Jeevithavijayam
9/21/2019
    
വിധിയുടെ ബലിമൃഗങ്ങളോ?
ഒരു രാജകീയ വിരുന്നായിരുന്നു അന്ന്. ആ വിരുന്നില്‍ കോറിന്ത് എന്ന കൊച്ചുരാജ്യത്തിലെ പൗരപ്രമുഖരെല്ലാം പങ്കെടുക്കുന്നുണ്ടായിരുന്നു. വിരുന്നിനിടയില്‍ ഒരാള്‍ കുടിച്ചു ലക്കുകെട്ടു ബഹളമുണ്ടാക്കാന്‍ തുടങ്ങി. അപ്പോള്‍ രംഗം ശാന്തമാക്കാനായി രാജാവിന്റെ ഏക പുത്രന്‍ അവിടെയെത്തി.

രാജകുമാരനെ കണ്ടയുടനേ ബഹളക്കാരന്‍ പരിഹാസം തുളുമ്പുന്ന ഭാഷയില്‍ ചോദിച്ചു: ''ആര്? ഓ, രാജകുമാരനോ? നീ രാജകുമാരനാണെന്ന് ആരാണ് പറഞ്ഞത്? ആദ്യം പോയി നീ നിന്റെ യഥാര്‍ഥ അപ്പനെയും അമ്മയെയും കണ്ടുപിടിക്ക്. എന്നിട്ട് നീ എന്റെമേല്‍ ഭരിക്കാന്‍ വാ.''

രാജകുമാരനു തന്റെ ചെവികളെ വിശ്വസിക്കാനായില്ല. താനെന്താണ് ഈ കേള്‍ക്കുന്നത്? താന്‍ അനാഥനാണെന്നോ? കോപംകൊണ്ടു വിറച്ച രാജകുമാരന്‍ ബഹളക്കാരനെ ആ വിരുന്നുശാലയില്‍നിന്നു പുറത്താക്കി.

പക്ഷേ, ആ നിമിഷം മുതല്‍ രാജകുമാരന്റെ മനസ് അസ്വസ്ഥമായി. വിരുന്നുകഴിഞ്ഞയുടനേ രാജകുമാരന്‍ അമ്മയെ സമീപിച്ചു ചോദിച്ചു: ''അമ്മേ ഞാന്‍ അമ്മയുടെ മകനല്ലേ? പോളിബൂസ് രാജാവല്ലേ എന്റെ പിതാവ്?''

''നീ എന്റെ മകന്‍ തന്നെ,'' ആ അമ്മ ആണയിട്ടു പറഞ്ഞു. പക്ഷേ, അപ്പോഴേക്കും ആ അമ്മ തളര്‍ന്നുവീണിരുന്നു.

സത്യമറിയാന്‍ എന്തു വഴി? രാജകുമാരന്‍ തലപുകഞ്ഞാലോചിച്ചു. പെട്ടെന്നാണ് ഡെല്‍ഫിയിലെ ക്ഷേത്രത്തെക്കുറിച്ചോര്‍മിച്ചത്.

രാജകുമാരന്‍ ഡെല്‍ഫിയിലേക്കോടി. ഗ്രീസിലെ പ്രസിദ്ധമായ ഒരു സ്ഥലമാണ് ഡല്‍ഫി. അവിടെയുള്ള അപ്പോളോ ദേവന്റെ ക്ഷേത്രത്തില്‍ പ്രവാചികയായ പൈത്തനസ് ഉണ്ടായിരുന്നു. ഭൂതഭാവികാലങ്ങള്‍ അറിയുന്ന വെളിച്ചപ്പാടായിരുന്നു പൈത്തനസ്.

രാജകുമാരനെ കണ്ടപ്പോള്‍ പൈത്തനസ് പറഞ്ഞു: ''നീ എന്തിനിവിടെ വന്നു? നീ നിന്റെ പിതാവിനെ കൊല്ലും. പിന്നീടു നീ നിന്റെ പെറ്റമ്മയെ വിവാഹം കഴിക്കും. നിന്റെ വിധി ഭയാനകം തന്നെ.''

താന്‍ എന്താണീ കേള്‍ക്കുന്നത്!? രാജകുമാരന്‍ ചെവി പൊത്തിക്കൊണ്ട് അവിടെനിന്ന് ഇറങ്ങിയോടി. ഓടുന്നവഴിക്കു രാജകുമാരന്‍ വിളിച്ചുപറഞ്ഞു; ''ഇല്ല, ഈ പ്രവചനം പച്ചക്കള്ളമാണ്!. ഇതു സംഭവിക്കാന്‍ ഞാന്‍ അനുവദിക്കില്ല!''.

രാജകുമാരന്‍ സ്വന്തരാജ്യമായ കോറിന്തിലേക്കു മടങ്ങേണ്ട എന്നു തീരുമാനിച്ചു. അവിടേക്കു പോയെങ്കിലല്ലേ തന്റെ പിതാവിനെ വധിക്കാനും മാതാവിനെ പരിണയിക്കാനുമുള്ള ദുര്‍വിധിയുണ്ടാകൂ.

രാജകുമാരന്‍ ഡെല്‍ഫിയില്‍നിന്നു യാത്ര തുടരുമ്പോള്‍ തീബ്‌സ് എന്ന കൊച്ചുരാജ്യത്തെ രാജാവായ ലായിയൂസ് എതിരേ വരുന്നുണ്ടായിരുന്നു. അവര്‍ ഇരുവരും പരസ്പരം വഴിമാറിക്കൊടുക്കാന്‍ വിസമ്മതിച്ചത് ഒരു ഏറ്റുമുട്ടലിലവസാനിച്ചു. ആ ഏറ്റുമുട്ടലില്‍ ലായിയൂസ് കൊല്ലപ്പെടുകയും ചെയ്തു.

അതിനുശേഷം രാജകുമാരന്‍ തീബ്‌സിലെത്തി. അപ്പോഴാണ് സ്ഫിന്‍ക്‌സ് എന്ന ഭീകര സത്വം രാജ്യവാസികളെ മുഴുവന്‍ നശിപ്പിച്ചുകൊണ്ടിരുന്ന കഥയറിഞ്ഞത്.

ഒരു കടങ്കഥ പറഞ്ഞ് ആ കടങ്കഥയ്ക്ക് ഉത്തരം നല്‍കാത്തവരെ വിഴുങ്ങുന്ന പതിവായിരുന്നു സ്ഫിന്‍ക്‌സിന്റേത്. എന്നാല്‍ സ്ഫിന്‍ക്‌സിന്റെ കടങ്കഥയ്ക്കു ശരിയായ ഉത്തരം നല്‍കുന്നതില്‍ രാജകുമാരന്‍ വിജയിച്ചു. തന്മൂലം സ്ഫിന്‍ക്‌സ് എന്ന സത്വത്തിനു തന്റെ വാക്കുപാലിക്കാന്‍ വേണ്ടി ഫീലിയം പര്‍വതത്തിന്റെ മുകളില്‍നിന്നു ചാടി ആത്മഹത്യ ചെയ്യേണ്ടിവന്നു.

സ്ഫിന്‍ക്‌സിന്റെ ശല്യത്തില്‍നിന്നു രക്ഷപ്പെട്ട ജനങ്ങള്‍ ലായിയൂസ് രാജാവ് എങ്ങനെയോ മരിച്ചുപോയി എന്നറിഞ്ഞു. അപ്പോള്‍ അവര്‍ സ്ഫിന്‍ക്‌സിനെ തോല്പിച്ച രാജകുമാരനെ രാജാവാക്കി. തീബ്‌സിലെ പാരമ്പര്യമനുസരിച്ച് ലായിയൂസിന്റെ വിധവ ജെക്കോസ്റ്റയെ രാജകുമാരന്‍ വിവാഹം കഴിക്കുകയും ചെയ്തു.


കുറേ വര്‍ഷം കഴിഞ്ഞപ്പോള്‍ രാജ്യത്തുടനീളം വലിയ വസന്തയുണ്ടായി. ആളുകള്‍ കൂട്ടംകൂട്ടമായി മണ്ണടിഞ്ഞു. അപ്പോള്‍ ജനങ്ങള്‍ ടൈറേസിയൂസ് എന്ന പ്രവാചകന്റെ അടുക്കലെത്തി കാരണം തിരക്കി. അദ്ദേഹം പറഞ്ഞു: ''സ്വന്തം പിതാവിനെ വധിക്കുകയും സ്വന്തം മാതാവിനെ വിവാഹം കഴിക്കുകയും ചെയ്ത വ്യക്തിയാണ് നമ്മുടെ രാജാവ്. അദ്ദേഹത്തിന്റെ പാപത്തിന്റെ ഫലമാണ് നാമിന്ന് അനുഭവിക്കുന്നത്.''

ടൈറേസിയൂസ് പറഞ്ഞതു ശരിയായിരുന്നു. ലായിയൂസിനു ജെക്കോസ്റ്റാ രാജ്ഞിയില്‍ ജനിച്ച പുത്രനായിരുന്നു ഈഡിപ്പസ് എന്ന പേരിലറിയപ്പെട്ട കോറിന്തിലെ രാജകുമാരന്‍. ലായിയൂസിനെ തന്റെ പുത്രന്‍ വധിക്കുമെന്നു ഡെല്‍ഫിയില്‍നിന്നു പ്രവചനമുണ്ടായപ്പോള്‍ ലായിയൂസ് പുത്രനെ ഉപേക്ഷിക്കുകയുണ്ടായി. അങ്ങനെയാണ് ഈഡിപ്പസ് കോറിന്തിലെ രാജാവിന്റെ മകനായി വളരാന്‍ ഇടയായത്.

ഗ്രീക്ക് പുരാണത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ഈഡിപ്പസിന്റെ കഥ കേള്‍ക്കുമ്പോള്‍ വിധിയുടെ ബലിമൃഗമാണ് മനുഷ്യന്‍ എന്ന് ആര്‍ക്കെങ്കിലും തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളു. തെറ്റു ചെയ്യാതിരിക്കാന്‍വേണ്ടി തെറ്റു സംഭവിക്കുവാനുള്ള സാഹചര്യത്തില്‍നിന്ന് ഓടിപ്പോയവനാണ് ഈഡിപ്പസ്. എന്നിട്ടും തെറ്റു ചെയ്യാന്‍ ഈഡിപ്പസ് നിര്‍ബന്ധിതനായി.

ദൈവങ്ങള്‍ മനുഷ്യരെയിട്ടു പന്താടുന്നു എന്ന പുരാതന ഗ്രീക്കുകാരുടെ വിശ്വാസത്തില്‍നിന്നാണ് ഈഡിപ്പസിന്റെ കഥ രൂപംകൊണ്ടത്. എന്നാല്‍ നാമാരും വിധിയുടെ ബലിമൃഗങ്ങളല്ല എന്നതാണ് സത്യം.

ദൈവത്തിന്റെ മക്കളായ നമ്മള്‍ എന്നും അവിടുത്തെ സ്‌നേഹത്തിനു പാത്രീഭൂതരാണ്. നാം എന്നും നന്മ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ദൈവം അവിടുത്തെ അനുഗ്രഹങ്ങള്‍ എന്നും നമുക്കു നല്‍കുന്നുണ്ട്. എന്നാല്‍ അവിടുത്തെ അനുഗ്രഹങ്ങള്‍ സ്വീകരിക്കാനും അവിടുന്നു കാണിച്ചുതരുന്ന വഴിയേ നടക്കാനും പലപ്പോഴും നാം തയാറല്ലെന്നതാണ് വസ്തുത.

ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ സ്വീകരിക്കാതെയും അവിടുന്നു കാണിച്ചുതരുന്ന വഴിയെ നടക്കാതെയും വരുമ്പോഴാണ് നമ്മുടെ ജീവിതത്തില്‍ പലപ്പോഴും പാളിച്ചകള്‍ സംഭവിക്കുന്നത്. ആ പാളിച്ചകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുവാനുള്ള വൈമനസ്യംകൊണ്ടല്ലേ നാം വിധിയുടെ ബലിമൃഗങ്ങളാണെന്നു പറഞ്ഞ് സ്വയം ഉത്തരവാദിത്വം ഒഴിയാന്‍ ശ്രമിക്കുന്നത്?

ഈഡിപ്പസിന്റെ കാര്യത്തില്‍ വിധി ക്രൂരമായിരുന്നു എന്നതു ശരിതന്നെ. എന്നാല്‍ നമ്മുടെ അനുദിനജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് ഈ കഥയുമായി യാതൊരു സാമ്യവുമില്ലെന്ന് ഓര്‍മിക്കണം.

അതുപോലെ നാം ഓര്‍ക്കേണ്ട മറ്റൊരു കാര്യംകൂടിയുണ്ട്. തെറ്റില്‍നിന്ന് ഓടിയകലാന്‍ നാം തയാറാകുമ്പോള്‍ അങ്ങനെ ചെയ്യാന്‍ ദൈവം നമുക്കു കൂടുതല്‍ ശക്തി നല്‍കുമെന്നകാര്യം.

ദൈവം നമ്മെ വിളിക്കുന്നതു വിശുദ്ധിനിറഞ്ഞ ജീവിതത്തിലേക്കാണ്. അങ്ങനെയുള്ള ജീവിതത്തിനായി ആത്മാര്‍ഥമായി പരിശ്രമിക്കുമ്പോള്‍ ദൈവാനുഗ്രഹം എപ്പോഴും നമ്മുടെ കൂടെയുണ്ടാകും എന്നതില്‍ സംശയംവേണ്ട.
    
To send your comments, please clickhere