Jeevithavijayam
7/24/2019
    
നമ്മുടെ ദുഃഖശമനത്തിന്
'ആനി.' 1980കളില്‍ അമേരിക്കയിലും യൂറോപ്പിലുമൊക്കെ ഏറെ അംഗീകാരം പിടിച്ചുപറ്റിയ ഒരു നൃത്തസംഗീത നാടകമാണിത്. തോമസ് മീഹന്‍ എന്ന എഴുത്തുകാരന്റെ ഭാവന ജന്മം നല്‍കിയ 'ആനി'ക്കുവേണ്ടി മാര്‍ട്ടിന്‍ ഷാര്‍നിന്‍ ഗാനങ്ങള്‍ രചിച്ചപ്പോള്‍ ചാള്‍സ് സ്‌ട്രോസ് എന്ന പ്രതിഭാശാലിയാണ് സംഗീതം നല്‍കിയത്.

അമേരിക്കയിലും യൂറോപ്പിലുമൊക്കെ 'ആനി' വര്‍ഷങ്ങളോളം ഓടി. 1981 ല്‍ ലണ്ടനില്‍വച്ച് 'ആനി' കണ്ടിരുന്നു. അടുത്തയിടെ അതിന്റെ സിനിമാ ആവിഷ്‌കാരം കാണാനിടയായി. മീഹന്‍ രൂപം നല്‍കിയ കഥയെ ആധാരമാക്കി കാരോള്‍ സോബിയേസ്‌കി തിരക്കഥ എഴുതി റേ സ്റ്റാര്‍ക്ക് നിര്‍മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജോണ്‍ ഹസ്റ്റണ്‍ എന്ന ഹോളിവുഡ് സംവിധായകനാണ്. കൊളംബിയാ പിക്‌ചേഴ്‌സിന്റെ ലേബലില്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ആനി എന്ന അനാഥബാലികയുടെ റോളില്‍ പ്രത്യക്ഷപ്പെടുന്നത് പത്തുവയസുകാരി ഐലീന്‍ ക്വിന്‍ ആണ്.

1930കളിലെ ന്യൂയോര്‍ക്ക് നഗരമാണു കഥയുടെ പശ്ചാത്തലം. ആ കാലഘട്ടത്തില്‍ അമേരിക്കയിലുണ്ടായ സാമ്പത്തികത്തകര്‍ച്ചയും തന്മൂലമുണ്ടായ മറ്റു കഷ്ടപ്പാടുകളുമാണ് ആനി എന്ന കൊച്ചുബാലികയെ മറ്റ് അനേകം കൊച്ചു പെണ്‍കുട്ടികളെപ്പോലെ ന്യൂയോര്‍ക്ക് നഗരത്തിലെ ആ അനാഥാലയത്തില്‍ എത്തിച്ചത്.

അനാഥാലയത്തില്‍ എത്തിയ ആനി അവിടംകൊണ്ട് തന്റെ ജീവിതം ഒതുക്കി നിര്‍ത്താന്‍ ആഗ്രഹിച്ചില്ല. എങ്ങനെയെങ്കിലും അനാഥാലയത്തിനു പുറത്തു കടന്ന് തന്റെ ജീവിതം കൂടുതല്‍ സന്തോഷപൂര്‍ണമാക്കാന്‍ അവള്‍ ആഗ്രഹിച്ചു. പക്ഷേ, അനാഥാലയത്തില്‍നിന്നു രക്ഷപ്പെടാനുള്ള അവളുടെ ശ്രമങ്ങളൊന്നും വിജയിച്ചില്ല.

അങ്ങനെയിരിക്കുമ്പോഴാണ് വാര്‍ബുക്ക്‌സ് എന്ന കോടീശ്വരന്റെ വീട്ടില്‍ താമസിക്കാനുളള അസുലഭ ഭാഗ്യം ആനിക്കു ലഭിച്ചത്. ഒരാഴ്ചത്തേക്കുമാത്രം കൂടെ താമസിക്കാനുളള അസുലഭഭാഗ്യം ആനിക്ക് ലഭിച്ചത്. ഒരാഴ്ചത്തേക്കുമാത്രം കൂടെ താമസിപ്പിക്കാനായിരുന്നു ആനിയെ വാര്‍ബുക്ക്‌സ് കൊണ്ടുവന്നത്. എന്നാല്‍ ആനിയുടെ പ്രസരിപ്പും ആടാനും പാടാനുമൊക്കെയുള്ള അവളുടെ അസാധാരണ കഴിവുകളും വാര്‍ബുക്ക്‌സിന്റെ ഹൃദയം കവര്‍ന്നു. തന്മൂലം, അവളെ കൂടെ താമസിപ്പിക്കാന്‍ വാര്‍ബുക്ക്‌സ് തീരുമാനിച്ചു. അറുപിശുക്കനായിരുന്നെങ്കിലും ആനിയുടെ സ്വാധീനംമൂലം വാര്‍ബുക്ക്‌സില്‍ വലിയ മാറ്റങ്ങളുണ്ടായി. പാവപ്പെട്ടവരെ സഹായിക്കാന്‍ വേണ്ടി പ്രസിഡന്റ് റൂസ്‌വെല്‍റ്റ് ആവിഷ്‌കരിച്ച ന്യൂസീല്‍ പദ്ധതികള്‍ക്ക് ആനിയുടെ പ്രോത്സാഹനം മൂലം വാര്‍ബുക്ക്‌സ് ഉറച്ച പിന്തുണ നല്‍കി.

അങ്ങനെ എല്ലാ കാര്യങ്ങളും ആനിയുടെ ആഗ്രഹമനുസരിച്ചു മുമ്പോട്ടു പോകുമ്പോഴാണ് ആനിയെ ദത്തെടുക്കാന്‍ വാര്‍ബുക്ക്‌സ് തീരുമാനിച്ചത്. അദ്ദേഹത്തോട് അവള്‍ക്ക് അതീവ സ്‌നേഹവും നന്ദിയും ഉണ്ടായിരുന്നെങ്കിലും തന്റെ യഥാര്‍ഥ മാതാപിതാക്കളെ കണ്ടുപിടിച്ച് അവരോടൊപ്പം ജീവിക്കണമെന്നതായിരുന്നു അവളുടെ ഉള്ളിന്റെ ഉള്ളിലെ മോഹം. അതവള്‍ വാര്‍ബുക്ക്‌സിനോടു വെളിപ്പെടുത്തുകയും ചെയ്തു.

ആനിയെ നഷ്ടപ്പെടുന്ന കാര്യത്തെക്കുറിച്ചു വാര്‍ബുക്ക്‌സിന് ചിന്തിക്കാന്‍ പോലും സാധ്യമല്ലായിരുന്നു. എങ്കിലും ആനിയുടെ ആഗ്രഹം അറിഞ്ഞ വാര്‍ബുക്ക്‌സ് അവളുടെ മാതാപിതാക്കളെ കണ്ടുപിടിക്കുവാനായി പോലീസിന്റെ സഹായം തേടി. അതോടൊപ്പം ടെലിവിഷനിലും മറ്റു വാര്‍ത്താമാധ്യമങ്ങളിലുമൊക്കെ പരസ്യവും നല്‍കി.

ആനിയെന്ന ബാലികയെക്കുറിച്ചുണ്ടായ പബ്ലിസിറ്റി മൂലം നൂറുകണക്കിന് ദമ്പതിമാര്‍ തങ്ങളാണ് അവളുടെ മാതാപിതാക്കളെന്ന് അവകാശപ്പെട്ടുകൊണ്ട് മുന്നോട്ടു വന്നു. അവരുടെയൊക്കെ കള്ളത്തരം കണ്ടുപിടിക്കാനായെങ്കിലും അനാഥമന്ദിരത്തിന്റെ നടത്തിപ്പുകാരിയുട സഹോദരനും ഭാര്യയും ആനി തങ്ങളുടെ കുട്ടിയാണെന്നു സ്ഥാപിക്കുന്നതില്‍ വിജയിക്കുക തന്നെ ചെയ്തു. വാര്‍ബുക്ക്‌സില്‍നിന്നു സമ്മാനത്തുക പിടിച്ചുപറ്റുകയായിരുന്നു തട്ടിപ്പുകാരായ അവരുടെ ലക്ഷ്യം.


ആനിക്കു പോകേണ്ട സമയമായി. അവള്‍ മുറിയില്‍ച്ചെന്ന് വസ്ത്രങ്ങളെല്ലാം അടുക്കുമ്പോള്‍ വാര്‍ബുക്ക്‌സിന്റെ സെക്രട്ടറിയോടു പറഞ്ഞു: 'ഞാന്‍ ഈ നല്ല ഉടുപ്പുകളൊന്നും കൊണ്ടുപോയിട്ടു കാര്യമില്ല. ഇവയെല്ലാം നമുക്ക് അനാഥമന്ദിരത്തിലെ എന്റെ കൂട്ടുകാര്‍ക്കു കൊടുക്കാം. അവരില്‍ പലര്‍ക്കും ഇവ നല്ല ചേര്‍ച്ചയായിരിക്കും.'

പാവപ്പെട്ടവരെന്നു തോന്നിയ ആ ദമ്പതികളുടെകൂടെ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ അവരുടെ കപടതന്ത്രം ആനിക്കു മനസിലായി. അവരുടെ പിടിയില്‍നിന്ന് ബുദ്ധിപൂര്‍വം രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സാഹസിക രംഗങ്ങളോടെയാണു കഥ അവസാനിക്കുന്നത്.

അനാഥയായ ആനിയെ പ്രേക്ഷകരൊക്കെ ഇഷ്ടപ്പെടും. കാരണം അനാഥാലയത്തിലായിരുന്നപ്പോള്‍ അവളായിരുന്നു കൊച്ചുകുട്ടികളെ താല്‍പര്യപൂര്‍വം സഹായിക്കുകയും അവരുടെ ദുഃഖത്തില്‍ അവരെ ആശ്വസിപ്പിക്കുകയും അവരോടു മല്ലിടാന്‍ വന്നിരുന്ന വഴക്കാളിക്കുട്ടികളെ മെരുക്കി നിര്‍ത്തുകയും ചെയ്തിരുന്നത്. അനാഥാലയം വിട്ട് വാര്‍ബുക്ക്‌സിന്റെ കൊട്ടാരത്തിലെത്തുമ്പോഴും പാവങ്ങളെ സഹായിക്കുന്ന കാര്യം മറന്നുപോയില്ല. പാവങ്ങളെ സഹായിക്കുന്ന പദ്ധതിക്ക് പ്രസിഡന്റ് റൂസ്‌വെല്‍റ്റ് വാര്‍ബുക്ക്‌സിന്റെ സഹായം തേടിയപ്പോല്‍ ആനിയായിരുന്നു അദ്ദേഹത്തിന്റെ മനസു തിരിക്കുന്നതിന് ഏറെ സഹായിച്ചത്.

മനുഷ്യരുടെ ദുഃഖം പോലെ തന്നെ മൃഗങ്ങളുടെ ദുഃഖവും കാണുന്നവളാണ് ആനി. ഒരിക്കല്‍ കുറെ കുട്ടികള്‍ ഒരു നായ്ക്കുട്ടിയെ വാലില്‍ വള്ളികെട്ടി വലിച്ചു പീഡിപ്പിച്ചപ്പോള്‍ ആനി ഓടിയെത്തി അതിനെ രക്ഷപ്പെടുത്തുകയുണ്ടായി. അതിനുവേണ്ടി മുട്ടാളന്മാരായ ആണ്‍കുട്ടികളോടു പോരാടുന്നതിനു പോലും അവള്‍ തയാറായിരുന്നു.

അനാഥയായിരുന്നു ആനി. അതുകൊണ്ടുതന്നെ അവളുടെ ജീവിതത്തില്‍ ഒട്ടേറെ ദുഃഖങ്ങളുണ്ടായിരുന്നു. എങ്കിലും അവള്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നതു മറ്റുള്ളവരുടെ ദുഃഖവും വേദനയും അകറ്റുന്നതിലാണ്. തന്മൂലമാണ് അവള്‍ പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറുന്നതും.

നമുക്കു ദുഃഖങ്ങളുണ്ടാകുമ്പോള്‍ നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നമ്മുടെ ദുഃഖത്തില്‍ മാത്രമാണോ? അതോ, നമ്മുടെ ദുഃഖങ്ങളോടൊപ്പം മറ്റുള്ളവരുടെ ദുഃഖങ്ങളും കാണാന്‍ നമുക്കു സാധിക്കുന്നുണേ്ടാ?

നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ദുഃഖങ്ങളും പ്രതിസന്ധികളുമൊക്കെ പരിഹരിക്കാന്‍ ശ്രമിക്കുകതന്നെ വേണം. എന്നാല്‍, അതിനുവേണ്ടിയുള്ള പോരാട്ടത്തിനിടയില്‍ മറ്റുള്ളവരുടെ ദുഃഖങ്ങളും ബുദ്ധിമുട്ടുകളും നാം കാണാതെ പോകരുത്. ഒരുപക്ഷേ, സ്വന്തം ദുഃഖം മറന്നും മറ്റുള്ളവരെ സഹായിക്കുന്ന ആനിയെപ്പോലെ മറ്റുള്ളവരുടെ ദുഃഖം കാണാന്‍ എപ്പോഴും നമുക്കു സാധിച്ചെന്നു വരില്ല. എങ്കിലും നമ്മുടെ ജീവിതദുഃഖങ്ങള്‍ മറ്റുള്ളവരുടെ ദുഃഖദുരിതങ്ങള്‍ കാണുന്നതിനും അവരെ സഹായിക്കുന്നതിനും തടസമായി നില്‍ക്കാന്‍ നാം അനുവദിക്കരുത്.

നമ്മുടെ ജീവിതദുഃഖങ്ങള്‍ മറ്റുള്ളവരുടെ ദുഃഖദുരിതങ്ങള്‍ കാണുന്നതിന് നമ്മെ സഹായിക്കട്ടെ. അതുപോലെ, ദുഃഖത്തിന്റെ തീവ്രത ഏറിവരുന്ന ഓരോ നിമിഷവും മറ്റുള്ളവരുടെ ദുഃഖദുരിതങ്ങളില്‍ അവരെ എങ്ങനെ സഹായിക്കാനാകും എന്നായിരിക്കട്ടെ നമ്മുടെ ചിന്ത.

സ്വന്തം ദുഃഖത്തിന്റെയിടയിലും മറ്റുള്ളവരുടെ ദുഃഖശമനത്തിനു ശ്രമിച്ചാല്‍ നമ്മുടെ ദുഃഖത്തിനു താനേ ശമനമുണ്ടാകും. ആനിയുടെ കഥ അതാണു നമ്മെ പഠിപ്പിക്കുന്നത്.
    
To send your comments, please clickhere