Jeevithavijayam
6/24/2022
    
ഉറങ്ങുമ്പോഴും പ്രാര്‍ഥിക്കുന്നവര്‍
നാലാം നൂറ്റാണ്ടിന്റെ ആദ്യപാദം. ഈജിപ്തിലും പാലസ്റ്റൈനിലും സിറിയയിലും താപസര്‍ തനിച്ചും കൂട്ടമായും പ്രാര്‍ഥനയിലും തപസിലും ചെലവഴിക്കുന്ന കാലഘട്ടം. അന്നൊക്കെ മണലാരണ്യങ്ങളില്‍ താപസജീവിതം നയിച്ചിരുന്നവര്‍ പുറംലോകത്തും അറിയപ്പെട്ടിരുന്നു.

ഈജിപ്തിലെ മണലാരണ്യത്തില്‍ താപസജീവിതം നയിച്ചിരുന്നവരില്‍ പ്രമുഖനായ ഒരാള്‍ ലൂഷ്യസ് ആയിരുന്നു. അദ്ദേഹത്തിന്റെ വിശുദ്ധിയെക്കുറിച്ച് കേട്ടറിയാനിടയായ ഒട്ടേറെയാളുകള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുക പതിവായിരുന്നു. ഒരിക്കല്‍ ഒരു പ്രത്യേക സന്ന്യാസവിഭാഗത്തില്‍പ്പെട്ട കുറേയാളുകള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തി. മുഴുവന്‍ സമയവും പ്രാര്‍ഥിക്കാനെന്ന പേരില്‍ കായികാധ്വാനം ചെയ്യാന്‍ വിസമ്മതിച്ചിരുന്ന മെസേലിയന്‍സ് എന്ന ഗ്രൂപ്പില്‍പ്പെട്ടവരായിരുന്നു അവര്‍.

സന്ദര്‍ശനത്തിനിടയില്‍ ലൂഷ്യസ് അവരോടു ചോദിച്ചു: ''നിങ്ങള്‍ എന്തു ജോലിയാണു ചെയ്യുന്നത്? അപ്പോള്‍ അവര്‍ പറഞ്ഞു: ''ഞങ്ങള്‍ ഒരു ജോലിയും ചെയ്യാറില്ല. ഇടവിടാതെ പ്രാര്‍ഥിക്കാനാണു പൗലോസ് അപ്പസ്‌തോലന്‍ പഠിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പഠനം സ്വീകരിച്ച് ഒരു ജോലിപോലും ചെയ്യാതെ ഞങ്ങള്‍ പ്രാര്‍ഥിക്കുകയാണ്.

ലൂഷ്യസ് ചോദിച്ചു: ''നിങ്ങള്‍ ഭക്ഷണം കഴിക്കുമ്പോള്‍ ആ സമയം മുഴുവന്‍ നിങ്ങള്‍ പ്രാര്‍ഥിക്കുന്നുണേ്ടാ?'' അവരുടെ മറുപടി മൗനത്തിലൊതുങ്ങി. അപ്പോള്‍ ലൂഷ്യസ് വീണ്ടും ചോദിച്ചു:''നിങ്ങള്‍ ഉറങ്ങുമ്പോള്‍ നിങ്ങള്‍ പ്രാര്‍ഥിക്കുന്നുണേ്ടാ?'' ഇത്തവണ അവര്‍ പറഞ്ഞു: ''ഇല്ല.

ഉടനേ ലൂഷ്യസ് പറഞ്ഞു: ''ഞാന്‍ പറയുന്നതു നിങ്ങള്‍ ക്ഷമിക്കുക. നിങ്ങള്‍ എപ്പോഴും പ്രാര്‍ഥിക്കുന്നുവെന്നു പറഞ്ഞിട്ട് അതു ശരിയല്ലല്ലോ. നിങ്ങള്‍ ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുമ്പോഴുമൊന്നും നിങ്ങള്‍ പ്രാര്‍ഥിക്കുന്നില്ല. അതുപോലെ, ആരെങ്കിലും നിങ്ങളുടെ പേരില്‍ ആ സമയത്തു പ്രാര്‍ഥിക്കുന്നുമില്ല.

ഇത്രയും പറഞ്ഞിട്ട് അവരുടെ പ്രതികരണത്തിനായി അദ്ദേഹം കാത്തിരുന്നു. പക്ഷേ, ആരും ഒന്നും പറഞ്ഞില്ല. അപ്പോള്‍ അദ്ദേഹം തുടര്‍ന്നു: ''ഞാന്‍ എന്റെ ജോലി ചെയ്യുമ്പോഴും ആ സമയം മുഴുവനും ഞാന്‍ ഇടവിടാതെ പ്രാര്‍ഥിക്കുന്നുണ്ട്. ഞാന്‍ കാട്ടില്‍ വിറകുപെറുക്കുകയാണെന്നു കരുതുക. ഞാന്‍ കാട്ടില്‍നിന്ന് ഓരോ ചുള്ളിക്കൊമ്പു പെറുക്കിയെടുക്കുമ്പോഴും 'ദൈവമേ, എന്നോടു കരുണതോന്നണേ' എന്നു ഞാന്‍ പറയും. ഇതു പ്രാര്‍ഥനയല്ലേ?

അല്ലെന്നു പറയാന്‍ അവരുടെ ആരുടെയും നാവു പൊന്തിയില്ല. അപ്പോള്‍ അദ്ദേഹം തുടര്‍ന്നു: ''ഞാന്‍ ദിവസംമുഴുവന്‍ പ്രാര്‍ഥിച്ചുകൊണ്ട് എന്തെങ്കിലും ജോലി ചെയ്യും. അങ്ങനെ ജോലി ചെയ്തു സമ്പാദിക്കുന്ന തുകയുടെ നല്ലൊരുഭാഗം എന്റെ ആവശ്യങ്ങള്‍ക്കായി ഞാന്‍ ചെലവഴിക്കും. ബാക്കിവരുന്ന തുക ഞാന്‍ പാവങ്ങള്‍ക്കു നല്‍കും. അപ്പോള്‍ എന്താണ് സംഭവിക്കുന്നത്?

അവരുടെ പ്രതികരണത്തിനു കാത്തുനില്‍ക്കാതെ ലൂഷ്യസ് തുടര്‍ന്നു: ''പാവങ്ങള്‍ക്കു ഞാന്‍ ദാനം ചെയ്യുമ്പോള്‍ അവര്‍ എന്നെ ഓര്‍മിച്ചു ദൈവത്തിനു നന്ദിപറയും. ഞാന്‍ ഉറങ്ങുമ്പോഴും അവര്‍ എനിക്കുവേണ്ടി പ്രാര്‍ഥിക്കുന്നുണ്ടാവും എന്നു ചുരുക്കം. ഇടവിടാതെ പ്രാര്‍ഥിക്കണം എന്ന കല്പന ഞാന്‍ നിറവേറ്റുന്നത് ഇപ്രകാരമാണ്.

ഇടവിടാതെ പ്രാര്‍ഥിക്കുക എന്നു പൗലോസ് അപ്പസ്‌തോലന്‍ പഠിപ്പിച്ചിട്ടുണ്ട് (1 തെസ: 5, 17). ഈ കല്പന എപ്രകാരം പാലിക്കാന്‍ സാധിക്കുമെന്നാണ് ലൂഷ്യസ്, മെസേലിയന്‍സിനെ പഠിപ്പിച്ചത്.


ജോലി ചെയ്യാതെ മുഴുവന്‍ സമയവും പ്രാര്‍ഥനയില്‍ ചെലവഴിച്ച് അപ്പസ്‌തോലന്റെ കല്പന നിറവേറ്റാനാണ് മെസേലിയന്‍സ് ഗ്രൂപ്പില്‍പ്പെട്ടവര്‍ പരിശ്രമിച്ചത്. പക്ഷേ, അത് അസാധ്യമാണെന്ന് ലൂഷ്യസ് തെളിയിച്ചു. അതോടൊപ്പം, ജോലി ചെയ്തുകൊണ്ട് അപ്പസ്‌തോലന്റെ കല്പന നിറവേറ്റാനാകുമെന്ന് അദ്ദേഹം കാണിച്ചുകൊടുക്കുകയും ചെയ്തു.

ഇടവിടാതെ പ്രാര്‍ഥിക്കണമെങ്കില്‍ നമുക്കു മറ്റുള്ളവരുടെ സഹായം വേണമെന്നാണു ലൂഷ്യസിന്റെ അഭിപ്രായം. അതായത്, നമ്മുടെ പ്രാര്‍ഥന നിരന്തരമായുള്ള പ്രാര്‍ഥനയായി മാറണമെങ്കില്‍ നമ്മുടെ സഹോദരരുടെ സഹായം നമുക്കുവേണം.

നാം ഉറങ്ങുമ്പോള്‍ നമുക്കായി പ്രാര്‍ഥിക്കാന്‍ ആളുണെ്ടങ്കില്‍ അതു നമ്മുടെതന്നെ പ്രാര്‍ഥനയായി കരുതുന്നതില്‍ തെറ്റില്ല. കാരണം, നമ്മുടെ പേരിലാണ് മറ്റാളുകള്‍ ദൈവസന്നിധിയിലേക്ക് തങ്ങളുടെ കണ്ണും മനസും ഉയര്‍ത്തുന്നത്.

നാം പലപ്പോഴും മറ്റുള്ളവരുടെ പ്രാര്‍ഥനാസഹായം തേടാറില്ലേ? അങ്ങനെ നാം ചെയ്യുന്നതിന്റെ അര്‍ഥമെന്താണ്? നമ്മുടെ പേരില്‍ മറ്റുള്ളവര്‍ പ്രാര്‍ഥിക്കണമെന്നതല്ലേ ഇതിന്റെ അര്‍ഥം?

ലൂഷ്യസ് താന്‍ ഉറങ്ങുമ്പോഴും തന്റെ പേരിലുള്ള പ്രാര്‍ഥനയ്ക്കു വിഘ്‌നം വരാതിരിക്കാന്‍ മറ്റുള്ളവരുടെ സഹായം തേടി. അദ്ദേഹം ആ സഹായം മറ്റുള്ളവരില്‍നിന്ന് സ്വീകരിച്ചത് അവരെ സഹായിച്ചുകൊണ്ടായിരുന്നു.

പാവങ്ങള്‍ക്കു ലൂഷ്യസ് അവരുടെ ആഹാരത്തിനുള്ള വക ദാനം ചെയ്തപ്പോള്‍ അതുവഴിയായി പരോപകാരം ചെയ്യുക മാത്രമല്ല ചെയ്തത്. പ്രത്യുത, ആ നല്ല പ്രവൃത്തിവഴി തന്റെ പേര് ഓര്‍മിച്ചുകൊണ്ടു ദൈവത്തിനു നന്ദി പറയാനുള്ള അവസരം അദ്ദേഹം ആ പാവങ്ങള്‍ക്കു സൃഷ്ടിച്ചുകൊടുക്കുകയും ചെയ്തു. പൗലോസ് അപ്പസ്‌തോലന്‍ പഠിപ്പിച്ചിട്ടുള്ളതുപോലെ ഇടവിടാതെ പ്രാര്‍ഥിക്കാന്‍ കടപ്പെട്ടവരാണു നാം. അങ്ങനെ ഇടവിടാതെ നാം പ്രാര്‍ഥിച്ചെങ്കില്‍ മാത്രമേ നമ്മുടെ ജീവിതം ദൈവം ആഗ്രഹിക്കുന്നരീതിയില്‍ സമ്പന്നവും സംതൃപ്തവുമാകൂ.

എന്നാല്‍, ഇടവിടാതെ പ്രാര്‍ഥിക്കുക അത്ര എളുപ്പമല്ല എന്നു നമുക്കറിയാം. ജീവിതത്തിലെ വ്യഗ്രതകള്‍ക്കിടയില്‍പ്പെട്ട് പ്രാര്‍ഥിക്കാന്‍തന്നെ മറന്നുപോകുന്നവരാണ് നാം. അങ്ങനെയുള്ള നമുക്ക് ഇടവിടാതെ പ്രാര്‍ഥിച്ചുവെന്ന് ഉറപ്പുവരുത്താനുള്ള ഒരു എളുപ്പവഴിയാണ് ലൂഷ്യസ് കാണിച്ചുതന്നത്.

നമ്മുടെ സഹോദരങ്ങളെ, പ്രത്യേകിച്ച് ദരിദ്രരും ആലംബഹീനരുമായ സഹോദരങ്ങളെ, നമ്മുടെ പ്രാര്‍ഥനാജീവിതത്തിലേക്കു കൂട്ടിക്കൊണ്ടുവരാനാണ് ലൂഷ്യസ് പഠിപ്പിക്കുന്നത്. നാം നമ്മുടെ സഹോദരങ്ങളെ സഹായിക്കുന്നതുവഴിയാണ് അവരുടെ സഹായം നമ്മുടെ പ്രാര്‍ഥനാ ജീവിതത്തിന് കിട്ടുന്നത്. അതായത്, നാം മറ്റുള്ളവരെ സഹായിക്കുമ്പോള്‍ അവരുടെ ഹൃദയത്തില്‍നിന്ന് ദൈവതിരുമുമ്പിലേക്ക് ഉയരുന്ന പ്രാര്‍ഥനയും നന്ദിയും നമ്മുടെ പ്രാര്‍ഥനയ്ക്കു തുല്യമാണെന്നു ചുരുക്കം.

നമുക്ക് ഇടവിടാതെ പ്രാര്‍ഥിക്കാം. അതും മറ്റുള്ളവരുടെ സഹായത്തോടുകൂടി ഇടവിടാതെ പ്രാര്‍ഥിക്കാം. അപ്പോള്‍ നമ്മുടെ ജീവിതം തികച്ചും ധന്യവും സംതൃപ്തവുമാകും.
    
To send your comments, please clickhere