Jeevithavijayam
4/21/2019
    
അകമേയും വേണം സൗന്ദര്യം
രണ്ടുവയസുകാരി ലീസായും അവളുടെ മമ്മി പാമിളയും ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്നു. പാതയോരം ചേര്‍ന്ന് അവര്‍ നടന്നുപോകുമ്പോള്‍ എതിരേ വന്ന പ്രായംചെന്ന രണ്ടു സ്ത്രീകളിലൊരാള്‍ ലീസായെ നോക്കി പുഞ്ചിരിച്ചുകൊണ്ടു ചോദിച്ചു. ''മോളേ, മോള്‍ നല്ലൊരു സുന്ദരിയാണെന്നു മോള്‍ക്കറിയാമോ?''

ആ ചോദ്യത്തില്‍ അത്ര താത്പര്യം കാണിക്കാതെ പരുക്കന്‍ സ്വരത്തില്‍ ലീസാ പറഞ്ഞു: ''ഉവ്വ്, എന്ക്കറിയാം.''

അപരിചിതരോടുള്ള ലീസായുടെ പരുക്കന്‍ പെരുമാറ്റം അവളുടെ മമ്മിക്ക് അത്ര പന്തിയായി തോന്നിയില്ല. പാമിള ഉടനേ ആ അപരിചിതരോടു ക്ഷമായാചനം ചെയ്തു.

അന്നു വീട്ടിലെത്തിയപ്പോള്‍ പാമിള ലീസായെ മുന്നില്‍ നിര്‍ത്തിക്കൊണ്ടു സൗമ്യമായി പറഞ്ഞു: ''ലീസാ, നീ സുന്ദരിയാണെന്നു നമ്മള്‍ വഴിയില്‍ കണ്ട ആ സ്ത്രീ നിന്നോട് പറഞ്ഞില്ലേ? അവര്‍ പറഞ്ഞതു നീ പുറമേ എത്ര സുന്ദരിയാണെന്നായിരുന്നു. അത് ശരിയുമാണ്. ദൈവം അങ്ങനെയാണ് നിന്നെ സൃഷ്ടിച്ചത്. എന്നാല്‍, മോള്‍ ഒരുകാര്യം കൂടി ഓര്‍ക്കണം. പുറമേ എന്നതുപോലെ അകമേയും നീ സുന്ദരിയായിരിക്കണം.''

പാമിള പറയുന്നതെന്താണെന്നു ലീസായ്ക്കു മനസിലാകുന്നില്ലെന്ന് അവളുടെ മുഖഭാവം വ്യക്തമാക്കി. അപ്പോള്‍ പാമിള ചോദിച്ചു. ''മോള്‍ക്ക് എങ്ങനെ അകമേയും സുന്ദരിയാകാന്‍ സാധിക്കുമെന്ന് അറിയണോ?''

അവള്‍ തലകുലുക്കി.

പാമിള വിവരിച്ചു: ''അകമേ സുന്ദരിയാകണമെങ്കില്‍ മോള്‍ എല്ലാവരോടും സ്‌നേഹപൂര്‍വം പെരുമാറണം. ഡാഡിയോടും മമ്മിയോടും മോളുടെ കുഞ്ഞാങ്ങളയോടും നന്നായി പെരുമാറണം. മറ്റുള്ള എല്ലാവരുടെയും കാര്യത്തില്‍ താത്പര്യമുണ്ടായിരിക്കണം. മോളുടെ കളിപ്പാട്ടങ്ങള്‍ കളിക്കൂട്ടുകാരുമായി പങ്കുവയ്ക്കണം. ആര്‍ക്കെങ്കിലും ഒരു വിഷമമോ ബുദ്ധിമുട്ടോ ഉണ്ടായാല്‍ അവരെ ആശ്വസിപ്പിക്കാനും സഹായിക്കാനും ശ്രമിക്കണം. ഇക്കാര്യങ്ങളെല്ലാം ചെയ്താല്‍ മോള്‍ അകമേയും അതീവ സുന്ദരിയായിരിക്കും.''

ലീസാ പറഞ്ഞു: ''എന്നോടു ക്ഷമിക്കണം, മമ്മീ. എനിക്കത് അറിയില്ലായിരുന്നു.''

മമ്മി അവളെ കോരിയെടുത്ത് കവിളില്‍ ഉമ്മവച്ചുകൊണ്ടു പറഞ്ഞു: ''ഞാന്‍ ഇപ്പോള്‍ പറഞ്ഞത് ഒരിക്കലും മോള്‍ മറക്കരുത്, കേട്ടോ.''

ഈ സംഭവം നടന്ന് രണ്ടുവര്‍ഷത്തിനുശേഷം ലീസായുടെ കുടുംബം വേറൊരു സ്ഥലത്തേക്കു താമസംമാറ്റി. പുതിയ സ്ഥലത്ത് താമസം തുടങ്ങിയ ഉടനേ ലീസായെ ഒരു നഴ്‌സറി സ്‌കൂളില്‍ ചേര്‍ക്കുകയും ചെയ്തു.

ലീസായുടെ ക്ലാസില്‍ ജീനാ എന്നു പേരുള്ള ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. ജീനായുടെ മമ്മി രോഗംമൂലം മരണമടഞ്ഞിരുന്നതുകൊണ്ട് അവളുടെ ഡാഡി വേറൊരു യുവതിയെ വിവാഹം കഴിച്ചിരുന്നു. ജീനായ്ക്ക് സ്വന്തം മമ്മിയോടെന്നപോലെ പുതിയ മമ്മിയോടും വലിയ ഇഷ്ടമായിരുന്നു.

ലീസായും ജീനായും പെട്ടെന്നു കൂട്ടുകാരായി മാറി. ഒരുദിവസം തന്റെ മമ്മിയുടെ അനുവാദത്തോടെ ലീസാ, ജീനായെ തന്റെ വീട്ടിലേക്കു ക്ഷണിച്ചു. ലീസായുടെ വീട്ടില്‍ പോകാന്‍ ജീനായുടെ മമ്മി അവളെ അനുവദിക്കുകയും ചെയ്തു.

അതനുസരിച്ച് ലീസായുടെ മമ്മി ഒരുദിവസം ക്ലാസ് കഴിഞ്ഞപ്പോള്‍ ലീസായേയും ജീനായേയും ഒരുമിച്ച് കാറില്‍ വീട്ടിലേക്കു കൊണ്ടുപോകാനായി സ്‌കൂളില്‍ ചെന്നു. അപ്പോള്‍ ജീനാ ചോദിച്ചു: ''പോകുന്ന വഴിക്ക് നമുക്കു മമ്മിയെക്കൂടി കാണാമോ?''

തന്റെ മമ്മിയുടെ ശവകുടീരം സന്ദര്‍ശിക്കുന്ന കാര്യമാണു ജീനാ ഉദ്ദേശിച്ചത്. അതെവിടെയാണെന്നവള്‍ പറഞ്ഞുകൊടുത്തു.


അവര്‍ ജീനായുടെ മമ്മിയുടെ ശവകുടീരത്തിലെത്തി. അവര്‍ മൂന്നുപേരും അവിടെനിന്ന് അല്പസമയം പ്രാര്‍ത്ഥിച്ചു. അതിനുശേഷം ജീനാ തന്റെ മമ്മിയുടെ മരണത്തെക്കുറിച്ചു വിവരിക്കാന്‍ തുടങ്ങി. ജീനാ കൊച്ചുകുട്ടിയായിരുന്നെങ്കിലും അവളുടെ മമ്മി രോഗശയ്യയില്‍ കിടന്നതും വേദന സഹിച്ച് മരിച്ചതുമൊക്കെ ഓര്‍മിക്കുന്നുണ്ടായിരുന്നു.

അതൊക്കെ കേട്ടപ്പോള്‍ ലീസായുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. ജീനാ പറഞ്ഞുനിര്‍ത്തിയപ്പോള്‍ ലീസാ ജീനായുടെ തോളില്‍ കൈവച്ചുകൊണ്ട് പറഞ്ഞു: ''ഓ, ജീനാ, ജീനായുടെ മമ്മി മരിച്ചുപോയതില്‍ എനിക്ക് വലിയ സങ്കടമുണ്ട്.''

അല്പനിമിഷത്തേക്ക് ആരും ഒന്നും പറഞ്ഞില്ല. അവസാനം, ജീനാ തന്റെ കണ്ണീര്‍ തുടച്ചുകൊണ്ടു പറഞ്ഞു: ''ഞാന്‍ ഇപ്പോഴും എന്റെ മമ്മിയെ ഒത്തിരി സ്‌നേഹിക്കുന്നു. എന്നാല്‍, എന്റെ പുതിയ മമ്മിയേയും എനിക്കു നല്ല ഇഷ്ടമാണ്.''

അപ്പോള്‍ ലീസായുടെ മമ്മി പറഞ്ഞു: ''അതാണ് സ്‌നേഹത്തിന്റെ പ്രത്യേകത. നമ്മുടെ സ്‌നേഹം ഒരാളില്‍നിന്നെടുത്ത് മറ്റൊരാള്‍ക്കു കൊടുക്കേണ്ടതില്ല. നമുക്ക് എത്ര പേരെ വേണമെങ്കിലും സ്‌നേഹിക്കാനുള്ള സ്‌നേഹം നമ്മളിലുണ്ട്.''

ജീനാ ശ്രദ്ധിച്ചു നില്‍ക്കുമ്പോള്‍ ലീസായുടെ മമ്മി തുടര്‍ന്നു: ''ജീനാ, രണ്ടു മമ്മിമാരെയും ഒരുപോലെ സ്‌നേഹിക്കുന്നതില്‍ ഒരു പോരായ്മയുമില്ല. ജീനായ്ക്ക് ഒരു പുതിയ മമ്മിയെ ലഭിച്ചതില്‍ ജീനായുടെ മമ്മി ഇപ്പോള്‍ സന്തോഷിക്കുന്നുണെ്ടന്നു തീര്‍ച്ചയാണ്.''

അന്നു വീട്ടിലെത്തിയ ജീനാ ഏറെ സന്തോഷവതിയായിരുന്നു. വൈകുന്നേരമായപ്പോള്‍ അവളുടെ പുതിയ മമ്മി വന്ന് അവളെ സ്വഭവനത്തിലേക്കു കൂട്ടിക്കൊണ്ടുപോയി.

ജീനായും അവളുടെ മമ്മിയും യാത്രപറഞ്ഞു പോയപ്പോള്‍ പാമിള ലീസായെ കെട്ടിപ്പിടിച്ച് ഉമ്മവച്ചുകൊണ്ടു പറഞ്ഞു: ''ലീസാ, എനിക്കു നിന്നെക്കുറിച്ച് ഏറെ അഭിമാനവും സന്തോഷവും തോന്നുന്നു. നീ ജീനായെ അവളുടെ ദുഃഖത്തില്‍ ആശ്വസിപ്പിച്ചു. അവളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന നീ അവളുടെ നല്ലൊരു കൂട്ടുകാരിയായിത്തീര്‍ന്നു.''

വിടര്‍ന്ന കണ്ണുകളോടെ അവള്‍ മമ്മിയോടു ചോദിച്ചു: ''മമ്മീ, ഞാനിപ്പോള്‍ അകമേയും സുന്ദരിയാണോ?''

അകമേയും പുറമേയും സുന്ദരിയായ ലീസായുടെ കഥ അവളുടെ മമ്മിതന്നെയാണ് ''ചിക്കന്‍സൂപ്പ് ഫോര്‍ ദ സോള്‍'' എന്ന അമേരിക്കന്‍ ഗ്രന്ഥത്തിന്റെ നാലാം ഭാഗത്തില്‍ എഴുതിയിരിക്കുന്നത്.

പുറമേ സുന്ദരന്മാരും സുന്ദരിമാരുമായിരിക്കാന്‍ താത്പര്യമുള്ളവരാണ് നാമെല്ലാവരും. എന്നാല്‍, അതോടൊപ്പം അകമേയും സുന്ദരന്മാരും സുന്ദരിമാരുമാകാന്‍ നാം ശ്രദ്ധിക്കാറുണേ്ടാ?

ലീസായുടെ മമ്മി അവളോടു പറഞ്ഞതുപോലെ, നാം പുറമേ മാത്രം സുന്ദരന്മാരും സുന്ദരിമാരും ആയാല്‍ പോരാ, പുറമേ എന്നതുപോലെ, ഒരുപക്ഷേ അതിലേറെയായി, അകമേയും നാം സൗന്ദര്യമുള്ളവരായിരിക്കണം.

മറ്റുള്ളവരോടു സ്‌നേഹത്തോടും കരുണയോടുംകൂടി പെരുമാറുമ്പോഴാണു നമുക്ക് ആന്തരികസൗന്ദര്യം ഉണ്ടാകുന്നത്.

നമ്മുടെ ഹൃദയത്തില്‍ നമ്മെപ്പോലെ മറ്റുള്ളവര്‍ക്കും സ്ഥാനമുണെ്ടങ്കില്‍ നമ്മുടെ ഉള്ളില്‍ സൗന്ദര്യമുണെ്ടന്നതില്‍ സംശയം വേണ്ട. അപ്പോള്‍ നമ്മള്‍ യഥാര്‍ത്ഥത്തില്‍ സുന്ദരന്മാരും സുന്ദരികളുമാകും.
    
To send your comments, please clickhere