കേരളത്തിലെ കോളജുകള്‍ സ്വയംഭരണ സ്ഥാപനങ്ങളാക്കി മാറ്റുന്ന പ്രക്രിയ വളരെ മന്ദഗതിയിലാണ് നടക്കുന്നത്. ആകെയുള്ള 1,500 കോളജുകളില്‍ 35 എണ്ണം മാത്രമേ ഒട്ടോണമസ് ആയി മാറിയിട്ടുള്ളൂ. കേരളത്തിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റികള്‍ക്ക് അഫിലിയേഷന് ഫീസില്‍ ഉണ്ടാകുന്ന നഷ്ടവും ചില സംഘടനകളുടെ സ്ഥാപിതതാത്പര്യവും കാരണമാണ് ഒട്ടോണോമസ് കോളജുകളെ പ്രോത്സാഹിപ്പിക്കാത്തത് എന്നതും നിഷേധിക്കാന്‍ പറ്റാത്ത വസ്തുതയാണ്.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ ഗുണനിലവാരം ഉയര്‍ത്തുന്നതിനും മറ്റുള്ള സംസ്ഥാനങ്ങളിലെ കുട്ടികളെ ആകര്‍ഷിക്കുന്നതിനുമായി സർക്കാർ എത്രയും വേഗം പ്രൈവറ്റ് യൂണിവേഴ്സിറ്റികള്‍ അനുവദിക്കണം. അതോടൊപ്പം നല്ല നിലവാരം പുലര്‍ത്തുന്ന കോളജുകള്‍ ഒട്ടോണമസായും യൂണിവേഴ്സിറ്റികളായും ഉയർത്തണം. ഇത്തരത്തിൽ കേരളത്തിൽ 60 യൂണിവേഴ്സിറ്റികളെങ്കിലും രൂപപ്പെടണം.
അത് പ്രാവര്‍ത്തികമാക്കുമ്പോള്‍1) ഫീസ് നിശ്ചയിക്കാനുള്ള അധികാരം ഫീ റെഗുലേറ്ററി കമ്മിറ്റിയില്‍നിന്ന് എടുത്തുമാറ്റി അതാതു പ്രൈവറ്റ് യൂണിവേഴ്സിറ്റികള്‍ക്കു കൊടുക്കേണ്ടതാണ്.
2) മറ്റു സംസ്ഥാനങ്ങള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കാനായി റിസര്‍ച്ചില്‍ പ്രാവീണ്യമുള്ള അധ്യാപകരെ നിയമിക്കുകയും അതിനുതകുന്ന ശമ്പളം നല്‍കുകയും ചെയ്യുന്നു. ആയതിനാല്‍ ഫീസ് അവര്‍ക്കു നിശ്ചയിക്കാവുന്നതാണ്.
3) കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള അക്കാദമിക് സ്ഥാപനങ്ങളില്‍ അക്രമ രാഷ്ട്രീയമുള്ള വിദ്യാര്‍ഥി സംഘടനകള്‍ക്കു പ്രവര്‍ത്തനാനുമതി ഇല്ല. വിദ്യാര്‍ഥി സംഘടനകള്‍ക്കു പ്രവര്‍ത്തിക്കാമെങ്കിലും പഠിപ്പുമുടക്കില്നിന്നും അക്രമരാഷ്ട്രീയത്തില്‍നിന്നും പിന്മാറി നല്ല രീതിയില്‍ ഇക്കോസിസ്റ്റം വികസിപ്പിക്കാന്‍ കഴിവുള്ള സംഘടനാപ്രവര്‍ത്തനം നടത്തണം.
4) സംസ്ഥാനസര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ കുറയണം. എന്നാല്‍, സാമൂഹിക പ്രതിബദ്ധത ഉണ്ടാകാനുള്ള ഇടപെടലുകള്‍ ആകാവുന്നതാണ്.
5) മിക്ക ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളും സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്നവയാണ്. അതുപോലെ ചില വ്യവസായ പ്രമുഖരും മറ്റു ചില മതസംഘടനകളും ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം സംഘടനകളെ യൂണിവേഴ്സിറ്റികള്‍ സ്ഥാപിക്കാൻ സർക്കാർ ഉചിതമായ രീതിയിൽ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
ഡോ. കുഞ്ചെറിയ പി. ഐസക് (മുൻ വൈസ് ചാൻസലർ)
ഡോ. രഞ്ജന മേരി വർഗീസ് (ഡീൻ, സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് & എന്റർപ്രണർഷിപ്, കൊച്ചി)