ഇന്ന് ലോക ഹൃദയദിനം: രക്തസമ്മർദം നിയന്ത്രിക്കാം, ഹൃദയത്തെ രക്ഷിക്കാം
ഡോ. ആർ. സന്ദീപ്
Saturday, September 28, 2024 11:27 PM IST
ജീവിതശൈലി അടിമുടി മാറിയ ഈ പുതിയ കാലത്ത് രക്തസമ്മർദം (ബ്ലഡ് പ്രഷർ-ബിപി) എന്ന രോഗത്തെ നാം വളരെ കരുതിയിരിക്കേണ്ടതുണ്ട്. ഒരു വിഭാഗം ആളുകളിൽ രക്തസമ്മർദം ജനിതകമായി ഉണ്ടാകുന്നതാണ്.
എന്നാൽ ഭൂരിഭാഗം പേരിലും രോഗം ബാധിക്കുന്നത് അലസവും തിരക്കേറിയതുമായ ജീവിതശൈലിയും ആരോഗ്യകരമല്ലാത്ത ഭക്ഷണക്രമവുംമൂലമാണ്. രണ്ടായാലും വൃക്കയ്ക്കും ഹൃദയത്തിനും ഉൾപ്പെടെ തകരാറുകളുണ്ടാക്കുകയും മരണത്തിലേക്ക് തള്ളിയിടുകയും ചെയ്തേക്കാം.
മറ്റു രോഗങ്ങളെ അപേക്ഷിച്ച് പ്രത്യേക ലക്ഷണങ്ങളൊന്നും കാണിക്കാത്തതിനാൽ ഭൂരിഭാഗം ആളുകൾക്കും രക്തസമ്മർദത്തെ സംബന്ധിച്ച് കൃത്യമായ അവബോധമില്ല. വിശ്രമാവസ്ഥയിൽ 120/80 മില്ലിമീറ്ററിൽ താഴെ വരുന്നതാണ് സാധാരണ രക്തസമ്മർദം. ഇതിൽ കൂടുന്നതും കുറയുന്നതും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. 20 വയസിനു മുകളിലുള്ളവർ രക്തസമ്മർദം സാധാരണ നിലയിലാണെങ്കിലും രണ്ടു വർഷത്തിൽ ഒരിക്കലെങ്കിലും പരിശോധന നടത്തണം.
രക്താതിസമ്മർദം
വിശ്രമാവസ്ഥയിൽ രക്തസമ്മർദം 136/85 മില്ലിമീറ്ററിൽ കൂടുതൽ വരുന്ന രക്താതിസമ്മർദം അഥവാ ഹൈപ്പർ ടെൻഷൻ എന്ന ആരോഗ്യ പ്രശ്നത്തെ ഒരു നിശബ്ദ കൊലയാളിയായാണ് കണക്കാക്കുന്നത്.
തുടക്കത്തിൽ രോഗലക്ഷണങ്ങൾ കാണിക്കില്ലെങ്കിലും പിന്നീട് രക്തസമ്മർദം അനിയന്ത്രിതമാവുകയും വൃക്കയെയും ഹൃദയത്തെയും തകരാറിലാക്കുകയും ബ്ലോക്ക്, ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക് തുടങ്ങിയ ഗുരുതര രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും. പഠനങ്ങൾ പ്രകാരം 50 ശതമാനം ആളുകൾക്കും തങ്ങൾക്ക് ഹൈപ്പർ ടെൻഷൻ ഉണ്ടെന്ന് അറിയില്ല.
രക്തസമ്മർദം നിയന്ത്രിക്കാൻ
1. ജീവിതശൈലി - മതിയായ ഉറക്കം നേടുക, മാനസിക പിരിമുറുക്കം കുറയ്ക്കുക.
2. ഭക്ഷണരീതി - ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് നിയന്ത്രിക്കുക. ഭക്ഷണത്തിലൂടെ അളവിൽ കൂടുതൽ ശരീരത്തിൽ എത്തുന്ന ഉപ്പ് രക്തത്തിലെ വെള്ളം വലിച്ചെടുക്കുന്നതു മൂലം രക്തവ്യാപ്തി വർധിക്കുകയും തന്മൂലം ഹൃദയത്തിലേക്ക് കൂടുതൽ എത്തുകയും ചെയ്യുന്നു. ഇത് ഹൃദയത്തിന്റെ ജോലിഭാരം കൂട്ടി രക്തസമ്മർദം ഉയർത്തുന്നു. രക്താതിസമ്മർദമുള്ളവർ പ്രതിദിനം അഞ്ചു ഗ്രാം ഉപ്പ് മാത്രമേ ആഹാരത്തിൽ ഉൾപ്പെടുത്താവൂ. പപ്പടം, അച്ചാർ, ഉണക്കമീൻ, മിക്സ്ചർ തുടങ്ങിയവ പൂർണമായി ഒഴിവാക്കുക. ഉപ്പിട്ട നാരങ്ങാ വെള്ളം, മോര് വെള്ളം, ജങ്ക്ഫുഡ്, സോസ്, മയോണൈസ് ഇവയിലെല്ലാം ഉപ്പിന്റെ അളവ് കൂടുതലാണ്. കൊഴുപ്പ് കൂടിയ ആഹാരവസ്തുക്കൾ ഒഴിവാക്കുക. ഫൈബർ അടങ്ങിയ പച്ചക്കറികളും ഇലക്കറികളും കൂടുതലായി ആഹാരത്തിലുൾപ്പെടുത്തുക.
3. വ്യായാമം- അമിതവണ്ണം കുറയ്ക്കുന്നതിലൂടെ രക്തസമ്മർദ നിലയിൽ വലിയ കുറവ് വരുത്താനാകും. നന്നായി വിയർക്കുന്ന ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലൂടെ രക്തത്തിലെ ഉപ്പിന്റെ അളവ് കുറയ്ക്കാനാകും.
4. മോശം ശീലങ്ങൾ - പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങൾ ഉപേക്ഷിക്കേണ്ടതാണ്. നിക്കോട്ടിൻ ഹൃദയമിടിപ്പും രക്തസമ്മർദവും വർധിപ്പിക്കും. രക്തക്കുഴലുകൾ ചുരുങ്ങുന്നതിനും സ്ട്രോക്ക്, ഹൃദ്രോഗം എന്നിവയ്ക്കും പുകവലി കാരണമാകാറുണ്ട്.
(കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ ഇന്റർവെൻഷണൽ കാർഡിയോളജി കൺസൾട്ടന്റാണ് ലേഖകൻ)