Jeevithavijayam
8/22/2019
    
അപരന്റെ മുഖം കരടിമുഖമാക്കിയാല്‍
പുരാണങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു കഥാപാത്രമാണു നാരദന്‍. വിഷ്ണുഭക്തനായ ഈ മഹര്‍ഷിയുടെ കൈയില്‍ എപ്പോഴും ഒരു വീണ ഉണ്ടാവും. എപ്പോഴും വീണ വായിച്ച് ഭഗവാനെ സ്തുതിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

ബ്രഹ്മചാരിയാണു നാരദന്‍. പക്ഷേ, ഒരിക്കല്‍ ഒരു രാജകുമാരിയില്‍ ഈ മഹര്‍ഷി ആകൃഷ്ടനായി. പ്രേമം മൂത്ത് രാജകുമാരിയെ വിവാഹം കഴിച്ചേ അടങ്ങൂ എന്ന നിലവന്നു.

അപ്പോള്‍ വലിയൊരു പ്രശ്‌നം. മറ്റൊരു മഹര്‍ഷിയായ തംബുരുവിനും ഈ രാജകുമാരിയോടു തന്നെ പ്രേമം. തംബുരുവും ഈ രാജകുമാരിയെ കല്യാണം കഴിക്കുവാന്‍ തീരുമാനിച്ചു.

രണ്ടു മഹര്‍ഷിമാരും ഒരേ രാജകുമാരിയെത്തന്നെ കല്യാണം കഴിക്കുവാന്‍ ആഗ്രഹിക്കുന്ന കാര്യം ഇരുവരും അറിഞ്ഞു. ആരും വിട്ടുകൊടുക്കുവാന്‍ തയാറായില്ല. എങ്ങനെയെങ്കിലും അപരനെ കളിക്കളത്തിനു പുറത്താക്കണമെന്നായിരുന്നു ഇരുവരുടെയും ചിന്ത.

നാരദന്‍ സഹായത്തിനായി വിഷ്ണുഭഗവാന്റെ സന്നിധിയിലെത്തി. രാജകുമാരിയുടെ സ്വയം വരച്ചടങ്ങിനെത്തുമ്പോള്‍ തംബുരു മഹര്‍ഷിയുടെതല കരടിയുടെ തലപോലെയാക്കിമാറ്റണമെന്നായിരുന്നു നാരദന്റെ അഭ്യര്‍ത്ഥന. അങ്ങനെ വന്നാല്‍ രാജകുമാരി തംബുരുവിനെ വരിക്കില്ലെന്നു നാരദനു തീര്‍ച്ചയായിരുന്നു.

വിഷ്ണുവിനു സ്വീകാര്യമായിരുന്നു നാരദന്റെ അദ്യര്‍ത്ഥന. നാരദന്‍ ആഗ്രഹിച്ചതുപോലെ സംഭവിക്കുമെന്നു വിഷ്ണുഭഗവാന്‍ അദ്ദേഹത്തിനു വാക്കുകൊടുത്തു.

തംബുരു മഹര്‍ഷിയും വിഷ്ണുഭഗവാന്റെ ഭക്തനായിരുന്നു. അദ്ദേഹവും ഭഗവാന്റെ സഹായം തേടിയെത്തി. രാജകുമാരിയുടെ സ്വയംവരത്തിന്റെ അവസരത്തില്‍ നാരദന്റെ തല കുരങ്ങന്റെ തലപോലെയാക്കി മാറ്റണമെന്നതായിരുന്നു തംബുരു മഹര്‍ഷിയുടെ പ്രാര്‍ത്ഥന.

വിഷ്ണുഭഗവാനു സ്വീകാര്യമായിരുന്നു ഈ നിര്‍ദ്ദേശവും. തംബുരു ആഗ്രഹിച്ചതുപോലെ സംഭവിക്കും എന്ന് ഭഗവാന്‍ വാഗ്ദാനം ചെയ്തു.

രാജകുമാരിയുടെ സ്വയംവരത്തിനു സമയമായി. നാരദനും തംബുരുവും മഹര്‍ഷി വേഷം ഉപേക്ഷിച്ച് ഉടുത്തൊരുങ്ങി സ്വയംവരപ്പന്തലില്‍ എത്തി. രണ്ടുപേരും കാഴ്ചയ്ക്കു കോമളന്മാരായിരുന്നു. ഇവര്‍ രണ്ടുപേരില്‍ ഒരാളെ രാജകുമാരി തെരഞ്ഞെടുക്കുമെന്നായിരുന്നു സ്വയംവര സദസിലുണ്ടായിരുന്നവരുടെ കണക്കുകൂട്ടല്‍.

സ്വയംവരപ്പന്തലിലുണ്ടായിരുന്ന രാജകുമാരന്മാരുള്‍പ്പെടെയുള്ളവരെ രാജകുമാരി മാറിമാറി നോക്കി. അപ്പോള്‍ നാരദനും തംബുരുവും ഒരുപോലെ മിടുക്കരാണെന്നു രാജകുമാരിക്കു തോന്നി.

അവരെ അടുത്തു കാണുവാനായി രാജകുമാരി അവരുടെ അരികിലേക്കു ചെന്നു. അപ്പോള്‍ നാരദന്‍ പെട്ടെന്നു കുരങ്ങന്റെ തലയുള്ള ആളായി മാറിയതായി രാജകുമാരിക്കു തോന്നി. രാജകുമാരി ഉടനേ തംബുരുവിനെ സൂക്ഷിച്ചു നോക്കി, അപ്പോള്‍ അദ്ദേഹത്തിന്റെ തല കരടിയുടെ തലപോലെയായിരിക്കുന്നതായും രാജകുമാരി കണ്ടു.


രാജകുമാരി വീണ്ടും നോക്കിയപ്പോള്‍ നാരദന്റെയും തംബുരുവിന്റെയും മധ്യത്തിലായി സുന്ദരനായ ഒരു യുവാവ് നില്‍ക്കുന്നതായി കണ്ടു. കുമാരി ആ യുവാവിന്റെ കഴുത്തില്‍ മാലയിടുകയും ചെയ്തു. നാരദനും തംബുരുവും ഒരു പോലെ ഇളിഭ്യരാകുന്ന രംഗം നേരില്‍ കാണുവാനെത്തിയ വിഷ്ണുഭഗവാന്‍ തന്നെയായിരുന്നു ആ യുവാവ് !

നാരദനും തംബുരുവും ഒരു പോലെ വിഷ്ണുഭക്തരായിരുന്നു. എന്നാല്‍ അവര്‍ പ്രാര്‍ത്ഥിച്ചത് സ്വന്തം നന്മയ്ക്ക് എന്നതിലേറെ അപരന്റെ തിന്മയ്ക്കായിരുന്നു. തംബുരുവിനെ മോശക്കാരനാക്കി തനിക്കു രാജകുമാരിയെ വിവാഹം കഴിക്കാമെന്നു നാരദനും നാരദനെ മോശക്കാരനാക്കി മാറ്റി തനിക്കു രാജകുമാരിയുടെ ഹൃദയം കവരുവാന്‍ സാധിക്കുമെന്നു തംബുരുവും വിശ്വസിച്ചു. പക്ഷേ ഇരുവര്‍ക്കും തെറ്റുപറ്റി.

പുരാണത്തിലെ ഈ കഥാപാത്രങ്ങള്‍ രണ്ടും നമ്മില്‍ ചിലരുടെയെങ്കിലും പ്രതീകങ്ങളല്ലേ? നമ്മുടെയും മറ്റുള്ളവരുടെയും നന്മയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ട നമ്മള്‍ അപൂര്‍വമായിട്ടാണെങ്കില്‍പ്പോലും മറ്റുള്ളവര്‍ക്കു തിന്മയുണ്ടാകാന്‍ ആഗ്രഹിക്കാറില്ലേ? മറ്റുള്ളവര്‍ക്കു തിന്മസംഭവിക്കുന്നതു വഴിയേ നമുക്കു നന്മ സംഭവിക്കു എന്നു നാം ചിന്തിക്കുന്ന സന്ദര്‍ഭങ്ങളില്ലേ?

വിഷ്ണുഭഗവാന്റെ സഹായം തേടിയ നാരദനു സ്വന്തം നന്മ ആഗ്രഹിച്ച് അനുഗ്രഹം തേടാമായിരുന്നില്ലേ? അതിനു പകരം, തംബുരുവിനെ മോശക്കാരനാക്കിക്കൊണ്ടു സ്വന്തം കാര്യം നേടാനുള്ള അനുഗ്രഹത്തിനായിട്ടാണ് നാരദന്‍ പ്രാര്‍ത്ഥിച്ചത്.

തംബുരുവിനും ഇതേ അബദ്ധമല്ലേ പിണഞ്ഞത്? അദ്ദേഹത്തിന്റെ ആഗ്രഹം രാജകുമാരിയെ ഭാര്യയായി ലഭിക്കണമെന്നതായിരുന്നുവെങ്കില്‍ അക്കാര്യം പറഞ്ഞ് പ്രാര്‍ത്ഥിച്ചാല്‍ പോരായിരുന്നുന്നോ? അതിനുപകരം തന്റെ എതിരാളിയെ നശിപ്പിക്കുവാനല്ലേ തംബുരു ശ്രമിച്ചത്?

നാരദന്റെയും തംബുരുവിന്റെയും പ്രാര്‍ത്ഥന തെറ്റായ രീതിയിലുള്ളതായിരുന്നു. അവര്‍ ഇരുവരും സ്വന്തം നന്മ ഉറപ്പുവരുത്താന്‍ അപരന്റെ നാശം ആഗ്രഹിച്ചു.

സ്വന്തം നന്മയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതു നല്ലതുതന്നെ. അതില്‍ അപാകതയൊന്നുമില്ല. എന്നാല്‍, നമ്മുടെ നന്മ ഉറപ്പുവരുത്തുന്നതിനു മറ്റുള്ളവരുടെ നാശം നാം ഒരിക്കലും ആഗ്രഹിക്കരുത്. അതിനായി പ്രാര്‍ഥിക്കുകയും ചെയ്യരുത്.

നമ്മുടെ പ്രാര്‍ഥന എപ്പോഴും നമ്മുടെ എന്ന പോലെ മറ്റുള്ളവരുടെയും ജീവിതത്തിലെ നന്മകള്‍ക്കുവേണ്ടി മാത്രമാണെന്നു നാം ഉറപ്പുവരുത്തണം. എങ്കില്‍ മാത്രമേ ദൈവം നമ്മുടെ പ്രാര്‍ഥനയില്‍ പ്രസാദിക്കൂ; അവിടുന്ന് നമ്മുടെ പ്രാര്‍ഥന കേള്‍ക്കൂ.
    
To send your comments, please clickhere