പിണറായി മൂന്നാം ഊഴത്തിന് പണി തുടങ്ങി
Saturday, October 5, 2024 11:56 PM IST
അനന്തപുരി /ദ്വിജൻ
പാർട്ടി ഭരണഘടനയും പ്രായവും മറികടന്ന് കേരളത്തിലെ മുഖ്യമന്ത്രിപദത്തിന് മൂന്നാം അങ്കത്തിനുള്ള നീക്കങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കംകുറിച്ചു. സീതാറാം യെച്ചൂരിയുടെ മരണത്തെത്തുടർന്ന് സിപിഎം സ്വീകരിക്കേണ്ട അനന്തര നടപടികൾ ചർച്ചചെയ്യുന്നതിന് ഡൽഹിയിൽ ചേർന്ന പാർട്ടി കേന്ദ്ര കമ്മിറ്റി യോഗത്തിനു മുന്നോടിയായി ഇംഗ്ലീഷ് പത്രത്തിന് പിആർ ഏജൻസി വഴി ഒരുക്കിയ അഭിമുഖത്തിന്റെ യഥാർഥ ലക്ഷ്യം ഈ ആഗ്രഹ പ്രകടനമായിരുന്നു.
മൂന്നാംവട്ട പോരാട്ടത്തിനും വിജയത്തിനും സ്വീകരിക്കാനിരിക്കുന്ന തന്ത്രങ്ങളുടെ നേർത്ത അനാവരണവും അദ്ദേഹം ആ വിവാദ അഭിമുഖത്തിലൂടെ വെളിപ്പെടുത്തി. മലപ്പുറം കള്ളക്കടത്തുകാരുടെ കുഴലൂത്തുകാർ ഉണ്ടാക്കിയ വിവാദത്തിൽ യഥാർഥ ലക്ഷ്യം വിവാദമാക്കപ്പെടാതെയും പോയി. എന്നാൽ, അറിയേണ്ടവർക്കെല്ലാം കൃത്യമായ സന്ദേശം കൊടുക്കാൻ പിണറായിക്കായിട്ടുണ്ട്. 2025 ഏപ്രിലിൽ മധുരയിൽ നടക്കുന്ന പാർട്ടി കോണ്ഗ്രസിൽ ഇതു സംബന്ധിച്ച കരുനീക്കങ്ങളുടെയും കളികളുടെയും ഒന്നാം ഘട്ടം കടക്കും.
ശോഭന കെ. നായർ അഭിമുഖം നടത്തിയതായാണ് പത്രത്തിൽ പറയുന്നത്. മുഖ്യമന്ത്രി സംസാരിക്കാൻ ആഗ്രഹിക്കുന്നു എന്ന് കൈസൺ എന്ന പിആർ ഏജൻസിക്കാർ അറിയിച്ചതനുസരിച്ചാണ് ഹിന്ദു റിപ്പോർട്ടറെ അയച്ചതും അഭിമുഖം നടത്തിച്ചതും. അര മണിക്കൂർ ദീർഘിച്ച അഭിമുഖത്തിൽ ഉന്നയിച്ച ആറു ചോദ്യങ്ങളും മറുപടികളുമാണ് പത്രത്തിൽ പ്രസിദ്ധീകരിച്ചുവന്നത്. പിണറായിക്കു കൃത്യമായ ലക്ഷ്യങ്ങളോടെ പൊതുസമുഹത്തോടും പാർട്ടി നേതൃത്വത്തോടും പറയാനുള്ള കാര്യങ്ങൾ ഉത്തരമായി വരത്തക്കവിധം തയറാക്കിയവയാണ് ആ ചോദ്യങ്ങൾ എന്ന് ചിന്തിച്ചുപോകും. പിണറായിക്കുവേണ്ടി ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും അർഥഗർഭങ്ങളാണ്.
മൂന്നാം ഊഴത്തിനു ശ്രമിച്ചേക്കാം
അഭിമുഖത്തിലെ അഞ്ചാമത്തെ ചോദ്യമായാണ് ഇക്കാര്യം ഉന്നയിക്കപ്പെട്ടത്. ഈ ചോദ്യവും ഉത്തരവുമായിരിക്കണം ഈ അഭിമുഖത്തിലൂടെ ലോകത്തോടു പറയാൻ പിണറായി ആഗ്രഹിച്ചത്. ചോദ്യം ഇതായിരുന്നു. “23-ാമത് പാർട്ടി കോണ്ഗ്രസ് പാർട്ടി പദവികൾക്കു പ്രായപരിധി ഏർപ്പെടുത്തി. യുവാക്കൾക്ക് അവസരം കൊടുക്കുന്നതിനായി 75 കഴിഞ്ഞ നേതാക്കൾ കേന്ദ്രകമ്മിറ്റിയിൽനിന്നു റിട്ടയർ ചെയ്യണം. ഇതനുസരിച്ച് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ താങ്കൾ മാറിനിൽക്കേണ്ടതില്ലേ?”. “ഞാൻ ഉത്തരം പറയേണ്ട ചോദ്യമല്ലിത്. അത് ഒരു വ്യക്തിക്കു തീരുമാനിക്കാനാവില്ല. പാർട്ടി പ്രവർത്തിക്കുന്നത് കൂട്ടായ തീരുമാനത്തിലാണ്. ഞങ്ങൾ പ്രായപരിധി സംബന്ധിച്ച തീരുമാനം തുടരും. എന്റെ കാര്യം പാർട്ടി തീരുമാനിക്കും. ഞാൻ എന്നും പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചയാളാണ്; വിശാലമായ അഭിപ്രായ ഐക്യത്തിനുവേണ്ടിയും. അതാണ് ലക്ഷ്യം. പാർട്ടി നിശ്ചയിച്ച പ്രായപരിധി മറ്റുള്ളവർക്ക് ബാധകമാക്കും. പിന്നെ എന്റെ കാര്യം, അക്കാര്യത്തിൽ കൂട്ടായ തീരുമാനം ഉണ്ടാവും.”- പിണറായി പറഞ്ഞു.
അതായത് ‘ഞാൻ’ തുടരാൻ സാധ്യതയുണ്ട്. 1945ൽ ജനിച്ച താൻ 80 വയസു കഴിഞ്ഞാലും ഫിറ്റാവും എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. സീതാറാം യെച്ചൂരി മരിച്ച സാഹചര്യത്തിൽ പിണറായിക്കെതിരേ പോളിറ്റ് ബ്യൂറോയിൽ എതിർശബ്ദം ഉയരാൻ സാധ്യതയില്ല. വിജയരാഘവനും ഗോവിന്ദനും ഉറച്ചു പേരാടുകയും ചെയ്യാം. ചുരുക്കത്തിൽ ഞാനായിരിക്കും അടുത്ത നേതാവും എന്ന് കേന്ദ്ര കമ്മിറ്റിയോടും മറ്റു സഖാക്കളോടും പറയുകയായിരുന്നു പിണറായി.
കണ്ണൂരിൽ 2022ൽ നടന്ന പാർട്ടി കോണ്ഗ്രസാണ് കേന്ദ്ര കമ്മിറ്റിയിലേക്കും പോളിറ്റ് ബ്യൂറോയിലേക്കും 75 വയസ് പ്രായപരിധി നിശ്ചയിച്ചത്. അതനുസരിച്ച് മുതിർന്ന നേതാക്കളായ എസ്. രാമചന്ദ്രൻ പിള്ള, ഹനൻ മൊള്ള, ബിമൻ ബസു എന്നിവരെയും വി.എസ്. അച്യുതാനന്ദനെയും പോളിറ്റ് ബ്യൂറോയിൽനിന്നു പുറത്താക്കി. പിണറായിയുമായുള്ള ഏറ്റുമുട്ടലിൽ വി.എസ്. നേരത്തേതന്നെ പുറത്താക്കപ്പെട്ടിരുന്നു. 23-ാം പാർട്ടി കോണ്ഗ്രസ് തീരുമാനം നടപ്പാവുകയാണെങ്കിൽ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, പിണറായി വിജയൻ, സൂര്യകാന്ത് മിശ്ര, സുഭാഷിണി അലി, മണിക് സർക്കാർ എന്നിവർക്കു പോളിറ്റ് ബ്യൂറോയിൽനിന്നു പുറത്തുപോകേണ്ടിവരും. പിണറായിക്കു വീണ്ടും അനുമതി നൽകുന്നില്ലെങ്കിൽ മധുര കോൺഗ്രസോടെ അദ്ദേഹത്തിന് മുഖ്യമന്ത്രിസ്ഥാനംപോലും ഉപേക്ഷിക്കേണ്ടി വരാം.
മധുരയിൽ 2025 ഏപ്രിലിൽ നടക്കുന്ന 24-ാം പാർട്ടി കോണ്ഗ്രസിൽ പാർട്ടിയുടെ സെക്രട്ടറി സ്ഥാനത്തേക്ക് പ്രായപരിധി നോക്കാതെ പ്രകാശ് കാരാട്ടിനെ പ്രതിഷ്ഠിക്കാനായാൽ പിണറായിക്കു കേരളത്തിൽ മൂന്നാം ഊഴത്തിനുള്ള സാധ്യത തെളിയും. പാർട്ടിയുടെ ഭരണഘടന അനുസരിച്ച് വളരെ സവിശേഷമായ സാഹചര്യത്തിൽ കേന്ദ്ര കമ്മിറ്റിയിലെ നാലിൽ മൂന്ന് അംഗങ്ങൾ ആവശ്യപ്പെട്ടാൽ പ്രകാശിനെപ്പോലെ മൂന്നുവട്ടം ദേശീയ സെക്രട്ടറി ആയിരുന്നവർക്ക് നാലാമതൊരു അവസരംകൂടി കിട്ടാം. അതിനുവേണ്ടി പണറായിയും സംഘവും ശ്രമിക്കും എന്നതിന്റെ സൂചനയല്ലേ യെച്ചൂരിക്കു പകരം പാർട്ടി കോ-ഓർഡിനേറ്റർ പദവിയിലേക്ക് കാരാട്ടിനെ പ്രതിഷ്ഠിച്ചത്. യെച്ചൂരിയുടെ പിൻഗാമികളാവും എന്നു കരുതപ്പെട്ടിരുന്ന എം.എ. ബേബി, ബി.വി. രാഘവുലു എന്നിവരെ അവഗണിച്ചാണ് കാരാട്ട് എത്തുന്നത്.
2021ലെ തെരഞ്ഞെടുപ്പിൽ തോമസ് ഐസക്, ഇ.പി. ജയരാജൻ, ജി. സുധാകരൻ തുടങ്ങിയ നേതാക്കളെ വെട്ടുന്നതിന് അദ്ദേഹം ഉപയോഗിച്ച വാളായിരുന്നു തുടർച്ചയായി രണ്ടു തെരഞ്ഞടുപ്പിൽ മത്സരിച്ചവർക്ക് സീറ്റില്ല എന്നത്. അതനുസരിച്ചും കഴിഞ്ഞ പാർട്ടി കോണ്ഗ്രസിൽ പാർട്ടി തീരുമാനിച്ച 75 വയസ് പ്രായപരിധി വച്ചും പാർട്ടിയിലെയും സർക്കാരിലെയും എല്ലാ പദവികളിൽനിന്നും പിണറായി മാറേണ്ടതുണ്ട്. എന്നാൽ, അക്കാര്യത്തിൽ അദ്ദേഹം സ്വയം ഇളവു പ്രഖ്യാപിക്കുകയാണ്. എല്ലാം പാർട്ടി തീരുമാനിക്കും എന്നാണ് അദ്ദേഹം പറയുന്നത്. പാർട്ടിയെക്കുറിച്ചും സീതാറാം യെച്ചൂരിയെക്കുറിച്ചും അദ്ദേഹം നടത്തിയ പരാമർശങ്ങളും വിഷം നിറഞ്ഞവയാണ്.
യെച്ചൂരി ആദർശം നോക്കാതെ മറ്റു പാർട്ടികളുമായി ഇടപെടുന്ന ആളായിരുന്നു എന്നും അടുത്ത പാർട്ടി സെക്രട്ടറി അത്തരക്കാരനാവില്ലെന്നും അദ്ദേഹം പ്രഖ്യാപിക്കുന്നു. ഇതെല്ലാം ബിജെപിക്ക് ആശ്വാസകരമായ കാര്യങ്ങളാണ്. മദനിയോടു കൂട്ടുകൂടിയ പിണറായിയാണ് പറയുന്നത്!
കേരളത്തിൽ ബിജെപി ശക്തമാകുന്നുണ്ടെന്നും അവർക്ക് ഭാവിയിൽ വലിയ ശക്തി ആകാമെന്നും അദ്ദേഹം സൂചന നൽകുന്നു. ഇപ്പോൾ കേരളത്തിൽ രണ്ടു മുന്നണികൾക്കാണ് സാധ്യത ഉള്ളതെന്നും ബിജെപി ബദൽ ശക്തി ആയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. അതായത് ഇടതുപക്ഷം ജയിക്കാതെ വന്നാൽ കോണ്ഗ്രസ് കേരളത്തിൽ ജയിക്കുമെന്നും ഇന്നത്തെ ദേശീയ സാഹചര്യത്തിൽ ബിജെപിക്ക് അതു ദോഷമാകുമെന്നും അതിലൂടെ അദ്ദേഹം മുന്നറിയിപ്പു കൊടുക്കുന്നു. അങ്ങനെ മൂന്നാം ഊഴത്തിന് ശ്രമിക്കുന്ന താൻ വിജയിക്കുന്നതിനു വേണ്ട കരുക്കൾ ഒരുക്കുന്നു. ഇവിടെയാണ് എഡിജിപിയുടെ ബിജെപി ബന്ധത്തിന്റെ ആഴം മനസിലാകുന്നത്. അദ്ദേഹം ദേശീയ നേതാക്കളുമായി മാത്രമല്ല കേരളത്തിലെ നേതാക്കളുമായും ബന്ധപ്പെടുന്നതിന്റെ കഥകൾ പുറത്തുവരുന്നുണ്ട്.
യെച്ചൂരിയുടെ തിരോധാനത്തോടെ പിണറായി സംഘത്തിന്റെ ആധിപത്യത്തെ ചെറുത്തു നിൽക്കുന്നവരുടെ സംഖ്യ ദേശീയ നേതൃത്വത്തിൽ കുറയും. 2022ലെ കണ്ണൂർ കോണ്ഗ്രസിൽ യെച്ചൂരിയെ മാറ്റാൻ ഇവർ നീക്കം നടത്തിയതാണ്. താൻ മത്സരിക്കും എന്ന് യെച്ചൂരി ഭീഷണിപ്പെടുത്തിയതോടെയാണ് ആ നീക്കം പൊളിഞ്ഞത്.
സീതാറാം യെച്ചൂരി
സീതാറം യെച്ചൂരിയെക്കുറിച്ചായിരുന്ന അടുത്ത ചോദ്യത്തിന്റെ ഉത്തരത്തിലും കൃത്യമായ ഒരു സന്ദേശം വായിച്ചെടുക്കാനാവും. പ്രതിപക്ഷ ഐക്യത്തിന്റെ ശില്പിയായ യെച്ചൂരിയെപ്പോലെ ഒരാളാകുമോ അടുത്ത സെക്രട്ടറി എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു മറുപടി. ഇതായിരുന്നു ചോദ്യം: “പ്രതിപക്ഷ പാർട്ടികൾക്കിടയിലെ പാലമായിരുന്നു സീതാറാം യെച്ചൂരി എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യ ബ്ലോക്കിന്റെ ശില്പിയായിരുന്നു അദ്ദേഹം. കാരണം അദ്ദേഹം ഏറെ ഫ്ളക്സിബിൾ ആയിരുന്നു. വഴക്കമുള്ളവൻ. അദ്ദേഹത്തിന്റെ പിൻഗാമിക്കും അതിനു സാധിക്കും എന്ന് അങ്ങ് കരുതന്നുണ്ടോ?”
സീതാറാമിന് ഈ അനന്യ വൈഭവം ഉണ്ടായിരുന്നു- പിണറായി പറഞ്ഞു. ആദർശപരമായ കാഴ്ചപ്പാടുകൾ കണക്കിലെടുക്കാതെ അദ്ദേഹത്തിന് ആരുമായും ബന്ധപ്പെടാനാകും. ഇത് യെച്ചൂരിക്കെതിരേ ഒരു കുത്തായി വ്യാഖ്യാനിക്കാം. ആശയപരമായ കാഴ്ചപ്പാടുകൾ കണക്കിലെടുക്കാതെ ബന്ധം പുലർത്തുന്നയാളായിരുന്നു യെച്ചൂരി എന്ന് പിണറായി കരുതുന്നതായി ചിത്രീകരിക്കാം. കടുത്ത വി.എസ്. പക്ഷപാതിയായ യെച്ചൂരി എന്നും പിണറായിയുടെ കണ്ണിലെ കരടായിരുന്നു.
ഇന്നത്തെ ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യത്തിൽ മതേതര ശക്തികൾ ഒന്നിച്ചു പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്- പിണറായി തുടർന്നു. ഇന്ത്യ ബ്ലോക്കിലെ കക്ഷികളുമായി ഞങ്ങൾ സഹകരിക്കും. എന്നാൽ, മറ്റു പാർട്ടികളുടെ ആഗ്രഹം അനുസരിച്ച് ഞങ്ങൾക്കു ഞങ്ങളുടെ സെക്രട്ടറിയെ തെരഞ്ഞെടുക്കാനാവില്ല. അദ്ദേഹത്തിന്റെ പിൻഗാമി സീതാറാമിനെപ്പോലെ ആകണമെന്നില്ല. പാർട്ടിയുടെ താത്പര്യം സംരക്ഷിക്കാനാകുന്ന ഏറ്റവും മികച്ച വ്യക്തിയെ ഞങ്ങളുടെ നടപടിക്രമം അനുസരിച്ച് തെരഞ്ഞെടുക്കും. ഇതും ഒരു വലിയ സൂചനയാണ്.
ഒരുപക്ഷേ ഇന്ത്യ ബ്ലോക്കിനുള്ള പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രതിപക്ഷ ഐക്യം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കാമെന്ന് ബിജെപിക്ക് ഒരു സന്ദേശം. ചുരുക്കത്തിൽ ശക്തമായ ചില വെളിപ്പെടുത്തലുകൾക്കാണ് പിണറായി പിആർ ഏജൻസി വഴി അഭിമുഖം തരപ്പെടുത്തിയത്. അതെല്ലാം പറയുകയും ചെയതു. പക്ഷേ ഉദ്ദേശിച്ചതല്ല പരന്നത്. മലപ്പുറവും കള്ളക്കടത്തും ദേശദ്രോഹവുമായി.
യെച്ചൂരിക്കു പകരംവയ്ക്കാൻ കൊള്ളുന്ന ആരും സിപിഎമ്മിൽ ഇല്ല എന്നതാണ് സത്യം. പാർട്ടിയുടെ താത്പര്യം സംരക്ഷിക്കാനാകുന്ന പുതിയ വ്യക്തി എന്ന ചിത്രീകരണത്തിലും യെച്ചൂരിയെ പിണറായി കുത്തുന്നു എന്ന് മനസിലാക്കപ്പെടുന്നു.