Jeevithavijayam
6/13/2021
    
വിളിക്കപ്പെടാതെ കടന്നുചെന്ന രാജ്ഞി
വിളിക്കപ്പെട്ടാലല്ലാതെ സേര്‍ക്‌സസ് രാജാവിന്റെ മുമ്പിലേക്കു കടന്നുചെല്ലാന്‍ ആര്‍ക്കും അനുവാദമില്ലായിരുന്നു. വിളിക്കപ്പെടാതെ ആരെങ്കിലും കടന്നുചെന്നാല്‍ ഉടന്‍ മരണമായിരുന്നു അതിനുള്ള ശിക്ഷ. രാജാവിന്റെ പ്രിയപത്‌നി എസ്‌തേറിനു പോലും ബാധകമായിരുന്നു ഈ നിയമം.

ബി.സി. 485നും 464നുമിടയ്ക്കുള്ള കാലഘട്ടത്തില്‍ പേര്‍ഷ്യാ സാമ്രാജ്യത്തിന്റെ അധിപതിയായിരുന്നു സേര്‍ക്‌സസ്. ആഫ്രിക്കയിലെ എത്യോപ്യ മുതല്‍ ഇന്ത്യയുടെ പശ്ചിമഭാഗംവരെ നീണ്ടുകിടക്കുന്ന പേര്‍ഷ്യന്‍ സാമ്രാജ്യം ആ കാലഘട്ടത്തില്‍ ഏറെ സമ്പദ് സമൃദ്ധമായിരുന്നു.

ഒരവസരത്തില്‍ രാജകൊട്ടാരത്തില്‍ കെങ്കേമമായ സദ്യയും മറ്റ് ആഘോഷങ്ങളും നടക്കുകയായിരുന്നു. സദ്യയ്ക്കിടയില്‍ വീഞ്ഞുകുടിച്ച് ഉന്മത്തനായ സേര്‍ക്‌സസ് രാജാവ് സേവകരെ വിളിച്ചു തന്റെ പ്രിയപത്‌നിയായ വഷ്റ്റിയോട് എത്രയുംവേഗം ആടയാഭരണങ്ങളണിഞ്ഞ് തന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ നിര്‍ദേശം നല്‍കി.

പക്ഷേ, രാജ്ഞി ആ കല്പന പാലിക്കാന്‍ കൂട്ടാക്കിയില്ല. ഇതില്‍ കുപിതനായ രാജാവ് വഷ്റ്റിയെ ഉപേക്ഷിച്ചു. വേറൊരാളെ തന്റെ പത്‌നിയായി സ്വീകരിക്കാന്‍ രാജാവുതീരുമാനിച്ചു. അങ്ങനെയാണ് തന്റെ രാജ്യത്തെമ്പാടുമുള്ള ഒട്ടേറെ യുവസുന്ദരികളില്‍നിന്ന് രാജാവ് എസ്‌തേറിനെ തെരഞ്ഞെടുത്തത്.

യഹുദ വംശത്തില്‍പ്പെട്ടവളായിരുന്നു എസ്‌തേര്‍. അവളെ വളര്‍ത്തിയ അമ്മാവനായ മൊര്‍ദേക്കായ് ആയിരുന്നു അവളെ സേര്‍ക്‌സസിന്റെ രാജ്ഞിയാക്കുന്നതിനു വേണ്ട ഒത്താശകളെല്ലാം ചെയ്തുകൊടുത്തത്. തന്മൂലം എസ്‌തേറിനു തന്റെ അമ്മാവനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടായിരുന്നു.

മൊര്‍ദേക്കായ്ക്ക് രാജകൊട്ടാരത്തില്‍ നല്ല പിടിപാടുണ്ടായിരുന്നെങ്കിലും രാജാവിന്റെ വലംകൈയും രാജ്യകാര്യങ്ങളുടെ നടത്തിപ്പുകാരനുമായിരുന്ന ഹാമാന് അദ്ദേഹത്തോടു കടുത്ത നീരസമായിരുന്നു. തന്നെ മൊര്‍ദേക്കായ് വേണ്ടവിധം ബഹുമാനിക്കുന്നില്ലെന്നായിരുന്നു ഹാമാന്റെ പരാതി.

മൊര്‍ദേക്കായ് ഒരു രീതിയിലും തന്റെ പിടിയില്‍ നില്‍ക്കുന്നില്ലെന്നു കണ്ടപ്പോള്‍ അയാളെയും പേര്‍ഷ്യന്‍ സാമ്രാജ്യത്തിലുള്ള അയാളുടെ വംശം മുഴുവനെയും ഉന്മൂലനാശം ചെയ്യുന്നതിനു ഹാമാന്‍ ഒരു കുടിലപദ്ധതി തയാറാക്കി.

യഹൂദരെല്ലാം രാജാവിനെതിരാണെന്നും അവരെ നശിപ്പിച്ചാലേ സാമ്രാജ്യം നിലനില്‍ക്കുകയുള്ളൂവെന്നും മറ്റും പറഞ്ഞ് യഹൂദരെ ഒന്നടങ്കം കൊല്ലാനുള്ള അനുവാദം ഹാമാന്‍ സംഘടിപ്പിച്ചു. ഈ വിവരമറിഞ്ഞ മൊര്‍ദേക്കായ് എസ്‌തേറിന് ആളയച്ചു പറഞ്ഞു:

''നീ പോയി രാജാവിനോടു സംസാരിക്കുക. ഹാമാന്റെ തന്ത്രത്തില്‍നിന്ന് എന്നെയും മുഴുവന്‍ യഹൂദരെയും രക്ഷിക്കുക.

അപ്പോള്‍ എസ്‌തേര്‍ പറഞ്ഞു: കഴിഞ്ഞ മുപ്പതുദിവസമായി ഞാന്‍ രാജാവിന്റെ മുഖം കണ്ടിട്ടില്ല. വിളിക്കാതെ അദ്ദേഹത്തെ സമീപിച്ചാല്‍ മരണമായിരിക്കും ഫലം.

ദുതന്‍വഴി ഈ മറുപടി മൊര്‍ദേക്കായ് കേട്ടപ്പോള്‍ അദ്ദേഹം വീണ്ടും എസ്‌തേറിന് ആളയച്ചു. തന്നെയും തന്റെ കൂട്ടരെ മുഴുവനെയും രക്ഷിക്കാന്‍ എസ്‌തേറിനോടു വീണ്ടും അഭ്യര്‍ഥിച്ചു. അപ്പോള്‍ എസ്‌തേര്‍ പറഞ്ഞു: ''നിയമത്തിനു വിരുദ്ധമാണെങ്കിലും ഞാന്‍ രാജാവിന്റെ സന്നിധിയില്‍ പോയി അദ്ദേഹത്തോടു സംസാരിക്കും. ഈ യത്‌നത്തില്‍ ഞാന്‍ മരിക്കുകയാണെങ്കില്‍ മരിച്ചുകൊള്ളട്ടെ.''


ഇത്രയും പറഞ്ഞതിനുശേഷം എസ്‌തേര്‍ ഉടനേ ഉപവാസവും പ്രാര്‍ഥനയും തുടങ്ങി. മൂന്നുദിവസം നീണ്ടുനിന്ന ഉപവാസത്തിനിടയില്‍ എസ്‌തേര്‍ ഇപ്രകാരം ദൈവത്തോടു പ്രാര്‍ഥിച്ചു:

എന്റെ ദൈവമേ, എന്നെ സഹായിക്കണേ. ഞാനിപ്പോള്‍ ഏകയാണ്. എന്നെ സഹായിക്കാന്‍ അങ്ങല്ലാതെ ആരുമില്ല. ഞാന്‍ എന്റെ ജീവന്‍ കൈയിലെടുക്കാന്‍ പോകുകയാണ്. ദുഷ്ടരുടെ കരങ്ങളില്‍നിന്നു ഞങ്ങളെ രക്ഷിക്കണേ. എന്റെ ഭയത്തില്‍നിന്ന് എന്നെ മോചിപ്പിക്കണേ.

ഉപവാസത്തിനും പ്രാര്‍ഥനയ്ക്കും ശേഷം പട്ടുവസ്ത്രങ്ങളും സ്വര്‍ണാഭരണങ്ങളുമണിഞ്ഞ് എസ്‌തേര്‍ രണ്ടു പരിചാരികമാരുടെ അകമ്പടിയോടെ, വിളിക്കപ്പെടാതെതന്നെ രാജസന്നിധിയില്‍ പ്രവേശിച്ചു. എസ്‌തേറിനെ കണ്ട രാജാവ് ആശ്ചര്യപൂര്‍വം എസ്‌തേറിനെ സമീപിച്ചു തന്റെ കൈകളില്‍ കോരിയെടുത്തു കാര്യമെന്തെന്നു തിരക്കി. അപ്പോള്‍ രാജാവുപോലും എസ്‌തേര്‍ രാജകല്പന ലംഘിക്കുകയാണെന്ന കാര്യം മറന്നുപോയി!

എസ്‌തേറിന്റെ നീണ്ട കഥ ചുരുക്കട്ടെ: അന്നു ദൈവാനുഗ്രഹത്താല്‍ രാജാവിന്റെ മനംകവര്‍ന്ന എസ്‌തേര്‍ സാവധാനം ഹാമാന്റെ കുടിലപദ്ധതി രാജാവിനെ ധരിപ്പിച്ചു. സത്യം മനസിലാക്കിയ രാജാവ് ഹാമാനെ തൂക്കിലിടാന്‍ വിധിക്കുകയും മൊര്‍ദേക്കായിയെയും മറ്റു യഹൂദരെയും രക്ഷിക്കുകയും ചെയ്തു.

ബൈബിളിലെ എസ്‌തേറിന്റെ പുസ്തകത്തില്‍ എസ്‌തേര്‍ രാജ്ഞിയുടെ കഥ നാം വായിക്കുമ്പോള്‍ അവരുടെ ദൈവവിശ്വാസവും ദൈവത്തിലുള്ള ശരണവും നമ്മെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും. രാജകൊട്ടാരത്തിലെ സൗഭാഗ്യങ്ങള്‍ക്കിടയിലും ദൈവത്തെ മറക്കാതെ അവിടുന്നില്‍ എപ്പോഴും ആശ്രയിച്ചു ജീവിച്ചവളായിരുന്നു എസ്‌തേര്‍. തന്മൂലമാണ് തന്റെ ജീവന്‍പോലും നഷ്ടപ്പെട്ടേക്കാമെന്ന അവസ്ഥയിലും ഭയപ്പെടാതെ ദൈവത്തില്‍ പൂര്‍ണമായും ആശ്രയിച്ചുകൊണ്ട് എസ്‌തേര്‍ മുന്നോട്ടുപോയത്. ദൈവത്തിലുള്ള വിശ്വാസവും അവിടുന്ന് എപ്പോഴും തന്റെ രക്ഷയ്ക്ക് വരുമെന്നുള്ള ബോധ്യവും ജീവിതത്തിലെ കടുത്ത പ്രതിസന്ധിയിലും എസ്‌തേറിനു ധൈര്യവും ആശ്വാസവും നല്‍കി. അതുപോലെ, ദൈവാനുഗ്രഹം തന്നിലേക്ക് കടന്നുവരാനുള്ള വഴിയൊരുക്കാന്‍ അവള്‍ കുടുതല്‍ സമയം പ്രാര്‍ഥനയ്ക്കും ഉപവാസത്തിനുമായി മാറ്റിവച്ചു.

എസ്‌തേര്‍ അഭിമുഖീകരിച്ചതു പോലെയുള്ള പ്രതിസന്ധികളില്ലെങ്കിലും ഒട്ടേറെ പ്രതിസന്ധികള്‍ നാമും നമ്മുടെ ജീവിതത്തില്‍ നേരിടാറുണ്ട്. എന്നാല്‍, പ്രതിസന്ധികള്‍ അഭിമുഖീകരിക്കുമ്പോള്‍ എത്രയോ വൈകിമാത്രമാണ് പലപ്പോഴും നാം ദൈവത്തില്‍ അഭയം തേടുന്നത്! ഒരു പക്ഷേ, പ്രശ്‌നപരിഹാരത്തിന് മറ്റുമാര്‍ഗങ്ങള്‍ ഒന്നുമില്ലെന്നു കാണുമ്പോഴല്ലേ നാം ദൈവത്തിലേക്ക് സഹായത്തിനായി തിരിയാറുള്ളത്? പക്ഷേ, അങ്ങനെ ദൈവത്തിലേക്കു തിരിയുമ്പോഴും നമ്മുടെ വിശ്വാസവും ദൈവത്തിലുള്ള ശരണവുമൊക്കെ എത്ര ബലഹീനമാണ്!

എസ്‌തേര്‍ രാജ്ഞി വിശ്വസിക്കുകയും സ്വജീവിതത്തില്‍ മനസിലാക്കുകയും ചെയ്തതുപോലെ, തന്നിലാശ്രയിക്കുന്നവരെ ഒരിക്കലും കൈവിടാത്തവനാണ് സ്‌നേഹനിധിയായ നമ്മുടെ ദൈവം. ഈ ബോധ്യത്തോടെ എപ്പോഴും നമുക്ക് ദൈവത്തിന്റെ പക്കലേക്കു കണ്ണുകള്‍ ഉയര്‍ത്താം. അവിടുന്നു നമ്മെ സ്‌നേഹപൂര്‍വം തന്റെ കരവലയത്തിനുള്ളില്‍ കാത്തുകൊള്ളും.
    
To send your comments, please clickhere