Jeevithavijayam
4/20/2021
    
അരയന്നങ്ങള്‍ അടുത്തെത്താന്‍
കൈലാസപര്‍വതത്തിന്റെ അടിവാരത്തിലായിരുന്നു ആ സന്യാസിയുടെ കുടില്‍. കുടിലിനു മുന്നില്‍ മാനസസരോവരമെന്ന തടാകം. കാവി വസ്ത്രധാരിയായ സന്യാസി എല്ലാ ദിവസവും രാവിലെ തടാകത്തിലായിരുന്നു സ്‌നാനം ചെയ്തിരുന്നത്.

ധാരാളം അരയന്നങ്ങള്‍ ആ തടാകത്തില്‍ തത്തിക്കളിക്കുന്നുണ്ടായിരുന്നു. ശാന്തസ്വഭാവിയായ സന്യാസി അവയോടു സ്‌നേഹപൂര്‍വം പെരുമാറി. തന്മൂലം, സന്യാസി തടാകത്തിലിറങ്ങുമ്പോഴും അരയന്നങ്ങള്‍ അകന്നുപോയിരുന്നില്ല. അവ സന്യാസിയുടെ അടുത്ത് യഥേഷ്ടം നിലയുറപ്പിച്ചു. ചിലപ്പോള്‍ അവ വന്നു സന്യാസിയെ മുട്ടിയുരുമ്മി തങ്ങളുടെ സൗഹൃദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ഒരുദിവസം ഒരു വേട്ടക്കാരന്‍ ആ വഴിയേ വന്നു. തടാകത്തില്‍ കണ്ട കാഴ്ച അയാളെ അത്ഭുതപ്പെടുത്തി. അരയന്നങ്ങളെ പിടിക്കുവാനുള്ള സുവര്‍ണാവസരം അയാള്‍ മനസില്‍ കരുതി. സ്‌നാനം കഴിഞ്ഞു സന്യാസി കയറിപ്പോകുന്നതുവരെ അയാള്‍ കുറെ അകലെയായി കാത്തിരുന്നു.

സന്യാസി കുളി കഴിഞ്ഞു തന്റെ കുടിലിലേക്കു കയറിയപ്പോള്‍ വേട്ടക്കാരന്‍ തടാകത്തിലിറങ്ങി. അയാള്‍ വെള്ളത്തിലിറങ്ങിയ ഉടനേ അരയന്നങ്ങള്‍ അയാളില്‍നിന്ന് അകന്നുമാറി. അവ സന്യാസിയുടെ അടുത്തുവന്നതുപോലെ തന്റെ ചുറ്റിലും വരുമെന്നായിരുന്നു അയാള്‍ പ്രതീക്ഷിച്ചിരുന്നത്. അരയന്നങ്ങള്‍ അടുത്തുവരുവാന്‍ വിസമ്മതിച്ചപ്പോള്‍ അയാള്‍ അവയുടെ പിന്നാലെ ചെന്ന് അവയെ പിടിക്കുവാന്‍ ശ്രമിച്ചു. പക്ഷേ, അവ വെള്ളത്തിനു മീതെ പെട്ടെന്നു തെന്നിമാറി.

നിരാശനായ അയാള്‍ കുളി മതിയാക്കി തടാകത്തിന്റെ കരയിലിരുന്നു വിശ്രമിച്ചു. എങ്ങനെയും ഒരു അരയന്നത്തെയെങ്കിലും പിടിച്ചേ മതിയാകൂ അയാള്‍ തീരുമാനിച്ചു. പെട്ടെന്ന് അയാള്‍ക്കൊരു ബുദ്ധി തോന്നി. സന്യാസിയെപ്പോലെ കാഷായവസ്ത്രം ധരിച്ചു വന്നു വെള്ളത്തിലിറങ്ങുക. അപ്പോള്‍ അരയന്നങ്ങള്‍ ഇണക്കത്തോടെ അടുത്തുവരും. അയാള്‍ വേഗം പോയി കാഷായവസ്ത്രം വാങ്ങി അതു ധരിച്ചുകൊണ്ടു വീണ്ടും തടാകതീരത്തെത്തി. കാഷായവസ്ത്രധാരിയെക്കണ്ട അരയന്നങ്ങള്‍ അകന്നു പോയില്ല. അയാള്‍ സാവധാനം വെള്ളത്തിലിറങ്ങിയപ്പോള്‍ അരയന്നങ്ങള്‍ അയാളുടെ അടുത്തേക്കു വരാന്‍ തുടങ്ങി. അപകടം ദര്‍ശിക്കാതെ അരയന്നങ്ങള്‍ അടുത്തെത്തിയപ്പോള്‍ അയാള്‍ ഒരെണ്ണത്തിനെ ചാടിപ്പിടിച്ചു. പെട്ടെന്നു മറ്റുള്ളവ അകന്നുപോയി. അയാള്‍ കരയില്‍ കയറി, കിട്ടിയ അരയന്നത്തെ ഒരു കൂട്ടിലടച്ചു. അല്പംകഴിഞ്ഞ് അയാള്‍ തടാകത്തിലിറങ്ങി നോക്കി. പക്ഷേ, അപ്പോള്‍ അരയന്നങ്ങളെല്ലാം പേടിച്ചരണ്ട് അകലേക്കു മാറിപ്പോവുകയാണു ചെയ്തത്.

അരയന്നവേട്ട മതിയാക്കിയ അയാള്‍ തന്റെ കൈവശമുണ്ടായിരുന്ന അരയന്നവുമായി വീട്ടിലേക്കു തിരികെ നടന്നു. അപ്പോള്‍ അയാളുടെ ചിന്തപോയത് ഇപ്രകാരമായിരുന്നു: വേട്ടക്കാരനായ ഞാന്‍ ഒരു സന്യാസിയുടെ വേഷം ധരിച്ചപ്പോള്‍ ഞാന്‍ ഒരു പുണ്യപ്പെട്ട മനുഷ്യനാണെന്ന് അരയന്നങ്ങള്‍ക്കുപോലും തോന്നി. തന്മൂലമല്ലേ, ആദ്യം അവ അടുത്തുവന്നു സൗഹൃദഭാവം പ്രകടിപ്പിച്ചത്? അങ്ങനെയെങ്കില്‍ ഞാന്‍ ഒരു യഥാര്‍ഥ സന്യാസിയായിത്തീര്‍ന്നാല്‍ അതുവഴിയുണ്ടാകുന്ന സ്വാധീനം എത്ര വലുതായിരിക്കും!

അയാള്‍ ഉടനേതന്നെ തന്റെ കൈവശമുണ്ടായിരുന്ന അരയന്നത്തെ മോചിപ്പിച്ചെന്നും ലൗകിക സുഖഭോഗങ്ങള്‍ വെടിഞ്ഞു സന്യാസിയായിത്തീര്‍ന്നെന്നുമാണു 'ടെയില്‍സ് ഓഫ് വിസ്ഡം'' എന്ന പുസ്തകത്തില്‍ എ.പി. ടാല്‍വര്‍ പറയുന്നത്. മാനസസരോവരത്തിന്റെ തീരത്തു താമസിച്ചിരുന്ന സന്യാസി പുണ്യചരിതനായ മനുഷ്യനായിരുന്നു. അദ്ദേഹത്തിന്റെ നന്മ അരയന്നപ്പക്ഷികള്‍ക്കുപോലും മനസിലായി. അതുകൊണ്ടാണല്ലോ അരയന്നങ്ങള്‍ അദ്ദേഹത്തോടു സൗഹൃദപൂര്‍വം അടുത്തു പെരുമാറിയത്. എന്നാല്‍, സന്യാസവേഷം ധരിച്ച വേടന്റെ യഥാര്‍ഥ സ്വഭാവം അരയന്നങ്ങള്‍ക്കു മനസിലായപ്പോള്‍ അവ അതിവേഗം അയാളില്‍നിന്ന് അകന്നുപോവുകയാണു ചെയ്തത്.


നന്മയുടെ അംശം നമ്മില്‍ ഒരുപക്ഷേ കുറവായാല്‍പോലും നമ്മുടെ രൂപവും ഭാവവും വേഷവിധാനങ്ങളുമൊക്കെ നന്മയുടെ പ്രതീതി മറ്റുള്ളവരില്‍ ജനിപ്പിച്ചെന്നിരിക്കും. അതുകൊണ്ടാണല്ലോ പലരും പലപ്പോഴും നമ്മിലേക്ക് ആകൃഷ്ടരാകുന്നത്. എന്നാല്‍, അവര്‍ നമ്മെ നാം ആയിരിക്കുന്നതുപോലെ അടുത്തറിയുമ്പോള്‍ അതിവേഗം നമ്മില്‍നിന്ന് അകന്നുപോകുന്നതും നാം കാണാറുണ്ട്. അതിന്റെ കാരണം അവര്‍ നന്മയാല്‍ ആകൃഷ്ടരാകുകയും നമ്മുടെ തിന്മയാല്‍ അകലുകയും ചെയ്യുന്നു എന്നുള്ളതാണ്.

നന്മ കണ്ടാല്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടാത്തവരായി ആരുമില്ല. നമ്മുടെ ജീവിതത്തില്‍ മറ്റുള്ളവര്‍ നന്മ കണ്ടാല്‍ തീര്‍ച്ചയായും അവര്‍ നമ്മില്‍ ആകൃഷ്ടരാവുകയും അവര്‍ നമ്മിലേക്ക് അടുക്കുവാന്‍ ശ്രമിക്കുകയും ചെയ്യും. അവര്‍ അങ്ങനെ ചെയ്യുമ്പോള്‍ നമുക്ക് അവരുടെ ജീവിതത്തിലുണ്ടാകുന്ന സ്വാധീനം വളരെ വലുതാണെന്നതില്‍ സംശയമില്ല.

മാതാപിതാക്കള്‍, അധ്യാപകര്‍, മതപ്രബോധകര്‍ എന്നിങ്ങനെയുള്ള വിവിധ റോളുകളില്‍ നാം മറ്റുള്ളവരെ നല്ല കാര്യങ്ങള്‍ പഠിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍, നാം പഠിപ്പിക്കുന്ന കാര്യങ്ങള്‍ മനസില്‍ പതിയുകയും അതവര്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യണമെങ്കില്‍ നാം നല്ലവരും നന്മനിറഞ്ഞവരും ആയേ മതിയാകൂ. വേട്ടക്കാരന്‍ സന്യാസിയുടെ വേഷം ധരിച്ച് അരയന്നങ്ങളെ സമീപിച്ചപ്പോള്‍ ഒരുതവണ മാത്രമേ അയാള്‍ വിജയിച്ചുള്ളൂ. പക്ഷേ, അപ്പോഴേക്കും അയാളുടെ യഥാര്‍ഥ മുഖം അവയ്ക്കു കാണാന്‍ സാധിച്ചു.

നമുക്കു സ്ഥാനവും അധികാരവുമുള്ളപ്പോള്‍ ആദ്യമൊക്കെ മറ്റുള്ളവര്‍ നമ്മെ കേട്ടെന്നിരിക്കും. എന്നാല്‍, നാം പൊയ്മുഖധാരികളാണെങ്കില്‍ നമ്മുടെ കാപട്യം പെട്ടെന്നു വെളിച്ചത്താവുകയും നാം മറ്റുള്ളവരാല്‍ തിരസ്‌കരിക്കപ്പെടുകയും ചെയ്യുമെന്നു തീര്‍ച്ചയാണ്.

അധികാരവും സ്ഥാനചിഹ്നവുമൊക്കെയുണ്ടെങ്കില്‍ അതു നല്ലതുതന്നെ. എന്നാല്‍, അവയെക്കാള്‍ മറ്റുള്ളവരെ നമ്മിലേക്കടുപ്പിക്കുന്നത് നന്മനിറഞ്ഞ നമ്മുടെ സ്വഭാവവും കാപട്യമില്ലാത്ത പെരുമാറ്റ ശൈലിയുമാണ്.

വേട്ടക്കാരന്‍ ചിന്തിച്ചതുപോലെ, നാം നല്ലവരാണെന്നു മറ്റുള്ളവര്‍ക്കു തോന്നുന്നതുകൊണ്ടുമാത്രം അവര്‍ നമ്മോടടുക്കുന്നുവെങ്കില്‍, നാം യഥാര്‍ഥത്തില്‍ നല്ലവരായാല്‍ എത്രയധികമായി മറ്റുള്ളവര്‍ നമ്മോടടുക്കും എന്നുള്ളതു നമ്മുടെ ഓര്‍മയിലിരിക്കട്ടെ. അതുവഴിയുണ്ടാകുന്ന സ്വാധീനവും അതിന്റെ ഫലങ്ങളും എത്ര മെച്ചമായിരിക്കും!
    
To send your comments, please clickhere