കിണർ സംരക്ഷണം ശ്രദ്ധയോടെ
പ്രഫ. എം.ജി. സിറിയക്
Wednesday, September 25, 2024 1:44 AM IST
അറുപത് ലക്ഷത്തിലധികം കിണറുകളുള്ള കേരളം ലോകത്തിൽതന്നെ കിണർ സാന്ദ്രതയിൽ മുന്നിൽ നിൽക്കുന്ന പ്രദേശങ്ങളിലൊന്നാണ്. കിണറിനെ സംബന്ധിച്ചിടത്തോളം പ്രാധാന്യമേറിയ രണ്ടു ഘടകങ്ങളാണ് കിണറിന്റെ മുകളിലേക്കുയർന്നു നിൽക്കുന്ന ആൾമറയും ചുറ്റും പണിയുന്ന പാതയും. ജീവികളോ മറ്റു വസ്തുക്കളോ കിണറിലേക്ക് വീഴുന്നതും ഭൂമിയുടെ പ്രതലത്തിൽനിന്നു മഴവെള്ളം നേരേ ഒഴുകിവീഴുന്നതും ആൾമറ തടയുന്നു. കിണറിന് ചുറ്റും കെട്ടുന്ന പാത, ജലം പാർശ്വഭിത്തിയിലൂടെ ശക്തിയിൽ ഒഴുകുന്നതും അതു മൂലമുണ്ടാകുന്ന മലിനീകരണവും കിണറിടിച്ചിലും തടയുന്നു.
ഭൂമിയുടെ പ്രതലവും കിണറിലെ ജലനിരപ്പും ഏറെ വ്യത്യാസമില്ലാത്ത സ്ഥലങ്ങളിൽ ജലലഭ്യത കൂടുതലുണ്ടാകുമെങ്കിലും മലിനീകരണ സാധ്യതയേറും. ഭൂമിയുടെ പ്രതലത്തിൽ പല സ്രോതസുകളിൽനിന്നും, പ്രത്യേകിച്ച് മനുഷ്യപ്രവൃത്തി മൂലമുണ്ടാകുന്ന മാലിന്യങ്ങൾ നേരേ കിണറിലെത്തിച്ചേരുന്നതിനുള്ള സാധ്യത കൂടുന്നതാണ് ഇതിന് കാരണം. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ കിണർ കുഴിക്കുന്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
മുകളിൽനിന്ന് ഒരു നിശ്ചിതയളവ് കിണർഭിത്തി ജലം കടക്കാത്ത രീതിയിൽ പണിതതായിരിക്കണം. ആവശ്യമെങ്കിൽ പുറം ഭാഗം മുകളിൽ സിമന്റുപയോഗിച്ച് തേച്ചാൽ ജലം ഭിത്തിയിലൂടെ കിണറിലേക്ക് കടക്കുന്നത് തടയാവുന്നതാണ്. ചുറ്റുമുള്ള പാതയ്ക്ക് കൂടുതൽ വീതിയും ആവശ്യമാണ്. അങ്ങനെ ചെയ്താൽ ഭൂമിയുടെ പ്രതലത്തിൽനിന്നു ജലം അടിയിലെത്തിച്ചേരാൻ കൂടുതൽ ദൂരം യാത്ര ചെയ്യേണ്ടിവരും ആ സമയത്ത് ജലം പ്രകൃത്യാതന്നെ നടക്കുന്ന ശുദ്ധീകരണത്തിന് വിധേയമാകുന്നു.
വേനൽക്കാലത്ത് കിണർ കുഴിക്കുകയും ജലം ലഭിക്കാതിരിക്കുകയും ചെയ്തു കഴിഞ്ഞാൽ അത്തരം കിണറുകൾ അനുയോജ്യമാണെങ്കിൽ ഭൂജലപരിപോഷണത്തിന് ഉപയോഗിക്കാവുന്നതാണ്. അത് സാധ്യമല്ലെങ്കിൽ കിണർ മൂടുന്നതാണ് ഉചിതം. അല്ലാത്തപക്ഷം ഭാവിയിൽ ഇതിനെ മാലിന്യം തള്ളുന്നതിന് ഉപയോഗിക്കാൻ സാധ്യതയുണ്ട്. വേനൽക്കാലത്ത് ജലം ലഭിച്ചില്ലെങ്കിലും മഴ പെയ്തു കഴിയുന്പോൾ ആ കിണറുകളിൽ ജലവിതാനം ഉയർന്ന് മാലിന്യങ്ങൾ ഭൂഗർഭ ജലത്തിലലിഞ്ഞ് ചേരുകയും അത് സമീപപ്രദേശത്തെ ഭൂഗർഭജലം മലനീകരിക്കപ്പെടുന്നതിന് ഇടയാകുകയും ചെയ്യും.
ഉപയോഗിക്കുന്ന മോട്ടോറുകളുടെ കാര്യത്തിലും നിയന്ത്രണം ആവശ്യമാണ്. ശക്തി കുറഞ്ഞ മോട്ടോറുകൾ ഉപയോഗിച്ച് കൂടുതൽ സമയംകൊണ്ട് വെള്ളം വലിച്ചെടുക്കുന്നതാണ് ഉചിതം.
അപ്പോൾ കിണറ്റിലേക്കുള്ള ഒഴുക്കിന്റെ ശക്തി കുറയുകയും ജലം സാവധാനം ഫിൽട്ടർ ചെയ്ത് കിണറുകളിലെത്തിച്ചേരുകയും ചെയ്യുന്നു. ശക്തി കൂടിയ മോട്ടോർ ഉപയോഗിക്കുന്പോൾ കിണറ്റിലേക്കുള്ള ഒഴുക്ക് ശക്തി കൂടിയതാകുകയും ചിലപ്പോൾ മണ്ണിലൂടെ പൈപ്പ് പോലെ ദ്വാരമുണ്ടായി അതിലൂടെ ജലം കിണറ്റിലേക്ക് സ്ഥിരമായി ഒഴുകാനിടയാകുകയും അത് കലക്കൽ പോലുള്ള മലിനീകരണത്തിന് കാരണമാവുകയും ചെയ്യും.
മോട്ടോറിന്റെ ഫുട്ട്വാൽവ് കിണറിന്റെ അടിഭാഗത്ത് സ്ഥിരമായി ഫിക്സ് ചെയ്തു വയ്ക്കുന്ന രീതി ചിലരെങ്കിലും സ്വീകരിക്കുന്നുണ്ട്. പല സാഹചര്യങ്ങളിലും ഇത് ഉചിതമല്ല. ഇരുന്പ്, കലക്കൽ തുടങ്ങിയ മലിനീകരണ പ്രശ്നങ്ങളുള്ള കിണറിന്റെയടിയിലെ ജലത്തേക്കാൾ ശുദ്ധമായിരിക്കും മുകളിലെ ജലം. ഓക്സിജനുമായി നിരന്തരം ബന്ധപ്പെട്ട് ഓക്സീകരണവും അടിയലും നടക്കുന്നതു മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. അതിനാൽ, ഫുട്ട് വാൽവ് പൈപ്പിൽ ഘടിപ്പിച്ച് ജലനിരപ്പ് താഴുന്നതിനും പൊങ്ങുന്നതിനുമനുസൃതമായി താഴ്ത്തിയും പൊക്കിയും ജലനിരപ്പിന് തൊട്ടുതാഴെ വയ്ക്കാവുന്ന രീതിയിലുള്ള സംവിധാനമാണ് ഗുണപ്രദം. കിണറിനോടു തൊട്ടുചേർന്ന് കുളിമുറിയുണ്ടാക്കുന്നത് ഒട്ടും അനുയോജ്യമല്ല.
ആരംഭകാലങ്ങളിൽ പ്രശ്നങ്ങളില്ലെങ്കിലും കാലപ്പഴക്കത്തിൽ ആ കുളിമുറിയിൽനിന്നു മലിനജലം കിണറിലേക്കിറങ്ങുകയും ജലം മലിനമാകാനിടയാകുകയും ചെയ്യും. കിണറുകൾ കുഴിയിലാകുന്നത് ഉചിതമല്ല. അത് മഴവെള്ളം പരിസരത്ത് കെട്ടിനിൽക്കാനും കിണറ്റിലേക്ക് ഒഴുക്ക് ശക്തിയേറിയകാതാകാനും ഭിത്തിയിലൂടെ ജലം ഒലിച്ചിറങ്ങാനും തന്മൂലം മലിനീകരണമുണ്ടാകാനും കാരണമാകാം.
സൂര്യപ്രകാശം കിണറ്റിലേക്ക് കടക്കാതിരിക്കുന്നതാണ് ഉചിതം. ആൽഗേയുടെ ഗ്രൂപ്പിൽപ്പെട്ട ജലസസ്യങ്ങൾ സൂര്യപ്രകാശം ലഭിക്കുന്പോൾ വളരുകയും അത് മലിനീകരണമുണ്ടാക്കുകയും ചെയ്യാം. രാവിലെ ജലം നന്നായിരിക്കുകയും സൂര്യപ്രകാശമടിക്കുന്പോൾ ജലത്തിന്റെ നിറം മാറുകയും ചെയ്യുന്നു എങ്കിൽ ആൽഗേയുടെ വളർച്ചയാണ് കാരണമെന്ന് അനുമാനിക്കാം. അതിനാൽ വായുസഞ്ചാരം തടയാത്ത രീതിയിൽ സൂര്യപ്രകാശം വീഴാതെ കിണർ കവർ ചെയ്യുന്നതാണ് ഉചിതം. ഇക്കാരണത്താൽ തന്നെയാണ് വാട്ടർ ടാങ്കുകൾ കവർ മൂടിയിടുന്നതും.
മലിനജല സംസ്കരണം
നാം ഉപയോഗിക്കുന്ന ജലം ഏറിയപങ്കും മലിനജലമായി പുറത്തുവരുന്നു. ഇങ്ങനെയുണ്ടാകുന്ന മലിനജലം യഥാരീതിയിൽ സംസ്കരിക്കേണ്ടത് ഗാർഹിക ശുചിത്വം സംരക്ഷിക്കുന്നതിനും ജലസ്രോതസുകളുടെ പരിപാലനത്തിനും അത്യന്താപേക്ഷിതമാണ്. ഒരു വീട്ടിൽ ഉത്പാദിപ്പിക്കപ്പെടുന്ന മലിനജലം നിർമാർജനം ചെയ്യുന്നതിന് അനുയോജ്യമായ സംവിധാനമാണ് സോക്പിറ്റുകൾ. ജലം വലിഞ്ഞുപോകാൻ സാധിക്കുന്ന സ്ഥലങ്ങളിലാണ് സോക്പിറ്റുകൾ പണിയുന്നത്.
ചതുരത്തിൽ കൂടുതൽ ആഴമില്ലാത്ത കുഴികൾ (ഒരു മീറ്ററിൽ താഴെ) കുഴിച്ചു നാലു വശവും ഇഷ്ടകയോ, വെട്ടുകല്ലോ ഉപയോഗിച്ച് ചെറിയ ഗ്യാപ്പിട്ട് കെട്ടുന്നു. അതിനുശേഷം അതിൽ കല്ലുകൾ ഇട്ട് നിറക്കുന്നു. മലിനജലം ഇതിലേക്ക് പൈപ്പ് ഉപയോഗിച്ച് കടത്തിവിടുന്നു. ആ മലിനജലം സോക്പിറ്റിലെ കല്ലിനിടയിലൂടെ ഒഴുകിയിറങ്ങി കുഴിയുടെ അഞ്ച് വശങ്ങളിലേക്കുമായി വലിഞ്ഞുപോകുന്നു. അങ്ങനെ വലിഞ്ഞുപോകുന്ന മലിനജലം ബാക്ടീരിയയുടെ പ്രവർത്തനം മൂലം ശുദ്ധീകരിക്കപ്പെടുന്നു. മഴക്കാലത്ത് വെള്ളമിറങ്ങി മണ്ണിലേക്ക് വലിയുന്നതുകൊണ്ടും ശുദ്ധീകരണം നേടുന്നു. കൂടുതൽ മലിനജലം ഉത്പാദിപ്പിക്കപ്പെടുന്ന വീടുകളാണെങ്കിൽ ഇത്തരത്തിലുള്ള പല സോക്പിറ്റുകൾ ഉണ്ടാക്കി വീട്ടിലെ മലിനജലം വിഭജിക്കുന്നത് ഉചിതമായിരിക്കും. സോക്പിറ്റിൽ ഇടുന്ന കല്ലുകൾ ശക്തിയുള്ളവയാകണം ജലവുമായി സന്പർക്കത്തിൽ ഏർപ്പെടുന്പോൾ പൊടിഞ്ഞു പോകുന്നവയാകരുത്. വലിയ സ്ഥാപനങ്ങൾക്ക് സോക് ട്രെഞ്ചുകൾ (നീളത്തിലുള്ള സോക്പിറ്റുകൾ) ഉപയോഗിക്കാവുന്നതാണ്.
(ലേഖകൻ ചെറുതുരുത്തി ജ്യോതി എൻജിനിയറിംഗ് കോളജ് സിവിൽ എൻജിനിയറിംഗ് വിഭാഗം അസോസിയേറ്റ് പ്രഫസറാണ്)