Jeevithavijayam
2/20/2020
    
ജീവനെന്നതുപോലെ മരണവും ലാഭകരമാക്കാന്‍
ഇറ്റലിയില്‍ വിനോദസഞ്ചാരത്തിനെത്തിയ ഒരു അമേരിക്കന്‍ കുടുംബം. പകല്‍ മുഴുവന്‍ ഓരോരോ കാഴ്ചകള്‍ കണ്ടതിനുശേഷം അവര്‍ രാത്രിയില്‍ കാറോടിക്കുകയായിരുന്നു. സിസിലിയായിരുന്നു അവരുടെ അടുത്ത ലക്ഷ്യസ്ഥാനം.

രാത്രി പതിനൊന്നുമണി. കുടുംബനാഥന്‍ റെഗ് ആയിരുന്നു അപ്പോള്‍ സ്റ്റിയറിംഗിനുപിന്നില്‍. ഭാര്യ മാര്‍ഗരറ്റ് പാസഞ്ചര്‍ സീറ്റില്‍ നല്ല ഉറക്കത്തിലായിരുന്നു. അവരുടെ ഏഴുവയസുള്ള പുത്രന്‍ നിക്കോളാസും നാലുവയസുള്ള പുത്രി എലനോറും ബാക്‌സീറ്റില്‍ കിടന്നുറങ്ങുകയായിരുന്നു.

പെട്ടെന്ന് ഒരു കാര്‍ അവരുടെ കാറിനടുത്തെത്തി. ആ കാറില്‍നിന്ന് ഒരാള്‍ അവരുടെനേരേ തോക്കുചൂണ്ടിക്കൊണ്ട് ഇറ്റാലിയന്‍ ഭാഷയില്‍ എന്തോ അലറുന്നുണ്ടായിരുന്നു.

കാര്‍ നിര്‍ത്തുന്നത് അബദ്ധമായിരിക്കുമെന്നു കരുതി റെഗ് ആക്‌സിലേറ്ററില്‍ ആഞ്ഞുചവിട്ടി. കാര്‍ അതിവേഗം മുന്നോട്ടുനീങ്ങുമ്പോള്‍ പിന്‍സീറ്റിലെ ജനാലയുടെ ചില്ലുകള്‍ തകര്‍ത്തുകൊണ്ട് ആദ്യത്തെ വെടിപൊട്ടി. നിമിഷങ്ങള്‍ക്കുള്ളില്‍ അടുത്ത വെടി. അത് ഡ്രൈവര്‍ സീറ്റിനരികെയുള്ള ജനാലയുടെ ചില്ലുകള്‍ തകര്‍ത്തു. പക്ഷേ, അപ്പോഴും ആര്‍ക്കെങ്കിലും വെടിയേറ്റതായി റെഗ്ഗിനും മാര്‍ഗരറ്റിനും തോന്നിയില്ല. റെഗ് കാര്‍ കത്തിച്ചുവിട്ടു. പിന്നീടു കുറെ അകലെ ഒരു അപകടരംഗത്തു പോലീസ് കാര്‍ കണ്ടപ്പോഴാണ് അവര്‍ കാര്‍ നിര്‍ത്തിയത്.

വെടിയൊച്ചകള്‍ക്കിടയിലും തന്റെ കുട്ടികള്‍ രണ്ടുപേരും സുരക്ഷിതമായിട്ടുറങ്ങിയല്ലോയെന്ന ആശ്വാസത്തിലായിരുന്നു മാര്‍ഗരറ്റ്. എന്നാല്‍, കാര്‍ നിര്‍ത്തി കുട്ടികളെ ഉറക്കമുണര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ മാര്‍ഗരറ്റ് ഞെട്ടി. അനക്കമില്ലാതെ കിടക്കുകയായിരുന്നു നിക്കോളാസ്. നിക്കോളാസിന്റെ തലയ്ക്കു വെടിയേറ്റിരുന്നു.

എത്രയുംവേഗം ഒരു ആംബുലന്‍സില്‍ നിക്കോളാസിനെ അവര്‍ ആശുപത്രിയിലെത്തിച്ചു. വിദഗ്ധചികിത്സയ്ക്കായി അവിടെനിന്ന് അവര്‍ അവനെ സിസിലിയിലേക്കു കൊണ്ടുപോയി.

പക്ഷേ, ഡോക്ടര്‍മാര്‍ക്ക് ഒന്നുംതന്നെ ചെയ്യാന്‍ സാധിച്ചില്ല. ഓപ്പറേറ്റു ചെയ്യാന്‍ അസാധ്യമായ സ്ഥാനത്തായിരുന്നു വെടിയുണ്ട തറച്ചിരുന്നത്. പിറ്റേദിവസം റെഗ്ഗിനെയും മാര്‍ഗരറ്റിനെയും ഡോക്ടര്‍മാര്‍ ഓഫീസിലേക്കു വിളിച്ചിട്ട് അവരോടു പറഞ്ഞു: ''നിക്കോളാസിന്റെ ബ്രെയിന്‍ പണേ്ട മരിച്ചുകഴിഞ്ഞു. യന്ത്രസഹായത്തോടെയാണ് അവനിപ്പോള്‍ ശ്വസിക്കുന്നത്.''

നിക്കോളാസ് തങ്ങള്‍ക്ക് എന്നന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന വാര്‍ത്ത കേട്ട് അവര്‍ ഞെട്ടി. എങ്കിലും അടുത്തനിമിഷം അവരിലൊരാള്‍ പറഞ്ഞു: ''നിക്കോളാസിന്റെ ശരീരാവയവങ്ങള്‍ ദാനം ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.''

തങ്ങളുടെ ഏക പുത്രനെ നഷ്ടപ്പെട്ട ദുഃഖതീവ്രമായ ആ നിമിഷത്തിലും അവര്‍ വേദനിക്കുന്ന മറ്റു മനുഷ്യരെ ഓര്‍മിച്ചു. തന്മൂലം, മരിയയെന്ന ഒരു പത്തൊമ്പതുകാരി മരണത്തില്‍നിന്നു രക്ഷപ്പെട്ടു. കരള്‍സംബന്ധമായ രോഗംമൂലം മരണാസന്നയായിരുന്നു മരിയ. നിക്കോളാസിന്റെ കരളാണ് മരിയയ്ക്കു നവജീവന്‍ നല്‍കിയത്.


അന്നാമരിയ എന്ന പതിന്നാലുകാരിയുടെ ജീവന്‍ രക്ഷപ്പെട്ടതും നിക്കോളാസ്‌വഴി തന്നെ. നിക്കോളാസിന്റെ ഒരു വൃക്ക അന്നാമരിയയുടെ ജീവന്‍ രക്ഷിച്ചു. പതിനൊന്നുവയസുള്ള ഒരു ബാലനാണ് നിക്കോളാസിന്റെ രണ്ടാമത്തെ വൃക്ക ലഭിച്ചത്. ദീര്‍ഘനാളായി ഡയാലിസിസിലായിരുന്നു ആ ബാലന്‍.

നിക്കോളാസിന്റെ കണ്ണുകള്‍ രണ്ടുപേര്‍ക്കു കാഴ്ചനല്‍കി. ആന്‍ഡ്രിയ എന്ന പതിനഞ്ചുകാരിയുടെ ജീവന്‍ നിക്കോളാസിന്റെ ഹൃദയം ലഭിച്ചതുമൂലം രക്ഷപ്പെട്ടു. അവന്റെ പാന്‍ക്രിയാസ് ഗ്രന്ഥിപോലും ഒരാളുടെ ജീവന്‍ രക്ഷിക്കാനിടയായി.

നിക്കോളാസിന്റെ വിവിധ ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റപ്പെടുന്നതു കാണുകയെന്നതു റെഗ്ഗിനെയും മാര്‍ഗരറ്റിനെയും സംബന്ധിച്ചിടത്തോളം അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. എങ്കിലും വേദനിക്കുന്ന മറ്റു മനുഷ്യരെ അവര്‍ ഓര്‍മിച്ചതുകൊണ്ട് അത്തരമൊരു ത്യാഗം ചെയ്യാന്‍ അവര്‍ തയാറായി.

അവരുടെ ത്യാഗത്തിനു വലിയ ഫലമുണ്ടായി. 1994 സെപ്റ്റംബറില്‍ നടന്ന ഈ സംഭവത്തിനുശേഷം ഇറ്റലിയില്‍ ശരീരാവയവങ്ങള്‍ ദാനംചെയ്യുന്ന കാര്യത്തില്‍ നാനൂറുശതമാനം വര്‍ധനയുണ്ടായത്രേ. ഈ വര്‍ധനമൂലം എത്രയോപേരുടെ ജീവിതത്തിലാണു നവജീവനും സന്തോഷവുമുണ്ടായത്.

നമ്മുടെ നാട്ടില്‍ അവയവദാനം ഏറെ വളരേണ്ടതുണ്ട്. വളരെ എളുപ്പം സാധ്യമാകുന്ന ഒന്നാണു നേത്രദാനം. നേത്രദാനംവഴി എത്രയോ മനുഷ്യരുടെ ജീവിതത്തിലേക്കാണ് ഇതിനകം വെളിച്ചം കടന്നുവന്നിട്ടുള്ളത്! എന്നാല്‍, നേത്രദാനത്തിന്റെ കാര്യത്തില്‍പോലും നമ്മുടെയിടയില്‍ അത്രയേറെ അവബോധമുണ്ടായിട്ടുണേ്ടാ?

ഓരോരോ അപകടംമൂലം എത്രയോ പേരാണു നമ്മുടെയിടയില്‍ മരിക്കുന്നത്. ഏറെ ഹൃദയഭേദകമാണ് ഈ അപകടമരണങ്ങള്‍. ഇവ ഉണ്ടാകാതിരിക്കാന്‍ നമുക്കു സാധിക്കുന്ന എല്ലാ മുന്‍കരുതലുകളും നാം ചെയ്തിരിക്കേണ്ടതുമാണ്. എന്നാല്‍, അങ്ങനെ ചെയ്തിട്ടും നമുക്ക് അപകടമരണങ്ങളുണ്ടാകുമ്പോള്‍ ആ മരണങ്ങളെക്കുറിച്ചു മാത്രമല്ലാതെ മറ്റുള്ളവരുടെ നന്മയെക്കുറിച്ചുകൂടി ചിന്തിക്കാന്‍ നമുക്കു സാധിക്കുമോ?

തങ്ങളുടെ ഏകപുത്രന്‍ മരിച്ചപ്പോള്‍പോലും ആ പുത്രന്റെ മരണം വെറും നഷ്ടത്തില്‍ കലാശിക്കാതെ മറ്റു മനുഷ്യരുടെ ജീവിതത്തില്‍ ഒരു ലാഭമായി മാറണമെന്നു റെഗ്ഗും മാര്‍ഗരറ്റും കരുതി. അങ്ങനെയാണു ജീവിതത്തില്‍ പ്രതീക്ഷ നശിച്ച പലര്‍ക്കും നിക്കോളാസിന്റെ മരണം പ്രതീക്ഷ പകര്‍ന്നത്.

നമ്മുടെ ജീവനും നമ്മുടെ മരണവും നമുക്കെന്നതുപോലെ മറ്റുള്ളവര്‍ക്കും ലാഭകരമാക്കാന്‍ പല രീതിയില്‍ നമുക്കു സാധിക്കും. അതിലൊന്നു മാത്രമാണു നമ്മുടെ ശരീരാവയവങ്ങളുടെ ദാനം. ഈ രംഗത്തെ സാങ്കേതികവിദ്യ നമ്മുടെ നാട്ടില്‍ വളരുന്നതിനനുസരിച്ച് മരണംവഴിപോലും നമുക്കു മറ്റുള്ളവരുടെ ജീവിതത്തില്‍ ജീവന്‍ നല്‍കുവാനാകും.
    
To send your comments, please clickhere