Jeevithavijayam
10/19/2019
    
നമ്മുടെ ലോകം സുന്ദരമാക്കാന്‍
പൂന്തോട്ടം സംവിധാനം ചെയ്യുന്നതില്‍ അതിവിദഗ്ധനായിരുന്നു അയാള്‍. വയസ് എഴുപത്തെട്ടായപ്പോഴും റിട്ടയര്‍ ചെയ്യുന്ന കാര്യം അയാള്‍ ചിന്തിച്ചതേയില്ല. ഓരോ ദിവസവും കൂടുതല്‍ക്കൂടുതല്‍ ഉത്സാഹത്തോടെ അങ്ങനെ ജോലിയില്‍ തുടരുമ്പോഴാണു കാന്‍സര്‍ രോഗം അയാളെ ബാധിച്ചത്.

അയാളെ പരിശോധിക്കാനിടയായ പ്രസിദ്ധ ഗ്രന്ഥകാരനും മനഃശാസ്ത്രജ്ഞനുമായ ഡോ.ബേണി സീഗല്‍ അയാളോടു പറഞ്ഞു: ''വയസ് എഴുപത്തെട്ടായില്ലേ? ഇപ്പോള്‍ രോഗവുമായി. ഇനിയെങ്കിലും ജോലിയില്‍നിന്നു വിരമിച്ചു രോഗത്തിനു ശരിയായ ചികിത്സ ചെയ്യുന്നകാര്യം ആലോചിക്കൂ.''

ഡോക്ടറുടെ ഈ ഉപദേശം കേട്ടപ്പോള്‍ അയാള്‍ പറഞ്ഞു: ''ഇല്ലില്ല. റിട്ടയര്‍ ചെയ്തു വെറുതെയിരിക്കാന്‍ എനിക്കാവില്ല. ലോകം കൂടുതല്‍ മനോഹരമാക്കുവാന്‍ ഞാന്‍ വീട്ടിലേക്കു പോവുകയാണ്.''

പറഞ്ഞതുപോലെ അയാള്‍ വീട്ടിലേക്കു മടങ്ങി. അപ്പോഴും കാന്‍സറിനു വിദഗ്ധ ചികിത്സ ചെയ്യുന്നതിലായിരുന്നില്ല അയാളുടെ ശ്രദ്ധ. പുത്തന്‍രീതിയിലുള്ള പുതിയ പൂന്തോട്ടങ്ങള്‍ സംവിധാനം ചെയ്തു ലോകം കൂടുതല്‍ മനോഹരമാക്കുന്നതിലായിരുന്നു അയാള്‍ എപ്പോഴും ശ്രദ്ധിച്ചത്. പക്ഷേ, അതുകൊണ്ട് സംഭവിച്ചതെന്താണെന്നോ? അയാളുടെ മാരകമായ കാന്‍സര്‍ രോഗം സാവധാനം അപ്രത്യക്ഷമായത്രേ.

വിശ്വസിക്കുവാന്‍ വിഷമമുള്ള കഥയാണിത്. എങ്കിലും പറയുന്നതു ഡോ.സീഗലായതുകൊണ്ട് സംഭവം നമുക്കു വിശ്വസിക്കാം.

തനിക്കു ചുറ്റുമുള്ള ലോകം എങ്ങനെ കൂടുതല്‍ സുന്ദരമാക്കാനാവും? അതായിരുന്നു എപ്പോഴും ആ മനുഷ്യന്റെ ചിന്ത. സാധാരണക്കാരെ ഭയപ്പെടുത്തുന്ന കാന്‍സര്‍ ബാധിച്ചപ്പോഴും അങ്ങനെയൊരു ചിന്തയാണ് അയാളില്‍ നിറഞ്ഞുനിന്നത്. തന്റെ രോഗങ്ങളെക്കാളേറെ മറ്റുള്ളവരുടെ സുഖത്തിലും സന്തോഷത്തിലുമായിരുന്നു അയാളുടെ ശ്രദ്ധ എപ്പോഴും. അതുപോലെ, മറ്റുള്ളവരുടെ ജീവിതം കൂടുതല്‍ ആനന്ദപൂര്‍ണമാക്കാന്‍ അയാള്‍ ശ്രദ്ധിച്ചു. അതു മറ്റുള്ളവരുടെ മാത്രമല്ല, അയാളുടെ തന്നെ സുഖത്തിനും സന്തോഷത്തിനും വഴിതെളിക്കുകയും ചെയ്തു.

നമ്മുടെ ലോകം ഏറ്റവും സുന്ദരമാക്കുവാന്‍ എപ്പോഴും പരിശ്രമിക്കുന്നവരാണു നാം. നമ്മുടെ കൊച്ചു ലോകത്തില്‍ സമാധാനവും സന്തോഷവും സംതൃപ്തിയുമൊക്ക ഉണ്ടാകുവാന്‍ നാം എന്തെന്തു ക്ലേശങ്ങളാണ് അനുദിനം സഹിക്കുന്നത്! എന്നിട്ടും നമ്മുടെ ലോകം സുന്ദരമാക്കുവാന്‍ നമുക്കു സാധിക്കുന്നുണേ്ടാ? നമ്മുടേതായ കൊച്ചുലോകത്തില്‍ നമുക്കു സമാധാനവും സന്തോഷവും ഉണേ്ടാ?


നമ്മുടെ ലോകംജീവിതംസുന്ദരമാകണമെങ്കില്‍ നമുക്കു ചുറ്റുമുള്ള ലോകം കൂടുതല്‍ സുന്ദരമാക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്. നമുക്കു ചുറ്റുമുള്ള ലോകം സുന്ദരമാക്കുന്നതിനു നാം ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ നമ്മുടെ ലോകംതന്നെ സുന്ദരമായിക്കൊള്ളും.

ലോകത്തില്‍ നമ്മെപ്പോലെ സമാധാനവും സന്തോഷവും ആഗ്രഹിക്കുന്നവര്‍ എത്രയോ പേരാണ്! അവരുടെ ലോകം കുറച്ചുകൂടിയെങ്കിലും സുന്ദരമാക്കുന്നതിന് അവരെ സഹായിക്കുവാന്‍ നമുക്കു സാധിച്ചാല്‍ അതുവഴിതന്നെ നമ്മുടെ ലോകവും ഏറെ സുന്ദരമായി മാറുമെന്നതില്‍ സംശയംവേണ്ട.

നാം ആത്മാര്‍ഥമായി മനസുവച്ചാല്‍ എത്രയോ മനുഷ്യരുടെ ജീവിതം നമുക്കു കൂടുതല്‍ സുന്ദരപൂര്‍ണമാക്കാനാവും. നമ്മുടെ മധുരതരമായ പെരുമാറ്റവും സ്‌നേഹപൂര്‍വമായ വചസുകളും കാരുണ്യപ്രവൃത്തികളുമൊക്കെ മറ്റുള്ളവരുടെ ജീവിതത്തെ കൂടുതല്‍ മാധുര്യപൂര്‍ണമാക്കാന്‍ സഹായിക്കും.

ആരാണു നമ്മുടെ ജീവിതത്തെ മാധുര്യപൂര്‍ണമാക്കുന്നത്? നാം തന്നെയോ അതോ മറ്റുള്ളവരോ? നമ്മെക്കാളേറെ നമ്മുടെ ജീവിതത്തെ കൂടുതല്‍ മനോഹരവും സന്തോഷപൂര്‍ണവും ആക്കുന്നതു മറ്റുള്ളവരാണെന്നതു സത്യം. മറ്റുള്ളവരുടെ സ്‌നേഹവും സൗഹൃദവും സാമീപ്യവും അവരുടെ സദ്ഗുണങ്ങളുമൊക്കെയല്ലേ നമ്മുടെ ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും പ്രദാനം ചെയ്യുന്നത്? അതുപോലെ നാമല്ലേ മറ്റുള്ളവരുടെ ജീവിതത്തിനു ചൈതന്യവും ജീവനും പകരുന്നത്?

ജീവിതം കൂടുതല്‍ സുന്ദരമാക്കുന്നതിനുവേണ്ടി ഡോ.സീഗല്‍ നല്‍കുന്ന ഒരു ഉപദേശമുണ്ട്. അതിതാണ്: ''മറ്റുള്ളവര്‍ക്കുവേണ്ടി സ്‌നേഹപൂര്‍വം എന്തെങ്കിലും ചെയ്യുക.'' മറ്റുള്ളവര്‍ക്കുവേണ്ടി സ്‌നേഹപൂര്‍വം നാം എന്തെങ്കിലും ചെയ്താല്‍ അതു മറ്റ് എല്ലാ മരുന്നുകളെക്കാളും നമ്മുടെ ജീവിതദുഃഖങ്ങള്‍ക്കു പ്രതിവിധിയാകുമെന്നു ഡോ.സീഗല്‍ വാദിക്കുന്നു.

ഡോ.സീഗല്‍ പറയുന്നതു നൂറുശതമാനവും ശരിതന്നെ. നമ്മുടെ ജീവിതസന്തോഷം ഉറപ്പുവരുത്തണമെങ്കില്‍ മറ്റുള്ളവരുടെ ജീവിതസന്തോഷം ഉറപ്പുവരുത്തുന്നതില്‍ നാം ആദ്യം ശ്രദ്ധിച്ചേ തീരൂ. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, നമ്മുടെ ലോകം സുന്ദരമാകണമെങ്കില്‍ ആദ്യം നമുക്കു ചുറ്റുമുള്ളവരുടെ ലോകം സുന്ദരമാക്കുന്നതില്‍ നാം ശ്രദ്ധിക്കണം. അതല്ലാതെ നമ്മുടെ ജീവിതം സുന്ദരമാക്കുവാന്‍ വേറെ വഴിയില്ല.
    
To send your comments, please clickhere