ബീച്ചില്‍ പാതി മുറിഞ്ഞ നിലയില്‍ സ്രാവ്; കാരണം അജ്ഞാതം
Thursday, June 9, 2022 11:20 AM IST
മിക്കവര്‍ക്കും പ്രിയപ്പെട്ട ഒരു കടല്‍ ജീവിയാണല്ലൊ സ്രാവ്. അവയുടെ നിരവധി വീഡിയോകളാണ് സമൂഹമാധ്യമങ്ങളില്‍ ദശലക്ഷകണക്കിനാളുകള്‍ ദിവസേന കാണാറുള്ളത്.
എന്നാല്‍ കഴിഞ്ഞ ദിവസം അമേരിക്കന്‍ വാര്‍ത്താ വെബ്സൈറ്റായ റെഡിറ്റ് പങ്കുവച്ച ഒരു ചിത്രം നിരവധിയാളുകളെയാണ് വേദനിപ്പിച്ചത്. പാതി മുറിഞ്ഞ നിലയില്‍ ചത്തു കിടക്കുന്ന ഒരു സ്രാവിന്‍റെ ചിത്രമായിരുന്നത്.
കാനഡയിലെ ഓക് ദ്വീപിലെ ബീച്ചിലാണ് ഇത്തരത്തില്‍ ഒരു ദാരുണ സംഭവം നടന്നത്. "അറ്റലാന്‍റിക് ഷാര്‍പ് നോസ്’ ഇനത്തിലുള്ള സ്രാവാണ് ഇത്തരത്തില്‍ കാണപ്പെട്ടത്.
എന്നാലിത് എങ്ങനെ സംഭവിച്ചു എന്നതിനെ പറ്റി വ്യത്യസ്തമായ അഭിപ്രായമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. മറ്റേതെങ്കിലും വലിയ ജീവി ഈ സ്രാവിനെ കൊന്നതായിരിക്കാം എന്നാണ് ഭൂരിപക്ഷവും വിശ്വസിക്കുന്നത്.
ഏതെങ്കിലും ബോട്ട് ഇടിച്ചതു നിമിത്തമൊ പവിഴപ്പാറയിലുണ്ടായ അപകടങ്ങള്‍ കാരണമൊ ഇത്തരത്തില്‍ പാതിയായി കാണപ്പെടാനുള്ള സാധ്യത കുറവാണെന്നാണവര്‍ പറയുന്നത്. ഏതായാലും സംഭവത്തില്‍ അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.