നടി ആക്രമണക്കേസ്, സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റീസ് ഹേമ കമ്മിറ്റിയെ നിയോഗിക്കുന്നതിലേക്കും സിനിമയിലെ സ്ത്രീകളുടെ സംഘടന (ഡബ്ല്യുസിസി) രൂപീകരിക്കുന്നതിലേക്കും ഈ സംഭവം വഴിവച്ചു. ദിലീപിന്റെ മാത്രമല്ല, സിനിമാരംഗത്തെ പലരുടെയും ഭാവി നിര്‍ണയിച്ചതു കൂടിയായി നടി ആക്രമണക്കേസ്. ഇന്നും അതിന്റെ അലയൊലികള്‍ സിനിമാ മേഖലയില്‍ അടങ്ങിയിട്ടില്ല. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷവും കേസിന്റെ വിചാരണ പൂര്ത്തിയായിട്ടില്ലെന്നതു വേറെ കാര്യം.
സംവിധായകന്റെ വിവാഹവാഗ്ദാനം സംവിധായകന് ഒമര്‍ ലുലുവിനെതിരേ പരാതിയുമായി യുവനടി രംഗത്തെത്തിയത് അടുത്തിടെയാണ്. മയക്കുമരുന്നു കലര്‍ത്തിയ പാനീയം നല്‍കിയെന്നും വിവാഹവാഗ്ദാനം നല്കി 2022 മുതല്‍ പീഡിപ്പിച്ചെന്നും പരാതിക്കാരി മൊഴി നല്കി. അതേസമയം, പീഡനമല്ല ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണു നടന്നതെന്നുമായിരുന്നു ഒമര്‍ ലുലുവിന്റെ വിശദീകരണം. ഹൈക്കോടതി ഒമറിനു ജാമ്യം അനുവദിച്ചു. കേസില്‍ നെടുമ്പാശേരി പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയിട്ടില്ല.
അന്നും ഇന്നും സിനിമാരംഗത്ത് പുരുഷന്മാരുടെ ആവശ്യപ്രകാരം സ്ത്രീകള്‍ ‘അഡ്ജസ്റ്റുമെന്റു’കള്‍ക്കും ‘കോംപ്രമൈസു’കള്‍ക്കും വിധേയരാകേണ്ടിവരുന്നുവെന്നു ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ഇത്തരം ‘വിട്ടുവീഴ്ചകള്‍’ പണ്ടും സിനിമാ മേഖലയില്‍ ഉണ്ടായിരുവെന്നാണ് ആദ്യകാല നടിയും കമ്മിറ്റി അംഗവുമായിരുന്ന നടി ശാരദ പറയുന്നത്.
സിനിമയില്‍ അവസരം ലഭിക്കാന്‍ ലൈംഗികാവശ്യങ്ങള്‍ക്കു വഴങ്ങേണ്ടിവരുന്ന സ്ഥിതി (കാസ്റ്റിംഗ് കൗച്ച്) നേരത്തെയും ഉണ്ടായിട്ടുണ്ടെന്നു റിപ്പോര്‍ട്ടില്‍ ശാരദ വ്യക്തമാക്കുന്നു. സ്ത്രീകളുടെ മാറിയ വസ്ത്രധാരണ രീതിയെ ശാരദ റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുണ്ട്. മറച്ചുവയ്ക്കുന്നതിനേക്കാളധികം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രധാരണരീതി ശരിയല്ലെന്നും ശാരദ ചൂണ്ടിക്കാട്ടുന്നു.
ഡബ്ല്യുസിസി ചോദിക്കും; താനാരാ?സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ തുറന്നുപറയുന്ന സ്ഥിതിയുണ്ടായതില്‍, ഈ രംഗത്തെ സ്ത്രീകളുടെ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിനു (ഡബ്ല്യുസിസി) പ്രധാന പങ്കുണ്ട്. പ്രശ്നങ്ങളും ആവലാതികളും തുറന്നുപറയാന്‍ വേദിയൊരുക്കിയപ്പോള്‍ നിരവധി പേര് തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവച്ചിട്ടുണ്ടെന്നു ഡബ്ല്യുസിസി ഭാരവാഹികള്‍ പറയുന്നു.
നല്കുന്ന വിവരങ്ങളുടെ രഹസ്യസ്വഭാവം സൂക്ഷിക്കാനും ഇവര്‍ മറന്നില്ല. ഡബ്ല്യുസിസിയുടെ ഇടപെടല്‍ ജസ്റ്റീസ് ഹേമ കമ്മിറ്റിയുടെ രൂപീകരണത്തിലേക്കും വഴിതെളിച്ചു. നാലു വര്‍ഷത്തിലധികം സര്‍ക്കാര്‍ മൂടിവച്ച റിപ്പോര്‍ട്ട് സര്‍ക്കാരിനു പുറത്തുവിടേണ്ടിവന്നതിലും വനിതകളുടെ കൂട്ടായ്മ പങ്കുവഹിച്ചു.
സിനിമാരംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങളും പരാതികളും സംബന്ധിച്ച വിഷയത്തില്‍ താരങ്ങളുടെ പ്രബല സംഘടനയായ ‘അമ്മ’യും ഡബ്ല്യുസിസിയും രണ്ടു തട്ടിലാണെന്നു തെളിയിക്കുന്ന പ്രസ്താവനകളും ഇടപെടലുകളും കേരളം കണ്ടതാണ്.
(തുടരും)