Jeevithavijayam
7/21/2019
    
കാത്തിരിപ്പു വേണ്ട, മുഖം കാണിക്കാന്‍
ഒരു കാലഘട്ടത്തില്‍ ആംഗ്ലേയ സാഹിത്യരംഗം നിറഞ്ഞുനിന്ന അതുല്യ പ്രതിഭയായിരുന്നു ഡോ. സാമുവല്‍ ജോണ്‍സണ്‍ (17091784). കവി, ഉപന്യാസകാരന്‍, വിമര്‍ശകന്‍, പത്രപ്രവര്‍ത്തകന്‍, നിഘണ്ടു കര്‍ത്താവ് എന്നിങ്ങനെ നിരവധി റോളുകള്‍ ഒരേസമയം വിജയപൂര്‍വം കൈകാര്യംചെയ്ത ജോണ്‍സണ്‍ പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സാഹിത്യകാരന്മാരില്‍ ഏറെ പ്രമുഖനായിരുന്നു.

ഈ അസാധാരണ സാഹിത്യകാരന്റെ ഒരു വര്‍ണചിത്രം ലണ്ടനിലെ കെന്‍സിംഗ്ടണ്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. രാജാവിനെ മുഖം കാണിക്കാനായി തന്റെ ഊഴവും കാത്ത് ജോണ്‍സണ്‍ രാജകൊട്ടാരത്തില്‍ കാത്തിരിക്കുന്നതായാണ് ഈ ചിത്രത്തില്‍ അദ്ദേഹത്തെ ചിത്രകാരന്‍ അവതരിപ്പിച്ചിരിക്കുന്നത്.

എന്തുകൊണ്ടാണ് ജോണ്‍സന്റെ ഇപ്രകാരമുള്ള ഒരു വര്‍ണചിത്രം വരച്ചുവച്ചിരിക്കുന്നത് എന്നതു വ്യക്തമല്ല. എന്നാല്‍, ഈ ചിത്രത്തില്‍നിന്ന് ഒരു കാര്യം വ്യക്തമാണ്. സാഹിത്യകാരന്മാരില്‍ പ്രമുഖനായിരുന്ന ജോണ്‍സനുപോലും മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റ് വാങ്ങാതെയോ കാത്തിരിപ്പു കൂടാതെയോ രാജസന്നിധിയിലേക്കു കടന്നുചെല്ലുക അസാധ്യമായിരുന്നു.

രാജാക്കന്മാരുടെ കാലം കഴിഞ്ഞു. ഇപ്പോള്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ തന്നെയാണു ഭൂരിപക്ഷം രാജ്യങ്ങളിലും അധികാരത്തിലിരിക്കുന്നത്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഈ അധികാരികളെ കാണണമെങ്കില്‍പ്പോലും പലപ്പോഴും മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റും ഏറെനേരമുള്ള കാത്തിരിപ്പും വേണ്ടിവരുന്നുണ്ട് എന്നതാണ് വസ്തുത.

എന്നാല്‍, രാജാക്കന്മാരുടെ രാജാവും സകല അധികാരത്തിന്റെയും സ്രോതസുമായ ദൈവത്തിന്റെ സന്നിധിയിലേക്കു കടന്നുചെല്ലുന്നതിനോ അവിടുത്തോടു ഹൃദയംതുറന്നു സംസാരിക്കുന്നതിനോ ഒരു അപ്പോയിന്റ്‌മെന്റും ഒരു കാത്തിരിപ്പും ആവശ്യമില്ലെന്നതാണ് യാഥാര്‍ഥ്യം. ആര്‍ക്കും ഏതുസമയത്തും എവിടെവച്ചും ദൈവത്തെ വിളിക്കാം; അവിടുത്തോടു സംസാരിക്കാം; ആഗ്രഹങ്ങളും ആവശ്യങ്ങളുമൊക്കെ അറിയിക്കാം.

ദൈവത്തോടു സംസാരിക്കുന്നതിനുള്ള ഊഴവും കാത്ത് ആര്‍ക്കും ഒരിക്കലും കാത്തിരിക്കേണ്ടി വരില്ല. അവിടുന്ന് എപ്പോഴും നമ്മെ കാണാനും കേള്‍ക്കാനുമായി കാത്തിരിക്കുന്നു. അതുപോലെ അവിടുന്ന് നമുക്ക് എപ്പോഴും ഏറെ സമീപസ്ഥനുമാണ്.

സര്‍വശക്തനായ ദൈവം നമ്മോടു സംസാരിക്കാനും നമ്മെ അനുഗ്രഹിക്കാനുമായി എപ്പോഴും തയാറായി നില്‍ക്കുകയാണ്. എന്നു മാത്രമല്ല, അതിനായി അവിടുന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നാല്‍, നമ്മില്‍ പലരുമാകട്ടെ പലപ്പോഴും അവിടുത്തെ മുഖംകാണിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാറുപോലുമില്ല.

ഇനി, ദൈവത്തെ മുഖംകാണിക്കാനായി നാം തുനിഞ്ഞാല്‍ത്തന്നെ എന്തു കാര്യത്തെക്കുറിച്ചായിരിക്കും നാം സംസാരിക്കുക? ദൈവവുമായി നാം സംസാരിക്കുന്ന സമയം അവിടുത്തെ അനുഗ്രഹങ്ങള്‍ക്കു നന്ദിപറയുവാന്‍ നാം ഓര്‍ക്കുമോ? അതുപോലെ ഹൃദയപൂര്‍വം അവിടുത്തെ സ്തുതിക്കുവാന്‍ നാം ശ്രദ്ധിക്കുമോ? അതോ നമുക്ക് ആവശ്യമുണെ്ടന്നു നമുക്കു തോന്നുന്നവയുടെ ഒരു ലിസ്റ്റ് നിരത്തുവാനായിരിക്കുമോ മുതിരുക?


നമുക്ക് ആവശ്യമുള്ളവ ദൈവത്തോടു ചോദിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. എന്നാല്‍, നമ്മുടെ കണ്ണും മനസും എപ്പോഴും നമ്മിലും നമ്മുടെ ആവശ്യങ്ങളിലും നിറഞ്ഞുനിന്നാല്‍ ദൈവത്തിന്റെ മുഖം എങ്ങനെയാണു കാണുക? അവിടുത്തെ ദിവ്യസ്വരം എങ്ങനെയാണു കേള്‍ക്കുക? അവിടുത്തെ സാന്നിധ്യത്തിന്റെ മാധുര്യം എങ്ങനെയാണു നാം അനുഭവിക്കുക?

ദൈവത്തെ മുഖംകാണിക്കുവാന്‍ തയാറായ ഒരു ഭക്തന്റെ കഥ ഇവിടെ കുറിക്കട്ടെ:

ദൈവവുമായുള്ള ഈ ഭക്തന്റെ സംഭാഷണം നന്ദി പ്രകടനത്തോടെയാണ് ആരംഭിച്ചത്. എന്നാല്‍, അതിവേഗം സംഭാഷണം മറ്റു വിഷയങ്ങളിലേക്കു വ്യാപിച്ചു. സംഭാഷണമധ്യേ ഭക്തന്‍ ചോദിച്ചു: ''ദൈവമേ, അങ്ങയുടെ മുന്‍പില്‍ ആയിരം വര്‍ഷങ്ങള്‍ എന്നു പറയുന്നത് എന്താണ്?'

ദൈവം പറഞ്ഞു: ''ആയിരം വര്‍ഷങ്ങള്‍ എന്നു പറയുന്നത് ഒരു നിമിഷം പോലെയാണ് എനിക്ക്.'' അപ്പോള്‍ ഭക്തന്‍ ചോദിച്ചു: ''ഒരുകോടി രൂപ എന്നു പറയുന്നത് അങ്ങയുടെ മുന്‍പില്‍ എന്താണ്?'' ദൈവത്തിന്റെ മറുപടി പെട്ടെന്നുണ്ടായി: അവിടുന്നു പറഞ്ഞു: ''ഒരുകോടി രൂപ എന്നു പറയുന്നത് ഒരു നയാപൈസ പോലെയാണെനിക്ക്.'' ഉടനേ ഭക്തന്‍ പറഞ്ഞു: ''അങ്ങനെയെങ്കില്‍ ഒരു നയാപൈസ നല്‍കി എന്നെ അനുഗ്രഹിക്കാമോ?'

''തീര്‍ച്ചയായും'' ദൈവം പറഞ്ഞു. ''ഒരു നിമിഷത്തിനുള്ളില്‍!'''

വിവിധ രീതിയില്‍ പൊരുള്‍തിരിക്കാവുന്ന കഥയാണിത്. ദൈവത്തെ മുഖം കാണിക്കുവാന്‍ ചെന്ന ഭക്തന്റെ തുടക്കം നന്നായിരുന്നു. എന്നാല്‍, എത്ര പെട്ടെന്നാണ് ഭക്തന്റെ മനസ് ഭൗതികസമ്പത്തിലേക്ക് തിരിഞ്ഞത്!

മുമ്പു സൂചിപ്പിച്ചതുപോലെ, നമ്മുടെ ആവശ്യങ്ങള്‍ ദൈവത്തെ അറിയിക്കുന്നതില്‍ അപാകതയൊന്നുമില്ല. എന്നാല്‍, നമ്മുടെ കണ്ണും മനസും എപ്പോഴും ഭൗതിക സുഖസമ്പത്തുകളിലാണെങ്കില്‍ ദൈവത്തിന്റെ മറുപടി മുകളില്‍ കൊടുത്തിരിക്കുന്ന കഥയിലെ ഭക്തനു ലഭിച്ചതുപോലെയായിരിക്കും.

ദൈവത്തിന് എല്ലാം എളുപ്പമാണല്ലോ. അതുകൊണ്ടാണല്ലോ ഭക്തന്‍ ഒരു നയാപൈസ എന്നു പറഞ്ഞ് ഒരുകോടി രൂപ ചോദിച്ചത്. പക്ഷേ, ഭക്തന് യഥാര്‍ഥത്തില്‍ ആവശ്യമുള്ളത് ഒരുകോടി രൂപ അല്ല എന്നു മനസ്സിലാക്കിയതുകൊണ്ടാണ് ഒരു നിമിഷത്തിനുള്ളില്‍അതായത്, ആയിരം വര്‍ഷങ്ങള്‍ക്കുള്ളില്‍അതു കൊടുക്കാമെന്നു ദൈവം പറഞ്ഞത്.

നമുക്കാര്‍ക്കും യഥാര്‍ഥത്തില്‍ ആവശ്യമുള്ളതു കണക്കില്ലാത്ത ഭൗതിക സമ്പത്തല്ല; പ്രത്യുത ദൈവത്തിന്റെ നിരന്തര അനുഗ്രഹവും സ്‌നേഹവുമാണ്. ദൈവത്തിന്റെ സ്‌നേഹവും അനുഗ്രഹവും അവിടുന്ന് എപ്പോഴും ഉദാരമായി നമുക്കു നല്‍കുന്നുണെ്ടന്നതാണ് വസ്തുത. എന്നാല്‍, അവ സ്വീകരിക്കാന്‍ നാം നമ്മുടെ മനസും ഹൃദയവും ദൈവത്തിന്റെ മുന്‍പിന്‍ തുറക്കാന്‍ മറന്നുപോകുന്നു.

നമ്മെ കാണാനും കേള്‍ക്കാനും എപ്പോഴും കാത്തിരിക്കുന്ന ദൈവത്തിന്റെ പക്കലേക്കു നമുക്കു മുഖം തിരിക്കാം. അവിടുത്തെ സ്‌നേഹവും അനുഗ്രഹവും സ്വീകരിക്കാന്‍ മനസും ഹൃദയവും അവിടുത്തെ മുമ്പില്‍ നമുക്കു തുറക്കാം. അപ്പോള്‍ നമ്മുടെ ജീവിതം അനുഗ്രഹപൂര്‍ണവും സന്തോഷപ്രദവുമായി മാറും.
    
To send your comments, please clickhere