Monday, September 11, 2023 10:17 PM IST
സിജോ പൈനാടത്ത്
സർക്കാർ നിയോഗിക്കുന്ന പഠന കമ്മീഷനുകളിൽ ചിലതെങ്കിലും സിറ്റിംഗുകൾ, അവലോകനങ്ങൾ, റിപ്പോർട്ട് സമർപ്പിക്കൽ എന്നീ പതിവ് ‘ആചാരങ്ങൾ’ പൂർത്തിയാക്കി അസ്തമിക്കാറുണ്ടെന്ന ആക്ഷേപം കേരളത്തിൽ അസാധാരണമല്ല. മാസങ്ങളും ചിലപ്പോൾ വർഷങ്ങളുമെടുത്ത് ഈ കമ്മീഷനുകളിലൂടെ ബന്ധപ്പെട്ടവർ സർക്കാരിന്റെയും നിയമസംവിധാനങ്ങളുടെയും ശ്രദ്ധയിലെത്തിച്ച ഗൗരവപൂർണമായ ആവശ്യങ്ങൾ, അതിനെക്കുറിച്ചുള്ള വിദഗ്ധരായ കമ്മീഷനംഗങ്ങൾ നടത്തിയ ആഴത്തിലുള്ള പഠനം, അതിന്റെ വെളിച്ചത്തിലുള്ള പ്രായോഗികമായ നിർദേശങ്ങൾ... അതെല്ലാം സെക്രട്ടേറിയറ്റ് മുറികളിൽ എങ്ങുമെത്താതെ പൊടിപിടിച്ചിരിക്കാനുള്ള കേവലം റിപ്പോർട്ടിലൊതുങ്ങേണ്ടതാണോ എന്ന ചോദ്യമാണ് പൊതുസമൂഹം ഉയർത്തുന്നത്. കമ്മീഷനുകളുടെ പ്രവർത്തനങ്ങൾക്കായി പൊതുഖജനാവിൽനിന്നു ചെലവഴിച്ച തുകയുടെ കണക്കുകൾ അത്തരം ചോദ്യമുന്നയിക്കാൻ പൊതുജനത്തെ കൂടുതൽ അർഹരാക്കുന്നുമുണ്ട്.
കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക പിന്നാക്കാവസ്ഥ പഠിച്ച് വിവിധ ക്ഷേമപദ്ധതികള്‍ നിര്‍ദേശിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടു മാസങ്ങൾ പിന്നിട്ടു. കഴിഞ്ഞ മേയ് 17ന് കമ്മീഷൻ അധ്യക്ഷനിൽനിന്നു നേരിട്ടു മുഖ്യമന്ത്രി റിപ്പോർട്ട് ഏറ്റുവാങ്ങിയതിനപ്പുറം യാതൊരു തുടർനടപടികളും ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല.
പ്രതീക്ഷകൾ തന്ന കമ്മീഷൻ
കേരളത്തിലെ സവിശേഷ സാമൂഹ്യ, രാഷ്ട്രീയ സാഹചര്യങ്ങളിൽ ക്രൈസ്തവ ന്യൂനപക്ഷം പലവിധത്തിലുള്ള അവഗണനകളും അവകാശ-നീതിനിഷേധങ്ങളും വിവേചനവും അനുഭവിക്കുന്നുവെന്ന കാലങ്ങളായുള്ള ആവലാതികൾക്കു പരിഹാരമാകുമെന്ന പ്രതീതിയോടെയാണ് ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ രൂപീകരണം. ന്യൂനപക്ഷങ്ങൾക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങളുടെ വിതരണത്തിൽ നീതിപൂർവകമായ സമീപനം ഉണ്ടാകുന്നില്ലെന്ന ആരോപണങ്ങൾ നിലനിൽക്കെയാണ്, അതുൾപ്പെടെയുള്ള ആവശ്യങ്ങൾ പഠിക്കാൻ കമ്മീഷൻ എത്തുന്നത്.
ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം വിവേചനമാണെന്നു വിലയിരുത്തി റദ്ദാക്കിയ ഹൈക്കോടതിവിധി ജെ.ബി. കോശി കമ്മീഷന്റെ പ്രസക്തി വർധിപ്പിക്കുന്നതായി. ഉത്തരവിനെതിരേ സർക്കാർ അപ്പീൽ നൽകിയെങ്കിലും, ഹൈക്കോടതി ചൂണ്ടിക്കാട്ടിയ ഗൗരവപൂർണമായ കാര്യങ്ങൾ ഇന്നും പൊതുസമൂഹത്തിനു മുന്നിലുണ്ട്.
2020 നവംബർ അഞ്ചിനായിരുന്നു ജസ്റ്റീസ് ജെ.ബി. കോശി അധ്യക്ഷനായി ക്രൈസ്തവ വിഭാഗങ്ങളുടെ ആവശ്യങ്ങൾ പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷനെ നിയമിച്ചത്. ക്രൈസ്തവ ജനവിഭാഗങ്ങളുടെ ജീവനോപാധികൾ, വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾ, സാമൂഹ്യമായ പിന്നാക്കാവസ്ഥ തുടങ്ങിയ വിഷയങ്ങളിൽ അഞ്ചുലക്ഷത്തോളം പരാതികളും നിര്‍ദേശങ്ങളുമാണ് കമ്മീഷനു മുന്നിലെത്തിയത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ സിറ്റിംഗുകളിലൂടെയും നേരിട്ടും തപാൽ മുഖേനയും കമ്മീഷൻ പരാതികൾ സ്വീകരിച്ചു. 2021 ഫെബ്രുവരി ഒമ്പതിന് ജെ.ബി. കോശി കമ്മീഷന്റെ പരിഗണനാവിഷയങ്ങളിൽ വ്യക്തത വരുത്തി സർക്കാർ പ്രത്യേക ഉത്തരവിറക്കി. സിറ്റിംഗുകൾ പൂർത്തിയാക്കി റിപ്പോർട്ട് സമയബന്ധിതമായി സമർപ്പിക്കാനുള്ള നിർദേശവും ഉത്തരവിലുണ്ടായിരുന്നു.
വിവിധ ക്രൈസ്തവവിഭാഗങ്ങളിലെ വ്യക്തികൾ, മതനേതാക്കൾ, സംഘടനകൾ എന്നിവരെല്ലാം കമ്മീഷനു മുന്നിൽ നേരിട്ടെത്തി പരാതികളും ആവശ്യങ്ങളുമറിയിച്ചു. കമ്മീഷനെ സമീപിച്ച എല്ലാവരെയും കേൾക്കാനും അനുഭാവപൂർണമായ സമീപനം സ്വീകരിക്കാനും അധ്യക്ഷനും അംഗങ്ങളും ശ്രദ്ധിച്ചുവെന്നതും പ്രതീക്ഷകൾക്ക് നിറം പകർന്നു.
ആവശ്യങ്ങളേറെ, നിർദേശങ്ങളും
ക്രൈസ്തവ വിഭാഗങ്ങളുടെ ആവശ്യങ്ങളും ക്ഷേമത്തിന് സഹായകമാകുന്ന നിർദേശങ്ങളും ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ മുന്നിൽ അവതരിപ്പിക്കപ്പെട്ടു. പിഎസ്സി നിയമനങ്ങളിലെ സംവരണ ഊഴത്തിൽ മാറ്റം വരുത്തി ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കും പരിവർത്തിത ക്രൈസ്തവർക്കും അവസരം സൃഷ്ടിക്കണമെന്നത് കമ്മീഷനു മുന്നിലെത്തിയ ആവശ്യങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു.
മലയോരമേഖലയിലെ വന്യജീവി ആക്രമണവും കൃഷിനാശവും കുറയ്ക്കാൻ നടപടികൾ വേണം, കാർഷിക വിലത്തകർച്ച നേരിടാൻ ഫലപ്രദമായ ഇടപെടൽ വേണം, മദ്രസ അധ്യാപകർക്ക് ഉള്ളതുപോലെ ക്രിസ്ത്യൻ സൺഡേ സ്കൂൾ അധ്യാപകർക്കും ക്ഷേമനിധി ബോർഡ് രൂപീകരിക്കണം, ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണം ജനസംഖ്യാനുപാതത്തിലാണെന്ന് ഉറപ്പാക്കണം, പട്ടികജാതി വിഭാഗത്തിൽനിന്നു ക്രൈസ്തവ വിശ്വാസത്തിലേക്കു പരിവർത്തനം ചെയ്യപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രത്യേക കമ്മീഷൻ രൂപീകരിക്കണം, കടലാക്രമണ ഭീതിയിൽ കഴിയുന്ന തീരദേശവാസികളുടെ പുനരധിവാസത്തിന് മെച്ചപ്പെട്ട പാക്കേജ് വേണം തുടങ്ങിയവ കമ്മീഷനു മുന്നിൽ കൂടുതലായെത്തിയ ആവശ്യങ്ങളിൽ ചിലതാണ്.
സാമൂഹ്യസാഹചര്യങ്ങളുടെ ഫലമായുണ്ടാകുന്ന സാമ്പത്തികത്തകര്‍ച്ച, തൊഴിലില്ലായ്മ, ജീവിതപ്രശ്നങ്ങള്‍, വിദ്യാഭ്യാസ പ്രതിസന്ധികള്‍, സർക്കാരിന്റെ ന്യൂനപക്ഷ കോച്ചിംഗ് കേന്ദ്രങ്ങളിലെ വിവേചനം, ന്യൂനപക്ഷ കമ്മീഷൻ പ്രവർത്തനങ്ങളിലെ പക്ഷപാതിത്വം തുടങ്ങിയവയും പരാതികളിൽ ഉള്ളടക്കങ്ങളായി.
പരാതികളും ആവശ്യങ്ങളും സ്വീകരിച്ച കമ്മീഷൻ അവയുടെ വെളിച്ചത്തിൽ ക്രോഡീകരിച്ച അഞ്ഞൂറോളം നിർദേശങ്ങൾ ഉൾപ്പെടുത്തിയാണു റിപ്പോർട്ട് തയാറാക്കിയത്.
രണ്ടു വാല്യങ്ങളിലായി തയാറാക്കിയ സമഗ്രമായ റിപ്പോർട്ട് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ജെ.ബി. കോശി കഴിഞ്ഞ മേയ് 17ന് സെക്രട്ടേറിയറ്റിലെ ചേംബറിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടാണു സമർപ്പിച്ചത്. കമ്മീഷൻ അംഗങ്ങളായ മുൻ ഡിജിപി ജേക്കബ് പുന്നൂസ്, മെംബർ സെക്രട്ടറി സി.വി. ഫ്രാൻസിസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
വകുപ്പുമാറ്റം!
ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ രൂപീകരിക്കുന്പോൾ മുഖ്യമന്ത്രിക്കായിരുന്നു സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ചുമതല. രണ്ടാം പിണറായി സർക്കാരിന്റെ തുടക്കം മുതൽ മുഖ്യമന്ത്രിയാണ് വകുപ്പ് കൈകാര്യം ചെയ്തത്. ന്യൂനപക്ഷ ക്ഷേമ പദ്ധതികളിൽ വിവേചനമുണ്ടാകാതിരിക്കാനും എല്ലാ ന്യൂനപക്ഷങ്ങൾക്കും ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങൾ ഉറപ്പാക്കാനും മുഖ്യമന്ത്രിതന്നെ ഈ വകുപ്പ് കൈകാര്യം ചെയ്യണമെന്നു വിവിധ കോണുകളിൽനിന്നുയർന്ന ആവശ്യത്തിന്റെകൂടി വെളിച്ചത്തിലായിരുന്നു അത്.
എന്നാൽ, കഴിഞ്ഞ ജനുവരിയിൽ മന്ത്രി വി. അബ്ദുറഹ്മാന് ന്യൂനപക്ഷ ക്ഷേമ വകുപ്പുകൂടി മുഖ്യമന്ത്രി വിട്ടുനൽകി. ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിൽ തുടർനടപടികൾ സ്വീകരിക്കേണ്ടത് ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെകൂടി നയപരമായ തീരുമാനങ്ങളെ ആശ്രയിച്ചാണെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.
സച്ചാർ, പാലൊളി കമ്മീഷനുകൾ
മുസ്ലിം മതവിഭാഗത്തിലുള്ളവരുടെ പ്രത്യേക പ്രശ്നങ്ങളും ആവശ്യങ്ങളും പഠിച്ചു റിപ്പോർട്ട് സമർപ്പിച്ച 2006ലെ സച്ചാർ കമ്മീഷൻ, കേരളത്തിൽ സമാനമായ പഠനം നടത്തി റിപ്പോർട്ട് നൽകിയ 2007ലെ പാലൊളി കമ്മീഷൻ എന്നിവ നമുക്കു മുന്നിലുണ്ട്.
മുസ്ലിം വിഭാഗത്തിന്റെ ക്ഷേമപദ്ധതികൾക്കും ആനുകൂല്യങ്ങൾക്കും ആ കമ്മീഷനുകളുടെ ശിപാർശകൾ ചെറുതല്ലാത്ത അളവിൽ സഹായകമായിട്ടുണ്ടെന്നതു വസ്തുതയാണ്. ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ തുക വിനിയോഗിക്കുന്നതിലുൾപ്പെടെ അതു പ്രകടമാണല്ലോ. അതേസമയം മുസ്ലിം ഇതര ന്യൂനപക്ഷ സമൂഹങ്ങളുടെ ആവശ്യങ്ങളിൽ സർക്കാർ മുഖം തിരിക്കുകയാണെന്ന ആക്ഷേപം പരക്കെ ഉയരുന്നു.
രണ്ടര വർഷത്തിലധികമെടുത്ത് ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ പല സിറ്റിംഗുകളിലൂടെയും കൂടിക്കാഴ്ചകളിലൂടെയും അവലോകനങ്ങളിലൂടെയും രൂപപ്പെടുത്തി സമർപ്പിച്ച നിർദേശങ്ങളടങ്ങിയ റിപ്പോർട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അവിടെത്തന്നെ ഇരിക്കട്ടേയെന്നാണു സർക്കാർ നിലപാടെങ്കിൽ മേൽപ്പറഞ്ഞ ആക്ഷേപങ്ങൾക്കു മൂർച്ച കൂടാനാണു സാധ്യത; പ്രതിഷേധങ്ങളുയരുന്നതും സ്വാഭാവികം.