിൽ ഉണ്ടെന്ന് പറയപ്പെടുന്ന സങ്കടത്തിന്റെ വല്ലാത്ത മുഖമായി കോവിഡ് നിയമം ലംഘിച്ചും നടന്ന ആ മഹാതിരുവാതിര.
കെ-റെയിൽ പദ്ധതിക്കായി സർക്കാർ സ്ഥാപിക്കുന്ന കല്ലുകൾ പിഴുതെറിയുമെന്ന കെപിസിസി അധ്യക്ഷൻ സുധാകരന്റെ വെല്ലുവിളിയും, അതിനുള്ള കരുത്തൊന്നും കോണ്ഗ്രസിനില്ലെന്ന് പിണറായിയുടെ തിരിച്ചടിയും ഇക്കാര്യത്തിലും കൂട്ടി വായിക്കേണ്ടതുണ്ട്.
തിരുവാതിരപ്പാട്ട്
സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനു മുന്നോടിയായി പാറശാലയിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി.ആർ. സലുജയുടെ നേതൃത്വത്തിൽ ജനാധിപത്യമഹിളാ അസോസിയേഷൻ പാറശാല ഏരിയ കമ്മിറ്റി സംഘടിപ്പിച്ച 550 പേർ പങ്കെടുത്ത മഹാതിരുവാതിരയും അതിൽ പാടിയ തിരുവാതിരപ്പാട്ടും സിപിഎമ്മിനെക്കുറിച്ച് പുത്തൻ സങ്കല്പങ്ങളാണ് പകരുന്നത്. പാർട്ടി പൂജയല്ലാതെ വ്യക്തിപൂജ പാടില്ലെന്നു ശഠിക്കുന്ന പാർട്ടി സംഘടിപ്പിച്ച തിരുവാതിരക്കളിയിലെ പാട്ട് വല്ലാത്ത പിണറായി സ്തുതിയായി. മുഖ്യമന്ത്രി അറിഞ്ഞു നടത്തിയ ഒരു സ്തുതി എന്നു കരുതാനാവില്ല. പക്ഷേ പാർട്ടിയിൽ അത്തരം ഒരു സംസ്കാരം വളർന്നു വരുന്നു എന്നത് അപചയം തന്നെയാണ്. അടുത്തകാലത്ത് ഇതിനെതിരേ പാർട്ടി ശക്തമായ താക്കീത് നല്കിയതുമാണ് വിഎസിന്റെയും പി. ജയരാജന്റെയും ആരാധകരോടാണ് ഈ കർശന നിലപാട് എടുത്തത്. എന്നിട്ടും ഒരു തടസവുമില്ലാതെ പിണറായി സ്തുതി ഉയരുന്നത് അത്ര ശക്തനാണ് പിണറായി പാർട്ടിയിൽ എന്നതു കൊണ്ടാവണം. അതാണ് കമ്യൂണിസ്റ്റ് ചരിത്രവും.
അധികാരം കൈയാളുന്ന നേതാവിന് എന്തും ആവാം. രണ്ടാം മന്ത്രിസഭ വന്നതോടെ പിണറായിയും ആ തലത്തിൽ എത്തുന്നു. താൻ ഉദ്ദേശിച്ചപോലെ കാര്യങ്ങൾ നടത്തും എന്ന തന്റേടത്തിലാണ്. എതിർക്കുന്നവരെ നിശബ്ദരാക്കാൻ അദ്ദേഹത്തിനറിയാം. പിണറായിക്കു രണ്ടാമൂഴം കൊടുക്കുന്നത് സംസ്ഥാനത്തിനും അദ്ദേഹത്തിന്റെ പാർട്ടിക്കും അദ്ദേഹത്തിനും വിനാശകരമാവും എന്ന് തെരഞ്ഞെടുപ്പു പ്രചാരണകാലത്ത് എ.കെ. ആന്റണി പറഞ്ഞിടത്തേക്കാണോ കാര്യങ്ങൾ നീങ്ങുന്നത് എന്നു സംശയിക്കണം.
ശൈലജ ടീച്ചറുടെ കാലം
കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട കാലത്ത് അമ്മ സ്നേഹം നിറഞ്ഞ കരുതലിലൂടെ കേരളത്തിന്റെ മനം കവർന്ന മന്ത്രിയായിരുന്നു കെ.കെ. ശൈലജ. പിണറായിക്കു കിട്ടിയ രണ്ടാം ഉൗഴത്തിൽ ആ കരുതലും വലിയ പങ്കു വഹിച്ചു. പക്ഷേ അധികാരത്തിൽ തിരിച്ചെത്തിയ പിണറായി അവരെ മന്ത്രിസ്ഥാനത്തേക്ക് എടുത്തില്ല. ഇപ്പോഴിതാ മറ്റൊരു വലിയ സ്ഫോടനം വരുന്നു. കോവിഡ് കാലത്ത് നടത്തിയ 1600 കോടി രൂപയുടെ മെഡിക്കൽ ഇടപാടുകളിൽ വലിയ തിരിമറികൾ നടന്നു. ഇല്ലാത്ത വിലയ്ക്കു സാധനങ്ങൾ വാങ്ങി. വേണ്ടാത്തവ വാങ്ങി. അങ്ങനെ പലതും. ഇവ സംബന്ധിച്ച സെക്രട്ടേറിയറ്റിലെ ഫയലുകളും കാണാനില്ല. പണ്ട് ലാവ്ലിൻ ഫയലുകൾ കാണാതായതാണ് ഓർമ വരുന്നത്. അവസാനം ടീച്ചറമ്മയ്ക്കു കോവിഡായി. സത്യം പുറത്തു വരുമോ ആവോ?
അനന്തപുരി / ദ്വിജൻ