Jeevithavijayam
7/18/2019
    
നാം കാണാതെപോകുന്ന മാലാഖമാര്‍
ജോര്‍ജ് എലിയട്ട് എന്ന തൂലികാനാമമുള്ള ആംഗലേയ നോവലിസ്റ്റ് മേരി ആന്‍ (18191880) ഒരിക്കല്‍ എഴുതി: ''ജീവിതമാകുന്ന കൊച്ചരുവിയിലെ സുവര്‍ണനിമിഷങ്ങള്‍ നമ്മെ അതിവേഗം കടന്നുപോകുന്നു; മാലാഖമാര്‍ നമ്മെ സന്ദര്‍ശിക്കാന്‍ വരുന്നു. എന്നാല്‍, അവര്‍ പോയതിനുശേഷമേ അക്കാര്യം നാം അറിയുന്നുള്ളൂ.''

ജീവിതത്തില്‍ നാം നഷ്ടമാക്കുന്ന സുവര്‍ണാവസരങ്ങളെക്കുറിച്ചാണ് എലിയട്ട് ഇവിടെ വിവക്ഷിക്കുന്നത്. എന്നാല്‍, ജീവിതത്തില്‍ നമുക്ക് ഒട്ടേറെ സുവര്‍ണാവസരങ്ങള്‍ ലഭിക്കുന്നുണെ്ടന്ന് നമ്മിലെത്രപേര്‍ സമ്മതിക്കും? ജീവിതത്തില്‍ വിജയം വരിക്കാനായി നമുക്കു കിട്ടുന്ന സുവര്‍ണാവസരങ്ങള്‍ നാം ശരിക്കു കാണാറുണേ്ടാ? അവയെ നാം വേണ്ടരീതിയില്‍ ഉപയോഗിക്കാറുണേ്ടാ?

ജീവിതവിജയത്തിനുള്ള സുവര്‍ണാവസരങ്ങളെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രശ്‌നമുണ്ട്. കഠിനാധ്വാനത്തിന്റെ രൂപത്തിലാണ് അവ പലപ്പോഴും പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടുതന്നെ നാം അവ കാണാതെ പോകുന്നു. ഇനി അവയെ കണ്ടാല്‍ത്തന്നെ വേണ്ടവിധം നാം അവ ഉപയോഗിക്കാതെ പോകുന്നു.

പ്രശസ്തനായ പ്ലാസ്റ്റിക് സര്‍ജനാണ് ഡോ. മാക്‌സ്‌വെല്‍ മാല്‍ട്‌സ്. അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന ഒരു ഡോക്ടര്‍ ഒരിക്കല്‍ അദ്ദേഹത്തോടു ചോദിച്ചു: ''അങ്ങു പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നതു കണ്ടുപഠിക്കാന്‍ ഞാനും വരട്ടെയോ?''

''തീര്‍ച്ചയായും,'' മാള്‍ട്‌സ് പ്രതികരിച്ചു. തന്റെ സുഹൃത്തിനെ പ്ലാസ്റ്റിക് സര്‍ജറിയുടെ ബാലപാഠങ്ങള്‍ പഠിപ്പിക്കുവാന്‍ അദ്ദേഹത്തിനു തിടുക്കമായിരുന്നു.

എല്ലാദിവസവും രാവിലെ എട്ടുമണിക്കായിരുന്നു ഡോ. മാള്‍ട്‌സ് പ്ലാസ്റ്റിക് സര്‍ജറി നടത്തിയിരുന്നത്. രണ്ടുമൂന്നുദിവസം തുടര്‍ച്ചയായി ഡോ. മാള്‍ട്‌സിന്റെ സുഹൃത്ത് പ്ലാസ്റ്റിക് സര്‍ജറി കണ്ടുപഠിക്കുവാന്‍ കൃത്യസമയത്തുതന്നെ എത്തി. പക്ഷേ, പിന്നീട് ആ ഡോക്ടറെ അവിടെ കണ്ടില്ല.

കുറെ നാളുകള്‍ക്കുശേഷം ഡോ. മാള്‍ട്‌സ് തന്റെ സുഹൃത്തിനെ കാണാനിടയായി. അപ്പോള്‍ അദ്ദേഹം കാര്യം തിരക്കി. സുഹൃത്ത് പറഞ്ഞു: ''രാവിലെ ഉറക്കമുണര്‍ന്ന് ഓപ്പറേഷനു വരുക ബുദ്ധിമുട്ടാണ്. ഉച്ചകഴിഞ്ഞാണെങ്കില്‍ ഞാന്‍ വരാം.''

പ്ലാസ്റ്റിക് സര്‍ജറിയില്‍ താത്പര്യമുള്ള ആളായിരുന്നു ഡോ. മാള്‍ട്‌സിന്റെ സുഹൃത്ത്. അതു പരിശീലിക്കാന്‍ അയാള്‍ക്കൊരു സുവര്‍ണാവസരവും ലഭിച്ചു. എന്നാല്‍, അല്പം ബുദ്ധിമുട്ടുകൂടാതെ ആ സുവര്‍ണാവസരം ഉപയോഗിക്കാന്‍ അയാള്‍ക്കു സാധിക്കില്ലായിരുന്നു. തന്റെ ബുദ്ധിമുട്ട് ഓര്‍ത്ത് അയാള്‍ ആ സുവര്‍ണാവസരം പാഴാക്കുകയും ചെയ്തു.

ഡോ. മാള്‍ട്‌സിന്റെ സുഹൃത്തിനെപ്പോലെയല്ലേ നമ്മില്‍ ഏറെപ്പേരും? നമുക്കു സുവര്‍ണാവസരങ്ങള്‍ വീണുകിട്ടിയാലും അവയിലടങ്ങിയിരിക്കുന്ന കഷ്ടപ്പാടോര്‍ത്ത് നാം അവ തള്ളിക്കളയുന്നു. എന്നാല്‍, അങ്ങനെ ചെയ്യുന്നതുവഴി നമുക്കുണ്ടാകുന്ന നഷ്ടം നാം ഓര്‍മിക്കാറുണേ്ടാ?

സുവര്‍ണാവസരങ്ങള്‍ പലപ്പോഴും നമ്മെ മുട്ടിവിളിക്കാറുണ്ട്. എന്നാല്‍, അപ്പോള്‍ എഴുന്നേറ്റുചെന്നു വാതില്‍ തുറന്ന് അവയെ അകത്തു പ്രവേശിപ്പിക്കാനുള്ള സന്മനസ് നാം കാണിക്കുന്നില്ലെങ്കിലോ? സുവര്‍ണാവസരങ്ങള്‍ വാതില്‍ തുറന്ന് സ്വയം അകത്തുവന്നു നമ്മെ സഹായിക്കട്ടെ എന്നല്ലേ പലപ്പോഴും നമ്മുടെ നിലപാട്? ജീവിതത്തില്‍ നാം വിജയിക്കാതെ പോകുന്നെങ്കില്‍ അതിന്റെയൊരു പ്രധാന കാരണം നമ്മുടെ ഈ അനാസ്ഥയല്ലേ?


ജീവിതത്തില്‍ വിജയിക്കാന്‍ തങ്ങള്‍ക്ക് അവസരം കിട്ടാറില്ലെന്നു ചിലരെങ്കിലും എപ്പോഴും പരാതി പറയാറില്ലേ? പക്ഷേ, ഇങ്ങനെ പറയുന്നതുവഴി അവര്‍ അര്‍ഥമാക്കുന്നത് എന്താണ്? ധാരാളം പണമുണ്ടാക്കാന്‍ തങ്ങള്‍ക്ക് അവസരം കിട്ടുന്നില്ലെന്നായിരിക്കില്ലേ അവരുടെ വിവക്ഷ? അല്ലെങ്കില്‍, നല്ലൊരു ജോലി അവര്‍ക്കായി ആരും വച്ചുനീട്ടുന്നില്ലെന്നായിരിക്കില്ലേ അവര്‍ അര്‍ഥമാക്കുന്നത്?

എന്നാല്‍, ജീവിതത്തില്‍ നന്മ ചെയ്യാന്‍ തങ്ങള്‍ക്ക് അവസരം കിട്ടുന്നില്ലെന്ന് അവര്‍ എപ്പോഴെങ്കിലും പറയുമോ? മറ്റുള്ളവരെ സഹായിച്ചു സ്വയം വളരാന്‍ തങ്ങള്‍ക്ക് അവസരം ലഭിക്കുന്നില്ലെന്ന് അവര്‍ ആരോടെങ്കിലും പരാതിപ്പെടുമോ?

നമുക്കെല്ലാവര്‍ക്കും ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ധാരാളം അവസരങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ലഭിക്കാറുണ്ട്. വളരാനും ജീവിതത്തില്‍ വിജയം വരിക്കാനും നമ്മെ സഹായിക്കുന്ന അവസരങ്ങളാണവ. പക്ഷേ, നമ്മുടെ ശ്രദ്ധക്കുറവുകൊണ്ടു നാമെല്ലാവരുംതന്നെ നമുക്കു ലഭിക്കുന്ന സുവര്‍ണാവസരങ്ങള്‍ കാണാതെ പോകുന്നു. എലിയട്ട് പറഞ്ഞതുപോലെ നമ്മെ സന്ദര്‍ശിച്ചു നമ്മെ അനുഗ്രഹിക്കാന്‍ വന്ന മാലാഖമാരെ അവര്‍ പോയതിനുശേഷം മാത്രം നാം കാണുന്നു.

ഒട്ടേറെ പ്രശ്‌നങ്ങളുള്ളതാണ് നമ്മുടെ ജീവിതം. എന്നാല്‍, അങ്ങനെയുള്ള നമ്മുടെ ജീവിതത്തില്‍ വിജയം വരിക്കാന്‍ സഹായകമായ ഒട്ടേറെ അവസരങ്ങളും നമുക്കു ലഭിക്കാറുണ്ട്. അവ കണെ്ടത്തി ജീവിതവിജയത്തിനായി അവയെ നാം ഉപയോഗിക്കുന്നതിലായിരിക്കട്ടെ നമ്മുടെ ശ്രദ്ധ.

ഇനി, നമുക്കു ലഭിക്കുന്ന അവസരങ്ങള്‍ അത്ര മെച്ചമല്ലെങ്കില്‍ക്കൂടി നാം ഖിന്നരാകേണ്ട. കാരണം, നാം മനസുവച്ചാല്‍ അത്ര മെച്ചമല്ലാത്ത അവസരങ്ങളും ജീവിതവിജയത്തിന് ഉപയോഗിക്കപ്പെടും.

പുരാതന ഗ്രീസില്‍നിന്നൊരു കഥ: കുറേ രാഷ്ട്രീയക്കാര്‍ചേര്‍ന്ന് തങ്ങളുടെ ഒരു സുഹൃത്തിനെ വെറുതെ ഒന്നു കളിയാക്കാന്‍വേണ്ടി തങ്ങളുടെ കൊച്ചുരാജ്യത്തിലെ 'ചീഫ് പബ്ലിക് സ്‌കാവഞ്ചര്‍' ആയി അയാളെ നിയമിച്ചു. തോട്ടിപ്പണി ചെയ്യുന്നവരുടെ മേല്‍നോട്ടമായിരുന്നു പ്രധാനമായും ഈ ഉദ്യോഗം വഹിക്കുന്നയാളിന്റെ ജോലി.

കളിയാക്കാന്‍വേണ്ടിയാണു തന്നെ ഈ ജോലി ഏല്പിച്ചതെങ്കിലും തനിക്കു കിട്ടിയ അവസരം അയാള്‍ ശരിക്കും വിനിയോഗിച്ചു. ആളുകളുടെ ശുചിത്വമില്ലായ്മക്കെതിരേ പോരാടിക്കൊണ്ടു തങ്ങളുടെ ഭവനങ്ങളും നഗരങ്ങളുമൊക്കെ വൃത്തിയായി സൂക്ഷിക്കാന്‍ അയാള്‍ പൊതുജനങ്ങള്‍ക്ക് ഓര്‍ഡര്‍ കൊടുത്തു. ശുചിത്വമില്ലായ്മയില്‍നിന്ന് ഉടലെടുത്ത പല രോഗങ്ങളും തന്റെ നിരന്തരമായ പരിശ്രമംമൂലം ഇല്ലായ്മചെയ്യുവാന്‍ അയാള്‍ക്കു സാധിച്ചു. അധികം താമസിയാതെ അയാള്‍ ആ കൊച്ചുരാജ്യത്തിലെ ഏറ്റവും ബഹുമാനിതനായ വ്യക്തിയായി മാറി. അതോടൊപ്പം ചീഫ് പബ്ലിക് സ്‌കാവഞ്ചറുടെ ജോലി വളരെ പ്രസ്റ്റീജ് ഉള്ള ജോലിയായി മാറുകയും ചെയ്തു.

നമുക്കു കിട്ടുന്ന അവസരങ്ങള്‍ ഏതുതരത്തിലുള്ളതും ആയിക്കൊള്ളട്ടെ, നാം മനസുവച്ചാല്‍ അവയെല്ലാം നമ്മുടെ നന്മയ്ക്കും വളര്‍ച്ചയ്ക്കുമായി ഉപയോഗിക്കാന്‍ തീര്‍ച്ചയായും നമുക്കു സാധിക്കും. അതുപോലെ നമ്മെ മുട്ടിവിളിക്കുന്ന മാലാഖമാരായ അവസരങ്ങള്‍ക്ക് എപ്പോഴും വാതില്‍ തുറന്നുകൊടുക്കുവാനും നമുക്ക് ശ്രമിക്കാം. അങ്ങനെ ചെയ്താല്‍, നാമറിയാതെതന്നെ ജീവിതത്തില്‍ നാം വിജയം നേടും.
    
To send your comments, please clickhere