Jeevithavijayam
8/21/2019
    
സൗജന്യവിലയ്ക്കു കിട്ടുന്ന പ്രതിമകള്‍
റോമന്‍ പുരാണമനുസരിച്ച്, മനുഷ്യര്‍ക്കു ദേവന്മാരുടെ സന്ദേശമെത്തിക്കുന്ന ദേവനാണ് മെര്‍ക്കുറി. ജൂപ്പിറ്റര്‍ ദേവന്റെ പുത്രനായി കരുതപ്പെടുന്ന മെര്‍ക്കുറി കച്ചവടത്തിന്റെയും ലാഭത്തിന്റെയുമൊക്കെ ദേവനായും അറിയപ്പെടുന്നു. ചിറകുള്ള ഷൂസുകള്‍ ധരിക്കുന്ന മെര്‍ക്കുറി ദേവന്റെ സന്തത സഹചാരികളാണ് ഒരു ചെറിയ കോഴിപ്പൂവനും ആടും.

മെര്‍ക്കുറി ദേവന്റെ കൈയില്‍ എപ്പോഴും ഒരു ദണ്ഡുണ്ടാവും. രണ്ടു പാമ്പുകള്‍ പിണഞ്ഞു കിടക്കുന്ന ദണ്ഡാണിത്. ഗ്രീക്ക് പുരാണമനുസരിച്ച്, അപ്പോളോ ദേവന്‍ ഹെര്‍മസ് ദേവനു നല്കിയ ദണ്ഡ് ഇപ്രകാരമുള്ള ഒന്നാണ്. അതുകൊണ്ടു തന്നെ മെര്‍ക്കുറി ദേവന്‍ ഗ്രീക്ക് പുരാണത്തിലെ ഹെര്‍മസ് ദേവന്റെ പ്രതിരൂപമായി കരുതപ്പെടുന്നു.

മനുഷ്യര്‍ക്ക് തന്നെക്കുറിച്ചുള്ള അഭിപ്രായമെന്താണെന്നറിയാന്‍ മെര്‍ക്കുറി ദേവനു മോഹം തോന്നി. അങ്ങനെയാണ് മനുഷ്യരൂപം ധരിച്ച് അദ്ദേഹം ഒരു ദിവസം ഭൂമിയിലെത്തിയത്. ഭൂമിയിലെ യാത്രയ്ക്കിടയില്‍ പലരോടും ദേവന്‍ സംസാരിച്ചു. പക്ഷേ, ആരുംതന്നെ ദേവനെ തിരിച്ചറിഞ്ഞില്ല.

വഴിയരികില്‍ കണ്ട ഒരു കടയില്‍ അദ്ദേഹം കയറി. പ്രതിമകള്‍ വില്ക്കുന്ന ഒരു കടയായിരുന്നു അത്. വിവിധ വലുപ്പത്തിലുള്ള ധാരാളം പ്രതിമകള്‍ അവിടെയുണ്ടായിരുന്നു. മെര്‍ക്കുറി ദേവന്‍ കൗതുകത്തോടെ അവയെല്ലാം നോക്കിക്കണ്ടു. അവിടെയുണ്ടായിരുന്ന ജൂപ്പിറ്റര്‍ ദേവന്റെ പ്രതിമ സാമാന്യം വലുപ്പമുള്ള ഒന്നായിരുന്നു. അതു കണ്ടപ്പോള്‍ മെര്‍ക്കുറി ദേവന്‍ കടയുടമയോടു ചോദിച്ചു: ''ഈ പ്രതിമയ്ക്ക് എന്തു വില വരും?''

''ജൂപ്പിറ്റര്‍ ദേവന്റെ പ്രതിമയ്ക്ക് ഡിമാന്‍ഡ് ഒട്ടും കുറഞ്ഞിട്ടില്ല,'' കടയുടമ പറഞ്ഞു. ''എങ്കിലും രണ്ടു സ്വര്‍ണനാണയത്തിന് ഈ പ്രതിമ ഞാന്‍ തരാം.''

ജൂപ്പിറ്റര്‍ ദേവന്റെ തൊട്ടടുത്തു തന്നെ ജൂണോ ദേവിയുടെ പ്രതിമയുമുണ്ടായിരുന്നു. ഈ പ്രതിമയിലേക്കു ചൂണ്ടിക്കൊണ്ട് മെര്‍ക്കുറി ദേവന്‍ ചോദിച്ചു: ''ഈ പ്രതിമയ്ക്കും അത്രയും വിലവരുമോ?''

അപ്പോള്‍ കടയുടമ പറഞ്ഞു. ''ജൂണോ ദേവിയുടെ പ്രതിമയ്ക്കും സാമാന്യം നല്ല ഡിമാന്‍ഡാണ്. എങ്കിലും അതും രണ്ടു സ്വര്‍ണനാണയത്തിനു തരാം.''

കടയുടമയോടൊപ്പം മെര്‍ക്കുറി മറ്റ് പ്രതിമകളും ചുറ്റിനടന്നു കണ്ടു. അക്കൂട്ടത്തില്‍ ഒരു പ്രതിമ കണ്ടപ്പോള്‍ ദേവന് അത്യധികം സന്തോഷം തോന്നി. കാരണം അത് ദേവന്റെ തന്നെ പ്രതിമയായിരുന്നു.

''ഈ പ്രതിമ മെര്‍ക്കുറി ദേവന്റേതല്ലേ?'' ദേവന്‍ കടയുടമയോടു ചോദിച്ചു.

''അതെ, അത് മെര്‍ക്കുറി ദേവന്റേതു തന്നെ,'' കടയുടമ പറഞ്ഞു.

''മെര്‍ക്കുറി ദേവന്റെ പ്രതിമ അതിസുന്ദരമായിരിക്കുന്നു!'' ദേവന്‍ കടയുടമയെ നോക്കിക്കൊണ്ട് പറഞ്ഞു. ''മെര്‍ക്കുറി ദേവന്‍ ദൈവങ്ങളുടെ സന്ദേശവാഹകനാണെന്നല്ലേ പറയുന്നത്?'' ഇതുകേട്ടപ്പോള്‍ കടയുടമ തലകുലുക്കി.

''അതുപോലെ, കച്ചവടക്കാര്‍ക്കു വിജയം നല്കുന്നവനുമാണ് മെര്‍ക്കുറി ദേവന്‍ എന്ന് കേട്ടിട്ടുണ്ട്. അതു ശരിയല്ലേ?'' ദേവന്‍ ചോദിച്ചു. കടയുടമ അതും തലകുലുക്കി സമ്മതിച്ചു.


''അങ്ങനെയെങ്കില്‍ ഈ പ്രതിമയ്ക്ക് നാലു സ്വര്‍ണനാണയമെങ്കിലും നിങ്ങള്‍ ചോദിക്കുമായിരിക്കും, അല്ലേ?'' ദേവന്‍ ചോദിച്ചു.

കടയുടമ പറഞ്ഞു: ''ജൂപ്പിറ്റര്‍ ദേവന്റെയും ജൂണോ ദേവിയുടെയും പ്രതിമകള്‍ പറഞ്ഞവിലയ്ക്കു വാങ്ങുകയാണെങ്കില്‍ മെര്‍ക്കുറി ദേവന്റെ പ്രതിമ ഞാന്‍ വെറുതെ തന്നേക്കാം. അങ്ങനെയെങ്കിലും ഈ പ്രതിമയൊന്ന് ഒഴിഞ്ഞു പോകുമല്ലോ!''

കടയുടമയുടെ ആ വാക്കുകള്‍ കേട്ടപ്പോള്‍ മെര്‍ക്കുറി ദേവന്റെ മുഖം വിളറി വെളുത്തുപോയി. ദേവന്‍ പെട്ടെന്ന് അവിടെ നിന്നു സ്ഥലംവിട്ടു.

ഊതിവീര്‍പ്പിച്ച വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു മെര്‍ക്കുറി. തന്നെക്കാള്‍ സുന്ദരനും കേമനുമായി മറ്റാരുമില്ലെന്നാണ് ദേവന്‍ കരുതിയിരുന്നത്. തന്മൂലം, തന്റെ പ്രതിമയ്ക്ക് വലിയ ഡിമാന്‍ഡ് ഉണ്ടാകുമെന്ന് അദ്ദേഹം വിശ്വസിച്ചു.

പക്ഷേ, വാസ്തവം മറിച്ചായിരുന്നു. ആര്‍ക്കും വേണ്ടാത്ത പ്രതിമയായിരുന്നു മെര്‍ക്കുറി ദേവന്റേത്. തന്മൂലമാണ് ആ പ്രതിമ സൗജന്യമായി കൊടുക്കാമെന്ന് കടയുടമ പറഞ്ഞത്.

നമുക്കു നമ്മെക്കുറിച്ച് നല്ല മതിപ്പുണ്ടാകുന്നതു നല്ലതുതന്നെ. ആരുടെ മുമ്പിലും തല ഉയര്‍ത്തി നില്ക്കുവാന്‍ അതു നമ്മെ സഹായിക്കും. എന്നാല്‍, നാം നമ്മുടെ വ്യക്തിത്വം ഊതിവീര്‍പ്പിക്കാന്‍ ശ്രമിച്ചാലോ? നമുക്കില്ലാത്ത ഗുണങ്ങള്‍ ഉണെ്ടന്നു നാം ഭാവിച്ചാലോ? അതു നന്മയെക്കാളേറെ ദോഷമേ നമുക്കു ചെയ്യൂ.

സ്വന്തം വ്യക്തിത്വം ഊതിവീര്‍പ്പിച്ചാല്‍ അതു ബലൂണ്‍ പൊട്ടുന്നതു പോലെ പൊട്ടിപ്പോകും എന്നു തീര്‍ച്ചയാണ്. എന്നു മാത്രമല്ല, അപ്പോള്‍ നാം മറ്റുള്ളവരുടെ മുമ്പില്‍ അപഹാസ്യരാവുകയും ചെയ്യും.

നമുക്കെല്ലാവര്‍ക്കും എല്ലാ നല്ല ഗുണങ്ങളും സ്വാഭാവികമായും ഉണ്ടായെന്നു വരില്ല. പക്ഷേ, അതുകൊണ്ട്, ഇല്ലാത്ത ഗുണങ്ങള്‍ നമുക്കുള്ളതായി വെറുതെ എന്തിനു നാം വിശ്വസിക്കുകയും മറ്റുള്ളവരെ ധരിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്യണം?

നാം ആഗ്രഹിക്കുന്ന നല്ല ഗുണങ്ങള്‍ നമുക്കില്ലെങ്കില്‍ അവ നമ്മിലുണ്ടാക്കുവാനാണ് നാം ശ്രമിക്കേണ്ടത്. ജീവിതത്തിലെ പല നല്ല ഗുണങ്ങളും പരിശ്രമിച്ചാല്‍ നമുക്ക് നേടാമെന്നതാണ് വാസ്തവം. അങ്ങനെയെങ്കില്‍ നമ്മുടെ ശ്രദ്ധ തിരിയേണ്ടത് ആ വഴിക്കാണ്.

മറിച്ച് നമുക്കില്ലാത്ത ഗുണങ്ങള്‍ ഉണെ്ടന്ന് നാം വിശ്വസിച്ച് മുന്നോട്ടു പോയാല്‍ അതു നമ്മെ അബദ്ധത്തില്‍ ചാടിക്കുകയേ ഉള്ളൂ. അതിനു പകരം, എന്തെല്ലാം ഗുണഗണങ്ങള്‍ നാം നമ്മില്‍ ആഗ്രഹിക്കുന്നുണേ്ടാ അവയെല്ലാം നമ്മില്‍ നമുക്ക് വളര്‍ത്താന്‍ നോക്കാം.

നമ്മുടെ കഴിവു കുറവുകൊണ്ട് ഏതെങ്കിലും നന്മ നമുക്ക് വളര്‍ത്താന്‍ സാധിക്കുന്നില്ലെങ്കില്‍ അതേക്കുറിച്ച് ഖിന്നരാകേണ്ട. നമുക്ക് വേണ്ടത് പരിശ്രമം മാത്രമാണ്. അപ്പോള്‍ നാം പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ നന്മകള്‍ നമ്മിലുണ്ടായിക്കൊള്ളും. നമ്മുടെ വ്യക്തിത്വം അങ്ങനെ കൂടുതല്‍ ശ്രേഷ്ഠമായിത്തീരുകയും ചെയ്യും.
    
To send your comments, please clickhere