കൊച്ചിയിൽ ചെയ്യേണ്ടത് സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്ന കൊച്ചിയിലെ ജനങ്ങൾക്ക് മാലിന്യ സംസ്കരണത്തിൽ കുറേക്കൂടി ജാഗ്രതയും ശ്രദ്ധയും അവബോധവും അത്യാവശ്യമാണ്. തിരുവനന്തപുരത്തും ആലപ്പുഴയിലും വിജയിപ്പിച്ച വികേന്ദ്രീകൃത മോഡലുകൾ കൊച്ചിയിലും പരീക്ഷിക്കാവുന്നതാണ്. ബ്രഹ്മപുരത്തെ പ്ലാന്റിലേക്കു കൊണ്ടുവരുന്ന മാലിന്യത്തിന്റെ അളവ് കുറയ്ക്കുകയാണ് പരമപ്രധാനം. അതിനു കൊച്ചിയിലെ ജനങ്ങളുടെ സഹകരണത്തോടെ വിവിധ മാർഗങ്ങൾ ഉചിതമായ രീതിയിൽ സ്വീകരിക്കാവുന്നതാണ്. അതിലൊന്ന്, കൊച്ചിയുടെ വിവിധ വാർഡുകളിലായി ഒന്നിൽ കൂടുതൽ ചെറുപ്ലാന്റുകൾ പരീക്ഷിക്കുക എന്നതാണ്.
എല്ലാ ഫ്ലാറ്റുകളും കമ്യൂണിറ്റികളും ഹോട്ടലുകളും ആശുപത്രികളും മാലിന്യം ഉറവിടത്തിൽത്തന്നെ വേർതിരിക്കുന്നതിനാൽ വൃത്തിയുള്ളതും ഉണങ്ങിയതുമായ പ്ലാസ്റ്റിക്കും പേപ്പറുകളും ഹരിതകർമസേനയെപ്പോലുള്ള അംഗീകൃത കളക്ടർമാർക്ക് നൽകാനും അവർ അത് റിസൈക്ലിംഗ് യൂണിറ്റുകൾക്കും റിസൈക്കിൾ ചെയ്യാത്തവ ക്ലീൻ കേരള കമ്പനിക്കും കൈമാറാനും കഴിയും. പെരുമ്പാവൂരിനടുത്ത് നിരവധി പ്ലാസ്റ്റിക് റിസൈക്ലിംഗ് യൂണിറ്റുകളുണ്ട്. അവരുടെ ‘പ്രിയ’ എന്ന സംഘടന കൊച്ചിയിലെ നിരവധി സൈറ്റുകളിൽ വന്ന് പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ എടുക്കാൻ തയാറാണ്. ബാക്കിയുള്ളവ ക്ലീൻ കേരള കമ്പനി വഴി സിമന്റ് പ്ലാന്റിലോ റോഡ് ടാറിംഗിലോ ഉപയോഗിക്കാം.
അതുപോലെ, ഫ്ലാറ്റുകൾ, ഹോട്ടലുകൾ, ആശുപത്രികൾ എന്നിവയ്ക്ക് ബയോഡിഗ്രേഡബിൾ ബയോബിനുകൾ, എയ്റോബിൻസ്, ബയോഗ്യാസ് പ്ലാന്റുകൾ എന്നിങ്ങനെയുള്ള സൗകര്യങ്ങൾ നൽകണം. നിലവിൽ ക്രെഡായിയുടെയും അംഗീകൃത ഏജൻസികളുടെയും ഉടമസ്ഥതയിലുള്ള കൊച്ചിയിലെ വൻകിട ഫ്ലാറ്റുകൾക്ക് ഇത്തരം സൗകര്യം നിലവിലുണ്ട്. ഇടത്തരം, ചെറുകിട ഫ്ലാറ്റുകളിലേക്കും ഇത് വ്യാപിപ്പിക്കാം. കേരളാ ഗവണ്മെന്റിന്റെ കീഴിലുള്ള ശുചിത്വ മിഷൻ ലൈസൻസ് കൊടുത്തിരിക്കുന്ന ധാരാളം സേവനദാതാക്കൾ ഇപ്പോൾ എല്ലാ ജില്ലകളിലുമുണ്ട്. അവരുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
മാലിന്യ സംസ്കരണത്തിന് ഇടമില്ലാത്ത ഹോട്ടലുകൾക്കു സമാനമായ സൗകര്യം ഒരുക്കുന്നതിനുള്ള സ്ഥലം അവരുടെ അസോസിയേഷൻ കണ്ടെത്തണം. കമ്യൂണിറ്റി പോലെയുള്ള ഇടങ്ങളിൽ ബിപിഎൽ കുടുംബത്തിൽനിന്നുള്ള ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിന് പങ്കാളിത്ത രീതിയിൽ എയ്റോബിൻസ്, ബയോബിനുകൾ തുടങ്ങിയ കമ്പോസ്റ്റിംഗ് നൽകാം. അവർക്കു വേണ്ട പരിശീലനം നൽകിയാൽ മതി. കളമശേരി, ആലുവ എന്നിവിടങ്ങളിൽ ചെയ്യുന്നതുപോലെ ഉപയോഗശൂന്യമായ സാനിറ്ററി നാപ്കിൻ, ഡയപ്പർ എന്നിവ KEIL നിർമിച്ച സാധാരണ ബയോമെഡിക്കൽവേസ്റ്റ് ഇൻസിനറേറ്ററിലേക്ക് കൊണ്ടുപോകാവുന്നതാണ്. ഒരിക്കലും അവ ബ്രഹ്മപുരത്ത് എത്താൻ ഇടയാകരുത്.
അറവുശാലകളിൽനിന്നുള്ള മാലിന്യങ്ങൾ, പ്രത്യേകിച്ച് കോഴി അവശിഷ്ടങ്ങൾ സംസ്കരിച്ച് മൃഗത്തീറ്റയായി ഉപയോഗിക്കാൻ റെൻഡറിങ് പ്ലാന്റിലൂടെ സാധിക്കും. എല്ലാ കോഴിമാലിന്യങ്ങളും ശേഖരിച്ച് റെൻഡറിംഗ് പ്ലാന്റിലേക്ക് കൊണ്ടുപോകുന്നുവെന്ന് ഉറപ്പാക്കുക. വൃത്തിയുള്ളതും, ഉണങ്ങിയതുമായ പ്ലാസ്റ്റിക്, പേപ്പർ, ചപ്പൽ, ബാഗുകൾ മുതലായവ വേർതിരിച്ച് ഉറവിടത്തിൽ തന്നെ അംഗീകൃത കളക്ടർമാർക്ക് കൈമാറാൻ കഴിയുന്ന തരത്തിൽ ഉറവിടത്തിൽ തന്നെ മാലിന്യം വേർതിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തേണ്ടതുണ്ട്. സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, എൻജിഒകൾ തുടങ്ങിയവ വഴി ബോധവത്കരണം നടത്തണം.
താരതമേന്യ കുറഞ്ഞ അളവിൽ ഉത്പാദിപ്പിക്കുന്ന മലിനജലം തോട്ടിലേക്കോ ജലാശയത്തിലേക്കോ നേരിട്ട് ഒഴുക്കുന്നതിനു പകരം താരതമ്യേന ചെലവ് കുറഞ്ഞ ചെടികൾ ഉപയോഗിച്ചുള്ള കൺസ്ട്രക്ടഡ് വെറ്റലാൻഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് ശുദ്ധീകരിച്ചതിനു ശേഷം ഒഴുക്കുന്നതാണ് അഭിലഷണീയം.
ഇങ്ങനെ വിവിധ പ്രകൃതിസൗഹൃദ മാലിന്യ നിർമാർജന പദ്ധതികൾ കൊച്ചിയുടെ വിവിധ തലങ്ങളിൽ കൊച്ചിയിലെ ജനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്നതിലൂടെ ബ്രഹ്മപുരത്തേക്കുള്ള ലോഡ് കുറയ്ക്കുകയും അതിലൂടെ കൊച്ചിയെ മാലിന്യ പരിസ്ഥിതി ദുരന്തങ്ങളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യാം.
(കേരള യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് എർത്ത് സിസ്റ്റം സയൻസ് ഡയറക്ടറാണ് ലേഖകൻ)