ആ ജയഭേരിക്കു വീരോചിത വിരാമം
രാഷ്ട്രപതി പ്രണാബ് മുഖർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും ഗവർണർമാരും മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ജയലളിതയ്ക്കു പ്രണാമം അർപ്പിക്കാൻ ചെന്നെയിലെത്തിയതു അപൂർവ ബഹുമതിയായി. ഒരു മുഖ്യമന്ത്രിയുടെ നിര്യാണത്തിൽ അനുശോചിച്ചു പാർലമെന്റിന്റെ രണ്ടു സഭകളും നടപടികളിലേക്കു കടക്കാതെ പിരിഞ്ഞതും അത്യപൂർവം. ജയലളിതയ്ക്കായി അയൽ സംസ്‌ഥാനമായ കേരളത്തിലും പൊതുഅവധി പ്രഖ്യാപിച്ച ചരിത്രവും പതിവില്ലാത്തതാണ്. ദേശീയ രാഷ്ര്‌ടീയത്തിൽ തമിഴകത്തിന്റെ സ്വന്തം അമ്മ ചെലുത്തിയ സ്വാധീനം പുറമേ കാണുന്നതിലും പലമടങ്ങായിരുന്നു. അല്ലെങ്കിലും എല്ലാ വമ്പന്മാരും കൊമ്പന്മാരും ചെന്നൈയിലെത്തി ജയലളിതയെ കുമ്പിടുന്നതായിരുന്നു മുമ്പും പതിവ്. തമിഴ്നാട്ടിൽ മാത്രം വേരുകളുള്ള പ്രാദേശിക പാർട്ടിയുടെ അമരക്കാരിയാണെങ്കിലും ദേശീയ രാഷ്ര്‌ടീയത്തിലെ ജയലളിതയുടെ അത്യപൂർവ സ്വാധീനത്തിന് (പൊളിറ്റിക്കൽ ക്ലൗട്ട്) മരണത്തിലും ശോഭ കൂടിയതേയുള്ളൂ.

അനുഗാമിയില്ലാത്ത പഥിക

ജയ ഇല്ലാത്ത അണ്ണാ ഡിഎം കെ ഇനിയെന്താകും എന്ന് ആർക്കും ഉറപ്പില്ല. പാവങ്ങളുടെ അമ്മയും തമിഴ്നാടിന്റെ വികസന നായികയും തന്റേടിയായ ഏകാധിപതിയും ഒക്കെയായിരുന്ന ജയലളിതയുടെ സ്വാധീനം ഇനിയുമേറെക്കാലം ഉണ്ടാകുമെന്നതിൽ സംശയം വേണ്ട.

പാർലമെന്റിലും ഡൽഹിയിലും ജയലളിത വരാറില്ലെങ്കിലും പ്രതീകമെന്നോണം അവരുടെ സാന്നിധ്യം പതിവാണ്. പ്രധാനമന്ത്രി മോദി കഴിഞ്ഞാൽ ലോക്സഭയിലും രാജ്യസഭയിലും ഏറ്റവും അധികം കേൾക്കുന്ന പേരാണ് ജയയുടേത്. അണ്ണാ ഡിഎംകെ എംപിമാർ എന്തു പറയാൻ എഴുന്നേറ്റാലും പുരട്ചി തലൈവി ജയലളിതയുടെ പേരു പരമാർശിക്കാതെ ഇരിക്കില്ല. ഒരു പ്രസംഗത്തിൽ ചുരുങ്ങിയതു രണ്ടു തവണയെങ്കിലും അതുണ്ടാകും. എല്ലാ എംപിമാരും തൂവെള്ള ഖദർ ഷർട്ടിന്റെ പോക്കറ്റിൽ എല്ലാവർക്കും കാണാവുന്നതു പോലെ അമ്മയുടെ കളർ ഫോട്ടോയും വച്ചാണു പാർലമെന്റിലും പുറത്തും നടക്കുക. എംപിമാരുടെ മുണ്ടിന്റെ കര പോലും പാർട്ടി പതാകയുടെ നിറങ്ങളാണ്.

ചെന്നൈ കൺട്രോൾ റൂം

അല്ലെങ്കിലും പുരട്ചി തലൈവി എന്നും ഡൽഹിയുടെ ശ്രദ്ധാകേന്ദ്രമായിരുന്നു. 1984ൽ സാക്ഷാൽ ജയലളിത 36–ാം വയസിൽ രാജ്യസഭയിൽ അംഗമായി ഡൽഹിയിൽ എത്തിയതു മുതൽ എംജിആറിന്റെ സ്വന്തം ജയലളിത സൗന്ദര്യത്തിനും അപ്പുറം ദേശീയ രാഷ്ര്‌ടീയ നേതാക്കളുടെ പ്രിയങ്കരിയായിരുന്നു. മുമ്പു സി.എൻ. അണ്ണാദുരൈ ഇരുന്ന അതേ ഇരിപ്പിടം പാർലമെന്റിൽ ജയ ചോദിച്ചു വാങ്ങി. ആറു വർഷത്തിനിടെ ആകെ 19 പ്രസംഗങ്ങൾ. മികവുറ്റ ഇംഗ്ലീഷിൽ നടത്തിയിരുന്ന പ്രസംഗങ്ങളിൽ ഹിന്ദിയല്ല, ഇംഗ്ലീഷാണ് ഇന്ത്യയെ കോർത്തിണക്കുന്ന ഭാഷയെന്നു അവർ സ്‌ഥാപിച്ചു. ആറു വർഷം എംപിയായിരുന്നെങ്കിലും ഡൽഹിയെ ജയയും ജയയെ ഡൽഹിയും അത്രയങ്ങു സ്നേഹിച്ചില്ല.

പക്ഷേ ചെന്നൈയിലിരുന്നു ഇന്ത്യൻ രാഷ്ര്‌ടീയത്തിന്റെ ചരടുവലിക്കുന്നതിൽ അവർ അതീവ മിടുക്കുകാട്ടി. 1993ൽ പി.വി. നരസിംഹ റാവു മന്ത്രിസഭയ്ക്കു പിന്തുണ പിൻവലിച്ചതു അതിലൊന്നു മാത്രം. 1999ൽ എ.ബി. വാജ്പേയിയുടെ നേതൃത്വത്തിലുള്ള ആദ്യ ബിജെപി മന്ത്രിസഭയെ വീഴ്ത്തിയതും ഈ വനിതയാണ്. എൻഡിഎ സർക്കാരിനെ താഴെയിറക്കുമെന്നു പറഞ്ഞാണു തോഴി ശശികലയെയും കൂട്ടി ജയ ഡൽഹി വിമാനം കയറിയത്. അന്ന് 48 പെട്ടികളുമായി ഡൽഹിയിലേക്കു ജയ എത്തിയതു പോലും വലിയ വാർത്തയായി.

ഇപ്പോഴത്തെ ബിജെപി നേതാവും അന്നു വാജ്പേയിയുടെ ശത്രുവുമായിരുന്ന സുബ്രഹ്മണ്യം സ്വാമിയായിരുന്നു പിന്നീടു ജയയുടെ ഡൽഹി രാഷ്ര്‌ടീയത്തിൽ ഇടനിലക്കാരനായത്. ജയലളിതയെയും കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയെയും തമ്മിൽ അടുപ്പിക്കാൻ സ്വാമി കണ്ടെത്തിയ ചായ നയതന്ത്രം ഡൽഹിയുടെ രാഷ്ര്‌ടീയം തന്നെ മാറ്റി മറിക്കേണ്ടതായിരുന്നു. 1999 മാർച്ച് 29ന് ഡൽഹിയിലെ അശോക ഹോട്ടലിൽ സുബ്രഹ്മണ്യൻ സ്വാമി ജയലളിതയ്ക്കായി ഒരുക്കിയ ചായ സത്കാരത്തിൽ കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി പങ്കെടുത്തു. പക്ഷേ ആ ചായ വെറും ചായക്കോപ്പയിലെ കൊടുങ്കാറ്റായി പരിണമിച്ചു. ഇതേ സ്വാമി പിന്നീട് സോണിയയുടെയും ജയലളിതയുടെയും കടുത്ത വിരോധിയാവുകയും ബിജെപിയിൽ കുടിയേറുകയും ചെയ്തു.


പോയസിന്റെ പടി കയറിയവർ

പിന്നീട് തമിഴ്നാട് മുഖ്യമന്ത്രിയായി ചെന്നൈയിൽ സ്‌ഥിരമാക്കിയ ശേഷവും ജയയുടെ സ്വാധീനം ഡൽഹിക്കു വലുതായിരുന്നു. ജയലളിതയെ കാണാനും അണ്ണാ ഡിഎംകെയുമായി സഖ്യമുണ്ടാക്കാനും ഇന്ത്യൻ രാഷ്ര്‌ടീയത്തിലെ പ്രബല ദേശീയ പാർട്ടികളെല്ലാം പലതവണ ശ്രമിച്ചു. ചെന്നൈയിലെത്തി ജയയെ കാണാത്ത ഏതെങ്കിലും പ്രബല നേതാവുണ്ടോ എന്നുമാത്രം അന്വേഷിച്ചാൽ മതിയാകും. സോണിയാ ഗാന്ധിയും നരേന്ദ്ര മോദിയും മുതൽ പ്രകാശ് കാരാട്ടും എ.ബി. ബർദനും ഉൾപ്പെടെ എല്ലാവരും പോയസ് ഗാർഡനിലെ ജയയുടെ വസതിയിലേക്കു ചെന്നതു ചരിത്രം.

ജയലളിതയുടെ വിരളമായ ഡൽഹി സന്ദർശനങ്ങളും ഇന്ത്യൻ രാഷ്ര്‌ടീയത്തെയാകെ മാറ്റിമറിക്കുന്നതായിരുന്നു. എം.ജി.ആറിനുശേഷം തമിഴകം കണ്ട ഏറ്റവും കരുത്തയും ശക്‌തയുമായ നേതാവായിരുന്ന ജയലളിത ഒരു കാലത്തു പ്രധാനമന്ത്രി സ്‌ഥാനം പോലും മോഹിച്ചതായാണു റിപ്പോർട്ടുകൾ. കോൺഗ്രസിനും ബിജെപിക്കും ഭൂരിപക്ഷവും മേൽക്കോയ്മയുമില്ലാതെ കേന്ദ്രത്തിൽ കൂട്ടുകക്ഷി ഭരണം വീണ്ടും വരാതെ പോയതു ജയയുടെ അത്തരം സ്വ്പ്നങ്ങൾക്കു തിരശീലയിട്ടിരിക്കാം.

എങ്കിലും ജയലളിതയുടെ ഓരോ ഡൽഹി സന്ദർശനവും ദേശീയ രാഷ്ര്‌ടീയം വലിയ പ്രതീക്ഷയോടെയും ആകാംക്ഷയോടെയുമാണു വരവേറ്റിരുന്നത്. കേന്ദ്രത്തിൽ ജയലളിതയുടെ പിന്തുണ നേടാനും തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയുമായി സഖ്യം ഉണ്ടാക്കാനും ദേശീയ പാർട്ടികളായ കോൺഗ്രസും ബിജെപിയും പലതവണ ശ്രമിച്ചു. എങ്കിലും പലപ്പോഴും ഒറ്റയ്ക്കു മൽസരിക്കാനായിരുന്നു അവരുടെ തീരുമാനം. ദ്രാവിഡ രാഷ്ര്‌ടീയത്തിന്റെ തിലകമായി നിന്നു എതിരാളികളായ ഡിഎംകെയെ നിലം പരിശയാക്കിയ ജയലളിത, ദേശീയ പാർട്ടികളെ തമിഴ്നാട്ടിൽ തീർത്തും നിഷ്പ്രഭവുമാക്കി.

പകർപ്പവകാശമില്ലാത്ത ജീവിത ചിത്രം

ജനപിന്തുണയിൽ സമാനതകളില്ലാത്ത നേതാവായി മാറിയ ജയലളിത നിശ്ചയദാർഢ്യത്തിന്റെയും പേരാട്ടത്തിന്റെയും കരുത്തിന്റെയും പ്രതീകവും തമിഴ്നാടിന്റെ വികസന നായികയും പാവപ്പെട്ടവരുടെ കാണപ്പെട്ട ദൈവവുമായിരുന്നു. അമ്മ എന്ന ഒറ്റ വാക്കിൽ ജനലക്ഷങ്ങളെ വികാരഭരിതയാക്കാൻ കഴിഞ്ഞ ജയലളിത രാഷ്ര്‌ടീയക്കാരിയെന്നതിലും മുഖ്യമന്ത്രിയെന്നതിലും വലിയ കരുണയുടെയും കരുത്തിന്റെയു മുഖമായിരുന്നു സാധാരണ തമിഴർക്ക്. പാവപ്പെട്ടവർക്കായി കുറഞ്ഞ വിലയ്ക്കു ഭക്ഷണവും വെള്ളവും മുതൽ വാരിക്കോരി കൊടുത്ത അമ്മയുടെ ക്ഷേമപദ്ധതികൾ മറ്റൊരു സംസ്‌ഥാനത്തിനും അതേപടി പകർത്താൻ പോലുമാകുമായിരുന്നില്ല. ഇതോടൊപ്പം തമിഴ്നാടിന്റെ വ്യവസായ വികസന ത്തിനും അടിസ്‌ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ജയലളിത നടത്തിയ പ്രവർത്തനങ്ങൾ പ്രകീർത്തിക്കാതിരിക്കാനാകില്ല.

ജോർജ് കള്ളിവയലിൽ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.