Jeevithavijayam
3/25/2023
    
ഉള്ളില്‍ ഒളിച്ചിരിക്കുന്ന കാട്ടാളന്‍
ജന്മനാ ബ്രാഹ്മണന്‍; കര്‍മണാ കാട്ടാളന്‍ അതായിരുന്നു ഗൗതമന്‍. ഗൗതമന്റെ മാതാപിതാക്കള്‍ നല്ലവരായിരുന്നു. പക്ഷേ, അവരുടെ ശിക്ഷണത്തില്‍ നില്‍ക്കാന്‍ ഗൗതമന്‍ തയാറായില്ല. അയാള്‍ മാതാപിതാക്കളെ ഉപേക്ഷിച്ചു കാട്ടാളന്മാരുടെ ഗണത്തില്‍ ചേര്‍ന്നു. അയാള്‍ ഒരു കാട്ടാളസ്ത്രീയെ വിവാഹവും കഴിച്ചു. താമസവും അവരോടൊപ്പമായി.

ഒരിക്കല്‍ ഒരു ബ്രാഹ്മണയുവാവ് യാത്രാമധ്യേ ഗൗതമന്റെ ഭവനത്തിലെത്താന്‍ ഇടയായി. അപ്പോള്‍ പക്ഷിമൃഗാദികളെ വേട്ടയാടിയശേഷം ഗൗതമനും അവിടെയെത്തി. ഗൗതമനെ കണ്ടാല്‍ ശരിക്കും ഒരു കാട്ടാളനാണെന്ന് അപ്പോള്‍ തോന്നുമായിരുന്നു. എന്നാല്‍ ഗൗതമന്‍ ബ്രാഹ്മണനായി ജനിച്ചയാളാണെന്ന് സംസാരത്തിനിടെ ആഗതനു മനസിലായി.

ഗൗതമന്‍ കാട്ടാളമാര്‍ഗം ഉപേക്ഷിക്കണമെന്ന് അയാള്‍ ഉപദേശിച്ചു. കാട്ടാളന്മാരുടെ ജീവിതരീതിയല്ല ഗൗതമനു ചേര്‍ന്നതെന്നും അയാള്‍ ഓര്‍മപ്പെടുത്തി.

പിറ്റേദിവസം ആ ബ്രാഹ്മണ യുവാവ് യാത്രപറഞ്ഞു പിരിഞ്ഞപ്പോള്‍ ഗൗതമന്‍ ആലോചനാ നിമഗ്‌നനായി. താന്‍ തെരഞ്ഞെടുത്ത പാത തെറ്റാണെന്നു ഗൗതമനു തോന്നി. പിന്നെ, അധികമൊന്നും ആലോചിച്ചുനില്‍ക്കാതെ അയാള്‍ കാട്ടാളജീവിതം ഉപേക്ഷിച്ച് യാത്രയായി.

എങ്ങോട്ടു പോകണമെന്നോ എന്തു ചെയ്യണമെന്നോ ഗൗതമന് അറിയില്ലായിരുന്നു. തന്മൂലം യാത്രയ്ക്കിടെ കണ്ടുമുട്ടിയ ചില വ്യാപാരികളോട് അയാള്‍ സംഘംചേര്‍ന്നു. എന്നാല്‍ വഴിമധ്യേ കാട്ടാനയുടെ ആക്രമണമുണ്ടായപ്പോള്‍ അവരില്‍ പലരും കൊല്ലപ്പെട്ടു.

ഗൗതമന്‍ ജീവനുംകൊണ്ടോടി രക്ഷപ്പെട്ടു. ഓടിത്തളര്‍ന്ന ഗൗതമന്‍ വഴിയരികിലുണ്ടായിരുന്ന ഒരു ആല്‍ത്തറയില്‍ വിശ്രമിക്കാനിരുന്നു. അപ്പോള്‍ നാഡീജംഘന്‍ എന്ന ഗരുഡന്‍ അയാളുടെ അരികില്‍ പറന്നെത്തി. ആ ആല്‍മരത്തില്‍ വസിച്ചിരുന്ന നാഡിജംഘന്‍ ആതിഥ്യമര്യാദയനുസരിച്ച് എത്തിയതായിരുന്നു.

ഗരുഡനെ അടുത്തുകണ്ടപ്പോള്‍ ഗൗതമന്‍ അതിനെ പിടിച്ചു ഭക്ഷണമാക്കാന്‍ ശ്രമിച്ചു. പക്ഷേ, ഗരുഡന്‍ തെന്നിമാറി. എങ്കിലും പെട്ടെന്നുതന്നെ ഗരുഡന്‍ ഗൗതമനു ഭക്ഷണസാധനങ്ങളെത്തിച്ചുകൊടുത്തു. തന്റെ അതിഥി ഒരു കാട്ടാളനാണെങ്കില്‍പോലും അയാളെ സല്‍ക്കരിക്കേണ്ടതു തന്റെ കടമയാണെന്നു ഗരുഡന്‍ കരുതി.

ഗൗതമന്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഗരുഡന്‍ അയാളോട് വിശേഷങ്ങള്‍ തിരക്കി. അപ്പോള്‍ താനൊരു പരമദരിദ്രനാണെന്നും എങ്ങനെയെങ്കിലും കുറേ പണം സമ്പാദിക്കാനായി ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്നും അയാള്‍ പറഞ്ഞു. കരുണ തോന്നിയ ഗരുഡന്‍ അയാളെ സഹായിക്കാമെന്ന് ഉറപ്പുകൊടുത്തു.

അന്നു രാത്രി സ്വസ്ഥമായി ഉറങ്ങാന്‍ ഗരുഡന്‍ ഗൗതമനെ സഹായിച്ചു. ഗരുഡന്‍ തന്റെ ചിറകുകള്‍ വീശി അയാളുടെ ഉഷ്ണവും ക്ഷീണവും അകറ്റി. പിറ്റേന്നു ഗരുഡന്‍ തന്റെ സ്‌നേഹിതനായ വിരൂപാക്ഷന്‍ എന്ന രാക്ഷസരാജാവിന്റെ അരികിലേക്കു ഗൗതമനെ കൊണ്ടുപോയി. വിരൂപാക്ഷന്‍ വലിയ സമ്പന്നനായിരുന്നു. ഗരുഡന്റെ അഭ്യര്‍ഥന മാനിച്ച് വിരൂപാക്ഷന്‍ ഗൗതമന് ധാരാളം സ്വര്‍ണം സംഭാവനചെയ്തു.

വിരൂപാക്ഷന്‍ നല്‍കിയ സ്വര്‍ണവും വാങ്ങി ഗൗതമന്‍ വീണ്ടും പഴയ ആല്‍ത്തറയില്‍ മടങ്ങിയെത്തി. അപ്പോള്‍ ഗരുഡനും അവിടെ പറന്നെത്തി. അപ്പോള്‍ ഗരുഡന്‍ ചെയ്ത സേവനത്തിനു നന്ദി പറയുന്നതിനു പകരം അതിനെ എങ്ങനെ കൊന്നു തിന്നാമെന്നാണ് ഗൗതമന്‍ ചിന്തിച്ചത്. ഒരു ആത്മാര്‍ഥ സുഹൃത്തിനെ വീണ്ടും കണ്ടാലെന്നപോലെ സ്‌നേഹപൂര്‍വം ഗരുഡന്‍ ഗൗതമന്റെ അരികില്‍ പറന്നെത്തിയപ്പോള്‍ അയാള്‍ ആ പക്ഷിയെ പിടിച്ച് ഞെരിച്ചുകൊന്ന് ആഹാരമാക്കി.

പുരാണത്തില്‍ പറയുന്ന ഈ കഥ വായിക്കുമ്പോള്‍ ഇങ്ങനെയും മനുഷ്യരുണ്ടോ എന്നു നാം അദ്ഭുതപ്പെട്ടേക്കാം. പക്ഷേ, ഈ കഥ യാഥാര്‍ഥ്യത്തില്‍നിന്ന് അത്രയേറെ അകലെയല്ലെന്നതല്ലേ വസ്തുത?

സ്‌നേഹത്തിനു പ്രതിസ്‌നേഹം കാണിക്കുകയോ സേവനത്തിനു നന്ദി പറയുകയോ ചെയ്യുന്നതിനു പകരം സ്‌നേഹവും സേവനവും കാഴ്ചവച്ച വ്യക്തിയെ താറടിക്കുകയോ അല്ലെങ്കില്‍ നശിപ്പിക്കുകതന്നെയോ ചെയ്യുന്ന സംഭവങ്ങള്‍ക്ക് അനുദിന ജീവിതത്തില്‍ നാമും സാക്ഷികളല്ലേ?


ജനിച്ചതു ബ്രാഹ്മണനായിട്ടാണെങ്കിലും കാട്ടാളസ്വഭാവത്തിന് ഉടമയായിത്തീര്‍ന്നവനാണ് ഗൗതമന്‍. അതുകൊണ്ടല്ലേ തന്നെ ശുശ്രൂഷിക്കുകയും തനിക്കു സമ്പത്ത് നേടിത്തരികയും ചെയ്ത ഗരുഡനെത്തന്നെ അയാള്‍ കൊന്നു തിന്നത്. അങ്ങനെ ചെയ്തതിനെക്കുറിച്ച് അയാള്‍ക്ക് പശ്ചാത്താപമുണ്ടായോ? അതുമില്ല. അത്രമാത്രം ദുഷ്ടനായിരുന്നു അയാള്‍.

ഗൗതമനെപ്പോലെയുള്ള ദുഷ്ടന്മാര്‍ അധികം കാണുകയില്ല നമ്മുടെയിടയില്‍. എന്നാല്‍ ആത്മാര്‍ഥ സുഹൃത്തുക്കള്‍ തമ്മില്‍ കത്തിക്കുത്തും രക്തബന്ധമുള്ളവര്‍ തമ്മില്‍പോലും ചോരചൊരിച്ചിലും നടക്കുന്നതു കാണുമ്പോള്‍ ഗൗതമന്മാരുടെ എണ്ണം തീരെക്കുറവല്ലെന്നു സമ്മതിച്ചേ മതിയാകൂ.

നമ്മുടെയൊക്കെ കുടുംബങ്ങളില്‍ എത്രയോ പേര്‍ സ്വയം മറന്നു മറ്റുള്ളവരെ സ്‌നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നു. പക്ഷേ, അങ്ങനെയുള്ള എല്ലാവര്‍ക്കും പ്രതിസ്‌നേഹവും നന്ദിയും ലഭിക്കാറുണ്ടോ?

അപൂര്‍വമായിട്ടാണെങ്കില്‍പോലും സ്‌നേഹത്തിനും ശുശ്രൂഷയ്ക്കും പ്രതിഫലമായി പരിഹാസവും പീഡനവുമല്ലേ നമ്മുടെ കുടുംബാംഗങ്ങളില്‍ ചിലര്‍ക്കെങ്കിലും ലഭിക്കാറുള്ളത്.

മറ്റുള്ളവര്‍ നമ്മോടു കാണിക്കുന്ന സ്‌നേഹവും അവര്‍ നമുക്കു ചെയ്യുന്ന സേവനവും കണ്ടില്ലെന്നു നടിക്കുന്ന പ്രവണത നമ്മില്‍ ചിലര്‍ക്കെങ്കിലുമില്ലേ? ഒരുപക്ഷേ അവയെല്ലാം നമുക്കവകാശപ്പെട്ടതാണ് എന്നാവാം നമ്മുടെ വിചാരം.

എന്നാല്‍ നാം മറ്റുള്ളവരുടെ സ്‌നേഹത്തിനു പ്രതിസ്‌നേഹവും അവരുടെ സേവനത്തിനു നന്ദിയും പ്രകടിപ്പിക്കാത്തപ്പോള്‍ നാം മനുഷ്യത്വത്തില്‍നിന്ന് അകലുകയല്ലേ ചെയ്യുന്നത്?

ഇനി, ഗൗതമന്റെയും ഗരുഡന്റെയും കഥയിലേക്കു മടങ്ങിവരട്ടെ. ഗൗതമന്‍ ഗരുഡനെ കൊന്ന് ഭക്ഷിച്ചപ്പോള്‍ ആ വിവരം വിരൂപാക്ഷന്റെ ചെവിയിലെത്തി. അയാള്‍ തന്റെ കിങ്കരന്മാരെ അയച്ച് ഗൗതമനെ പിടിച്ചുകെട്ടി ആയിരം കഷണങ്ങളാക്കി വെട്ടിനുറുക്കി. അതിനുശേഷം ഗരുഡന്റെ അവശിഷ്ടങ്ങളായ തൂവലും മറ്റും ചിതയില്‍ ദഹിപ്പിച്ച് ഗരുഡനോട് ആദരവ് പ്രകടിപ്പിച്ചു. അപ്പോള്‍ ദേവന്മാരുടെ പശുവായ സുരഭി ഗരുഡന്റെ ചിതയില്‍ പാല്‍ തളിച്ച് ഗരുഡന് പുതുജീവന്‍ നല്‍കി.

ചിതയില്‍നിന്നു വീണ്ടും ജീവന്‍ പ്രാപിച്ച ഗരുഡന് ഗൗതമന്‍ കൊല്ലപ്പെട്ടതറിഞ്ഞു ദുഃഖം തോന്നി. ഉടനേ ഗൗതമനും പുതുജീവന്‍ നല്‍കണമെന്ന് ഗരുഡന്‍ സുരഭിയോട് യാചിച്ചു. അങ്ങനെ ഗൗതമനും പുതുജീവന്‍ ലഭിച്ചു. ഗൗതമനെ വീണ്ടും കാണാനിടയായപ്പോള്‍ ഗരുഡന്‍ വളരെയധികം സന്തോഷിച്ചു. സന്തോഷസൂചകമായി ഗരുഡന്‍ ഗൗതമനു വീണ്ടും സ്വര്‍ണം നല്‍കി പറഞ്ഞയച്ചു.

പക്ഷേ, നവജീവന്‍ ലഭിച്ച ഗൗതമന്‍ വീണ്ടും എന്താണു ചെയ്തത്? അയാള്‍ വീണ്ടും പോയി ഘോരപാപങ്ങള്‍ ചെയ്ത് നരകത്തിനവകാശിയായി! ഗരുഡന്‍ ഗൗതമനോടു ക്ഷമിക്കുകയും അയാള്‍ക്കു നവജീവനുണ്ടാകാന്‍ പ്രാര്‍ഥിക്കുകയും ചെയ്തില്ലേ? അങ്ങനെ ചെയ്യുന്നവരായ മനുഷ്യരും ഈ ഭൂമിയിലുണ്ടെന്നതു സത്യമാണ്. തങ്ങളോടു തെറ്റുചെയ്താലും അതെല്ലാം ക്ഷമിക്കുകയും മറക്കുകയും ചെയ്യുന്ന ദൈവികചൈതന്യം നിറഞ്ഞ മനുഷ്യരാണവര്‍.

എന്നാല്‍, ഗൗതമനെപ്പോലെ നന്നായി ജീവിക്കാന്‍ പുതിയൊരവസരം ലഭിക്കുമ്പോള്‍ അതും കളഞ്ഞുകുളിച്ചു ജീവിതം തകര്‍ക്കുന്നവര്‍ അത്ര ചുരുക്കമാണോ? ഒരുപക്ഷേ, ചെറിയ തോതിലാണെങ്കില്‍പ്പോലും നമ്മിലും ഈ പ്രവണത കണ്ടെന്നുവന്നേക്കാം. കാട്ടാളന്മാരായിത്തീരാനല്ല നാം ജനിച്ചിരിക്കുന്നത്. പ്രത്യുത, നന്മചെയ്ത് നല്ലവരായി ജീവിക്കാനാണ് എന്നതു നമുക്ക് മറക്കാതിരിക്കാം.
    
To send your comments, please clickhere