Jeevithavijayam
6/7/2020
    
ആഡംബരമല്ല ആനന്ദം
ഡച്ച് ചിത്രകാരന്മാരില്‍ ഇപ്പോഴും പ്രശംസിക്കപ്പെടുന്ന പ്രതിഭയാണു ജൊഹാന്നസ് വെര്‍മിയര്‍ (16391675). അദ്ദേഹത്തിനുശേഷം ചിത്രകലാരംഗത്തു കടന്നുവന്ന ഡച്ച് ചിത്രകാരന്മാരില്‍ പലരും വിലയിരുത്തപ്പെട്ടിരുന്നതു വെര്‍മിയറുമായി തുലനം ചെയ്യപ്പെട്ടുകൊണ്ടായിരുന്നു.

വെര്‍മിയറുടെ കാലഘട്ടത്തില്‍ പെയിന്റ് ചെയ്യപ്പെട്ടിട്ടുള്ള ചിത്രങ്ങളില്‍ ഏറെ താത്പര്യമുള്ള ചിത്രകാരനായിരുന്നു ഹെന്റിക്കസ് ഹാന്‍ വാന്‍ മീജെരന്‍ (18391947) എന്ന ഡച്ച് ചിത്രകാരന്‍. തന്മൂലം ആ കാലഘട്ടത്തിലെ സ്റ്റൈലും ടെക്‌നിക്കുകളും ഉപയോഗിച്ചു മീജെരന്‍ ചിത്രങ്ങള്‍ വരയ്ക്കാന്‍ ശ്രമിച്ചു. പക്ഷേ ചിത്രനിരൂപകന്മാര്‍ അദ്ദേഹത്തോടു കരുണകാണിച്ചില്ല. അവര്‍ ആ ചിത്രങ്ങളെ നിശിതമായി വിമര്‍ശിച്ചു. അവ കണ്ടുമടുത്തതും തനിമയില്ലാത്തതുമാണെന്ന് ആക്ഷേപിച്ചു.

അങ്ങനെയെങ്കില്‍ തന്റെ കഴിവു തെളിയിച്ചിട്ടേ താന്‍ പിന്മാറൂ എന്ന വാശിയായി ആ ചിത്രകാരന്. അദ്ദേഹം തന്റെ കഴിവു തെളിയിച്ചത് എങ്ങനെയാണെന്നോ? ജൊഹാന്നസ് വെര്‍മിയര്‍ എന്ന ചിത്രകാരന്റെ സ്‌റ്റൈലില്‍ മീജെരന്‍ ഒരു ചിത്രം വരച്ചു. സപ്പര്‍ അറ്റ് എമ്മാവൂസ് എന്നായിരുന്നു അദ്ദേഹം ആ ചിത്രത്തിനു പേരിട്ടത്.

അദ്ദേഹം വരച്ച ചിത്രം ജൊഹാന്നസ് വെര്‍മിയറുടെ കലാസൃഷ്ടിയാണെന്ന വ്യാജേന അക്കാലത്തെ പ്രഗല്ഭ ചിത്രനിരൂപകനായ ഏബ്രഹാം ബ്രേഡിയസ്, വെര്‍മിയറുടെ അതുവരെ കണെ്ടത്തപ്പെടാതിരുന്ന മാസ്റ്റര്‍പീസാണെന്നു വിധിയെഴുതി. ആ ചിത്രം കാണാനിടയായ സകല ചിത്രനിരൂപകരും ആ കലാസൃഷ്ടിയെ വാനോളം വാഴ്ത്തി.

മീജെരന്‍ വരച്ച ആ ചിത്രം വെര്‍മിയറുടെ കലാസൃഷ്ടി എന്ന പേരില്‍ വന്‍തുകയ്ക്കു വില്‍ക്കപ്പെട്ടു. മീജെരന്‍ എന്ന കലാകാരനെ സംബന്ധിച്ചിടത്തോളം അതു വലിയ വിജയമായിരുന്നു. കാരണം, തന്റെ കഴിവ് തെളിയിക്കാന്‍ സാധിച്ചതോടൊപ്പം കൈനിറയെ പണവും ലഭിച്ചു.

മീജെരന്‍ പില്‍ക്കാലത്ത് അവകാശപ്പെട്ടതനുസരിച്ചു തന്റെ നിരൂപകരുടെ നാവടക്കാന്‍ വേണ്ടിയായിരുന്നത്രേ താന്‍ വരച്ച ചിത്രം വെര്‍മിയറുടെ കലാസൃഷ്ടിയാണെന്ന പേരില്‍ പൊതുജനമധ്യത്തില്‍ അവതരിപ്പിച്ചത്. താന്‍ വരച്ച ചിത്രത്തിന്റെ ഗുണമേന്മ അംഗീകരിക്കുമ്പോള്‍ സത്യം പുറത്തുപറയാനായിരുന്നത്രേ അദ്ദേഹം പ്ലാനിട്ടിരുന്നത്.

പക്ഷേ, സംഭവിച്ചത് അങ്ങനെയായിരുന്നില്ല. വെര്‍മിയറുടെ പേരിലുള്ള ചിത്രം വിറ്റപ്പോള്‍ വന്‍തുക ലഭിച്ചതുമൂലം അദ്ദേഹം വീണ്ടും വെര്‍മിയറുടെ സ്‌റ്റൈലില്‍ ചിത്രങ്ങള്‍ വരച്ചു. അവ പുതുതായി കണെ്ടടുക്കപ്പെട്ട വെര്‍മിയര്‍ ചിത്രങ്ങളാണെന്നു പറഞ്ഞു വിറ്റ് വന്‍തുക കരസ്ഥമാക്കി. വെര്‍മിയറുടെ പേരില്‍ ചിത്രങ്ങള്‍ വരച്ച് വിറ്റതുവഴി മൂന്നുകോടി ഡോളറിലേറെ അദ്ദേഹം സമ്പാദിച്ചതായി കണക്കാക്കപ്പെടുന്നു.

മീജെരന്‍ വരച്ച ചിത്രങ്ങളിലൊന്നു വാങ്ങിയിരുന്നതു നാസികളുടെ തലവന്മാരിലൊരുവനായിരുന്ന ഹെര്‍മന്‍ ഗോറിംഗ് ആയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ പിടിക്കപ്പെട്ട അയാളുടെ കൈവശം വെര്‍മിയറുടെ കലാസൃഷ്ടി കാണാനിടയായി. ആ ചിത്രം ഗോറിംഗ് വാങ്ങിയത് മീജെരന്റെ കൈയില്‍നിന്നാണെന്ന് അയാള്‍ വെളിപ്പെടുത്തിയപ്പോള്‍ ഡച്ച് ഗവണ്‍മെന്റ് മീജെരനെ അറസ്റ്റുചെയ്തു. ദേശീയസ്വത്തായ വെര്‍മിയറുടെ ചിത്രം നാസികള്‍ക്കു വിറ്റതിന്റെ പേരിലായിരുന്നു മീജെരനെ അറസ്റ്റുചെയ്തത്. അറസ്റ്റുചെയ്യപ്പെട്ട മീജെരന്‍ രാജ്യദ്രോഹക്കുറ്റത്തിനു വധിക്കപ്പെടുമെന്ന നിലയിലെത്തിയപ്പോള്‍ അദ്ദേഹം സത്യം പുറത്തുപറഞ്ഞു. പക്ഷേ ആ സത്യം വിശ്വസിക്കാന്‍ അധികാരികള്‍ വിസമ്മതിച്ചു. അപ്പോള്‍ അദ്ദേഹം ദിവസങ്ങള്‍ ചെലവഴിച്ചു വെര്‍മിയറുടെ പേരില്‍ പുതിയ ചിത്രങ്ങള്‍ വരച്ചുകാണിച്ചു. ആ ചിത്രങ്ങള്‍ കണ്ടിട്ടും ബോധ്യപ്പെടാതെ മീജെരന്‍ വിറ്റിട്ടുള്ള ചിത്രങ്ങളുടെ രാസപരിശോധന നടത്തിയശേഷമാണ് അവയൊക്കെ അദ്ദേഹത്തിന്റെ സ്വന്തം കലാസൃഷ്ടികളാണെന്ന് അധികാരികള്‍ സമ്മതിച്ചത്.


വെര്‍മിയറുടെ പേരില്‍ തട്ടിപ്പു നടത്തി എന്ന ലഘുവായ കുറ്റത്തിന് ഒരുവര്‍ഷത്തേക്കു തടവിനു വിധിക്കപ്പെട്ട അദ്ദേഹം അധികം താമസിയാതെ മൃതിയടയുകയാണുണ്ടായത്. മീജെരന്‍ നടത്തിയ തട്ടിപ്പ് ചിത്രരചനാ രംഗത്തെ ഏറ്റവും വലിയ തട്ടിപ്പായിട്ടാണ് ഇന്നു കണക്കാക്കപ്പെടുന്നത്.

ചിത്രരചനാരംഗത്തെ അതിപ്രഗല്ഭന്മാരിലൊരുവനായിരുന്നു മീജെരന്‍. എന്നാല്‍, നിരൂപകന്മാരുടെ അംഗീകാരം ലഭിക്കാത്തതുമലം അതിനുവേണ്ടി വളഞ്ഞവഴി അദ്ദേഹം തേടി. പക്ഷേ ആ വഴികള്‍ അദ്ദേഹത്തെ കൊണെ്ടത്തിച്ചത് അത്യാഗ്രഹത്തിലായിരുന്നു. പണത്തോടും ആഡംബരജീവിതത്തോടുമുള്ള അദ്ദേഹത്തിന്റെ ഭ്രമമായിരുന്നു വഴിവിട്ട മാര്‍ഗത്തിലൂടെ പണമുണ്ടാക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അത് അദ്ദേഹത്തിന്റെ പതനത്തിനു വഴിതെളിക്കുകയും ചെയ്തു.

പണം നമ്മുടെ ജീവിതത്തില്‍ ആവശ്യംതന്നെ. സാമാന്യം മെച്ചമായി ജീവിക്കണമെന്ന് ആരെങ്കിലും ആഗ്രഹിച്ചാല്‍ അതേക്കുറിച്ചു നമുക്ക് കുറ്റംപറയാനാകില്ല. എന്നാല്‍, പണത്തോടും ആഡംബരജീവിതത്തോടും അതിരുവിട്ട മോഹം നമുക്കുണെ്ടങ്കില്‍ അതു നമ്മുടെ പതനത്തിനു വഴിതെളിക്കുമെന്നതില്‍ സംശയംവേണ്ട.

1946ല്‍ മീജെരന്‍ വെളിപ്പെടുത്തിയതനുസരിച്ച് അന്‍പതിലേറെ വീടുകളും ധാരാളം സ്വര്‍ണാഭരണങ്ങളും അനവധി വിലയേറിയ പെയിന്റിംഗുകളും അദ്ദേഹം സമ്പാദിച്ചുകൂട്ടിയിരുന്നത്രേ. അവയെല്ലാം സമ്പാദിച്ചതാകട്ടെ തട്ടിപ്പിലൂടെയും!

ജീവിതത്തില്‍ യഥാര്‍ഥസന്തോഷം കണെ്ടത്താനുള്ള മാര്‍ഗം അമിതമായ ധനസമ്പാദനമോ ആഡംബരജീവിതമോ അല്ല എന്നതു നമുക്കു മറക്കാതിരിക്കാം. അതുപോലെ, തട്ടിപ്പും വെട്ടിപ്പുമൊന്നും ആരെയും വിജയത്തിലെത്തിക്കുകയില്ല എന്നതും നമ്മുടെ ഓര്‍മയിലുണ്ടായിരിക്കട്ടെ.
    
To send your comments, please clickhere